ഒഴിഞ്ഞ പൂപ്പാത്രം പോലെ എന്റെ ആത്മാവു വീണുടഞ്ഞു.
വീണ്ടെടുക്കാനാവാത്ത പോലെ കോണിപ്പടിയിലതു വീണുകിടന്നു.
ശ്രദ്ധയില്ലാത്തൊരു വേലക്കാരിയുടെ കൈകളിൽ നിന്നതു വീണു.
അതിലുള്ള കളിമണ്ണിലുമേറെക്കഷണങ്ങളായി അതു വീണു.
അസംബന്ധമോ? അസാദ്ധ്യമോ? ആർക്കറിയാം!
ഞാൻ ഞാനാണെന്നു തോന്നിയിരുന്ന കാലത്തറിഞ്ഞതിനെക്കാൾ കൂടുതലനുഭൂതികൾ ഞാനിന്നറിയുന്നുണ്ട്.
കുടഞ്ഞുകളയേണ്ടൊരു ചവിട്ടുമെത്തയിൽ ചിതറിക്കിടക്കുന്ന പാത്രക്കഷണങ്ങളാണു ഞാൻ.
ഒരു ഭരണി വീണുടയുന്ന കലമ്പലുണ്ടാക്കിയിരുന്നു എന്റെ വീഴ്ച.
കൈവരിയ്ക്കു മുകളിലൂടെ ദേവകൾ വന്നെത്തിനോക്കുന്നു,
അവരുടെ വേലക്കാരിയുടെ കൈത്തെറ്റിനാൽ
കഷണങ്ങളായി മാറിയ എന്നെ അവർ ഉറ്റുനോക്കിനിൽക്കുന്നു.
അവർക്കവളോടു ദേഷ്യം തോന്നുന്നില്ല.
അവൾക്കു മാപ്പു കൊടുക്കുകയാണവർ.
അല്ലെങ്കിലും ഒരൊഴിഞ്ഞ പൂപ്പാത്രം മാത്രമായിരുന്നില്ലേ ഞാൻ?
അവർ ആ ബോധമുള്ള കഷണങ്ങളെ ഉറ്റുനോക്കുന്നു,
ദേവകളെക്കുറിച്ചല്ല, തങ്ങളെക്കുറിച്ചു ബോധമുള്ള ആ തുണ്ടുകളെ.
താഴേക്കുറ്റുനോക്കിയിട്ട് അവർ മന്ദഹസിക്കുന്നു.
ശ്രദ്ധയില്ലാത്ത വേലക്കാരിയെ മന്ദഹാസത്തോടെ അവർ മാപ്പാക്കുന്നു.
നക്ഷത്രക്കംബളം വിരിച്ച കൂറ്റൻ കോണിപ്പടി നീണ്ടുനീണ്ടുപോകുന്നു.
നക്ഷത്രങ്ങൾക്കിടയിൽ ഒരു പാത്രക്കഷണം മിന്നിത്തിളങ്ങുന്നു.
അതെന്റെ പ്രവൃത്തിയോ? എനിക്കാകെയുള്ള ആത്മാവോ? എന്റെ ജീവിതമോ?
ഒരു പാത്രക്കഷണം.
ദേവകൾ കണ്ണു ചുരുക്കി അതിനെത്തന്നെ നോക്കുന്നു,
അതെങ്ങനെ അവിടെയെത്തിപ്പെട്ടു എന്നു പിടികിട്ടാത്ത പോലെ.
1929
അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്
No comments:
Post a Comment