Saturday, August 11, 2012

വെർലെയ്ൻ - ത്രാസം

Turner_-_Fort_Vimieux

പ്രകൃതീ, നിന്റേതായ യാതൊന്നുമിനിമേൽ സ്പർശിക്കില്ലെന്നെ:
നിന്റെ വിളഞ്ഞ പാടങ്ങൾ, സിസിലിയൻ ഇടയഗാനങ്ങളുടെ തുടുത്ത മാറ്റൊലികൾ,
നിന്റെ പുലരികളുടെ അമിതാഡംബരങ്ങൾ,
അസ്തമയങ്ങളുടെ വിഷാദം കലർന്ന ഗാംഭീര്യവും.

പുച്ഛമാണെനിക്കു കലയെ, മനുഷ്യനെ, ഗാനങ്ങളെ,
കവിതയെ, യവനദേവാലയങ്ങളെ,
ഭദ്രാസനപ്പള്ളികളാകാശത്തു തുളച്ചുകയറ്റുന്ന മണിമേടകളെ;
എന്റെ കണ്ണിനൊരുപോലെയാണു നല്ലവരും കെട്ടവരും.

ദൈവത്തിലെനിക്കു വിശ്വാസമില്ല, ചിന്തയെ ഞാൻ ത്യജിച്ചു,
പിന്നെയൊന്നുണ്ടല്ലോ, വളരെപ്പഴയൊരു വ്യാജം, പ്രണയം,
അതിനെക്കുറിച്ചാരുമെന്നോടു മിണ്ടുകയും വേണ്ട.

ജീവിതമത്രമേൽ മടുത്തവൻ, മരണത്തെയത്രമേൽ ഭയക്കുന്നവൻ,
പായും തുഴയും പോയി കടലലയുന്നൊരു നൌകയെപ്പോലെ
എന്റെ ആത്മാവൊരുങ്ങുകയായി , ഭയാനകമായൊരു കപ്പൽച്ചേതത്തിനായി.


Painting by Turner

No comments: