Thursday, July 7, 2011

റൂമി - നിന്നെക്കണ്ടിട്ടും...


നിന്നെക്കണ്ടിട്ടും...


നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?



ആളുകൾക്കിടയിൽ...

ആളുകൾക്കിടയിൽ കുറേക്കാലം കഴിഞ്ഞിരിക്കുന്നു ഞാൻ,
ആത്മാർത്ഥതയവരിൽ ഞാൻ കണ്ടിട്ടില്ല, അതൊന്നു മണത്തിട്ടുമില്ല,
ആളുകളുടെ കൺവെട്ടത്തു നിന്നു മറഞ്ഞിരിക്കുന്നതേ ഭേദം-
കല്ലിൽ തീപ്പൊരി പോലെ, ഇരുമ്പിൽ നീരു പോലെ.



എന്റെ തൊപ്പി...

എന്റെ തൊപ്പി, എന്റെ കുപ്പായം, എന്റെ തല-
ഒരു കാശിനു തികയില്ല മൂന്നും കൂടി;
എന്റെ ലോകപ്രശസ്തി കേട്ടിട്ടില്ലേ?
ഞാനാരുമല്ല, ആരുമല്ല, ആരുമല്ല.



സ്ത്രീസ്നേഹം

സ്ത്രീയുടെ സ്നേഹം പുരുഷനെ വശപ്പെടുത്തും.
ദൈവമാവിധം ചെയ്തുവച്ചിരിക്കെ
നിങ്ങളെങ്ങനെയൊഴിഞ്ഞുമാറും?
ആദാമിനാശ്രയമായി സ്ത്രീയെ സൃഷ്ടിച്ചുവെങ്കിൽ
ആദാമെങ്ങനെ ഹവ്വയെപ്പിരിയും?
സ്ത്രീയെന്നതു ദൈവരശ്മി.
സൃഷ്ടിച്ചതല്ലവളെ,
സൃഷ്ടിക്കുകയാണവൾ.


 

No comments: