Thursday, August 30, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഉപരോധിക്കപ്പെട്ട നഗരത്തിൽ നിന്നുള്ള വർത്തമാനങ്ങൾ


അന്യരെപ്പോലായുധമെടുക്കാൻ യുദ്ധം ചെയ്യാനാവാത്തത്ര പ്രായമായവൻ-

ദാക്ഷിണ്യപൂർവ്വമെനിക്കനുവദിച്ചുകിട്ടിയത് ഒരു നാൾവഴിയെഴുത്തുകാരൻ എന്ന സഹനടന്റെ ഭാഗം
ഒരുപരോധത്തിന്റെ ചരിത്രം ഞാനെഴുതിവയ്ക്കുന്നു- ആർക്കു വായിക്കാനെന്നറിയാതെ

കൃത്യത എനിക്കു വേണം പക്ഷേ എനിക്കറിയില്ല ഉപരോധമാരംഭിച്ചതെപ്പോഴെന്ന്
രണ്ടു നൂറ്റാണ്ടു മുമ്പ് ഡിസംബറിൽ സെപ്തംബറിൽ അതോ ഇന്നലെ പ്രഭാതത്തിലോ
കാലബോധം നഷ്ടപ്പെട്ടവരായിരിക്കുന്നു ഇവിടെ ഞങ്ങളെല്ലാം

ഞങ്ങൾക്കു ശേഷിച്ചതൊരിടം മാത്രം ആയിടത്തോടുള്ള മമത മാത്രം
ഞങ്ങൾക്കു പരിപാലിക്കാൻ ദേവാലയങ്ങളുടെ ശേഷിപ്പുകൾ മാത്രം ഉദ്യാനങ്ങളുടെ വീടുകളുടെ പ്രേതങ്ങൾ മാത്രം
ആ ശേഷിപ്പുകൾ കൂടി നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു പിന്നെയൊന്നും ശേഷിക്കുന്നില്ല

അന്തമറ്റ ആഴ്ചകളുടെ താളത്തിൽ എനിക്കാവുന്നപോലെ ഞാനെഴുതിവയ്ക്കട്ടെ
തിങ്കളാഴ്ച: കടകൾ ശൂന്യമായിരിക്കുന്നു എലികളാണിന്നു നാണയത്തിനു പകരം
ചൊവ്വാഴ്ച: അജ്ഞാതരായ ആയുധധാരികൾ മേയറെ പതിയിരുന്നു കൊന്നു
ബുധനാഴ്ച: സന്ധിസംഭാഷണങ്ങൾ ഞങ്ങളുടെ ദൂതന്മാരെ ശത്രു തടഞ്ഞുവച്ചിരിക്കുന്നു

അവരെവിടെയാണെന്നു ഞങ്ങൾക്കറിയുന്നില്ല എന്നു പറഞ്ഞാൽ എവിടെ വച്ചാണവരെ കൊന്നതെന്ന്
വ്യാഴാഴ്ച: നിരുപാധികമായി കീഴടങ്ങുകയാണു വേണ്ടതെന്ന കച്ചവടക്കാരുടെ പ്രമേയം
പ്രക്ഷുബ്ധമായ ഒരു യോഗത്തിനു ശേഷം ഭൂരിപക്ഷതീരുമാനപ്രകാരം വോട്ടിനിട്ടു തള്ളുന്നു
വെള്ളിയാഴ്ച: പ്ളേഗ് പടർന്നുപിടിക്കുന്നു ശനിയാഴ്ച: എൻ.എൻ എന്ന ഉറച്ച പടയാളി ആത്മഹത്യ ചെയ്യുന്നു
ഞായറാഴ്ച: വെള്ളമില്ല ഉടമ്പടിയുടെ കവാടം എന്നു പേരുള്ള കിഴക്കാൻ കവാടത്തിൽ
ഒരാക്രമണത്തെ ഞങ്ങൾ ചെറുത്തു നിന്നു

വിരസമാണിതൊക്കെയെന്നെനിക്കറിയാത്തതല്ല ഇതാരുടെയും കണ്ണു നനയിയ്ക്കാൻ പോകുന്നുമില്ല

അഭിപ്രായങ്ങൾ ഞാനൊഴിവാക്കുന്നു വികാരപ്രകടനങ്ങളും വസ്തുതകളിൽ മാത്രം ഞാനൊതുങ്ങിനിൽക്കുന്നു
വസ്തുതകൾക്കേ വിദേശക്കമ്പോളങ്ങളിൽ വില കിട്ടൂ എന്നെനിക്കു തോന്നുന്നു
എന്നാലും ഒരഭിമാനത്തോടെ ലോകത്തെ അറിയിക്കണമെന്നെനിക്കുണ്ട്
ഈ യുദ്ധകാലത്ത് ഞങ്ങൾ പെറ്റുവളർത്തിയ പുതിയ ജനുസ്സു കുട്ടികളുടെ കാര്യം
ഞങ്ങളുടെ കുട്ടികൾക്കു യക്ഷിക്കഥകളിഷ്ടമല്ല കൊല്ലുന്നതിലാണവർക്കു രസം
ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവർ സ്വപ്നം കാണുന്നത് അപ്പവും എല്ലുസൂപ്പും
നായ്ക്കളെയും പൂച്ചകളെയും പോലെ തന്നെ

സായാഹ്നങ്ങളിൽ നഗരത്തിന്റെ അതിരുകളിലൂടെ ഞാനലഞ്ഞുനടക്കാറുണ്ട്
ഞങ്ങളുടെ അനിശ്ചിതസ്വാതന്ത്ര്യത്തിന്റെ അതിർത്തികളിൽ നിന്നു വിട്ടുമാറി
മുകളിൽ നിന്നു നോക്കുമ്പോളെനിക്കു കാണാം ഉറുമ്പിൻ നിരകൾ പോലെ ശത്രുക്കൾ അവരുടെ വെളിച്ചങ്ങൾ
പെരുമ്പറയൊച്ചകളെനിക്കു കേൾക്കാം ആ കിരാതന്മാരുടെ ചീറ്റലുകൾ
സത്യമായും എനിക്കു മനസ്സിലാവുന്നില്ല എന്തിനാണു നഗരം ഇനിയും ചെറുത്തുനിൽക്കുന്നതെന്ന്

ഉപരോധം നീണ്ടുനീണ്ടുപോവുകയാണ്‌ ശത്രുക്കൾക്കൂഴമെടുക്കേണ്ടി വരികയാണ്‌
ഞങ്ങളെ നശിപ്പിക്കുക എന്നൊരാഗ്രഹമല്ലാതെ മറ്റൊന്നും അവരെ ഒരുമിപ്പിക്കുന്നില്ല
ഗോത്തുകൾ താർത്താറുകൾ സ്വീഡുകൾ സീസറുടെ സേനകൾ
ആർക്കവരെ എണ്ണിത്തിട്ടപ്പെടുത്താൻ
ചക്രവാളരേഖയിലെ വനങ്ങൾ പോലെ അവരുടെ പതാകകൾ നിറം മാറുന്നു
വസന്തത്തിലെ കിളിമഞ്ഞയിൽ നിന്ന് പച്ചയിലൂടെ ചുവപ്പു കടന്ന് മഞ്ഞുകാലത്തെ കറുപ്പിലേക്ക്

പിന്നെ സന്ധ്യകളിൽ വസ്തുതകളിൽ നിന്നു വിമുക്തനാവുമ്പോൾ
എനിക്കോർത്തിരിക്കാം വിദൂരവും പ്രാക്തനവുമായ കാര്യങ്ങളെക്കുറിച്ച്
ഉദാഹരണത്തിന്‌ കടലിനക്കരെയുള്ള ഞങ്ങളുടെ സഖ്യരാജ്യങ്ങളെക്കുറിച്ച്
അവർക്കു ഞങ്ങളോടാത്മാർത്ഥമായ സഹതാപമുണ്ട് അവർ ഗോതമ്പുചാക്കുകളയക്കുന്നുണ്ട്
പന്നിക്കൊഴുപ്പും ആശ്വാസവചനങ്ങളും സദുപദേശങ്ങളുമയക്കുന്നുണ്ട്
തങ്ങളുടെ പൂർവികർ തന്നെയാണു ഞങ്ങളെ ചതിച്ചതെന്നുപോലുമവരറിയുന്നില്ല
രണ്ടാം വെളിപാടുകാലം തൊട്ടേ ഞങ്ങളുടെ സഖ്യകക്ഷികളാണവർ
അവരുടെ സന്തതികൾ നിരപരാധികൾ അവർ നന്ദിയർഹിക്കുന്നവർ അതിനാൽ നന്ദിയുള്ളവർ ഞങ്ങൾ

നിത്യതയുടെ ദൈർഘ്യമുള്ള ഒരുപരോധം അവർക്കനുഭവിക്കേണ്ടി വന്നിട്ടില്ല
ദൌർഭാഗ്യത്തിനിരകളാവുന്നവർ എന്നും ഏകാകികൾ തന്നെ
ദലൈലാമയുടെ അനുകൂലികൾ കുർദ്ദുകൾ അഫ്ഗാനിസ്ഥാനിലെ മലമ്പ്രദേശക്കാർ

ഞാൻ ഈ വാക്കുകൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ
അനുരഞ്ജനവാദികൾ തീവ്രപക്ഷക്കാരെക്കാൾ മേൽക്കൈ നേടിയിരിക്കുന്നു
അതു സാധാരണമട്ടിലുള്ളൊരു മനോഭാവചാഞ്ചല്യമാവാം ഭാവി ഇനിയും വ്യക്തമായിട്ടില്ല

ശവപ്പറമ്പുകൾ വിസ്തൃതമാവുന്നു ചെറുത്തുനിൽക്കുന്നവർ എണ്ണത്തിൽ കുറയുന്നു
പക്ഷേ പ്രതിരോധം തുടരുന്നു അതു തുടരും അന്ത്യം വരെയും

നഗരം വീഴുകയും ഒരാൾ മാത്രം ശേഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ
പ്രവാസത്തിന്റെ പാതകളിലൂടെ നടക്കുമ്പോൾ നഗരം അയാൾക്കുള്ളിലുണ്ടാവും
അയാൾ തന്നെ നഗരമാവും

വിശപ്പിന്റെ മുഖത്തേക്കു നോക്കി ഞങ്ങളിരിക്കുന്നു അഗ്നിയുടെ മുഖത്തേക്ക് മരണത്തിന്റെ മുഖത്തേക്ക്
അതിലും കെട്ട- വിശ്വാസവഞ്ചനയുടെ മുഖത്തേക്ക്

ഇനിയും അവമാനിതമാവാതെ ഞങ്ങളുടെ സ്വപ്നങ്ങൾ മാത്രമേയുള്ളു


link to image


No comments: