Thursday, August 16, 2012

അൽഫോൺസോ ഗിയേൻ തെലാഷ - ദൈവമേ, എനിക്കൊരു തോട്ടം മതി

alfonso_guillen_zelaya

ദൈവമേ, ഒഴിഞ്ഞ കോണിലൊരു തോട്ടമേ എനിക്കു വേണ്ടൂ,
അതിലൊഴുക്കു വറ്റാത്തൊരു ചോലയുണ്ടായാൽ മതി,
കോളാമ്പിപ്പൂക്കളാകെപ്പൊതിഞ്ഞൊരെളിയ കൂര മതി,
ഭാര്യയും നിന്നെ ഓർമ്മിപ്പിക്കുന്നൊരു പുത്രനും മതി.

വിദ്വേഷങ്ങളൊഴിഞ്ഞേറെക്കൊല്ലമെനിക്കു ജീവിക്കണം,
മണ്ണിനെ ഈറനാക്കുന്ന പുഴകളെപ്പോലെ
വിശുദ്ധമായ, പുതുമയുള്ള കവിതകളെനിക്കെഴുതണം.
ദൈവമേ, മരങ്ങളും കിളികളുമുള്ള  വഴിയുമെനിക്കു തരൂ.

അമ്മയെ നീയെടുക്കരുതേയെന്നും ഞാനാഗ്രഹിക്കട്ടെ,
കൈക്കുഞ്ഞിനെയെന്നപോലെനിക്കവരെ പരിചരിക്കണം,
വെയിലു കായാൻ മുറ്റത്തവരെ ഇറക്കിയിരുത്തണം,
ചുംബനങ്ങൾ കൊടുത്തവരെ കിടത്തിയുറക്കണം.

എനിക്കു നന്നായുറങ്ങണം, ചില പുസ്തകങ്ങൾ വേണം,
എന്റെ കാൽമുട്ടിലോടിക്കയറുന്നൊരു നായ വേണം,
ഒരു പറ്റമാടുകളും, ഗ്രാമ്യമായതൊക്കെയും വേണം,
എന്റെ കൈ കൊണ്ടു മണ്ണിലുഴുതെനിക്കു ജീവിക്കണം.

പാടത്തേക്കിറങ്ങണം, അതിനൊത്തു പുഷ്ടിപ്പെടണം,
സന്ധ്യ മയങ്ങുമ്പോൾ നാട്ടിറമ്പിലിറങ്ങിയിരിക്കണം,
വാസനിക്കുന്ന മലങ്കാറ്റെനിക്കുള്ളിൽക്കൊള്ളണം,
എന്റെ കുഞ്ഞിനോടെളിയകാര്യങ്ങൾ പറയണം.

രാത്രിയിലവന്റെ കാതിൽ സരളമായ കഥകളോതണം,
പുഴയോടൊത്തു ചിരിക്കാനവനെപ്പഠിപ്പിക്കണം,
ഈറനായ നറുംപുല്ലു പോലവനെ മണക്കട്ടെ
എന്ന ചിന്തയുമായി അവനെ ഉറക്കിക്കിടത്തണം.

അതില്പിന്നടുത്ത നാൾ ഉദയത്തോടൊത്തുണരണം,
ജീവിതത്തെ ആദരിച്ചും, പുഴയിൽ മുങ്ങിക്കുളിച്ചും,
തോട്ടത്തിന്റെ സമൃദ്ധിയിൽ ആടുകളെക്കറക്കണം,
പ്രപഞ്ചമെന്ന കവിതയിൽ ചില വരികളെഴുതിച്ചേർക്കണം.


അൽഫോൺസോ ഗിയേൻ തെലാഷ (1887-1947) - ഹോണ്ടുറാസ് രാജ്യക്കാരനായ സ്പാനിഷ് കവി


 

 

1 comment:

മറ്റൊരാള്‍ said...

സ്വപ്‌നങ്ങള്‍ എവിടെയും ഒരുപോലെ