Monday, August 20, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഭ്രാന്തി



ശംഖ്


അച്ഛനും അമ്മയും കിടക്കുന്ന മുറിയിലെ കണ്ണാടിക്കു മുന്നിൽ കടുംചുവപ്പു നിറത്തിൽ ഒരു ശംഖു കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഞാൻ പതുങ്ങിക്കടന്നുചെന്ന് ഒറ്റപ്പിടുത്തത്തിനതിനെയെടുത്തു കാതിൽ വച്ചു. അതിന്റെ നിരന്തരരോദനത്തിന്‌ ഒരു വിടവുണ്ടോയെന്ന് എനിക്കു കണ്ടുപിടിക്കണമായിരുന്നു. ചെറുതായിട്ടും എനിക്കറിയാമായിരുന്നു, നിങ്ങൾ ഒരാളെ എത്രമേൽ സ്നേഹിച്ചോട്ടെ, അങ്ങനെയൊരു കാര്യമേ നിങ്ങൾ മറന്നുപോകുന്ന നിമിഷങ്ങളുമുണ്ടാവാമെന്ന്.



ഭ്രാന്തി

അവളുടെ കത്തുന്ന കണ്ണുകൾ ഒരാശ്ളേഷത്തിലെന്നപോലെ എന്നെ അണച്ചുപിടിക്കുന്നു. അവൾ ഉച്ചരിക്കുന്നത് സ്വപ്നങ്ങൾ കൂടിക്കലർന്ന വാക്കുകൾ. അവളെന്നെ മാടിവിളിയ്ക്കുന്നു. വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ സ്വന്തം വാഹനത്തെ ഒരു നക്ഷത്രത്തോടു കൂട്ടിക്കെട്ടിയിരിക്കുകയാണു നിങ്ങളെങ്കിൽ സന്തോഷം നിങ്ങൾക്കുണ്ടാവും. നക്ഷത്രങ്ങൾക്കു മുല കൊടുക്കുമ്പോൾ എത്ര ശാന്തയാണവൾ; പക്ഷേ അതില്പിന്നെ അവൾ കടൽക്കരയിലൂടോടിനടക്കുന്നു, വായുവിൽ കൈകളെടുത്തെറിയുന്നു.
അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു ഞാൻ കാണുന്നു, എന്റെ ചുമലുകളിൽ ചവിട്ടിനിൽക്കുന്ന രണ്ടു മാലാഖമാരെ: വിരുദ്ധോക്തിയുടെ മാലാഖ ഒന്ന്, വിളർത്തവൻ, ദ്രോഹിക്കുന്നവൻ; സ്കിസോഫ്രേനിയായുടെ മാലാഖ മറ്റേത് , കരുത്തൻ, സ്നേഹിക്കുന്നവൻ.



ഭിത്തി

ചുമരിൽ ചാരി നാം നിൽക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ നമ്മുടെ യൌവനം നമ്മിൽ നിന്നെടുത്തു മാറ്റിയിരിക്കുന്നു. നാം കാത്തുനിൽക്കുന്നു. തടിച്ച വെടിയുണ്ട നമ്മുടെ കഴുത്തിൽ വന്നു തറയ്ക്കുന്നതിനു മുമ്പ് പത്തോ ഇരുപതോ കൊല്ലം കഴിയുന്നു. ഉയർന്നതും ഉറപ്പുള്ളതുമാണു ചുമര്‌. ചുമരിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവും. മരം വേരുകൾ കൊണ്ട് ചുമരിനെ ഉയർത്തുകയാണ്‌. നക്ഷത്രം എലിയെപ്പോലെ കല്ലു കരളുകയാണ്‌. നൂറു കൊല്ലം, അല്ലെങ്കിൽ ഇരുന്നൂറു കൊല്ലം കഴിഞ്ഞാൽ ചെറിയൊരു ജാലകം ഉണ്ടായെന്നു വരാം.



കിന്നരം

പുഴയ്ക്കാഴമില്ല. പുഴയ്ക്കു മേൽ വെളിച്ചം, പൊൻനിറത്തിൽ, പരന്നും. വെള്ളീന്തൽക്കാട്ടിൽ കാറ്റിന്റെ വിരലുകൾ കടന്നുപിടിക്കുന്നു, ബാക്കിയായൊരു സ്തംഭത്തെ.
കറുത്തൊരു പെൺകുട്ടി ഒരു കിന്നരമെടുത്തുപിടിയ്ക്കുന്നു. അവളുടെ വിടർന്ന ഈജിപ്ഷ്യൻ കണ്ണുകൾ കമ്പികളിലൂടെ നീന്തുന്നു, വിഷാദവതിയായൊരു മീനിനെപ്പോലെ. അതിനും വളരെപ്പിന്നിലായി, കുഞ്ഞുവിരലുകൾ.


കാട്


നഗ്നപാദയായി  ഒരു പാതയോടുന്നു, കാട്ടിലൂടെ. കാട്ടിൽ ഒരുപാടു മരങ്ങളുണ്ട്, ഒരു കുയിലുണ്ട്, ഹാൻസലും ഗ്രെറ്റലുമുണ്ട്, ചെറുതരം മൃഗങ്ങൾ വേറെയുമുണ്ട്. കുള്ളന്മാരൊന്നുമില്ല, അവർ പണ്ടേ സ്ഥലം വിട്ടുകഴിഞ്ഞു. ഇരുട്ടാവുമ്പോൾ കൂമൻ വന്ന് വലിയൊരു താക്കോലെടുത്ത് കാടു പൂട്ടിയിടുന്നു; വല്ല പൂച്ചയും അകത്തു കടന്നു നാശമുണ്ടാക്കരുതല്ലോ.

No comments: