Friday, August 24, 2012

ബോർഹസ് - കാൽനഖങ്ങൾ


പതുപതുത്ത സോക്സുകൾ പകലു മുഴുവൻ അവയെ ലാളിക്കാനുണ്ട്; തുകലു തുന്നിയ ഷൂസുകൾ അവയെ പ്രതിരോധിക്കുന്നുമുണ്ട്; എന്റെ കാൽവിരലുകൾ പക്ഷേ, അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവയ്ക്കാകെ താല്പര്യം നഖങ്ങളിങ്ങനെ നീട്ടിവിടുന്നതിലാണ്‌- കൊമ്പു പോലത്തൊരു വസ്തുവിന്റെ അർദ്ധതാര്യമായ, വളയുന്ന പാളികൾ; അതൊരു പ്രതിരോധമാണെങ്കിൽ, എന്തിനെതിരെ? മൃഗീയമായവ, അവയ്ക്കു മാത്രം കഴിയുന്ന രീതിയിൽ അവിശ്വാസം പെരുത്തവ; എന്റെ കാൽവിരലുകൾ ഇളവെന്നതില്ലാതെ പണിയെടുക്കുകയാണ്‌, ബലഹീനമായ ആ പടക്കോപ്പുകൾ നിർമ്മിക്കാൻ. പ്രപഞ്ചത്തിനും അതിന്റെ പ്രഹർഷങ്ങൾക്കും പുറംതിരിഞ്ഞുനിൽക്കുകയാണവ, മുന പോയ ആ അസ്ത്രമുനകൾ പത്തെണ്ണം ഒരന്തവുമില്ലാതെ നീട്ടിനീട്ടി വിടാനായി മാത്രം. കാലാകാലം ഒരു സോലിൻഗെന്റെ നിശിതമായ വായ്ത്തല അവയെ മുറിച്ചുതള്ളുന്നുമുണ്ട്. എന്റെ ജന്മപൂർവ്വബന്ധനത്തിന്റെ തൊണ്ണൂറാമതു സന്ധ്യവെളിച്ചത്തിലാണ്‌ വിചിത്രമായ ഈ ഫാക്റ്ററിയുടെ ചക്രങ്ങൾ ആദ്യമായി തിരിഞ്ഞുതുടങ്ങുന്നത്. ഉണങ്ങിയ പൂക്കളും ഉറുക്കുകളും കൊണ്ടു മോടിയാക്കിയ, ചാമ്പൽനിറത്തിലുള്ള ഒരു പെട്ടകത്തിലാക്കി റിക്കോലിറ്റായിൽ എന്നെ കൊണ്ടൊതുക്കിവയ്ക്കുന്ന കാലത്തും എന്റെ കാൽവിരലുകൾ ഒരുതരം നിർബന്ധബുദ്ധിയോടെ പണി തുടരുന്നുണ്ടാവും, ജീർണ്ണത അവയെ, എന്റെ കവിളത്തെ താടിരോമങ്ങളെയും, മന്ദഗതിയിലാക്കുന്നതു വരെ.


സോലിൻഗെൻ- കത്തി,കത്രിക നിർമ്മാണത്തിനു പേരു കേട്ട ജർമ്മൻ നഗരം

റിക്കോലിറ്റ - സമൂഹത്തിലെ ഉന്നതന്മാർക്കായുള്ള ബ്യൂണോഴ്സ് അയഴ്സിലെ ശവപ്പറമ്പ്


link to image


No comments: