Sunday, July 3, 2011

ഡേവിഡ് വോഗൽ - കവിതകൾ


ഒടുവിലത്തെ വണ്ടി


ഒടുവിലൊറ്റയ്ക്കൊരു കുതിരവണ്ടി
യാത്രയ്ക്കു തയാറായി നില്ക്കുന്നു;
നാമതിൽക്കയറിപ്പോവുക,
കാത്തുനിൽക്കില്ലതിനിയും.

പെൺകുട്ടികൾ കയറിപ്പോകുന്നതു ഞാൻ കണ്ടു;
ചുവന്ന സന്ധ്യ പോലെ ലജ്ജാകുലവും
ദാരുണവുമായിരുന്നു ആ വിഷാദിച്ച മുഖങ്ങൾ.

ചുവന്നുതുടുത്ത കുട്ടികൾ കയറുന്നതു ഞാൻ കണ്ടു;
തങ്ങളെ വിളിച്ചുകയറ്റിയതിനാൽ മാത്രമാ-
ണവർ കയറിപ്പോയതും.

ലോകത്തു തെരുവുകളിലൂടെ
നേർക്കു നേർ മാനമായി നടന്ന പുരുഷന്മാർ,
വിടർന്ന കണ്ണുകളാലകലങ്ങളളന്നവർ,
അക്ഷോഭ്യരായവരും കയറിപ്പോയി.

ശേഷിച്ചതു നാം മാത്രം.
പകലിറങ്ങുന്നു,
ഒടുവിലത്തെ വണ്ടി യാത്രയാവുന്നു,
നാമതിൽ കയറുക,
ശാന്തചിത്തരായും.
കാത്തുനില്ക്കില്ലതിനിയും.

(ഓഷ്വിറ്റ്സിന്റെ ഓർമ്മയ്ക്ക്)



ശരല്ക്കാലരാത്രികൾ

ശരല്ക്കാലരാത്രികളിലൊന്നിൽ
കാട്ടിലൊരില വീഴുന്നു കണ്ണിൽപ്പെടാതെ,
ഒച്ചയില്ലാതതു നിലം പറ്റുന്നു.

ചോലയിൽ നിന്നൊരു മീൻ കുതിയ്ക്കുന്നു,
നനവിന്റെയൊരു ചെകിളയിളക്കം
ഇരുട്ടത്തു മാറ്റൊലിയ്ക്കുന്നു.

കറുകറുത്ത വിദൂരതയിൽ
കാണാത്ത കുതിരകൾ കുളമ്പടികൾ വിതയ്ക്കുന്നു,
അങ്ങുമിങ്ങുമലിയുന്നു.

ഇതൊക്കെക്കേൾക്കുന്നുമുണ്ട്
നടന്നുതളർന്നൊരു സഞ്ചാരി;
ഒരു വിറ കേറുന്നുമുണ്ടയാൾക്കെല്ലുകളിൽ.



ഡേവിഡ് വോഗൽ (1891-1944) - പഴയ റഷ്യയിലെ സതാനോവിൽ ജനിച്ച ഹീബ്രു-യിദ്ദിഷ് കവി. ഓഷ്വിറ്റ്സിലെ നാസിപാളയത്തിൽ കിടന്നു മരിച്ചു. ഹീബ്രുവിലെ ആധുനികകവികളിൽ പ്രമുഖൻ.

No comments: