(വ്ളാദിസ്ലാവ് വാൽചൈക്കിയേവിച്ചിന്റെ ഓർമ്മയ്ക്ക്)
1
ചെറുപ്പത്തിൽ
ശ്രീമാൻ കോജിറ്റോ സ്വയമഹങ്കരിച്ചിരുന്നു
കേട്ടുകേൾവിയില്ലാത്തത്ര
സുഹൃത്തുക്കൾക്കുടമയാണു താനെന്ന്
ചിലർ മലകൾക്കപ്പുറത്തുള്ളവർ
നന്മയിലും സിദ്ധികളിലും ധനികർ
വേറേ ചിലർ
വ്ളാദിസ്ലാവിനെപ്പോലെ സമർപ്പിതർ
പള്ളിയെലികളെപ്പോലെ സാധുക്കൾ
അവരൊക്കെപ്പക്ഷേ
സുഹൃത്തുക്കൾ
എന്നു നാം വിളിക്കുന്നവരായിരുന്നു
ഒരേതരം അഭിരുചികൾ
ആദർശങ്ങൾ
ഇരട്ട പെറ്റ സ്വഭാവങ്ങൾ
അക്കാലത്ത്
ആ തുലഞ്ഞ സന്തുഷ്ടയൌവനത്തിന്റെ
ആദിമകാലത്ത്
ശ്രീമാൻ കോജിറ്റോവിനു
ന്യായമായും സങ്കല്പിക്കാമായിരുന്നു
തന്റെ മരണമറിയിക്കുന്ന
കറുത്ത വരയിട്ട കത്ത്
അവരുടെ മനസ്സുകളെ
വല്ലാതെ സ്പർശിക്കുമെന്ന്
സർവ്വദിക്കുകളിൽ നിന്നും
അവരെത്തിച്ചേരും
പഴയൊരു പത്രത്താളിൽ നിന്നിറങ്ങിവരുമ്പോലെ
കാലത്തിനു നിരക്കാത്തവരായി
ശോകത്തിന്റെ പശയിട്ട
വേഷത്തിൽ
അവർ
അയാൾക്കു കൂട്ടു ചെല്ലും
ഉരുളൻകല്ലു വിതറിയ വഴിയിലൂടെ
സൈപ്രസ്സുകൾക്കും
പൈൻമരങ്ങൾക്കും
വെട്ടി നിർത്തിയ
ചെടികൾക്കുമിടയിലൂടെ
ഒരു പിടി നനഞ്ഞ മണ്ണ്
ഒരു പൂച്ചെണ്ട്
അവർ
മൺകൂനയിലേക്കെറിയും
2
വർഷങ്ങളുടെ
തടുക്കരുതാത്ത ഗതിവേഗത്തിൽ
അയാളുടെ സുഹൃത്തുക്കളുടെ എണ്ണം
ചുരുങ്ങിവന്നു
അവർ പോയി
ഇരുവരായി
സംഘമായി
ഓരോരുത്തരായി
ചിലർ നേർത്തുവിളറി
ഭൌതികമാനങ്ങൾ നഷ്ടപ്പെട്ടവരായി
പെട്ടെന്ന്
അല്ലെങ്കിൽ സാവധാനം
ആകാശത്തേക്കവർ
കുടിയേറി
ചിലർ
തിരഞ്ഞെടുത്തത്
വേഗയാത്രയുടെ ഭൂപടങ്ങൾ
സുരക്ഷിതമായ തുറമുഖങ്ങൾ
അതില്പിന്നെ
ശ്രീമാൻ കോജിറ്റോവിന്
തന്റെ കാഴ്ചപ്പുറത്തു നിന്ന്
അവരെ നഷ്ടമായി
ശ്രീമാൻ കോജിറ്റോ
അതിനാരെയും കുറ്റപ്പെടുത്തില്ല
അയാൾക്കറിയാമായിന്നു
അതങ്ങനെയേ വരൂയെന്ന്
അതാണു പ്രകൃതിസ്വഭാവമെന്ന്
(തന്റെ കാര്യം പറഞ്ഞുകൊണ്ട്
അയാൾക്കു കൂട്ടിച്ചേർക്കാമായിരുന്നു
ചില സൌഹൃദങ്ങളുടെ ഗതി നിർണ്ണയിക്കുന്നത്
വികാരലോപവും
പച്ചയായ ചരിത്രവും
നിശിതമായ തിരഞ്ഞെടുപ്പുകളുമാണെന്ന്)
ശ്രീമാൻ കോജിറ്റോവിനു
മുറുമുറുപ്പില്ല
പരാതിയില്ല
ആരെയുമയാൾ കുറ്റപ്പെടുത്തുകയുമില്ല
ഇപ്പോൾ
അല്പം ഏകാന്തത തോന്നുന്നുവെന്നേയുള്ളു
ഒപ്പം കുറേക്കൂടി തെളിച്ചവും
3
പല സുഹൃത്തുക്കളുടെയും വേർപാട്
ശ്രീമാൻ കോജിറ്റോ കൈയേറ്റിരിക്കുന്നു
മനശ്ശാന്തതയോടെ
നാശത്തിന്റെ
പ്രകൃതിനിയമമാണതെന്നപോലെ
ചിലരിനിയും ശേഷിക്കുന്നു
അഗ്നിയിലും ജലത്തിലും പരീക്ഷ കഴിച്ചവർ
ഇന്ദ്രിയങ്ങളുടെ ദുർഗ്ഗഭിത്തികൾ
വിള്ളലു വീഴാതെ നിൽക്കെ
ശേഷിച്ചവരുമായി
സ്ഥായിയായ
ഊഷ്മളത മാറാത്ത ബന്ധം
അയാൾ നിലനിർത്തുകയും ചെയ്യുന്നു
അയാൾക്കൊരു താങ്ങായി അവർ നില്ക്കുന്നു
അയാൾക്കു മേലൊരു കണ്ണുമായി
ആത്മാർത്ഥതയോടെ
നിശിതമെങ്കിലും അനുകമ്പയോടെ
അവർ പോയിക്കഴിഞ്ഞാൽ
ശ്രീമാൻ കോജിറ്റോ
മലർന്നടിച്ചുവീഴും
ഏകാന്തതയുടെ
ഗർത്തത്തിലേക്ക്
അയാൾക്കു പിന്നിലൊരു താങ്ങു പോലെയാണവർ
ജീവനുള്ള ആ താങ്ങിൽ ചാരി നില്ക്കുകയാണയാൾ
ഒരു ചുവടിന്റെ പാതി
പാതി മാത്രം മുന്നിലേക്കു വച്ചുകൊണ്ട്
മതത്തിൽ ഒരു പദമുണ്ടല്ലോ
വിശുദ്ധന്മാരുടെ കൂട്ടായ്മ
ശ്രീമാൻ കോജിറ്റോ
വിശുദ്ധനേയല്ലാത്തതിനാൽ
അയാൾ
തന്റെ ചുവടനക്കുന്നേയില്ല
സംഘഗായകരെപ്പോലെയാണവർ
ആ സംഘഗാനത്തിന്റെ പശ്ചാത്തലത്തിൽ
ശ്രീമാൻ കോജിറ്റോ
ആലപിക്കുന്നു
വിട പറഞ്ഞുകൊണ്ടുള്ള
തന്റെ ഏകാന്തഗാനം
No comments:
Post a Comment