Thursday, July 28, 2011

ഹെർമ്മൻ ഹെസ്സേ - ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ...


ഒരു യാത്രയ്ക്കിടെ


വിഷാദം വേണ്ട, രാത്രിയെത്തുകയായി,
കുളിർന്ന ചന്ദ്രനെ നമുക്കു കാണാം,
ഒളിവായി ചിരിച്ചും കൊണ്ട്,
മങ്ങിയ ഗ്രാമത്തിനു മേൽ.
നമുക്കു വിശ്രമിക്കുകയുമാവാം,
കൈയിൽ കൈയുമായി.

വിഷാദം വേണ്ട, കാലമെത്തുകയായി
നമുക്കു വിശ്രമിക്കാൻ.
തെളിഞ്ഞ പാതയോരത്ത്
അടുത്തടുത്തു നില്ക്കും
നമ്മുടെ കൊച്ചുകുരിശ്ശുകൾ.
മഴ പെയ്യും, മഞ്ഞു പെയ്യും,
കാറ്റു വീശിപ്പോകും.



എത്ര വിരസമായി നാളുകൾ


എത്ര വിരസമായി നാളുകൾ,
ഒരു തീയുമില്ല എനിക്കു ചൂടു പകരാൻ,
ഒരു സൂര്യനുമില്ല എന്നോടൊത്തു ചിരിക്കാൻ.
ഒക്കെയും ശൂന്യം,
നിരുന്മേഷം, നിർദ്ദയം.
ആ സ്വച്ഛനക്ഷത്രങ്ങൾ പോലുമെത്ര വിഷണ്ണം
പ്രണയത്തിനു മരണമുണ്ടെ-
ന്നുള്ളു കൊണ്ടു ഞാനറിഞ്ഞതിൽപ്പിന്നെ.

 


ചിലനേരം


ചിലനേരമൊരു കിളി കരയുമ്പോൾ,
ഒരു കാറ്റു മരങ്ങൾ തഴുകിപ്പോകുമ്പോൾ,
അകലെയേതോ കളത്തിൽ ഒരു നായക്കുര കേൾക്കുമ്പോൾ
വീർപ്പടക്കി ഞാൻ നില്ക്കുന്നു, അതു കേട്ടുകൊണ്ടു നില്ക്കുന്നു.

എന്റെയാത്മാവവിടേക്കു തിരിഞ്ഞുനടക്കുന്നു,
മറവിയുടെ ആയിരമാണ്ടുകൾക്കപ്പുറം,
കിളിയും വീശുന്ന കാറ്റും എന്നെപ്പോലായിരുന്നിടത്തേക്ക്,
എന്റെ സഹോദരങ്ങളായിരുന്നിടത്തേക്ക്.

എന്റെ ആത്മാവൊരു മരമാകുന്നു,
മൃഗമാകുന്നു, മേഘജാലമാകുന്നു.
അങ്ങനെ രൂപം മാറി, വിചിത്രവുമായി മടങ്ങിവന്നിട്ട്
അതെന്നെ ചോദ്യം ചെയ്യുന്നു: ഞാനെന്തു മറുപടി പറയാൻ?


ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ...


ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ
അതായിരം കൊല്ലം മുമ്പു കവികൾ സ്നേഹിച്ചവരെ,
പാട്ടുകളിൽ വാഴ്ത്തപ്പെട്ടവരെ.
ഞാൻ നഗരങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ
അതു പ്രാചീനരാജഗൃഹങ്ങളെയോർത്തു വിലപിക്കുന്ന
തകർന്ന കോട്ടമതിലുകളുള്ളവയെ.
ഞാൻ സ്നേഹിക്കുന്ന നഗരങ്ങളിനിയൊരു കാലത്തുയർന്നുവരും,
ഇന്നത്തെ മനുഷ്യർ മണ്ണിലിലില്ലാത്ത ഭൂമിയിൽ.
ഞാൻ സ്നേഹിക്കുന്ന സ്ത്രീകൾ-മെലിഞ്ഞവർ, സുന്ദരികൾ,
കാലത്തിന്റെ ഗർഭപാത്രത്തിൽ അജാതരായി മയങ്ങുന്നവർ.
എന്റെ സ്വപ്ങ്ങളുടെ സൗന്ദര്യത്തിനു തുല്യമാകും
ഒരുനാളവരുടെ വിളർത്ത നക്ഷത്രസൗന്ദര്യവും.


 

2 comments:

Raghunath.O said...

നന്നായിട്ടുണ്ട്

Echmukutty said...

വായിയ്ക്കാനായതിൽ സന്തോഷമുണ്ട്.