Wednesday, July 20, 2011

ടാഗോർ - വിലയം

File:Rabindranath Tagore by Shterenberg A.jpg


രാവെന്നില്ല, പകലെന്നില്ല, തേങ്ങിക്കരയുന്നു ഞാൻ, കാമുകാ,
മരണം പോലെ നിശ്ശേഷമായൊരു ലയനത്തിനായി.
വരൂ, ബന്ധിക്കൂ, വന്നെന്നെപ്പറിച്ചെടുക്കൂ,
എന്റെ വസ്ത്രമുരിഞ്ഞെടുക്കൂ, എന്റെ നാണം, എന്റെ മറകളും.
വരൂ, വന്നപഹരിക്കൂ,ഈ കൈശോരദേഹത്തെ.
എന്റെ കണ്ണുകൾക്കു വിലക്കൂ,നിദ്രയും നിദ്രയെന്ന സ്വപ്നവും.
കൊള്ളയടിയ്ക്കൂ, ഈ വിപുലജാഗരപ്രപഞ്ചത്തെ,
എന്റെ ജീവിതത്തെ, എന്റെ മരണത്തെ.
സൂര്യൻ കെട്ടു സൃഷ്ടികൾ മൂർച്ഛിക്കുമ്പോൾ,
ഒരേകാന്തലോകത്തിലൊരു ലയനത്തിന്റെ ചുടലയിൽ,
ലജ്ജാവിഹീനരായി, വിവസ്ത്രരായി, രണ്ടു നഗ്നഹൃദയങ്ങളായി,
നീയും ഞാനുമൊരുമിക്കട്ടെ, ഒരനന്തസൗന്ദര്യമാകട്ടെ.
ഇങ്ങനെയുമുണ്ടോ ധൃഷ്ടമായൊരു സ്വപ്നം, പ്രഭോ?
ആ ലയനമെവിടെ നടക്കാൻ, നീ കൂടെയില്ലാതെ?


(കടി ഓ കോമൾ-1886)

No comments: