Sunday, August 26, 2012

സ്റ്റെഫാൻ ജോർജ് - നാളം പോലെ നേർത്തവൾ തെളിഞ്ഞവൾ നീ…

Stefan-George

നാളം പോലെ  നേർത്തവൾ തെളിഞ്ഞവൾ നീ
പുലരി പോലെരിയുന്നവൾ വഴങ്ങുന്നവൾ നീ
ഒരു ദീപ്തവൃക്ഷത്തിന്റെ പൂവിടുന്ന ചില്ല നീ
വസന്തം പോലൊളിഞ്ഞവൾ തുറന്നവൾ നീ


വെയിലു വീണ മേടുകളിലൊരുമിച്ചു വന്നവൾ നീ
അന്തിമഞ്ഞു കൊണ്ടെന്നെപ്പുതപ്പിച്ചവൾ നീ
നിഴലു വീണ വഴികളിലെനിക്കു വിളക്കായവൾ നീ
കുളിർന്ന തെന്നൽ നീ ചുടുന്ന നിശ്വാസം നീ


എന്റ അഭിലാഷം നീ എന്റെ ചിന്തകൾ നീ
ഓരോ ശ്വാസമെടുക്കുമ്പോഴുമെന്നില്‍ നിറഞ്ഞതു നീ
ഓരോ കവിളു കൊള്ളുമ്പോഴുമെന്നിലിറങ്ങിയതു നീ
ഓരോ പരിമളത്തിലുമെന്നെ ചുംബിച്ചതു നീ


ഒരു ദീപ്തവൃക്ഷത്തിന്റെ പൂവിടുന്ന ചില്ല നീ
വസന്തം പോലൊളിഞ്ഞവൾ തുറന്നവൾ നീ
നാളം പോലെ നേർത്തവൾ തെളിഞ്ഞവൾ  നീ
പുലരി പോലെരിയുന്നവൾ വഴങ്ങുന്നവൾ നീ




സ്റ്റെഫാൻ ജോർജ് (1868-1933) - ജർമ്മൻ കവിതയിലെ സൌന്ദര്യമാത്രവാദി. കവിതയ്ക്കൊരേയൊരു പ്രമാണം രൂപഭദ്രത മാത്രം. തന്റെ കാലത്തിന്റെ പ്രവാചകനും വിധികർത്താവുമായ കവി ഒരു ന്യൂനപക്ഷത്തോടേ സംസാരിക്കേണ്ടതുള്ളു. “ക്ഷണിക്കാത്തവരെ പുറത്തു നിർത്താനുള്ള മുള്ളുവേലി”യായിട്ടാണ്‌ അദ്ദേഹം നാമങ്ങൾക്ക് ചെറിയ അക്ഷരങ്ങൾ ഉപയോഗിച്ചതും, ചിഹ്നനം വേണ്ടെന്നു വച്ചതും. അതേ സമയം അദ്ദേഹത്തിലൂടെ ജർമ്മൻ കാവ്യഭാഷ കൂടുതൽ നിശിതവും മിതവും പദങ്ങളുടെ വിചിത്രമായ ചേരുവകളിലൂടെ സമ്പുഷ്ടവുമായി.


wiki link to stefan george

No comments: