ഉടലുകളടുക്കുമ്പോൾ
ഓരോ ഉടലിനും ദാഹം ഏതുടലിനുമായി.
ആത്മാവുകളടുത്താൽപ്പിന്നെ
ഉടലുകളടുക്കാൻ കൊതിക്കുകയായി.
ഹൃദയം കനത്ത ഉടലിനു മോഹം
നിന്റെയുടലിലേക്കു മൂർച്ഛിക്കാൻ.
കണ്ണുകൾ നിന്റെ കണ്ണുകൾക്കു വശപ്പെടുന്നു,
ചുണ്ടുകൾക്കു കൊതി
നിന്റെ ചുണ്ടുകളിൽ വീണു മരിക്കാൻ.
ആത്മാവു ദാഹിച്ചുകരയുന്നു
അംഗോപാംഗം നിന്നെ ധ്യാനിക്കാൻ.
ഹൃദയമൊളിപ്പിച്ച ഉടലിന്റെ തടാകക്കരെ
നിത്യവിലാപവുമായി ഞാനിരിക്കുന്നു.
ദാഹിക്കുന്ന ഹൃദയത്തിൽ സർവാംഗവും നിക്ഷേപിച്ചു
ഉടലിന്റെ നിഗൂഢതയിലേക്കു ഞാനൂളിയിടുന്നു.
രാവും പകലുമെന്റെ മനസ്സുമെന്റെയുടലും
നിന്റെയുടലിന്റെയിടമെല്ലാമലിഞ്ഞുചേരും.
നഗ്ന
നിന്റെയുടയാടകളൂരിയെറിയൂ, മൂടുപടമെടുത്തുമാറ്റൂ.
നഗ്നസൗന്ദര്യത്തിന്റെ വേഷമെടുത്തണിയൂ,
വെളിച്ചം വാരിച്ചുറ്റിയൊരപ്സരസ്സിനെപ്പോലെ.
മലർക്കെത്തുറന്ന താമര പോലെ നിന്റെയുടൽ,
ജീവിതത്തിന്റെ, യൗവനത്തിന്റെ, അഴകിന്റെ സദ്യവട്ടം.
വരൂ, ഈ ലോകത്തേകാകിനിയായി വന്നുനിൽക്കൂ.
നിന്റെ സർവാംഗം വ്യാപിക്കട്ടെ ഈ നിലാവിന്റെ രശ്മികൾ.
നിന്റെ സർവാംഗം വ്യാപരിക്കട്ടെ തെന്നലിന്റെ തലോടലുകൾ.
ആകാശത്തിന്റെ അനന്തനീലിമയിലേക്കൂളിയിടൂ,
നക്ഷത്രങ്ങളടയാളപ്പെടുത്തിയ നഗ്നപ്രകൃതിയെപ്പോലെ.
അതനു മുഖം മറയ്ക്കട്ടെ തന്റെ കഞ്ചുകത്തിന്റെ മടക്കുകളിൽ,
ഉടലിന്റെ വികാസം കണ്ടവൻ നാണിച്ചു തല കുനിയ്ക്കട്ടെ.
ആണിന്റെ കുടിയിടത്തിലേക്കാനയിക്കൂ പ്രഭാതത്തെ, അനഘയെ,
ലജ്ജയറിയാത്ത കന്യകാത്വത്തെ, ശുഭ്രയെ, നഗ്നയെ.
(അതനു - ദേഹമില്ലാത്തവൻ, കാമദേവൻ)
കടി ഓ കോമൾ (1886)
No comments:
Post a Comment