കടുത്ത രാജ്യദ്രോഹം
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നില്ല.
എന്റെ ഗ്രാഹ്യത്തിനുമപ്പുറത്താണ്
അതു മാതിരിയുള്ള കണ്ണഞ്ചിക്കുന്ന അമൂർത്തതകൾ.
എന്നാൽ (ഇതു തെറ്റായിത്തോന്നുമെന്നെനിക്കറിയാം)
പത്തുവട്ടം സ്വജീവൻ കൊടുക്കാൻ
ഞാൻ തയാറാണ്,
ചില മനുഷ്യർക്കായി,
തുറമുഖങ്ങൾക്കായി, പൈൻകാടുകൾക്കായി,
മനോഭാവങ്ങൾക്കായി,
നിറം കെട്ട, വിരൂപമായ,
ഒരു ജീർണ്ണനഗരത്തിനായി,
ചരിത്രപ്രാധാന്യമുള്ള ചില വ്യക്തികൾക്കായി,
പർവ്വതങ്ങൾക്കായി,
-മൂന്നുനാലു നദികൾക്കുമായി.
ഭൂമി
ഇതുവരെ മരിച്ചവരുടെ ആകെത്തുക
ഈ ആഴമേറിയ ഭൂമി.
അടിഞ്ഞുപോയ തലമുറകൾ
ഒരേയൊരുടലായി.
നാം കാലുവയ്ക്കുന്നതെല്ലുകളിൽ,
ഉണങ്ങിപ്പിടിച്ച ചോരയിൽ,
മുറിവുകളിൽ, കണ്ണിൽപ്പെടാത്ത മുറിവുകളിൽ.
ആവർത്തിക്കുന്നൊരു കുറ്റകൃത്യത്തിന്റെ
തെളിവത്രെ
നമ്മുടെ മുഖത്തു പറ്റിപ്പിടിയ്ക്കുന്ന
പൊടിയും ചെളിയും.
(ഹൊസേ എമിലിയോ പാച്ചിക്കോ (ജ.1939) - മെക്സിക്കൻ കവിയും നോവലിസ്റ്റും ജേർണലിസ്റ്റും. “ഭൂമി “ 1985ൽ മെക്സിക്കോയിലുണ്ടായ കനത്ത ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലെഴുതിയതാണ്.
No comments:
Post a Comment