എനിക്കു കടുത്ത ജലദോഷമാണ്,
കടുത്ത ജലദോഷം പിടിച്ച സകലർക്കുമറിവുള്ളതാണല്ലോ
അതു പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ മാറ്റുന്നുവെന്ന്,
അതു നമ്മെ ജീവിതവിദ്വേഷികളാക്കുന്നുവെന്ന്,
തുമ്മിത്തുമ്മി നമ്മളൊടുവിൽ വേദാന്തികളായിപ്പോവുമെന്ന്.
മൂക്കു ചീറ്റി ഒരു ദിവസം ഞാൻ കളഞ്ഞു.
തലയാകെ നോവുന്നു.
ഒരിടത്തരം കവിക്കു പറ്റേണ്ട പറ്റു തന്നെ!
ഇന്നാണെങ്കിൽ ഞാൻ ശരിക്കും ഒരിടത്തരം കവി തന്നെ.
ഒരാഗ്രഹം മാത്രമായിരുന്നു ഇതുവരെ ഞാൻ;
ഇന്നതും തകർന്നു.
വിട, എന്റെ മാലാഖേ, എന്നെന്നേക്കുമായി വിട!
നിന്റെ ചിറകുകൾ വെയിൽക്കതിരുകളായിരുന്നു,
എന്റെ കാലടികൾ കളിമണ്ണും.
ചെന്നു കിടന്നാലല്ലാതെ ഞാൻ സുഖപ്പെടാൻ പോകുന്നില്ല.
പ്രപഞ്ചത്തിൽ നിവർന്നു കിടന്നിട്ടല്ലാതെ എനിക്കു സുഖമായിട്ടുമില്ല.
ക്ഷമിക്കണേ, എനിക്കിത്രയേ പറ്റൂ...എന്തൊരു ജലദോഷം!
എനിക്കു കുറച്ചു സത്യവും ആസ്പിരിനും വേണം.
1931 മാർച്ച് 14
അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്
No comments:
Post a Comment