Tuesday, August 14, 2012

ഹാഫിസ് - നിന്റെ ചഷകമെന്റെ ചുണ്ടോടു ചേർക്കൂ…


മദിര പകരുന്ന സുന്ദരീ, നിന്റെ ചഷകമെന്റെ ചുണ്ടോടു ചേർക്കൂ,
സുഗമമെന്നു കരുതിയ പ്രണയത്തിന്റെ വഴികളിലെത്രയാണിന്നു ദുർഘടങ്ങൾ!
പരിമളത്തിന്റെ ചാവി കൊണ്ടു പുലർതെന്നലഴിച്ചുവിടുന്നു, കുറുനിരകളെ,
ഇടയുന്ന വളകിലുക്കങ്ങളെ, ചോര വാർന്നു പിടയുന്ന  ഹൃദയങ്ങളെ.
“മാറാപ്പു മുറുക്കൂ”യെന്നു കുടമണികളേതുനേരവും തിടുക്കപ്പെടുത്തുമ്പോൾ
എങ്ങനെ ഞാനെന്റെ പ്രണയഭാജനത്തിനൊപ്പം വിരുന്നിന്റെ രസം നുകരാൻ?
നിസ്കാരപ്പായയിൽ വീഞ്ഞിന്റെ കറ പുരട്ടൂയെന്നാണു ഗുരു പറയുന്നതെങ്കിൽ
അനുസരിക്കൂ, വഴി അറിയുന്നതവനല്ലേ, വഴിയമ്പലങ്ങളുമവനറിയും.
ഇരുണ്ട രാത്രിയിൽ, കാറ്റിന്റെ ചുഴലിയിൽ, തിരപ്പെരുക്കത്തിനു മേൽ:
തോണിയിറക്കാതെ കരയ്ക്കിരിക്കുന്നവനെങ്ങനെ നമ്മുടെ പാടറിയാൻ?
പ്രണയത്തിലെന്റെ വഴിയ്ക്കു ഞാൻ പോയി, പേരാകെ ഞാൻ കെടുത്തി,
ഒരു രഹസ്യമെങ്ങനെ മറഞ്ഞിരിക്കാൻ, ഏതു നാവിൽ നിന്നുമതിറ്റുമ്പോൾ?
നീ കൊതിക്കുന്നതവന്റെ സാന്നിദ്ധ്യമെങ്കിൽ ഹാഫിസ്, ഒളിച്ചോടരുതേ,
അവൻ നിന്നെക്കടന്നുപിടിക്കുമ്പോൾ ലോകത്തിന്റെ പിടി നീ വിടൂ.


No comments: