ഉരച്ച തീപ്പെട്ടിക്കൊള്ളിയാളിക്കത്തും മുമ്പു
പുളയുന്ന നാവുകൾ ചുറ്റിനും ചാട്ടുന്ന പോലെ-
കാണികളുടെ നിബിഡവലയത്തിൽ, പൊള്ളുന്ന ചടുലതാളത്തിൽ
അവളുടെ നൃത്തം കാലമിടുന്നു, തീനാളങ്ങൾ തൊടുത്തുവിടുന്നു.
കണ്ണു ചിമ്മിത്തുറക്കും മുമ്പാകെത്തീപ്പിടിയ്ക്കുന്നു നൃത്തം!
ഒരു തീക്ഷ്ണനോട്ടം കൊണ്ടവൾ മുടിയ്ക്കു തീക്കൊളുത്തുന്നു.
ധൃഷ്ടപാടവത്തോടവൾ പിന്നെ വെട്ടിത്തിരിയുന്നു,
ആ ജ്വലനത്തിലേക്കുടയാട ചുഴറ്റിയെറിയുന്നു,
അതിൽ നിന്നു പുറപ്പെടുന്നു ദീർഘിച്ചു നഗ്നമായ രണ്ടു കൈകൾ,
വിരണ്ടുണർന്നു ചുറയഴിക്കുന്ന പടമെടുത്ത നാഗങ്ങൾ.
പിന്നെത്തന്നെ വരിയുകയാണഗ്നിയെന്നു ശങ്കിച്ചോ,
അതു വാരിക്കൂട്ടിയവജ്ഞയോടവൾ നിലത്തേക്കെറിയുന്നു,
ഉദ്ധതചേഷ്ടയോടതിനെ നോക്കിനില്ക്കുന്നു-
നിലത്തു കിടന്നു പുളയുകയാണതടങ്ങാതെ,
കലാശിച്ചു നൃത്തമെന്നു കീഴ്വഴങ്ങാതെ.
എന്നാലാത്മവിശ്വാസത്തോടെ, വിജയാഹ്ളാദത്തോടെ,
ഒരു വശ്യമന്ദഹാസത്തോടവൾ മുഖമൊന്നുയർത്തുന്നു.
ഉറച്ച ചെറുചുവടുകളാലതു ചവിട്ടിക്കെടുത്തുന്നു.
No comments:
Post a Comment