ഞാൻ പ്രണയിക്കുമ്പോൾ
പ്രണയിക്കുമ്പോൾ കാലത്തിനു നാഥനാവുകയാണു ഞാനെന്നു
തോന്നിപ്പോവുകയാണെനിക്ക്
ഭൂമിയും അതിലുള്ളതൊക്കെയുമെനിക്കവകാശം
കുതിരപ്പുറമേറി സൂര്യനു നേർക്കു കുതിയ്ക്കുകയുമാണു ഞാൻ.
പ്രണയിക്കുമ്പോൾ കണ്ണിൽപ്പെടാതൊഴുകുന്ന വെളിച്ചമാവുകയാണു ഞാൻ
എന്റെ നോട്ടുപുസ്തകത്തിലെ കവിതകൾ
തൊട്ടാവാടിപ്പാടങ്ങളാവുന്നു, പോപ്പിപ്പാടങ്ങളാവുന്നു.
പ്രണയിക്കുമ്പോളെന്റെ വിരൽത്തുമ്പുകളിൽ നിന്നു വെള്ളം കുത്തിയൊലിക്കുന്നു
എന്റെ നാവിൽ പച്ചപ്പുല്ലു പൊടിയ്ക്കുന്നു
പ്രണയിക്കുമ്പോൾ കാലത്തിനുമപ്പുറത്തെ കാലമാവുകയുമാണു ഞാൻ.
ഞാനൊരു പെണ്ണിനെ സ്നേഹിക്കുമ്പോൾ
നഗ്നപാദരായി മരങ്ങളോടിവരികയുമാണെന്റെ നേർക്ക്.
വാക്കുകൾ കൊണ്ടു കാലത്തെ
വാക്കുകൾ കൊണ്ടു ഞാൻ കാലത്തെ കീഴടക്കുന്നു,
ക്രിയകളെ, നാമങ്ങളെ, പദഘടനയെ,
മാതൃഭാഷയെ ഞാൻ കീഴടക്കുന്നു.
കാര്യങ്ങളുടെ തുടക്കങ്ങൾ ഞാൻ മായ്ച്ചുകളയുന്നു,
ജലത്തിന്റെ സംഗീതം അഗ്നിയുടെ സന്ദേശമടങ്ങിയ
മറ്റൊരു ഭാഷയാൽ
വരുംകാലത്തെ ഞാൻ വെളിച്ചപ്പെടുത്തുന്നു.
നിന്റെ കണ്ണുകളിൽ കാലത്തെ ഞാൻ പിടിച്ചുനിരത്തുന്നു,
ഈ മുഹൂർത്തത്തെ കാലത്തിൽ നിന്നു വേർപെടുത്തുന്ന വര
ഞാന്‍ മായ്ച്ചും കളയുന്നു.
ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
ഒരു പുതുഭാഷ മുളയെടുക്കുന്നു,
പുതുനഗരങ്ങൾ, പുതുദേശങ്ങൾ കണ്ടെടുക്കപ്പെടുന്നു.
നായ്ക്കുട്ടികളെപ്പോലെ നാഴികകൾ ശ്വാസമെടുക്കുന്നു,
പുസ്തകത്താളുകൾക്കിടയിൽ ഗോതമ്പുകതിരുകൾ വളരുന്നു,
തേനിറ്റുന്ന വാർത്തകളുമായി.
നിന്റെ കണ്ണുകളിൽ പറവകൾ ചിറകെടുക്കുന്നു.
ഹിന്ദുസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളും പേറി.
നിന്റെ മാറിൽ നിന്നു വർത്തകസംഘങ്ങൾ യാത്രയാവുന്നു
ചുറ്റും മാമ്പഴങ്ങൾ പൊഴിയുന്നു,
കാടിനു തീപ്പിടിയ്ക്കുന്നു,
നൂബിയായിലെ പെരുമ്പറകളും കേൾക്കാകുന്നു.
ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
നിന്റെ മുലകൾ നാണം കുടഞ്ഞുകളയുന്നു,
ഇടിമിന്നലുകളാവുകയാണവ,
വാളും മണല്ക്കാറ്റുമാവുകയാണവ.
ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
അറേബ്യന്‍നഗരങ്ങൾ പിടഞ്ഞെഴുന്നേല്ക്കുന്നു,
അടിച്ചമർത്തലിന്റെ യുഗങ്ങൾക്കെതിരെ കലഹിക്കുന്നു,
ഗോത്രപ്രമാണങ്ങൾക്കെതിരെ കലഹിക്കുന്നു.
നിന്നെ പ്രേമിക്കുമ്പോൾ പട നയിക്കുകയാണു ഞാൻ,
വൈരൂപ്യത്തിനെതിരെ,
ഉപ്പിന്റെ രാജാക്കന്മാർക്കെതിരെ*,
മരുഭൂമിയെ കീഴമർത്തുന്ന ചിട്ടവട്ടങ്ങൾക്കെതിരെ.
നിന്നെ പ്രേമിച്ചുകൊണ്ടേയിരിക്കും ഞാൻ,
ആ മഹാപ്രളയമെത്തും വരെയും.
link to image
No comments:
Post a Comment