ജീവിതം
ഈ മനോഹരലോകത്തു മരിച്ചുകിടക്കാനെനിക്കു വയ്യ,
ജീവിക്കുന്ന മനുഷ്യർക്കിടയിലെനിക്കു ജീവിക്കണം,
ഈ തെളിവെയിലിൽ, വിടരുന്ന പൂക്കൾക്കിടയിൽ;
ഒരു മിടിയ്ക്കുന്ന നെഞ്ചിനുള്ളിലിടം കാണാനെനിക്കായെങ്കിൽ.
ഈ മണ്ണിൽ നിലയ്ക്കാതൊഴുകുന്നു ജീവനലീല,
കൂടിയും പിരിഞ്ഞും, ചിരിയും കണ്ണീരുമായി.
മനുഷ്യന്റെ സന്തോഷങ്ങളുമവന്റെ ദുഃഖങ്ങളുമടുക്കിയടുക്കി
അനശ്വരമായൊരെടുപ്പു പടുക്കാനെനിക്കായെങ്കിൽ.
അതിനെനിക്കായില്ലെങ്കിൽ നിങ്ങൾക്കിടയിലൊരിടം തരൂ,
അവിടെ ഞാനെന്റെ ശിഷ്ടായുസ്സു കഴിച്ചോളാം.
പ്രഭാതത്തിലും സന്ധ്യയ്ക്കും നിങ്ങൾക്കിറുത്തെടുക്കാൻ
പുതുഗാനങ്ങൾ വിടർത്തുന്ന ചെടികളെ ഞാൻ പരിപാലിക്കാം.
നിങ്ങളവ കൈയിൽ വാങ്ങുക മന്ദഹസിക്കുന്ന മുഖങ്ങളുമായി,
പിന്നെയവ വലിച്ചെറിയുക നിറം കെട്ടവ വാടിയെങ്കിൽ.
(കടി ഓ കോമൾ-1886)
സ്മൃതി
ആ ഉടൽ നോക്കിയിരിക്കെ മനസ്സിലേക്കോടിയെത്തുന്നു
നൂറുനൂറുജന്മങ്ങൾക്കുള്ളോർമ്മകൾ.
ആ കണ്ണുകളൊളിപ്പിക്കുന്നു നൂറുനൂറാഹ്ളാദങ്ങൾ,
ഓരോ ജന്മത്തിലും വസന്തം പാടിയ ഗാനങ്ങൾ.
നീയെനിക്കാത്മവിസ്മൃതിയോ?
പോയ ജന്മങ്ങളിൽ ഞാനറിഞ്ഞ സുഖദുഃഖങ്ങളോ?
പുതിയൊരു ഭൂമിയിലെ പൂവനങ്ങളാണു നീ,
പുതിയൊരാകാശത്തെ ചാന്ദ്രരശ്മികളാണു നീ.
വിരഹത്തിന്റെ തപിക്കുന്ന നാളുകളാണു നീ,
പ്രണയത്തിന്റെ നാണം പൂണ്ട രാവുകളുമാണു നീ.
പണ്ടേ ഞാനറിഞ്ഞ ചിരികൾ, കണ്ണീരും കണ്ണിളക്കങ്ങളും:
ഇന്നീയുടലിന്റെ വടിവിലവ രൂപമെടുക്കുന്നു.
അതിനാൽ രാവും പകലും നിന്റെ മുഖം ധ്യാനിച്ചിരിക്കെ
ജീവിതം മറ്റെങ്ങോ വിലയിക്കും പോലെയും.
(കടി ഓ കോമൾ-1886)
ചിത്രം ടാഗോറിന്റെ പെയിന്റിംഗ്
No comments:
Post a Comment