Sunday, August 5, 2012

ഒസ്സിപ് മാൻഡെൽഷ്റ്റം - നിനക്കാനന്ദിക്കാനായി...


നിനക്കാനന്ദിക്കാനായി എന്റെ കൈത്തലത്തിൽ നിന്നെടുത്തോളൂ,
ഒരു തുള്ളി തേനും ഒരു നുള്ളു സൂര്യനും;
അങ്ങനെയല്ലേ പെഴ്സിഫോണിയുടെ തേനീച്ചകൾ നമ്മോടാജ്ഞാപിച്ചതും.

കെട്ടിയിടാത്ത തോണി തള്ളിയിറക്കാനാവില്ല,
കമ്പിളിപ്പാദുകമിട്ട നിഴലിന്റെ പാദപതനം കേൾക്കാനാവില്ല,
ജീവിതത്തിന്റെ നിബിഡവനത്തിൽ ഭീതിയെ മറികടക്കാനുമാവില്ല.

ചുംബനങ്ങളേ നമുക്കിനി ശേഷിച്ചിട്ടുള്ളു,
കുഞ്ഞുതേനീച്ചകളെപ്പോലെ നനുത്ത രോമങ്ങൾ നിറഞ്ഞവ,
കൂടു വിട്ടിറങ്ങുന്ന ക്ഷണം ജീവൻ വെടിയുന്നവ.

രാത്രിയുടെ തെളിഞ്ഞ പൊന്തകളിൽ അവ മർമ്മരം വയ്ക്കുന്നു,
തെയ്ഗേയിലെ ആദിമവനങ്ങളിൽ അവ കൂടു കൂട്ടുന്നു,
അവയ്ക്കാഹാരം, കാലം, ഇത്തിക്കണ്ണികൾ, പുതിനയും.

അതിനാൽ നിനക്കാനന്ദിക്കാനെടുത്തോളൂ എന്റെയീ പ്രചണ്ഡോപഹാരം,
വിരസവും അനാഡംബരവുമായൊരു കണ്ഠഹാരം,
തേനിനെ സൂര്യനാക്കവെ ജീവൻ വെടിഞ്ഞ തേനീച്ചകളാൽ കൊരുത്തതും.

1920


പെഴ്സിഫോണി - ഗ്രീക്കുപുരാണത്തിൽ പാതാളലോകത്തിന്റെ ദേവി; തേനീച്ചകൾ ആ ദേവിയുടെ അരുമകളാണ്‌.

തെയ്ഗേ - ഏതൻസിനെ സ്പാർട്ടയിൽ നിന്നു വേർതിരിക്കുന്ന മലനിര.


For your delight, take from my palms
A little sun, a little honey,
As Persephone's bees have ordered us.

You can't cast off an unmoored boat,
Or hear a shadow shod in fur,
Or conquer fear in this primeval life.

All that remains for us are kisses,
Furry, like tiny bees
That die as they quit their hive.

They rustle in night's transparent thickets,
They nest in the primeval Taiget forest,
They feed on time, Spirea, mint.

For your delight, then, take my savage present -
This plain dry necklace
Of dead bees who turned honey to sun.

1920

‌link to image


1 comment:

Vinodkumar Thallasseri said...

What a beautiful poem. and nice transelation.