Wednesday, July 27, 2011

ടാഗോർ - ഒറ്റ തിരിഞ്ഞ പറവകൾ


1

ഒറ്റ തിരിഞ്ഞ വേനൽപ്പറവകളെന്റെ ജനാലയ്ക്കലെത്തുന്നു,
പാടുന്നു, പറന്നുപോകുന്നു.
ശരല്ക്കാലത്തെ പഴുക്കിലകൾ, അവയ്ക്കു പാട്ടുകളില്ല,
അവ പാറിവീഴുന്നു, ഒരു നെടുവീർപ്പോടെ വീണുകിടക്കുന്നു.

6

മറഞ്ഞുപോയ സൂര്യനെയോർത്താണു നിങ്ങൾ കണ്ണീരു പൊഴിക്കുന്നതെങ്കിൽ
നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നുമില്ല.

10

ദുഃഖമെന്റെ നെഞ്ചിൽ തേങ്ങിയടങ്ങുന്നു,
മൗനം പൂണ്ട വൃക്ഷങ്ങളിൽ സായാഹ്നമെന്നപോലെ.

16

ജനാല തുറന്നിട്ടു ഞാനിരിക്കുന്നു,
ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു,
എന്നെ നോക്കി തലയാട്ടുന്നു,
പിന്നെ കടന്നുപോകുന്നു.


27

ഒരു നഗ്നബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല
മനുഷ്യനു നുണ പറയാനറിയാമെന്ന്.

28

സൗന്ദര്യമേ, സ്നേഹത്തിൽ സ്വയം കണ്ടെത്തൂ,
കണ്ണാടിയുടെ മുഖസ്തുതിയിലല്ല.

47

നക്ഷത്രങ്ങൾക്കു ലജ്ജയില്ല,
മിന്നാമിന്നികളെപ്പോലെ കാണപ്പെടാൻ.

76

കാടും കടലും കയറിയിറങ്ങുകയാണു കവിക്കാറ്റ്,
തന്റെ ശബ്ദം തേടി നടക്കുകയാണയാൾ.

77

ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടത്രേ,
ഓരോ ശിശുവും ഭൂമിയിലെത്തുന്നു.

82

ജീവിതം സുന്ദരമാകട്ടെ,
വേനല്ക്കലെ പൂക്കളെപ്പോലെ;
മരണവും സുന്ദരമാകട്ടെ,
ശരല്ക്കാലത്തെ പഴുക്കിലകളെപ്പോലെ.

85

പ്രകൃതിയുടെ കാമുകനത്രേ കലാകാരൻ;
അതിനാലവളുടെ അടിമയും യജമാനനുമാണയാൾ.

100

മാനത്തിന്റെയൊരൊഴിഞ്ഞകോണിലൊതുങ്ങിനിന്നതേയുള്ളു മേഘം;
പ്രഭാതം വന്നു പൊൻകിരീടമണിയിച്ചതതിനെ.

102

പോകുന്ന വഴിയൊക്കെ പൂക്കൾ വിരിയും,
പൂവിറുക്കാൻ താറിനിൽക്കുന്നില്ല നിങ്ങളെങ്കിൽ.

118

നാവടങ്ങാത്ത ഭാര്യയാണു സ്വപ്നം,
നിശ്ശബ്ദമതു സഹിക്കുന്ന ഭർത്താവാണുറക്കം.

126

ചുറ്റികയടികളല്ല, പുഴയുടെ നൃത്തച്ചുവടുകളത്രേ,
വെള്ളാരംകല്ലുകളെ മിനുക്കിയെടുക്കുന്നു.

130

സകലപിശകുകൾക്കും നേരേ വാതിലടയ്ക്കുകയാണു നിങ്ങളെങ്കിൽ
സത്യവും പുറത്തായിപ്പോകും.

146

ആകാശത്തെനിക്കുണ്ടു നക്ഷത്രങ്ങൾ,
വീട്ടിലെ വിളക്കു ഞാൻ കൊളുത്തിയിട്ടുമില്ല.

147

മരിച്ച വാക്കുകളുടെ പൊടി പറ്റിയിരിക്കുന്നു നിങ്ങളുടെ മേൽ,
മൗനം കൊണ്ടാത്മാവൊന്നു കഴുകൂ.

148

ജീവിതത്തിൽ വിടവുകളുണ്ടവിടവിടെ,
മരണത്തിന്റെ വിഷാദഗീതമരിച്ചിറങ്ങുന്നതതിലൂടെ.

155

മൗനം നിങ്ങളുടെ ശബ്ദത്തെപ്പേറട്ടെ,
ഉറങ്ങുന്ന കിളികളെ കൂടെന്നപോലെ.

161

ചിലന്തിവലയുടെ നാട്യം
മഞ്ഞുതുള്ളികളെ പിടിയ്ക്കുകയാണെന്ന്;
അതു പിടിയ്ക്കുന്നതു പൂച്ചികളെ.

183

എനിക്കു സാന്ധ്യാകാശമൊരു ജാലകം പോലെ,
കൊളുത്തിവച്ചൊരു വിളക്കും,
പിന്നിലൊരു കാത്തിരിപ്പും.

189

അരുമനായയ്ക്കു പ്രപഞ്ചത്തെ സംശയം,
തന്റെ സ്ഥാനമപഹരിക്കാൻ
കോപ്പുകൂട്ടുകയാണതെന്ന്.

191

പായും മുമ്പമ്പു വില്ലിനോടു മന്ത്രിക്കുന്നു,
എന്റേതായി നിന്റെ സ്വാതന്ത്ര്യം.


216

തങ്ങളുടെ തങ്ങളുടെ പേരുകളെന്നോടു ചോദി-
ച്ചെന്നെത്തോണ്ടുകയാണെന്റെ വിഷാദചിന്തകൾ.

222

ഓട്ടയല്ല മരണമെന്നതിനാൽ
ലോകം ചോരുന്നുമില്ല.

236

പുകയാകാശത്തോടു വീമ്പടിക്കുന്നു,
ചാരം മണ്ണിനോടും,
തീയ്ക്കുടപ്പിറന്നോരാണു തങ്ങളെന്ന്.

237

മഴത്തുള്ളി മുല്ലപ്പൂവിനോടു മന്ത്രിച്ചു,
എന്നുമെന്നും നിന്റെ നെഞ്ചിലിരിക്കട്ടെ ഞാൻ.
മുല്ലപ്പൂവൊന്നു നിശ്വസിച്ചു,
പിന്നെ മണ്ണിൽ കൊഴിഞ്ഞുവീണു.

242

ഈ ജീവിതമൊരു കടൽപ്രയാണം,
ഒരിടുക്കുകപ്പലിലന്യോന്യം കണ്ടുമുട്ടുന്നു നാം;
മരണത്തിൽ നാം കരയടുക്കുന്നു,
അവനവന്റെ ലോകത്തേക്കിറങ്ങിപ്പോകുന്നു.

226

നീയല്ലാതൊന്നുമില്ലാത്തവരെ നോക്കിച്ചിരിക്കുകയാണവർ,
നീയല്ലാതെല്ലാമുള്ളവർ, ദൈവമേ.

228

തൊഴിച്ചാൽ പൊടി പൊന്തുമെന്നേയുള്ളു,
തൈ പൊന്തില്ല മണ്ണിൽ.


248

മനുഷ്യൻ മൃഗമാവുമ്പോൾ
മൃഗത്തിലും വഷളനാണവൻ.

257

നിന്റെ തീരത്തൊരന്യനായി ഞാൻ വന്നു,
നിന്റെ വീട്ടിലൊരു വിരുന്നുകാരനായി ഞാൻ കഴിഞ്ഞു,
വാതിലടച്ചു ഞാൻ പോകുന്നു,
നിന്റെ തോഴനായെന്റെ മണ്ണേ.

260

പാതയോരത്തെ പുല്ക്കൊടീ,
നക്ഷത്രത്തെ സ്നേഹിക്കൂ;
എങ്കിൽ പൂക്കളായി വിരിയും
നിന്റെ സ്വപ്നങ്ങൾ.

262

ഈ മരത്തിന്റെ വിറപൂണ്ട ഇലകൾ
എന്റെ ഹൃദയത്തെ സ്പർശിക്കുന്നു
ഒരു കുഞ്ഞിന്റെ കൈവിരലുകൾ പോലെ.

263

പൊടിമണ്ണിൽ വീണുകിടക്കുകയാണൊരു കുഞ്ഞിപ്പൂവ്,
ഒരു പൂമ്പാറ്റയെ അനുകരിക്കാൻ പോയതാണത്.

264

വഴികളുടെ ലോകത്തായിരുന്നു ഞാൻ,
രാത്രിയായി.
പടി തുറക്കൂ, വീട്ടിന്റെ ലോകമേ!

267

ജനനം പോലെ ജീവിതത്തിനുള്ളതത്രേ മരണവും.
പാദമുയർത്തിയാൽപ്പോരാ,
താഴെ വയ്ക്കുകയും വേണം നടക്കുവാൻ.


325

എന്റെ ജീവിതം നേരായി ജീവിക്കട്ടെ ഞാൻ, പ്രഭോ,
എന്റെ മരണവുമത്ര തന്നെ നേരാവാൻ.


 

2 comments:

Srikumaran Madhava Menon said...

വളരെ മനോഹരം!!!

Echmukutty said...

ഈ വരികൾ വളരെ ഇഷ്ടമായി.