Wednesday, August 15, 2012

ഫെർണാണ്ടോ പെസ്സൊവ - പ്രണയം ഒരു കൂട്ടുചേരലാണ്‌…

File:Jugendstilgemälde 1903.jpg

പ്രണയം ഒരു കൂട്ടുചേരലാണ്‌.
ഇപ്പോൾ വഴിയിലൂടൊറ്റയ്ക്കു നടക്കാനെനിക്കറിയാതായിരിക്കുന്നു,
ഒറ്റയ്ക്കു നടക്കാനെനിക്കാകാതായിരിക്കുന്നു.
ഒരു വിചാരം കണ്മുന്നിൽ നില്ക്കെ എന്റെ നടത്തയ്ക്കു ഗതിവേഗം കൂടുന്നു,
എന്റെ കണ്ണുകൾ പലതും വിട്ടുകളയുന്നു,
കണ്ടതൊക്കെ ഞാനാസ്വദിച്ചുകാണുകയും ചെയ്യുന്നു.
അവളുടെ അസാന്നിദ്ധ്യം പോലും എന്നോടൊപ്പമുണ്ട്.
അവളെ അത്രയ്ക്കെനിക്കിഷ്ടമായിരിക്കെ,
എങ്ങനെ അവളെ മോഹിക്കണമെന്നും എനിക്കറിയുന്നില്ല.
അവളെ കാണുന്നില്ലെങ്കിൽ അവളെ ഞാൻ ഭാവനയിൽ കാണുന്നു,
കിളരമുള്ള മരങ്ങളെപ്പോലെ ഞാൻ കരുത്തനുമാവുന്നു.
എന്നാലവളെ നേരിൽ കാണുമ്പോൾ ഞാൻ വിറക്കൊണ്ടുപോകുന്നു,
എനിക്കറിയുന്നില്ല,
അവളുടെ അഭാവത്തിൽ അവളെക്കുറിച്ചെന്റെ മനസ്സിലുണ്ടായിരുന്നതിനൊക്കെ
എന്തു പറ്റിയെന്ന്.
വാർന്നുപോയ കരുത്തു മാത്രമാണു ഞാൻ.
പ്രപഞ്ചം എന്നെത്തന്നെ ഉറ്റുനോക്കുന്നു,
നടുക്കവളുടെ മുഖവുമായി ഒരു സൂര്യകാന്തിപ്പൂവു പോലെ.

1930 ജൂലൈ 10


ആൽബെർടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്


No comments: