Wednesday, August 1, 2012

ഫെര്‍ണാണ്ടോ പെസൊവ - എവിടെയ്ക്കാണെന്റെ ജീവിതം നീങ്ങുന്നത്....


എവിടെയ്ക്കാണെന്റെ ജീവിതം നീങ്ങുന്നത്, ആരാണവിടെയ്ക്കതിനെക്കൊണ്ടുപോകുന്നത്?
എന്തുകൊണ്ടാണു ചെയ്യരുതെന്നോർത്തതു തന്നെ ഞാൻ ചെയ്തുകൊണ്ടീരിക്കുന്നത്?
ഏതു ഭാഗധേയമാണെന്റെയുള്ളിൽ ഇരുട്ടത്തു ചുവടു വച്ചു നീങ്ങുന്നത്?
ഞാനറിയാത്ത എന്റെയേതംശമാണ്‌ എനിക്കു വഴികാട്ടിയായി മുമ്പേ നടക്കുന്നത്?

ഒരു ദിശയും ഒരു പദ്ധതിയുമുണ്ടെന്റെ ഭാഗധേയത്തിന്‌,
ഒരു പാതയും ഒരു മാനദണ്ഡവുമുണ്ടെന്റെ ജീവിതത്തിന്‌,
എന്റെ ആത്മാവബോധത്തിനു പക്ഷേ അവ്യക്തമായൊരു രൂപരേഖയേയുള്ളു,
ഞാനാരാണെന്ന്, എന്റെ ചെയ്തികളെന്താണെന്ന്; അതു ഞാനല്ല.

ഞാനറിഞ്ഞുകൊണ്ടു ചെയ്യുന്ന പ്രവൃത്തികളിൽപ്പോലും ആരാണു ഞാനെന്നെനിക്കറിയുന്നില്ല,
മനസ്സിലൊരു ലക്ഷ്യം വച്ചുകൊണ്ടു ചെയ്യുമ്പോൾ ആ ലക്ഷ്യത്തിലേക്കു ഞാനെത്തുന്നുമില്ല.
ഞാൻ പുണരുന്ന സന്തോഷമാവട്ടെ, ദുഃഖമാവട്ടെ, അതു ശരിക്കുള്ളതല്ല,
മുന്നോട്ടു പോവുകയാണു ഞാനെങ്കിലും, ചലിക്കുന്നതായി എന്നിലൊരു ഞാനില്ല.

ആരാണു ഞാൻ, ദൈവമേ, നിന്റെ അന്ധകാരത്തിലും, പുകയിലും?
എന്റേതല്ലാതെ മറ്റേതൊരാത്മാവാണെന്നിൽ കുടിയേറിയിരിക്കുന്നത്?
എന്തിനു നീ എനിക്കൊരു പാതയുണ്ടെന്ന തോന്നലുണ്ടാക്കി,
ഞാൻ തേടുന്ന പാതയല്ല എനിക്കു മുന്നിലുള്ളതെങ്കിൽ?

എന്തുകൊണ്ടെന്നിലൊന്നും നടക്കുന്നില്ല, എന്റേതല്ലാത്ത കാലുകൾ കൊണ്ടല്ലെങ്കിൽ,
എന്റെ പ്രവൃത്തികൾക്കു ദൃഷ്ടിയില്പെടാത്തൊരു ഭാഗധേയം കൊണ്ടല്ലെങ്കിൽ?
ഞാനെന്തിനു ബോധവാനായി, ബോധമൊരു മിഥ്യയെങ്കിൽ?
ആരാണു ഞാൻ, “എന്തി”നും വസ്തുതകൾക്കുമിടയിൽ?

എന്റെ കണ്ണുകളടയ്ക്കൂ, ആത്മാവിന്റെ കാഴ്ചയെ മറയ്ക്കൂ!
മിഥ്യകളേ! എനിക്കൊന്നുമറിയില്ല, എന്നെയോ ജീവിതത്തെയോ കുറിച്ചെന്നതിനാൽ,
ആ ഇല്ലായ്മയെങ്കിലും ഞാനാസ്വദിക്കട്ടെ, വിശ്വാസഹീനനായി, എന്നാൽ ശാന്തമനസ്കനായി,
ജീവിതം ഞാനുറങ്ങിക്കടക്കുകയെങ്കിലും ചെയ്യട്ടെ, മറവിയിൽപ്പെട്ടൊരു കടലോരം പോലെ...

1917 ജൂൺ 5


1 comment:

Vinodkumar Thallasseri said...

ജീവിതം ഞാനുറങ്ങിക്കടക്കുകയെങ്കിലും ചെയ്യട്ടെ, മറവിയിൽപ്പെട്ടൊരു കടലോരം പോലെ...