Friday, August 3, 2012

ഫെർണാണ്ടോ പെസ്സൊവ - ചതുരംഗം



___________________________________________


കാലാളുകൾ, പ്രശാന്തരാത്രിയിലേക്കവരിറങ്ങിപ്പോകുന്നു,
ക്ഷീണിതരായി, ഉള്ളു നിറയെ കല്പിതവികാരങ്ങളുമായി.
വീട്ടിലേക്കു മടങ്ങുകയാണവർ, യാതൊന്നും മിണ്ടാതെ,
രോമക്കുപ്പായങ്ങൾ, മേലാടകൾ, കഞ്ചുകങ്ങൾ ധരിച്ചവർ.


കാലാളുകളായിരിക്കെ ഒരു കളം നീങ്ങാനേ അവർക്കാവൂ,
വിധി അതിനേ അവർക്കു വരുതി നൽകിയിട്ടുള്ളു;
കോണോടു കോൺ മറ്റൊരു വഴി അവർക്കു നൽകുന്നെങ്കിൽ
അതു മറ്റൊരാൾ മരിച്ച് അവിടെയൊരു വഴി തുറക്കുമ്പോൾ.


അകലെയ്ക്കും വേഗത്തിലും നീങ്ങുന്ന തറവാടികൾ,
ആനയ്ക്കും തേരിനും നിത്യപ്രജകളാണിവർ.
ഓർത്തിരിക്കാതെ വിധി ചാടിവീഴുമ്പോൾ
ഏകാന്തമായ മുന്നേറ്റങ്ങൾക്കിടെ അവർ അന്ത്യശ്വാസം വലിയ്ക്കുന്നു.


ഒരാളല്ലെങ്കിൽ മറ്റൊരാൾ, ലക്ഷ്യത്തിലെത്തിപ്പെട്ടാൽ
തന്റെയല്ല, അന്യന്റേതാണവർ വീണ്ടെടുക്കുന്ന ജീവിതം.
കളിയങ്ങനെ നീളുന്നു, കരുക്കളെ കണക്കിലെടുക്കാതെ,
നിർദ്ദയമായ കൈ ഒരേപോലവയെ മുന്നോട്ടു നീക്കുന്നു.


പട്ടും കമ്പിളിയും ധരിച്ച പാവം, പാവം ജീവികൾ;
ഒടുവിലതാ, അടിയറവ്! കളിയവിടെത്തീരുന്നു,
ക്ഷീണിച്ച കൈ കരുക്കളെ പെട്ടിയിൽ വാരിയിടുന്നു,
ഇതു കളിയാണെന്നതിനാൽ ഇതിലൊരു കാര്യവുമില്ല.


1927 നവംബർ 1
____________________________________________________________

No comments: