Monday, July 25, 2011

റില്‍ക്കെ - വിലാപം


എത്രയെത്രയകലെയാണെല്ലാം,
എത്ര പണ്ടേ നാശമടഞ്ഞതും.
എത്രകാലം മുമ്പേ തവിഞ്ഞൊരു നക്ഷത്രദീപ്തിയാ-
ണിന്നെന്റെ മുഖത്തു വീഴുന്നതെന്നോർക്കുന്നു ഞാൻ.
മനശ്ശാന്തി കെടുക്കുന്നതെന്തൊ പറഞ്ഞുകേട്ടിരുന്നു
ആ കടന്നുപോയ തോണിയിലെന്നുമോർക്കുന്നു ഞാൻ.
ഒരു ഘടികാരത്തിന്റെ മണി മുട്ടിത്തീരുകയാണേതോ വീട്ടിൽ...
അതേതു വീട്ടിൽ?
എത്ര കൊതിക്കുന്നു ഞാൻ
ഹൃദയത്തിന്റെ വാതിൽ തുറന്നു
മഹാകാശത്തിന്റെ ചോട്ടിലിറങ്ങിനില്ക്കാൻ.
എത്ര കൊതിക്കുന്നു ഞാനൊന്നു പ്രാർത്ഥിക്കാൻ.
മരിക്കാതെ ശേഷിക്കുന്നുണ്ടാവണ-
മാനക്ഷത്രങ്ങളിലൊന്നെങ്കിലും.
എനിക്കു വിശ്വാസമു-
ണ്ടെനിക്കറിയാമതേതെന്നും-
ആകാശത്തൊരു ദീപ്തരശ്മിയുടെ കടയ്ക്കൽ
ഒരു ശുഭ്രനഗരം പോലെ തിളങ്ങിനില്ക്കുന്നതൊന്ന്.


ചിത്രപുസ്തകം


ചിത്രം - വാൻ‍ ഗോഗ് - നക്ഷത്രങ്ങൾ‍ നിറഞ്ഞ ആകാശം റോൺ‍ നദിയ്ക്ക് മേൽ (1888)


No comments: