Thursday, February 28, 2013

ഷാക് പ്രവേർ - പാരീസ് രാത്രിയിൽ

ParisatNight


രാത്രിയിലൊന്നൊന്നായുരച്ച മൂന്നു തീപ്പെട്ടിക്കോലുകൾ
ഒന്നു നിന്റെ മുഖമൊന്നാകെക്കാണാൻ
പിന്നൊന്നു നിന്റെ കണ്ണുകൾ കാണാൻ
ഒടുവിലൊന്നു നിന്റെ ചുണ്ടുകൾ കാണാൻ
പിന്നെ നിന്നെയെന്നോടണയ്ക്കുമ്പോൾ
ഇതെല്ലാമോർമ്മ വരുത്തുന്ന കുറ്റിരുട്ടും


Paris At Night


Three matches one by one

Three matches one by one struck in the night
The first to see your face in its entirety
The second to see your eyes
The last to see your mouth
And the darkness all around to remind me of all these
As I hold you in my arms.

ce in its entirety
The second to see your eyes
The last to see your mouth
And the darkness all around to remind me of all these
As I hold you in my arms.

മൊണ്ടെയ്ൻ പറഞ്ഞത്

Michel-eyquem-de-montaigne_1

മിഷേൽ ദെ മൊണ്ടെയ്ൻ (1533-1592) - ഫ്രഞ്ച് നവോത്ഥാനകാലത്തെ ഏറ്റവും പ്രമുഖനായ എഴുത്തുകാരൻ; ഉപന്യാസം ഒരു സാഹിത്യരൂപം എന്ന നിലയിൽ വ്യതിരിക്തത നേടുന്നത് ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌; അജ്ഞേയതാവാദത്തിന്റെ പിതാവെന്ന നിലയിലും അറിയപ്പെടുന്നു. Essais (ശ്രമങ്ങൾ) പ്രധാനകൃതി. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്‌.


എനിക്കെന്തറിയാം? അജ്ഞേയതാവാദത്തെക്കുറിച്ചൊരു ധാരണ കിട്ടാൻ ഈ ചോദ്യം ചോദിച്ചാൽ മതി.
*

ഞാൻ ഏറ്റവും പേടിക്കുന്നത് പേടിയെത്തന്നെ.
*

മരണം കയറിവരുന്ന സമയത്ത് ഞാൻ കാബേജിനു നനച്ചുകൊണ്ടിരിക്കുന്നതായി കാണണമെന്നാണ്‌ എന്റെ ആഗ്രഹം.
*

മനുഷ്യനെ മരിക്കാൻ പഠിപ്പിക്കുന്നവൻ അവനെ ജീവിക്കാനും പഠിപ്പിക്കും.
*

നിങ്ങൾ ജനിച്ച ദിവസം ജീവിതത്തിലേക്കെന്നപോലെ മരണത്തിലേക്കും നിങ്ങളെ നയിക്കും.
*

ഇഷ്ടമുള്ളത്ര കാലം ജീവിക്കുക; നിങ്ങളുടെ മരണാനന്തരജീവിതത്തിൽ നിന്ന് ഒരു ദിവസം പോലും അതുകൊണ്ടു കുറയാൻ പോകുന്നില്ല.
*

എല്ലാ ദിവസങ്ങളും മരണത്തിലേക്കു യാത്ര ചെയ്യുന്നു; അവസാനത്തേത് അവിടെ എത്തിക്കഴിഞ്ഞു.
*

എന്റെ വാക്കുകൾ ഒന്നുകൂടി വ്യക്തമാക്കാനല്ലെങ്കിൽ അന്യരുടെ വാക്കുകൾ ഞാൻ കടമെടുക്കാറില്ല.
*

ഞാൻ അയാളെ എന്തിനു സ്നേഹിച്ചു എന്നാണു നിങ്ങൾ ചോദിക്കുന്നതെങ്കിൽ അയാൾ അയാളായിരുന്നു, ഞാൻ ഞാനും എന്നതാണതിനു മറുപടി.
*

അത്രയുമുറച്ചൊന്നിൽ നാം വിശ്വസിക്കുന്നെങ്കിൽ നമുക്കൊട്ടുമറിയാത്തതൊന്നിലായിരിക്കുമത്.
*

ഞാൻ എന്റെ പൂച്ചയെ കളിപ്പിക്കുമ്പോൾ എനിക്കവളെന്നതിനെക്കാൾ ഞാനവൾക്കാണു നേരമ്പോക്കിനു കാരണമാകുന്നതെന്നു വന്നുകൂടേ?
*

ചക്രവർത്തിയായാലും ചെരുപ്പുകുത്തിയായാലും ആത്മാക്കൾ ഒരേ മൂശയിൽ വാർത്തതു തന്നെ. നാം അയൽക്കാരനു നേർക്കു കത്തിയെടുക്കുന്ന പോലെയേയുള്ളു, രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നതും.
*

മനുഷ്യന്റെ ബുദ്ധിക്കു കുഴപ്പമില്ലെന്നാരു പറഞ്ഞു: അവനിതേവരെ ഒരു ചെള്ളിനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല; എന്നിട്ടെത്ര ദൈവങ്ങളെയാണ്‌ അവൻ ഉണ്ടാക്കിവച്ചിരിക്കുന്നത്!
*

സ്വന്തം സല്പേരിനെ അതിജീവിച്ച എത്ര ധീരന്മാരെ നമുക്കറിയാം?
*

വൈദ്യന്മാർക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങൾ പകൽവെളിച്ചത്തിൽ ഇറങ്ങിനടക്കും; അവരുടെ പരാജയങ്ങളെ മണ്ണു മറച്ചുവയ്ക്കുകയും ചെയ്യും.
*

ഒന്നിനെക്കുറിച്ചു ചിന്തിക്കാൻ ധൈര്യപ്പെട്ടുവെങ്കിൽ അതിനെക്കുറിച്ചു പറയാനും ധൈര്യപ്പെടൂ.
*

കൂടും കിളിയും പോലെതന്നെ കല്യാണക്കാര്യവും: അകത്തുള്ളതിന്‌ പുറത്തു പോകാനുള്ള വെപ്രാളം; പുറത്തുള്ളതിന്‌ അകത്തു കടക്കാനുള്ള തിടുക്കവും.
*
വസ്തുക്കളെ വ്യാഖാനിക്കുക എന്നതിനെക്കാൾ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്ന പണിയാണ്‌ ഇന്നു കൂടുതൽ നടക്കുന്നത്; മറ്റേതു വിഷയത്തിലുമധികമാണ്‌, പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ: അന്യോന്യം ഭാഷ്യമെഴുതുകയല്ലാതെ നാമൊന്നും ചെയ്യുന്നില്ല.
*

ഏതു പൊയ്ക്കാലിൽ കയറി നടന്നാലും ഒടുവിൽ നമുക്കു സ്വന്തം കാലിൽ ഇറങ്ങിനടക്കേണ്ടിവരും. ലോകത്തേറ്റവും ഉയരം കൂടിയ സിംഹാസനമായാലും, സ്വന്തം ആസനം വച്ചല്ലേ അതിലിരിക്കാൻ പറ്റൂ.
*

പ്രകൃതിക്ക് ഒരവസരം കൊടുത്തുനോക്കൂ: തന്റെ സംഗതികൾ നമ്മെക്കാൾ നന്നായി അറിയുക അവൾക്കല്ലേ.
*


ഷാക് പ്രവേർ - മണ്ടൻ

dunce_caplink to image

 


തല കൊണ്ടവൻ ഇല്ല എന്നു പറയുന്നു
പക്ഷേ നെഞ്ചു കൊണ്ടവൻ അതെ എന്നു പറയുന്നു
താനിഷ്ടപ്പെടുന്നതിനോട് അതെ എന്നവൻ പറയുന്നു
തന്നെ പഠിപ്പിക്കുന്നയാളോട് ഇല്ല എന്നവൻ പറയുന്നു
അവൻ എഴുന്നേറ്റു നിൽക്കുന്നു
അവരവനെ ചോദ്യം ചെയ്യുന്നു
എല്ലാചോദ്യങ്ങളും പ്രഹേളികകളാണവന്‌
പെട്ടെന്നവനു ചിരിയടക്കാനാവുന്നില്ല
സകലതുമവൻ മായ്ച്ചുകളയുന്നു
അക്കങ്ങളും വാക്കുകളും
തീയതികളും പേരുകളും
വാക്യങ്ങളും കെണികളും
മാഷിന്റെ ഭീഷണികൾക്കു കീഴിലും
അതിമിടുക്കന്മാരുടെ കൊഞ്ഞനം കുത്തലിനു മുന്നിലും
എല്ലാ നിറങ്ങളുമുള്ള ചോക്കെടുത്ത്
യാതനയുടെ ബ്ളാക്ക്ബോർഡിൽ
അവൻ വരച്ചുവയ്ക്കുന്നു
ആഹ്ളാദത്തിന്റെ മുഖം


The Dunce

He says no with his head
but he says yes with his heart
he says yes to what he likes
he says no to his teacher
he stands
is questioned
and all the problems are posed
suddenly crazy laughter takes him
and he erases it all
the numbers and the words
the dates and the nouns
the sentences and the traps
and despite the master's threats
under the jeers of the prodigy children
with chalk of every color
on the blackboard of misery
he draws the face of joy

trans. Aliya Deri

Wednesday, February 27, 2013

നെരൂദ - കടലോരപ്പൂക്കൾക്ക് ഒരു സ്തുതിഗീതം


ഈവ നെയ്ഗ്രായിൽ
കാട്ടുപൂക്കൾ വിരിയുന്നു.
പേരില്ലാത്തവയാണവ.
മണൽ പൊട്ടിവിടർന്നപോലെ ചിലവ;
ഒരു മഞ്ഞമിന്നൽപ്പിണറായി
പൂഴിക്കു തീ കൊളുത്തുന്നു ചിലവ.

പ്രകൃതിഗായകനാണു ഞാൻ,
ഒരു നായാടിജന്മമാണു ഞാൻ;
രാത്രിയിൽ കടലരികിൽ
തീ പൂട്ടി ഞാനിരിക്കുന്നു.

ആ പൂവു മാത്രം,
ഈ ഏകാന്തതീരം മാത്രം,
പിന്നെ നീയും,
കളങ്കമേശാത്ത ധന്യതേ,
മണ്ണിന്റെ സ്വന്തം പനിനീർപ്പൂവേ.

പൊരുതാനൊരുക്കമോ നീയെന്നു
ജീവിതമെന്നോടു ചോദിച്ചു;
അതിനാലെന്റെ ജീവിതമിണക്കി ഞാൻ,
വെല്ലുവിളികൾക്കും
വാനോളമുയർന്ന പ്രതീക്ഷകൾക്കു ചുറ്റുമായി.
സഹോദരനാണു ഞാൻ,
മനുഷ്യരുടെ, ഏവരുടെയും.
കടമയും പ്രണയവുമായിരുന്നു
എന്റെ രണ്ടു കൈകൾ.

കടല്പാറകൾക്കിടയിൽ
പൂക്കൾ നോറ്റിരിക്കുന്നതു ഞാൻ കാണുന്നു;
മഞ്ഞിന്റെയും മറവിയുടെയും ഋതുക്കൾ കഴിയാൻ
ക്ഷമയോടെ കാത്തിരിക്കുകയാണവ,
വെളിച്ചത്തിന്റെ നേർത്ത കതിരൊന്നു നീട്ടാൻ,
നിശിതപരിമളത്തിന്റെ കൂർത്ത മുള്ളെറിയാൻ.

അതു കണ്ടും കൊണ്ടു
ഞാനിതാ പിന്നെയും വിട പറയുന്നു,
അഗ്നിയോട്,
വിറകിനോട്,
കാടിനോട്,
മണലിനോട്.
ഒരടി വയ്ക്കുമ്പോൾ
നോവുകയാണെനിക്ക്.
കുടിലമായ നഗരപാതകൾ വേണ്ട,
എനിക്കിവിടം മതി.
പ്രകൃതിഗായകനല്ലേ ഞാൻ.

എന്റെ രണ്ടു കൈകൾ പക്ഷേ,
കടമയും പ്രണയവുമായിരുന്നു.


ഈവ നെയ്ഗ്ര - നെരൂദയുടെ കടലോരഭവനം


“Ode to Flowers Along the Coast”

The wildflowers on Isla Negra

are blooming.

They are nameless. Some

look like sand crocuses;

others

light up

the soil with yellow lighting.

I am a pastoral poet.

I nourish myself

like a hunter.

At night, I make fire

by the sea.

Only this flower, only this

loneliness of the sea,

and you, happy

and plain like an earthy rose.

Life asked me to fight,

so I organized my life around challenges

and towering hopes.

I am a brother

of humanity, of everybody.

My two hands are called

Duty and Love.

Between the stones

of the coast,

The patient flowers

linger,

transcending forgetfulness

and winter

to boost a small ray

of light and sharp sweet fragrance.

They are saying good-bye,

one more-time,

to the fire,

to the firewood,

to the forest,

to the sand,

It hurts to walk.

I want to stay here

and not return to the streets of the city.

I am a pastoral poet.

But Duty and Love are my two hands.


ഷാക് പ്രവേർ - ശരത്കാലം

wp-d7k_0049-edit

 



പാതനടുവിൽ ഒരു കുതിര തളർന്നുവീഴുന്നു
ഇലകളതിനു മേൽ വീഴുന്നു
നമ്മുടെ പ്രണയം വിറക്കൊള്ളുന്നു
സൂര്യനുമതുപോലെ.


Tuesday, February 26, 2013

ബ്രഹ്ത് - മനുഷ്യസൃഷ്ടികളിൽ വച്ച്...

brecht


മനുഷ്യസൃഷ്ടികളിൽ വച്ചെനിക്കേറ്റവുമിഷ്ടം
ഉപയോഗിച്ചു പഴകിയവയെ:
ഞണുങ്ങിയതും വക്കു പരന്നതുമായ ചെമ്പുപാത്രങ്ങൾ,
അനേകം കൈകളുടെ തഴമ്പു വീണ മരപ്പിടികളുമായി
കത്തികളും മുള്ളുകളും-
കുലീനരൂപങ്ങളെന്നെനിക്കു തോന്നിയതിവയായിരുന്നു.
അതുപോലെ തന്നെയാണെനിക്ക്
പഴയ വീടുകൾക്കു ചുറ്റും പാകിയ തറക്കല്ലുകൾ:
എത്രയോ കാലടികൾ ചവിട്ടിനടന്നവ, ചവിട്ടിത്താഴ്ത്തിയവ,
വിടവുകൾക്കിടയിൽ പുല്ലു കേറി വളർന്നവ-
ആഹ്ളാദം തരുന്ന സൃഷ്ടികളാണിവ.

അനേകരുപയോഗത്തിലെടുത്തവ,
പലതവണ ഭേദപ്പെടുത്തിയതിനാൽ
ഭേദപ്പെട്ട രൂപം കൈവരിച്ചവ,
പലരും രുചിയറിഞ്ഞതിനാൽ രുചികരമായവ.
കൈകളറ്റ പ്രതിമാഖണ്ഡങ്ങളും
എനിക്കു പ്രിയങ്ങൾ തന്നെ;
എനിക്കു ജീവനുള്ളവയാണവ.
ഇന്നു താഴെയിട്ടുവെങ്കിലും
ഒരുകാലം മനുഷ്യരേറ്റിനടന്നവയാണവ;
ഇന്നു വീണു കിടക്കുകയാണെങ്കിലും
ഇതു പോലെ നിവർന്നു നിന്നിട്ടുമില്ലവ.

പഴകി ദ്രവിച്ച വീടുകൾക്കിതാ,
വിപുലമായി ഭാവന ചെയ്ത
പണി തീരാത്ത വീടുകളുടെ ഭാവം;
ഊഹിക്കാവുന്നതാണവയുടെ തോതുകളുടെ ചാരുതയെങ്കിലും
നാം കണ്ടറിയണം അവയവയാവാൻ.
അവയുടെ ഉപയോഗം നടന്നുകഴിഞ്ഞിരിക്കുന്നു,
അവ കാലഹരണപ്പെട്ടുതന്നെ കഴിഞ്ഞിരിക്കുന്നു.
എന്നാലുമെന്നെ ധന്യനാക്കുകയാണിവയൊക്കെ.


ഷേക്സ്പിയർ - അരങ്ങുപരിചയമില്ലാത്ത നടൻ...

1609 Sonnets (Huntington copy, from EEBO)




അരങ്ങുപരിചയമില്ലാത്ത നടൻ കാണികൾക്കു മുന്നിലെത്തുമ്പോൾ
പറയേണ്ടതു പറയാൻ മറന്നു ഭയം കൊണ്ടു വിറയ്ക്കുന്നപോലെ,
അമിതരോഷത്താൽ തുളുമ്പിക്കൊണ്ടു ഭയം വിതയ്ക്കുന്ന ഭീകരജന്തു
അതേ ബലാധിക്യം കൊണ്ടുതന്നെ ദുർബലഹൃദയനാവുന്നപോലെ.
അതുപോലാത്മവിശ്വാസമില്ലാതെ പറയേണ്ടതൊക്കെ ഞാൻ മറന്നു,
പ്രണയമെന്ന ചടങ്ങിൽ ആ സന്ദർഭത്തിനുചിതമായ വാക്കുകൾ.
സ്വന്തം പ്രണയബലത്താൽത്തന്നെ തളരുന്നു ഞാനെന്നു തോന്നുന്നു,
അതിന്റെ ചുമടു ചുമന്നു കിതയ്ക്കുകയാണു ഞാനെന്നും.
അതിനാൽ വാചാലരാവട്ടെ, ഞാനെഴുതിവച്ച വാക്കുകൾ-
എന്റെ ഹൃദയത്തിന്റെ ഭാഷയ്ക്കു മൂകവ്യാഖ്യാതാക്കളാണവ.
അവ യാചിച്ചുനേടട്ടെ നിന്റെ പ്രണയവും നിന്റെ സമ്മതവും.
എന്റെ നാവിനാവില്ലവയെപ്പോലതിൽ സമർത്ഥരാകുവാൻ.
      നിശബ്ദപ്രണയത്തിന്റെ മുഖത്തെഴുത്തു വായിക്കാൻ പഠിക്കൂ,
      പ്രണയം പറയാതെ പറയുന്നതു കണ്ണുകൾ കൊണ്ടു കേൾക്കാനും.



(ഗീതകങ്ങൾ-23)



As an unperfect actor on the stage
Who with his fear is put besides his part,
Or some fierce thing replete with too much rage,
Whose strength’s abundance weakens his own heart.
So I, for fear of trust, forget to say
The perfect ceremony of love’s rite,
And in mine own love’s strength seem to decay,
O’ercharged with burden of mine own love’s might.
O, let my books be then the eloquence
And dumb presagers of my speaking breast,
Who plead for love and look for recompense
More than that tongue that more hath more express’d
O, learn to read what silent love hath writ:
To hear with eyes belongs to love’s fine wit.

Saturday, February 23, 2013

റിൽക്കെ - വിദ്യാഭ്യാസത്തെക്കുറിച്ച്

529px-ISkolenVæggelus_paaFyn




വ്യത്യസ്തരായ വ്യക്തികൾക്കു വേണ്ടിയുള്ള എരിയുന്ന ദാഹം കൊണ്ടു നിറഞ്ഞതാണ്‌ ചരിത്രത്തിന്റെ ഓരോ കാലഘട്ടവും: എന്തെന്നാൽ അവരോടൊപ്പമാണ്‌ എന്നും ഭാവി വന്നെത്തുക.  എന്നിട്ടും ഒരു കുട്ടിയിൽ വ്യക്തിത്വം തലപൊക്കുമ്പോൾ എത്ര അവജ്ഞയോടെയാണ്‌, നിസ്സാരതയോടെയാണ്‌, പരിഹാസത്തോടെയാണ്‌ -കുട്ടിയെ ഏറ്റവുമധികം വേദനിപ്പിക്കുന്നതുമതാണ്‌-  സമൂഹം അതിനെ കൈകാര്യം ചെയ്യുക. അവനു തനതായിട്ടൊന്നുമില്ലെന്നു നാം അവനോടു പറയുന്നു; അവന്റെ ജീവിതം വേരുകളാഴ്ത്തിയിരിക്കുന്ന ഗഹനമായ സമൃദ്ധികളെ ഇടിച്ചു താഴ്ത്തിയിട്ട് പകരം പഴകിയ പൊതുധാരണകൾ നാം അവനു മുന്നിൽ വയ്ക്കുന്നു. മുതിർന്നവരോട് ഈ വിധം പെരുമാറുന്നതു നിർത്തിയാലും കുട്ടികളോടുള്ള മനോഭാവത്തിൽ നമ്മുടെ അക്ഷമയും അസഹ്യതയും മാറുന്നതേയില്ല. മുതിർന്ന ഒരാൾക്ക് സ്വാഭാവികമായി അനുവദിക്കപ്പെട്ടിരിക്കുന്ന ഒരവകാശം കുട്ടികൾക്കു നിഷേധിച്ചിരിക്കുകയാണ്‌: സ്വന്തമായിട്ട് ഒരഭിപ്രായം ഉണ്ടാവുക. ഇന്നത്തെ വിദ്യാഭ്യാസം കുട്ടിയുമായിട്ടുള്ള ഒരു നിരന്തരയുദ്ധമായി മാറിയിരിക്കുന്നു; രണ്ടു കക്ഷികളും ഒടുവിൽ എത്രയും ജുഗുപ്ത്സാവഹമായ മാർഗ്ഗങ്ങളിൽ അഭയം തേടുകയും ചെയ്യുന്നു. രക്ഷിതാക്കൾ തുടങ്ങിവച്ചത് തുടർന്നുപോവുകയേ വിദ്യാലയങ്ങളും ചെയ്യുന്നുള്ളു. കുട്ടിയുടെ വ്യക്തിത്വവുമായി സംഘടിതമായ ഒരു യുദ്ധമാണത്. അതു വ്യക്തിയെ അവമതിക്കുന്നു, അവന്റെ ആഗ്രഹങ്ങളെയും തൃഷ്ണകളെയും നിസ്സാരമായി കാണുന്നു, വ്യക്തിയെ ആൾക്കൂട്ടത്തിന്റെ നിരപ്പിലേക്കിടിച്ചു താഴ്ത്തുകയാണ്‌ തന്റെ ദൌത്യമെന്നു കരുതുന്നു. മഹാന്മാരായ വ്യക്തികളുടെ ജീവിതകഥകൾ ഒന്നു വായിച്ചുനോക്കുകയേ വേണ്ടു; സ്കൂളിൽ പോയിട്ടല്ല, സ്കൂളിൽ പോയിട്ടും അവർ മഹാന്മാരാവുകയായിരുന്നു.
(1902) 

Friday, February 22, 2013

റിൽക്കെ - ആത്മഹത്യയെക്കുറിച്ച്

rilke (1)

 


ഞാനൊരിക്കൽ പാരീസിൽ ഒരു പാലത്തിനു മേൽ നിൽക്കുമ്പോൾ കുറച്ചകലെയായി പുഴയിലേക്കുള്ള വഴിയിൽ ആത്മഹത്യ ചെയ്ത ഒരാളുടെ ജഡം തുണി കൊണ്ടു മൂടിയിട്ടിരിക്കുന്നതു കണ്ടു. അരികിൽ നിന്ന ഒരാൾ പെട്ടെന്നെന്തോ പറയുന്നതു ഞാൻ കേട്ടു. നീലക്കോട്ടിട്ട ചെറുപ്പക്കാരനായ ഒരുന്തുവണ്ടിക്കാരനായിരുന്നു അത്; സ്ട്രോബറി നിറത്തിൽ ചുവന്ന മുടിയും, മിടുക്കും പ്രസരിപ്പും നിറഞ്ഞ താടി കൂർത്ത മുഖവും. അയാളുടെ താടിയിന്മേലുള്ള അരിമ്പാറയിൽ പെയിന്റുബ്രഷു പോലെ എറിച്ചുനിൽക്കുന്ന ചുവന്ന രോമങ്ങൾ വളർന്നുനിന്നിരുന്നു. ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച ആ വസ്തുവിനെ തല കൊണ്ടൊന്നു ചൂണ്ടിക്കാട്ടിയിട്ട് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് അയാൾ പറഞ്ഞു: “നിങ്ങൾക്കെന്തു തോന്നുന്നു, ആയാൾക്ക് ഇതു ചെയ്തൊപ്പിക്കാൻ പറ്റിയ സ്ഥിതിയ്ക്ക് വേറേ പലതും ഇത്ര നന്നായി അയാൾ ചെയ്യുമായിരുന്നില്ലേ?”

കല്ലു കൂട്ടിവച്ച കൂറ്റൻ ഉന്തുവണ്ടിയുടെ നേർക്ക് അയാൾ നടക്കുമ്പോൾ എന്റെ നോട്ടം അത്ഭുതത്തോടെ പിന്നാലെ ചെന്നു. ശരിയല്ലേ: ജീവിതത്തിലെ ഏറ്റവും ശക്തവും ദൃഢവുമായ കെട്ടഴിയ്ക്കാനാവാശ്യമായ ആ ബലം കൊണ്ട് നമുക്കെന്തൊക്കെ കൈവരിച്ചുകൂടാ! ആ ദിവസത്തിനു ശേഷം എനിക്കു തീർച്ചയായി, ഏതു വിധിവിപര്യയവും, കൊടുംനൈരാശ്യം പോലും, സമൃദ്ധി തന്നെയാണെന്ന്; നമ്മുടെ സത്തയ്ക്കു മേൽ നടക്കുന്ന ഏതാക്രമണത്തെയും ഹൃദയത്തിന്റെ ഒരേയൊരു തീരുമാനം കൊണ്ട് എതിർദിശയിലേക്കു നമുക്കു തിരിക്കാമെന്ന്.


(അനീറ്റാ ഫോറെർക്ക് 1920 ഫെബ്രുവരി 4ന്‌ റിൽക്കെ അയച്ച കത്തിൽ നിന്ന്)



ഇലിയാസ് കനേറ്റി - ചില പുസ്തകങ്ങളുണ്ട്…

canetti2

ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങൾ വയ്ക്കുന്നവ; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങൾ കൊണ്ടുപോകുന്നവ; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്‌: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്‌. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നത് യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്‌; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്‌; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്‌. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ്‌ അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?


Thursday, February 21, 2013

മറിൻ സൊരെസ്ക്യു - ചിത്രകാരന്റെ സ്വന്തം ചിത്രം

sorescue1

 


ചെരുപ്പുകൾ ഞാൻ
വഴിയിലുപേക്ഷിച്ചു.
കാലുറകളാവട്ടെ,
തലപ്പോളമുയരത്തിൽ
മരങ്ങൾക്കു മേലിട്ടു.
കുപ്പായം കൊണ്ടു
കാറ്റിനെ പുതപ്പിച്ചു.
പഴയൊരു തൊപ്പിയുള്ളത്
ആ വഴിക്കാദ്യം വന്ന
മേഘത്തിന്റെ തലയിലും വച്ചു.
പിന്നെ ഞാൻ
മരണത്തിലേക്കൊരു ചുവടു
പിന്നാക്കം വച്ചു,
എങ്ങനെയുണ്ടു ഞാനെന്നു നോക്കാൻ.
അത്രയ്ക്കു താദാത്മ്യമായിരുന്നു
ഞാനും എന്റെ ചിത്രവും തമ്മിൽ.
ആളുകൾ സ്വമേധയാ തന്നെ
-ഒപ്പു വയ്ക്കാൻ ഞാൻ മറന്നുപോയിരുന്നു-
ഒരു കല്ലിന്മേൽ
എന്റെ പേരെഴുതിവയ്ക്കുകയും ചെയ്തു


ഹാൻ ക്വാക്ക് - പുൽത്തടുക്കു പുറത്തേക്കെടുക്കേണ്ട...

448px-Jeong_Seon-Soyo.jeong

 


പുൽത്തടുക്കു പുറത്തേക്കെടുക്കേണ്ട,
ഈ കരിയിലകൾക്കു മേൽ ഞാനിരുന്നോളാം;
വിളക്കു കൊളുത്താനും മിനക്കെടേണ്ട,
ഇന്നു രാവിലും ചന്ദ്രനുദിക്കുമല്ലോ.

തെളിഞ്ഞ മദിരയൊരുപാത്രമുണ്ടെങ്കിൽ,
നറുക്കിലയിൽ പഴം നുറുക്കിയതു വേറെയുമുണ്ടെങ്കിൽ
അതിനു ഞാനെതിരു പറയുകയുമില്ല.



(ഹാൻ ക്വാക്ക് - പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  കൊറിയൻ കവി)

യാരോസ്ലാവ് സെയ്ഫെർട് - ഹിരോഷിമാ ദിനത്തിലേക്ക്

600px-HiroshimaGembakuDome6705

 


തുടക്കം മുതൽക്കേ കവിത നമ്മോടൊപ്പമുണ്ട്,
പ്രേമം പോലെ, വിശപ്പു പോലെ, ക്ഷാമം പോലെ, യുദ്ധം പോലെ.
ചിലനേരങ്ങളിൽ എന്റെ കവിത മഹാമണ്ടത്തരങ്ങളുമായിട്ടുണ്ട്.
എന്നാലും എന്റെ വിശ്വാസം,
മനോഹരമായ വാക്കുകളന്വേഷിച്ചു നടക്കുക തന്നെയാണ്‌
കൊല്ലും കൊലയും നടത്തുന്നതിനെക്കാൾ ഭേദമെന്ന്.


 

മഹമൂദ് ദർവീശ് - രണ്ടപരിചിതർ

mahmoud-darwish-by-ismail-shammout

 


അയാൾ മുകളിലേക്കു നോക്കുന്നു
ഒരു നക്ഷത്രം തന്നെ നോക്കുന്നത്
അയാൾ കാണുന്നു

അയാൾ താഴ്വാരത്തേക്കു നോക്കുന്നു
തന്റെ കുഴിമാടം തന്നെ നോക്കുന്നത്
അയാൾ കാണുന്നു

അയാൾ ഒരു സ്ത്രീയെ നോക്കുന്നു
തന്റെ യാതനയും ആനന്ദവുമായവളെ
അവൾ അയാളെ നോക്കുന്നതുമില്ല

അയാൾ കണ്ണാടിയിൽ നോക്കുന്നു
തന്നെപ്പോലൊരപരിചിതൻ
തന്നെ നോക്കുന്നതയാൾ കാണുന്നു


വിസ്വാവ ഷിംബോർസ്ക - എത്ര ഭാഗ്യം ചെയ്തവരാണു നാം

szymborska9

 


എത്ര ഭാഗ്യം ചെയ്തവരാണു നാം,
നാം ജീവിക്കുന്ന ലോകം ഇന്ന തരമാണെന്ന്
കൃത്യമായി നമുക്കറിയില്ലെന്നതിനാൽ.

ദീർഘദീർഘകാലം
നമുക്കു ജീവിക്കേണ്ടിവരും,
എന്തായാലും
ലോകത്തെക്കാളേറെക്കാലം.

മറ്റു ലോകങ്ങളെ പരിചയപ്പെടേണ്ടി വരും,
താരതമ്യത്തിനായെങ്കിലും.

ഉടലിനെ വിട്ടുയരേണ്ടിവരും,
തടസ്സപ്പെടുത്തുകയും
ശല്യപ്പെടുത്തുകയുമല്ലാതൊന്നുമറിയാത്ത
ഈ ഉടലിനെ.

ഗവേഷണത്തിനായി,
വ്യക്തമായ ചിത്രത്തിനായി,
കൃത്യമായ നിഗമനങ്ങൾക്കായി
കാലത്തിനു പുറത്തു നാം പോകേണ്ടിവരും,
സർവതും പമ്പരം കറങ്ങുന്ന ഈ കാലത്തിൽ നിന്ന്.

ആ പരിപ്രേക്ഷ്യത്തിൽ നിന്നു നോക്കുമ്പോൾ
വിശദാംശങ്ങളോടും സംഭവങ്ങളോടും
നമുക്കു സലാം പറഞ്ഞുപോരുകയുമാവാം.

ആഴ്ചയുടെ നാളുകളെണ്ണുക
ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നു തോന്നും;

തപാൽപ്പെട്ടിയിൽ കത്തുകളിടുക
കഥയില്ലാത്ത യൌവനത്തിന്റെ പൂതിയായി;

“പുല്ലിൽ ചവിട്ടരുത്” എന്ന അറിയിപ്പ്
ഭ്രാന്തിന്റെ ലക്ഷണമായും.


വിസ്വാവ ഷിംബോർസ്ക - എങ്ങനെയായാലും

szymborska12

 


അതു സംഭവിക്കുമായിരുന്നു.
അതു സംഭവിക്കേണ്ടതായിരുന്നു.
അതു മുമ്പു സംഭവിച്ചിരുന്നു. പിന്നീടും. അടുത്ത്. അകലെയും.
അതു സംഭവിച്ചു, പക്ഷേ നിങ്ങൾക്കായിരുന്നില്ല.

നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ആദ്യമായിരുന്നതിനാൽ.
നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ഒടുവിലായിരുന്നതിനാൽ.
ഒറ്റയ്ക്കായിരുന്നതിനാൽ. അന്യർക്കൊപ്പമായിരുന്നതിനാൽ.
വലത്തായിരുന്നതിനാൽ. ഇടത്തായിരുന്നതിനാൽ.
മഴ പെയ്തിരുന്നതിനാൽ. തണലുണ്ടായിരുന്നതിനാൽ.
പകൽ വെയിലുണ്ടായിരുന്നതിനാൽ.

ഭാഗ്യത്തിന്‌ ഒരു കാടുണ്ടായിരുന്നു.
ഭാഗ്യത്തിന്‌ മരങ്ങളുണ്ടായിരുന്നില്ല.
ഭാഗ്യത്തിന്‌ ഒരു ട്രെയിൻ, ഒരു കൊളുത്ത്, ഒരു കഴുക്കോൽ, ഒരു ബ്രേക്ക്,
ഒരു ചട്ടം, ഒരു തിരിവ്, ഒരു കാലിഞ്ച്, ഒരു സെക്കന്റ്.
ഭാഗ്യത്തിന്‌ ഒരു വൈക്കോൽത്തുരുമ്പ് ഒഴുകിവന്നിരുന്നു.

അക്കാരണം കൊണ്ട്, അങ്ങനെ, എന്നാൽ, എന്നിട്ടും.
എന്തു സംഭവിച്ചേനേ,
ഒരു ദൌർഭാഗ്യത്തിൽ നിന്ന്
ഒരു കൈ, ഒരു ചുവട്, ഒരിഞ്ച്, ഒരു മുടിയിഴ അകലത്തിലായിരുന്നെങ്കിൽ?

നിങ്ങൾ ഇവിടെയെത്തിയെന്നോ?
കഷ്ടിച്ചു രക്ഷപെട്ടതിന്റെ അന്ധാളിപ്പു മാറാതെ?
എന്റെ ഞെട്ടലു മാറുന്നില്ല, എനിക്കു നാവു പൊന്തുന്നില്ല.
ഒന്നു കാതോർക്കൂ.
എത്ര വേഗമാണു നിങ്ങളുടെ ഹൃദയം എന്റെ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നത്!


Wednesday, February 20, 2013

അന്തോണിയോ പോർച്ചിയ - സാന്നിദ്ധ്യത്തിന്റെ “ശബ്ദങ്ങൾ”

porchia



മൂന്നു കള്ളന്മാർ ഒരു കവിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറി. കവി അവരോടു പറഞ്ഞു: “എന്റെ കൈയിൽ പണമൊന്നുമില്ല. പിന്നെ കുറെ പുസ്തകങ്ങളും പെയിന്റിംഗുകളുമുണ്ട്. വേണ്ടതെടുത്തിട്ട് ഒന്നു പോയിത്തരൂ.” ഒരു കള്ളൻ കവിയുമായി സംഭാഷണത്തിലായി. മറ്റു കള്ളന്മാർ പുസ്തകങ്ങളിലും ചിത്രങ്ങളിലും കാണുന്ന സമർപ്പണങ്ങൾ വായിക്കുകയുമായിരുന്നു: “ബഹുമാനപ്പെട്ട കവിയ്ക്ക്..”, “ആദരണീയനായ ചിന്തകന്‌...” ചിന്തകനും കവിയുമായ ഒരാളെ തങ്ങൾ കവർച്ച ചെയ്യുകയോ? തങ്ങൾ അതിനില്ലെന്നായി കള്ളന്മാർ. കവി ചീസും ആപ്പിളുമൊക്കെയായി അവരുമായി അത്താഴം പങ്കിടുകയാണ്‌ ഒടുവിലുണ്ടായത്. പോകുംമുമ്പ് ഒരു കള്ളൻ കവിയോടു ചോദിച്ചു: “താങ്കൾക്ക് അത്തിപ്പഴം ഇഷ്ടമാണോ?” കവി തലയാട്ടി. ഒരാഴ്ച കഴിഞ്ഞ് വാതിൽക്കൽ മുട്ടു കേട്ടു ചെല്ലുമ്പോൾ അത്തിപ്പഴങ്ങൾ നിറച്ച കൂടയുമായി വന്നിരിക്കയാണ്‌ ആ കള്ളൻ.

ഈ കവിയാണ്‌ അന്തോണിയോ പോർച്ചിയ. ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്നു; സ്പാനിഷ്, എഴുത്തുഭാഷയും. ജീവിച്ചിരിക്കെ എഴുത്തുകാരും കലാകാരന്മാരുമടങ്ങിയ ഒരു പരിമിതവൃത്തത്തിനപ്പുറം അദ്ദേഹം അറിയപ്പെട്ടിരുന്നില്ല; അങ്ങനെ അറിയപ്പെടണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധാരാളിത്തത്തിൽ നിന്നുള്ള പിൻവലിയലാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. അതുകൊണ്ടാണ്‌ ആ കവിതകൾ ഒന്നും രണ്ടും വരികളിലൊതുങ്ങിപ്പോകുന്നത്. സ്നേഹിതന്മാർ തനിക്കയച്ചുതരുന്ന പുസ്തകങ്ങൾ കണ്ട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ അത്ഭുതപ്പെട്ടു: “എന്തുമാത്രം വാക്കുകൾ!” കഠിനമായ ജീവിതാനുഭവങ്ങളിൽ നിന്നാണ്‌ ആ കവിതകൾ പുറപ്പെടുന്നതെങ്കിലും വൈകാരികതയുടേതായ യാതൊന്നും അവയിൽ പറ്റിപ്പിടിച്ചിരുപ്പുണ്ടാവില്ല. കാവ്യഭാഷ എന്നൊന്ന് അതിൽ കണ്ടെടുക്കാനാവില്ല. വിശേഷണങ്ങൾ അതിലില്ലേയില്ല. കാവ്യസൗന്ദര്യം തുളുമ്പുന്നവയല്ല, ആ ചടച്ച വരികൾ. ആകെ ഒരു പുസ്തകം, “ശബ്ദങ്ങൾ” എന്ന പേരിൽ; അതിലാകെ ഒന്നും രണ്ടും വരികളിലായി 601 കവിതകളും. അതിലൊതുങ്ങുന്നു ഒരായുസ്സിന്റെ രചനകൾ.

ഇറ്റലിയിലെ കലേബ്രിയൻ പ്രവിശ്യയിലുള്ള  കൺഫ്ളെന്റി എന്ന ചെറിയ പട്ടണത്തിലാണ്‌ അന്തോണിയോ പോർച്ചിയ ജനിക്കുന്നത്, 1885 നവംബർ 3-ന്‌. അച്ഛൻ വിവാഹം കഴിക്കാനായി വികാരിവേഷം അഴിച്ചുവച്ചയാളായിരുന്നു. ആ ദുഷ്പേരു കാരണം ഒരിടത്തു തന്നെ താമസമുറപ്പിക്കാൻ ആ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. 1990 നടുത്ത് അച്ഛൻ മരിച്ചു. അമ്മ റോസാ ഏഴു കുട്ടികളെയും കൊണ്ട് 1906ൽ അർജന്റീനയിലേക്കു കുടിയേറി.

തന്റെ അമ്മയും സഹോദരങ്ങളും പട്ടിണി കിടക്കാതിരിക്കാനായി പോർച്ചിയ പല ജോലികളും ചെയ്യുന്നുണ്ട്, കുട്ട നെയ്ത്തും തുറമുഖത്തെ ഗുമസ്തപ്പണിയുമൊക്കെ. 1918ൽ കുറച്ചു സമ്പാദ്യമൊക്കെ ആയെന്നായപ്പോൾ സൗകര്യമുള്ള വലിയൊരു വീട്ടിലേക്ക് ആ കുടുംബം താമസം മാറ്റുന്നുണ്ട്. ഈ കാലത്തു തന്നെയാണ്‌ പോർച്ചിയയും സഹോദരൻ നീക്കോളാസും കൂടി ബൊളീവർ നഗരത്തിൽ ഒരു പ്രസ്സു വാങ്ങുന്നതും. അടുത്ത പതിനെട്ടുകൊല്ലം കവി പ്രസ്സിലെ പണിയുമായി കഴിഞ്ഞു. സഹോദരങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാമെന്നായപ്പോൾ 1936ൽ അദ്ദേഹം അദ്ദേഹം പ്രസ്സിലെ പണി വിടുകയും, സാൻ ഇസിഡോറാതെരുവിൽ ചെറിയൊരു വീടു വാങ്ങി തന്റെ ഏകാന്തജീവിതം തുടങ്ങുകയും ചെയ്തു. ലാ ബോച്ചാ എന്ന പേരിൽ ഇറ്റലിക്കാർ കുടിയേറിപ്പാർക്കുന്ന നഗരഭാഗവുമായി അദ്ദേഹം പരിചയമാകുന്നതും ഇക്കാലത്താണ്‌. അനാർക്കിസ്റ്റുകളായ ഒരു കൂട്ടം കവികളും കലാകാരന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. അവരുടെ സമ്മർദ്ദം സഹിക്കാതെയാണ്‌ തന്റെ ചില കവിതകൾ സ്വയം പ്രസിദ്ധീകരിക്കാൻ അദ്ദേഹം സമ്മതിക്കുന്നതും. അങ്ങനെ “ശബ്ദങ്ങൾ” എന്ന പേരിൽ സാരവാക്യരൂപത്തിലുള്ള തന്റെ കുറച്ചു കവിതകൾ അദ്ദേഹം തന്നെ ഒരു പുസ്തകമായി അച്ചടിപ്പിച്ചു.

അർജന്റീനിയൻ കവിയായ റോബർട്ടോ ഹുവാരോസ് അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “പുസ്തകം അച്ചടി കഴിഞ്ഞ് കെട്ടുകളായി പ്രസ്സിൽ നിന്നെത്തിയപ്പോൾ അവ എവിടെ സൂക്ഷിക്കുമെന്ന് അദ്ദേഹത്തിനു രൂപമുണ്ടായിരുന്നില്ല. ഒടുവിൽ സ്നേഹിതന്മാരായ കലാകാരന്മാരുടെ സ്റ്റുഡിയോവിൽ അട്ടിയിടാമെന്നായി. ഒരു മാസം, രണ്ടു മാസം, മൂന്നു മാസം കഴിഞ്ഞു. കെട്ടുകൾ തുറക്കാതെതന്നെ ഇരിക്കുകയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ സ്നേഹിതന്മാരും മുഷിഞ്ഞു. ഇത്രയും പുസ്തകങ്ങൾ താനെന്തു ചെയ്യുമെന്ന് കവിയ്ക്കു സംശയമായി. ഒടുവിൽ ആരോ നിർദ്ദേശിച്ചു, പൊതുവായനശാലകളുടെ സംരക്ഷണത്തിനായുള്ള സംഘത്തിന്‌ അവ ദാനം ചെയ്യാൻ. അദ്ദേഹം പുസ്തകത്തിന്റെ സകല കോപ്പിയും അവർക്കു സമ്മാനിച്ചു.
അതിന്റെ ഒരു കോപ്പി ഫ്രഞ്ചു കവിയും വിമർശകനുമായ റോജർ കെലോയിസിന്റെ കൈകളിലെത്തി. അദ്ദേഹമന്ന് യുനെസ്ക്കോയ്ക്കു വേണ്ടി അർജന്റീനയിൽ ജോലി ചെയ്യുകയാണ്‌; സുർ എന്ന പ്രശസ്തമാസികയുടെ എഡിറ്ററുമാണ്‌. അദ്ദേഹം പോർച്ചിയായെ തേടിപ്പിടിച്ചുചെന്നു. “ഈ വരികൾക്കു പകരമായി ഇതുവരെ എഴുതിയതൊക്കെയും ഞാൻ തരാം,”അദ്ദേഹം കവിയെ അഭിനന്ദിച്ചത് ഇപ്രകാരമായിരുന്നു. ഫ്രാൻസിൽ മടങ്ങിയെത്തിയ കെലോയിസ് “ശബ്ദങ്ങൾ” ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുകയും, ചില മാസികകളിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പരിഭാഷ കണ്ടിട്ടാണ്‌ ഹെൻറി മില്ലർ തന്റെ ആദർശഗ്രന്ഥശാലയിലെ നൂറു പുസ്തകങ്ങളിൽ പോർച്ചിയായുടെ കവിതകളും ഉൾപ്പെടുത്തുന്നത്. ആന്ദ്രേ ബ്രെട്ടൺ, ബോർഹസ് തുടങ്ങിയവർക്കും അദ്ദേഹം ഇഷ്ടകവിയായി.

1950ൽ സാമ്പത്തികപ്രയാസം നേരിട്ടപ്പോൾ അദ്ദേഹം സാൻ ഇസിഡോറയിലെ വീടു വിറ്റ് ചെറിയൊരു വീട്ടിലേക്കു താമസം മാറ്റി; ബാക്കിയുള്ള പണം കൊണ്ട് ജീവിക്കാനു വക കണ്ടെത്തുകയും ചെയ്തു.  ‘ഇത്രയും എളിമയും നേർമ്മയുമുള്ള മറ്റൊരാളെ താൻ കണ്ടിട്ടില്ലെന്ന്’ ഹുവാരോസ് ഓർമ്മിക്കുന്നു. അമ്പതുകളിൽ “ശബ്ദങ്ങൾ” യൂറോപ്പിലെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയിൽ വിപ്ളവകാരികളായ വിദ്യാർത്ഥികൾ അവ എഴുതിയെടുത്തു പ്രചരിപ്പിച്ചു. 1956ൽ 601 കവിതകളുമായി “ശബ്ദങ്ങൾ” അവസാനരൂപം പ്രാപിച്ചു. ഇതിനിടയിലും കവി ഏകാന്തജീവി തന്നെയായിരുന്നു. തോട്ടപ്പണി ചെയ്തും, തനിക്കേറ്റവുമടുത്ത സ്നേഹിതന്മാരുമായി ഒത്തുകൂടിയും അദ്ദേഹം കാലം കഴിച്ചു. 1967ൽ തോട്ടപ്പണിയ്ക്കിടെ ഏണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 1968 നവംബർ 9ന്‌ പോർച്ചിയ അന്തരിച്ചു.

സാരവാക്യങ്ങൾ പോലെ തോന്നുമെങ്കിലും ആ സ്വഭാവമല്ല, പോർച്ചിയായുടെ കവിതകൾക്ക്. സാരവാക്യം ഒരു മാനസികപ്രക്രിയയുടെ പരിണതിയാണ്‌, ഒരു ശാസനമാണ്‌, തന്നെ പരിഗണിയ്ക്കാൻ തിടുക്കപ്പെടുത്തുകയാണ്‌ അതു നിങ്ങളെ. ആ ഗണത്തിലല്ല, പോർച്ചിയായുടെ “ശബ്ദങ്ങൾ.” സനാതനസത്യങ്ങളുടെ സൂത്രവാക്യങ്ങളല്ലവ. ബോർഹസ് പറയുമ്പോലെ ‘ഒരു മനുഷ്യന്റെയും അവന്റെ ഭാഗധേയത്തിന്റെയും സാന്നിദ്ധ്യങ്ങളാണവ.’ ധർമ്മസങ്കടങ്ങളിൽ സംശയനിവൃത്തിക്കായി ബൈബിളു പോലെ താൻ പകുത്തുനോക്കുന്ന വേദഗ്രന്ഥമാണു “ശബ്ദങ്ങൾ” എന്നു കൂടി ബോർഹസ് പറയുന്നുണ്ട്. 

ലിയോൺ ബെനാറോസ് “ശബ്ദങ്ങളെ”ക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു:“ ശബ്ദങ്ങൾ മറ്റു ചിലതാണ്‌; അവയിൽ ഫലിതവും ജ്ഞാനവും സാമർത്ഥ്യവുമൊന്നുമില്ല, മറിച്ച് അവയിലുള്ളത് ആഴമാണ്‌. അവ വേഷം ധരിക്കുന്നില്ല, വേഷമഴിക്കുകയാണ്‌. അവ മാനുഷികമാണ്‌, ഏതു മനുഷ്യജീവിയേയും പോലെ തന്റെ ആഴങ്ങളിൽ വേപഥു പൂണ്ട സന്ദേഹങ്ങളാണവ.“

ശബ്ദങ്ങൾ


കാൽനടയ്ക്കു വേണം
തീർച്ചകളിലെത്താൻ.

*

എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല,
എന്റെയൊരു കുറവുണ്ടതിന്‌.

*

സത്യത്തിനു സുഹൃത്തുക്കൾ
ചിലരേയുള്ളു.
ആ ചിലരോ,
ആത്മഹത്യ ചെയ്തവരും.

*

എനിക്കറിയാം,
ഞാൻ നിനക്കു നൽകിയതെന്തെന്ന്;
എനിക്കറിയില്ല,
നിനക്കു കിട്ടിയതെന്തെന്ന്.
*


തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ 
ന്റെ വിശപ്പിനെ നരകവുമാക്കുന്നു.
*

എല്ലാം നല്കിക്കഴിഞ്ഞു നിങ്ങളെന്ന്
ആരുമുറപ്പിച്ചിട്ടില്ല.
ഇനിയും നല്കാനുണ്ട് നിങ്ങൾ.

*

ഒരാളുടെ കുമ്പസാരം
എല്ലാവരെയും എളിമപ്പെടുത്തുന്നു.

*

അത്രയും കടുത്തതാണു
നിങ്ങളുടെ യാതന.
നിങ്ങളറിയുന്നുമുണ്ടാവില്ല
അതിനാലതിന്റെ വേദന.
*

അതെ, ഞാൻ പോകാം.
നിന്നെക്കുറിച്ചല്ല,
നിന്റെ അഭാവത്തെക്കുറിച്ചു
ഖേദിക്കാനാണെനിക്കിഷ്ടം.

*

നീയെന്നെ മറ്റൊരാളാക്കിയപ്പോൾ
എന്നോടൊപ്പം ഞാൻ നിന്നെ വിട്ടു.

*

നിഴലുകൾ:
ചിലതു മറയ്ക്കുന്നു,
ചിലതു വെളിവാക്കുന്നു.

*

അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല
നിങ്ങളെങ്കിൽ
ഒന്നിനെയും സ്നേഹിക്കുന്നില്ല
നിങ്ങൾ.

*

വേർപാടിന്റെ പേടിയിൽ
ഒന്നിക്കുന്നെല്ലാം.

*

ഹൃദയത്തെ മുറിപ്പെടുത്തുകയെന്നാൽ
അതിനെ സൃഷ്ടിക്കുക തന്നെ.

*

എന്റെ അസ്തിത്വത്തെ തേടുമ്പോൾ
എനിക്കുള്ളിലേക്കു നോക്കാറില്ല ഞാൻ.

*

ഓരോ തവണ ഉറക്കമുണരുമ്പോഴും
മനസ്സിലാവുന്നുണ്ടെനിക്ക്
എത്രയെളുപ്പമാണ്‌
ഒന്നുമാകാതെയിരിക്കാനെന്ന്.

*

എനിക്കായിത്തുറക്കുന്നു
ഒരു വാതിൽ.
അകത്തേക്കു കടക്കുമ്പോൾ
മുന്നിൽ നിരക്കുന്നു
അടഞ്ഞ നൂറു വാതിലുകൾ.

*

ഒന്നിനും സമ്മതിക്കാതിരിക്കുമ്പോഴാണ്‌
എല്ലാറ്റിനും ഞാൻ സമ്മതിക്കുന്നതും.

*

നൂറാളുകളൊരുമിക്കുമ്പോൾ
നൂറിലൊരാളായി.

*

അകലെ, അങ്ങകലെ, അതിലുമകലെ;
അതു ഞാൻ കണ്ടത്
എന്റെ ചോരയിൽ.

*

തന്നെക്കുറിച്ചു പറയാന്‍
മുറിവായ മാത്രം.

*

സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന്
മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ,
സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും.
ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.

*

എത്തിക്കഴിഞ്ഞു നീയെന്നതിനാല്‍ 

ഇനിയും നിന്നെ ഞാന്‍ കാത്തിരിക്കാം.
*

അത്രയും നമ്മെ  വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ
നാം പൊട്ടിച്ചെറിഞ്ഞവയത്രെ.

*

മനുഷ്യളക്കുന്നു സർവതും,
അവനെയളക്കുന്നില്ല യാതൊന്നും.
അവൻ പോലും.

*

കുട്ടി തന്റെ കളിപ്പാട്ടം
എടുത്തുകാട്ടും.
മുതിർന്നവരത്
മറയ്ച്ചുവയ്ക്കും.

*

ഞാനെന്റെ ഹാസ്യനാടകം തുടങ്ങിയത്
അതിലെ ഒറ്റനടനായി.
ഞാനതവസാനിപ്പിച്ചത്
അതിന്റെ ഒറ്റ പ്രേക്ഷകനായി.

*

ഇന്നലെപ്പിറന്നതാണു
നിങ്ങൾ കൈയില്പിടിച്ചിരിക്കുന്ന ആ പുഷ്പം.
നിങ്ങളുടെ പ്രായമായിരിക്കുന്നു
അതിനിപ്പോൾത്തന്നെ.

*

കണ്ണിരിനെക്കാൾ ഖേദകരം
അതിനെക്കാണുകയെന്നത്.

*

ജീവിതത്തെ ജീവിതത്തിൽ നിന്നു
പറിച്ചെടുക്കുന്നു നാം
അതു വെച്ചു ജീവിതത്തെ നോക്കാൻ.

*

ഉറങ്ങുമ്പോള്‍ രൂപമില്ല

മനുഷ്യയാതനയ്ക്ക്,
ഉണരുമ്പോളതിന്റെ രൂപം
ഉണര്ന്നവന്റെ.
*

എന്റെ വഴിയിലൂടെ പോകും മുമ്പ്
ഞാനായിരുന്നു എന്റെ വഴി.

*

നീയെന്നെ കൊല്ലുകയാണെന്നു
നീ കരുതുന്നു.
നീ ആത്മഹത്യ ചെയ്യുകയാണെന്നു
ഞാൻ കരുതുന്നു.

*

ശൂന്യത ശൂന്യത തന്നെയുമല്ല.
നമ്മുടെ തടവറയുമാണ്‌.

*

തെറ്റായ വഴിയിലൂടെയാണു
നിങ്ങൾ പോകുന്നതെന്നവർ പറയും
ആ വഴി നിങ്ങളുടേതാണെങ്കിൽ.

*

സകലതിലും നിന്ന്
ഒരു ചുവടകലെയെത്തിയിരിക്കുന്നു ഞാൻ.
ഇവിടെ നില്ക്കുകയാണു ഞാൻ.
സകലതിലും നിന്നകലെ,
ഒരു ചുവടകലെ.

*

പുഴകളെപ്പോലെയാണു സകലതും:
ചരിവുകളുടെ നിർമ്മിതി.

*

പാപം ചെയ്തവരല്ല എല്ലാവരും,
അപരാധികളാണെന്നാലെല്ലാവരും.

*

ജീവിതം വില കൊടുത്തു
നാം വാങ്ങിയതിനു
വിലയൊരിക്കലുമൊട്ടുമില്ല.

*

നമുക്കുണ്ടവനവന്റേതായൊരു ലോകം.
നമുക്കില്ലേവർക്കുമായൊരു ലോകം.

*

മരമൊറ്റ. മേഘമൊറ്റ.
ഞാനൊറ്റയാവുമ്പോൾ
സകലതുമൊറ്റ.

*

വഴി മാറുന്നില്ല നിങ്ങളെങ്കിൽ
എന്തിനു മാറ്റണം വഴികാട്ടിയെ?

*

എന്റെ കണ്ണുകളെ അഴിച്ചുവിട്ടതിനു വിലയായി
മണ്ണിൽ തളച്ചിട്ടിരിക്കുകയാണെന്നെ.

*

ഞാനറിഞ്ഞില്ല
എന്റെ സുദിനം വന്നതും പോയതും.
ഉദയത്തിലൂടല്ലല്ലോ അതു വന്നത്,
പോയതസ്തമയത്തിലൂടെയുമല്ല.

*

സ്വർഗ്ഗത്തിൽ പോകും ഞാൻ,
എന്റെ നരകത്തെയും കൂടെക്കൂട്ടും ഞാൻ;
ഒറ്റയ്ക്കു പോകാനില്ല ഞാൻ.

*

പൂക്കൾക്കു പ്രത്യാശയില്ല.
പ്രത്യാശയെന്നാൽ നാളെ;
പൂക്കള്‍ക്കില്ലല്ലോ നാളെ.

*

ദൈവം മനുഷ്യനെന്തൊക്കെക്കൊടുത്തു;
മനുഷ്യനിഷ്ടം പക്ഷേ,
മനുഷ്യനിൽ നിന്നെന്തെങ്കിലും കിട്ടാൻ.

*

എല്ലാമൊഴിഞ്ഞതാണെന്നു കണ്ടവൻ
അതിൽ നിറഞ്ഞതെന്തെന്നുമറിയാറാകുന്നു.

*

എന്റെ തന്നെ ശിഷ്യനായിരുന്നു ഞാൻ,
എന്റെ തന്നെ ഗുരുവും.
നല്ല ശിഷ്യനായി ഞാൻ,
നല്ല ഗുരുവായില്ല പക്ഷേ.

*

അവനുമിവനും നിങ്ങൾ നല്ലതു ചെയ്താൽ
അവനുമിവനും പറയും നിങ്ങൾ നല്ലവനെന്ന്;
എല്ലാവർക്കും നിങ്ങൾ നല്ലതു ചെയ്താൽ
ഒരുവനും പറയില്ല നിങ്ങൾ നല്ലവനെന്ന്.

*

കണ്ണുയർത്തിനോക്കിയില്ലെങ്കിൽ
നിങ്ങൾ കരുതും,
നിങ്ങളെക്കാളുയരത്തിലൊന്നുമില്ലെന്ന്.

*

നിറഞ്ഞ ഹൃദയത്തിലിടമുണ്ടു സകലതിനും,
ഒഴിഞ്ഞഹൃദയത്തിലിടമില്ലയൊന്നിനും.

*

മനുഷ്യനിൽ മെരുങ്ങാത്തത്
അവന്റെ തിന്മയല്ല,
അവന്റെ നന്മയത്രെ.

*

ആരും കൈപിടിച്ചു നടത്താത്ത കുട്ടികൾ
തങ്ങൾ കുട്ടികളാണെന്നറിയുന്ന കുട്ടികളാണ്‌.

*

ചിറകുകൾ വേണ്ടെന്നു വച്ചവർക്കു ഖേദം,
അവ പറക്കുന്നില്ലല്ലോയെന്ന്.

*

ഉടയാനുള്ള അവകാശമുണ്ട്,
ഏതു കളിപ്പാട്ടത്തിനും.

*

അവിശ്വാസിക്കൊരസുഖമുണ്ട്,
അല്പം വിശ്വസിക്കുകയെന്നത്.

*

ഒരു വെളിച്ചം വീശി
നിന്റെ പേരു മായ്ച്ചുകളഞ്ഞു;
നീയാരാണെന്നേ അറിയുന്നില്ല
ഞാനിപ്പോൾ.

*

എനിക്കുമുണ്ടായിരുന്നു
ഒരു വേനല്ക്കാലം;
അതിന്റെ ചൂടിൽ
ദഹിച്ചു ഞാൻ.

*

ഒരു ജീവിതത്തിനും ഒരു തീപ്പെട്ടിയ്ക്കും
കടക്കാരായിരുന്നു അവർ നിങ്ങൾക്ക്;
തീപ്പെട്ടിയുടെ കടം വീട്ടാനാഗ്രഹമുണ്ടവർക്ക്,
ഒരു തീപ്പെട്ടിയ്ക്കു നിങ്ങളോടു കടപ്പെടാനാഗ്രഹമില്ലവർക്ക്.

*

അത്രയും വലിയൊരു ഹൃദയം നിറയാൻ
അത്രയധികമൊന്നും വേണ്ട.

*

നിറഞ്ഞ വെളിച്ചത്തിൽ
നിഴൽ പോലുമല്ല നാം.

*

നേർവരകളുടെ പിമ്പേ പോകുന്നത്
ദൂരത്തിന്റെ നീളം കുറയ്ക്കും,
ജീവിതത്തിന്റെയും.

*

വിശ്വസിക്കാനറിയാത്തവൻ
അറിയുകയുമില്ല.

*

മനുഷ്യനെങ്ങും പോകുന്നില്ല.
നാളെയെന്ന പോലെ
 സകലതും.അവനിലേക്കെത്തുന്നു.
*

അതെ, വേദനിക്കണം നിങ്ങൾ,
വ്യർത്ഥമായിട്ടെങ്കിലും,
ജീവിച്ചതു വ്യർത്ഥമാകാതിരിക്കാനെങ്കിലും.

*

ആരെപ്പോലെയാകണമെ-
ന്നാരിലും കണ്ടുപിടിക്കാനായില്ലെനിക്ക്;
അതിനാൽ ഞാനങ്ങനെത്തന്നെയിരുന്നു-
ആരെയും പോലെയാകാതെ.

*

അവരിൽ നിന്നു നിങ്ങളെ വേർതിരിക്കുന്ന ദൂരം
നിങ്ങൾ കണ്ടെത്തും,
അവരോടു ചെന്നു ചേരുമ്പോൾ.

*

സത്യം പറയുന്നവൻ
ഒന്നും തന്നെ പറയുന്നി-
ല്ലെന്നുവേണം പറയാൻ.

*

യാതന നമ്മെ പിന്തുടരുകയല്ല.
നമുക്കു മുമ്പേ പോവുകയാണത്.

*

ഒരു നിമിഷം കൊണ്ടു മരിക്കുന്നു
ഒരു നൂറു കൊല്ലം,
ഒരു നിമിഷം കൊണ്ടൊരു നിമിഷം
മരിക്കും പോലെ.

*

ഇല്ലായ്മയിലെത്തുന്നവ-
രത്ര ചുരുക്കം,
അത്ര ദീർഘമാണാ വഴി.

*

എന്റെ നിശ്ശബ്ദതയിലില്ലാത്തത്
എന്റെ ശബ്ദമൊന്നു മാത്രം.

*

ദൂരങ്ങളല്ലാതൊന്നുമില്ല
എനിക്കരികിൽ.

*

ചിലനേരത്തെനിക്കു തോന്നുകയാണ്‌
തിന്മയാണു സർവതുമെന്ന്,
നന്മയെന്നു പറയുന്നത്
തിന്മയ്ക്കായിട്ടുള്ള മനോഹരമായ ഒരാഗ്രഹമെന്നും .

*

ഞാൻ ചെയ്യാത്തൊരു ദ്രോഹം,
എന്തു ദ്രോഹമാണതു ചെയ്തത്!

*

പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി
അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.

*

പുറമെയ്ക്കുള്ളതു കണ്ടു മടുക്കുമ്പോൾ
ആ തളർച്ച മാറ്റാനെനിക്കു വേണം
ആഴത്തിലൊരു വിശ്രമം.

*

മറ്റൊരു നേരത്തവരെന്നോടു പറഞ്ഞ വാക്കുകൾ
ഇപ്പോൾ കേൾക്കുന്നുണ്ടു ഞാൻ.

*

വേതാളങ്ങൾ ഒറ്റയ്ക്കു വരും,
കൂട്ടമായി മടങ്ങും.

*

ഒരോർമ്മയാവുമെന്ന പ്രത്യാശയിൽ
മനുഷ്യൻ ജീവിച്ചുപോകുന്നു.

*

ശൈശവമാണു നിത്യത,
ശേഷിച്ചതൊക്കെ സംക്ഷിപ്തം,
അത്രയ്ക്കു സംക്ഷിപ്തം.

*
ഒരൊറ്റ മേഘത്തെ,
ഒരൊറ്റ നക്ഷത്രത്തെപ്പോലുമൊന്നനക്കാതെ
വിട്ടുപോകാനെനിക്കായെങ്കിൽ!

*

എന്നെത്തളച്ച ചങ്ങലകളിൽ
ഒന്നു ഞാൻ പൊട്ടിക്കുമ്പോൾ
ഞാനൊന്നു ചെറുതായെന്നാ-
ണെന്റെ തോന്നൽ.

*

കൈകളിലുണ്ടായിരുന്നവയ്ക്കായി
കൈകളൊഴിച്ചുവയ്ക്കുന്നു ഞാൻ.

*

വാക്കുകൾ പറയുന്നവ ശേഷിക്കുന്നില്ല.
വാക്കുകൾ ശേഷിക്കുകയും ചെയ്യുന്നു.
വാക്കുകൾ എന്നും ഒന്നു തന്നെ.
അവ പറയുന്നത് എന്നും മാറുകയുമാണ്‌.

*

എടുക്കുമ്പോൾ ഞാൻ കൂടുതലെടുക്കും,
അല്ലെങ്കിൽ കുറച്ചെടുക്കും.
അളവു കൃത്യമാക്കാൻ ഞാനില്ല,
അതുകൊണ്ടെനിക്കു ഗുണവുമില്ല.

*

നികത്തി വരുമ്പോഴാണ്‌
ശൂന്യതയെക്കുറിച്ചു നാമറിയുക.

*

രാത്രിയിൽ ചിലനേരത്ത്
വിളക്കു കൊളുത്തി വയ്ക്കും ഞാൻ,
കാണാതിരിക്കാനായി.

*

നാം നാമായിപ്പോകുമോയെന്ന ഭീതിയത്രെ,
മിക്കപ്പോഴും നമ്മെ 

കണ്ണാടിയ്ക്കു മുന്നിലേക്കെത്തിക്കുന്നു.
*

നിങ്ങളുടെ യാതന 
എന്റെ യാതനയെക്കാൾ അല്പം കൂടുതലാവുമ്പോൾ
എനിക്കു തോന്നുന്നു, 

ഞാനല്പം ക്രൂരനായിപ്പോയെന്ന്.
*

നല്ല വെളിച്ചത്തിൽ
ഒരു നിഴൽ പോലുമല്ല നാം.

*

തെരേസ ഉബർട്ടോ ഉറിബേ - ഇതാണു ഞാൻ

FOTO CURRI  on lineTERE

 


നിങ്ങളിക്കാണുന്നതു തന്നെ ഞാൻ,
കൂടുതലുമില്ല, കുറവുമില്ല.
ഒരു തുണ്ടു ജീവിതം,
മനുഷ്യവർഗ്ഗത്തിന്റെ ഒരംശം,
ഒരു കൈയിൽ കൊള്ളുന്നത്ര ചിരി,
ഒരു കൂനയോളം കിനാവുകൾ.
ഉന്മാദത്തിലൊരോഹരി,
ഒരല്പം ഓമനത്തം,
പിന്നെ ആത്മാർത്ഥതയും.
നിങ്ങളിക്കാണുന്നതു തന്നെ, ഞാൻ,
കൂടുതലുമില്ല, കുറവുമില്ല.
സ്ത്രീ, ചിലനേരം ശിശു,
ചിലനേരം സ്ഥലം,
ചിലനേരം അനന്തകാലം.
ചിലനേരം തൃഷ്ണ,
ചിലനേരം സ്വാതന്ത്ര്യം.
പക്ഷേ ഇതാണു ഞാൻ,
ഞാനിതേയാകൂ.
എനിക്കിതേയുള്ളു,
ഞാനിതേയുള്ളു.
ഇതധികമില്ല,
ഇതായാൽ പക്ഷേ,
എല്ലാമായി.


തെരേസ ഉബർട്ടോ ഉറിബേ (ജ.1965) - ചിലിയൻ കവയിത്രി.


 

യവ്ജനി യവ്തുഷെങ്കോ - നുണകൾ

tumblr_mfhp2hUCwy1qaxkkeo1_500

 


യുവാക്കളോടു നുണ പറയുന്നതു തെറ്റാണ്‌.
നുണകൾ നേരുകളാണെന്നതിനു തെളിവുകൾ നിരത്തുന്നതു തെറ്റാണ്‌.
ദൈവം സ്വർഗ്ഗസ്ഥനാണെന്നും
ഭൂമിയിലെല്ലാം സ്വസ്ഥമാണെന്നും
അവരോടു പറയുന്നതും തെറ്റാണ്‌.
നിങ്ങളുടെ മനസ്സിലിരിപ്പ് അവർക്കറിയാം.
അവരും ജനങ്ങൾ തന്നെ.
എണ്ണമെടുക്കാവുന്നതല്ല വൈഷമ്യങ്ങളെന്നവരോടു പറയൂ.
വരാനുള്ളതു മാത്രമല്ല,
ഈ നടപ്പുകാലത്തെയും അവർ തെളിച്ചത്തോടെ കാണട്ടെ.
അവരോടു പറയൂ, കടമ്പകളുണ്ടെന്ന്,
ദുഃഖമുണ്ടാകുമെന്ന്, ദുരിതങ്ങൾ സംഭവിക്കുമെന്ന്.
അതാരു കണക്കാക്കുന്നു!
സന്തോഷത്തിന്റെ വില അറിയാത്തവൻ
സന്തോഷമറിയില്ലെന്നാർക്കാണറിയാത്തത്?
നിങ്ങൾ തിരിച്ചറിയുന്ന ഒരു പിശകിനും മാപ്പു കൊടുക്കാതിരിക്കുക;
അല്ലെങ്കിൽ അതാവർത്തിക്കും, നൂറു മടങ്ങായി,
നാം മാപ്പു കൊടുത്തതിനെ നമ്മളിൽ കണ്ടാൽ
പിൽക്കാലം നമ്മുടെ ശിഷ്യന്മാർ നമുക്കു മാപ്പു തരികയുമില്ല.

(1952)


യവ്ജനി യവ്തുഷെങ്കോ - പ്രതിഭാസങ്ങളുടെ പരസ്പരാശ്രിതത്വം

Yevtushenko1

 


ക്ഷീണിതനായ ഒരാനയെപ്പോലെ ഒരു പാറക്കെട്ടുറങ്ങുന്നു,
താരാവൃതമായ പ്രപഞ്ചത്തിൽ ഒരു കടുകുമണി പോലെ.

ഇര തേടിത്തളർന്ന ക്ഷീണത്തിൽ ഒരു പെരുമ്പാമ്പുറങ്ങുന്നു,
പാറക്കെട്ടിനുള്ളിൽ, ഒരു ശിലാകോടരത്തിനുള്ളിൽ.

പെരുമ്പാമ്പിനുള്ളിൽ ഒരു മുയൽ സുഖമായുറങ്ങുന്നു,
ഒരു നേർത്ത കൂർക്കംവലിയുമായി.

മുയലിനുള്ളിൽ ഒരു കാരറ്റുറങ്ങുന്നു,
തിരിഞ്ഞും മറിഞ്ഞും കിടന്ന്.

കാരറ്റിനുള്ളിൽ ഒച്ചയില്ലാതൊരു പുഴു,
ഒരു വശം ചരിഞ്ഞ് അതു കിടന്നുകഴിഞ്ഞു.

(1974)


Tuesday, February 19, 2013

മഹമൂദ് ദർവീശ് - ശിഷ്ടജീവിതം

mahmoud-darwish


ഒരാളെന്നോടു ചോദിച്ചുവെന്നിരിക്കട്ടെ:
‘ഇന്നു വൈകുന്നേരം നിങ്ങളുടെ മരണമുണ്ടാവുമെന്നാണെങ്കിൽ
ശേഷിച്ച നേരം കൊണ്ടു നിങ്ങളെന്തു ചെയ്യും?’
അതിനു മറുപടിയായി ഞാനിങ്ങനെ പറയും:
‘ഞാനെന്റെ വാച്ചിലേക്കു നോക്കും
ഒരു ഗ്ളാസ് പഴച്ചാറു മോന്തും
ഒരാപ്പിൾ കറുമുറാ കടിച്ചുതിന്നും
തന്റെ നിത്യാന്നം കണ്ടെത്തിയ ഒരുറുമ്പിനെ
ദീർഘനേരം നിരീക്ഷിച്ചിരിക്കും
പിന്നെ ഞാൻ വാച്ചിലേക്കു നോക്കും:
സമയം പിന്നെയും കിടക്കുന്നു
ഷേവു ചെയ്യാൻ
വിസ്തരിച്ചൊരു കുളി കഴിക്കാൻ.
എനിക്കൊരു ചിന്ത പോകും:
നല്ല വേഷത്തിലിരുന്നു വേണമെഴുതാൻ
അങ്ങനെ ഞാൻ നല്ലൊരു നീലഷർട്ടെടുത്തിടും
ഉച്ച വരെ മേശക്കു മുന്നിൽ ഞാൻ വ്യാപൃതനാവും
വാക്കുകളിൽ നിറമെന്നതേ ഞാൻ കാണില്ല
ഒക്കെ വെള്ള, വെള്ള, വെള്ള

ഞാനെന്റെ അവസാനത്തെ ആഹാരം തയ്യാറാക്കും
രണ്ടു ഗ്ളാസുകളിലേക്കു വീഞ്ഞു പകരും:
ഒന്നെനിക്ക്
ഓർക്കാതെ കയറിവരുന്നൊരു വിരുന്നുകാരനു മറ്റേത്
പിന്നെ ഞാൻ രണ്ടു സ്വപ്നങ്ങൾക്കിടയിൽ കിടന്നൊന്നു മയങ്ങും
പക്ഷേ സ്വന്തം കൂർക്കംവലി കേട്ടുതന്നെ ഞാനുണരും
പിന്നെ ഞാൻ വാച്ചിലേക്കു നോക്കും
വായിക്കാനുള്ള സമയമുണ്ട്
ദാന്തേയുടെ ഒരു സർഗ്ഗവും
ഒരു ബദൂയിൻ കവിതയുടെ പാതിയും ഞാൻ വായിക്കും
പിന്നെ ഞാൻ നോക്കിയിരിക്കും
എന്റെ ജീവൻ എന്നിൽ നിന്നിറങ്ങിപ്പോകുന്നത്
അന്യരിൽ ചെന്നുചേരുന്നത്
അതാരെന്നു ഞാൻ കാര്യമാക്കുകയുമില്ല.’
‘ഇങ്ങനെ തന്നെയായിരിക്കും?’
‘ഇങ്ങനെ തന്നെയായിരിക്കും.’
‘പിന്നെയെന്തുണ്ടാവും?’
‘പിന്നെ ഞാൻ മുടി കോതും
ഈ കവിത, ഈ കവിതയെടുത്തു കുപ്പത്തൊട്ടിയിലേക്കെറിയും
ഇറ്റലിയിൽ നിന്നു വരുത്തിയ ഏറ്റവും പുതിയ ഷർട്ടെടുത്തിടും
പശ്ചാത്തലത്തിൽ സ്പാനിഷ് വയലിനുകൾ വായിക്കുമ്പോൾ
എന്നോടു ഞാനന്ത്യയാത്ര പറയും
പിന്നെ
ശ്മശാനത്തിലേക്കു
നടക്കും!’


Monday, February 18, 2013

തദേവുഷ് റോസെവിച് - ആരാണു കവി

sobbing_superpower

 


കവിതയെഴുതുന്നവനാണു കവി
കവിതയെഴുതാത്തവനുമാണയാൾ

വിലങ്ങുകൾ വലിച്ചെറിയുന്നവനാണു കവി
സ്വയം വിലങ്ങണിയുന്നവനുമാണയാൾ

വിശ്വസിക്കുന്നവനാണു കവി
സ്വയം വിശ്വസിപ്പിക്കാനാവാത്തവനുമാണയാൾ

നുണ പറയുന്നവനാണു കവി
നുണകൾ കേട്ടവനുമാണയാൾ

തട്ടിവീഴാൻ പോകുന്നവനാണയാൾ
തനിയേ നേരെ നിൽക്കുന്നവനുമാണയാൾ

വിട്ടുപോകാൻ ശ്രമിക്കുന്നവനാണു കവി
വിട്ടുപോകാനാവാത്തവനുമാണയാൾ


ബ്രഹ്ത് - ഇഷ്ടങ്ങളുടെ പട്ടിക

tumblr_mi0cjy62h61refffko1_400




ആഹ്ളാദങ്ങളിൽ, അമിതമാവാത്തത്.
തോലുകളിൽ, ഉരിക്കാത്തത്.


കഥകളിൽ, പിടി കിട്ടാത്തത്.
നിര്‍ദ്ദേശങ്ങളിൽ, തള്ളിക്കളയാനാവാത്തത്.


പെൺകുട്ടികളിൽ, പുതുമ മാറാത്തവള്‍.
സ്ത്രീകളിൽ, വിശ്വസ്തയല്ലാത്തവള്‍.


രതിമൂർച്ഛകളിൽ,  എകോപിപ്പിക്കാത്തത്.
വൈരങ്ങളിൽ, പരസ്പരമുള്ളത്.


പാർപ്പിടങ്ങളിൽ, താല്ക്കാലികമായത്.
വേർപാടുകളിൽ, ആഘോഷമാക്കാത്തത്.


കലകളിൽ, മുതലെടുക്കാനാവാത്തത്.
അദ്ധ്യാപകരിൽ, മറക്കാവുന്നവര്‍.


ആനന്ദങ്ങളിൽ, ഒളിപ്പിക്കാത്തത്.
ലക്ഷ്യങ്ങളിൽ, വീണുകിട്ടിയത്.


ശത്രുക്കളിൽ, മൃദുപ്രകൃതികള്‍.
മിത്രങ്ങളിൽ, ശിശുപ്രകൃതികള്‍.


പച്ചകളിൽ, മരതകപ്പച്ച.
സന്ദേശങ്ങളില്‍, വിളംബരങ്ങള്‍.


പ്രകൃതിശക്തികളിൽ, അഗ്നി.
ദേവന്മാരിൽ, ഉയർന്നവന്‍.


അടിമകളിൽ, സ്തുതിക്കുന്നവന്‍.
കാലങ്ങളിൽ, പെരുമഴക്കാലം.


ജീവിതങ്ങളിൽ, പ്രസന്നമായത്.
മരണങ്ങളിൽ, തല്ക്ഷണമായത്.


ഷൊവാക്കിം ദി ബലേ - ഒരു പകലിന്റെ നെടുവീർപ്പുയർന്നുതാഴുന്നപോലെയേയുള്ളു...

images

 


ഒരു പകലിന്റെ നെടുവീർപ്പുയർന്നുതാഴുന്നപോലെയേയുള്ളു
നിത്യതയുടെ വിധാനത്തിൽ നമ്മുടെ ആയുസ്സെങ്കിൽ,
ഇനി മടങ്ങിവരാതവണ്ണമുരുണ്ടുമറയുകയാണു നമ്മുടെയാണ്ടുകളെങ്കിൽ,
നിസ്സഹായമായി മരണത്തെയനുസരിക്കണമോരോ ജന്തുവുമെങ്കിൽ,

എങ്കിലെന്റെ കൂട്ടിലടച്ച ആത്മാവേ, നീ സ്വപ്നം കാണുന്നതെന്തിനെ?
എന്തിനിരുട്ടിനെ സ്നേഹിച്ചിവിടെ നീ ചടഞ്ഞുകിടക്കണം,
വിപുലാകാശത്തിന്റെ തെളിഞ്ഞ നീലിമയിലേക്കുയരാൻ
ബലിഷ്ഠമായ ചിറകുകൾ കൊണ്ടനുഗൃഹീതയാണു നീയെങ്കിൽ?

ഓരോ മനുഷ്യാത്മാവുമഭിലഷിക്കുന്ന നന്മകളുണ്ടവിടെ,
തളർന്നുവീഴുമ്പോളവൻ തേടുന്ന നിത്യവിശ്രമമുണ്ടവിടെ,
നമുക്കു മേൽ ധന്യത ചൊരിയുന്ന പ്രണയവുമാനന്ദവുമുണ്ടവിടെ.

ആ സ്വർഗ്ഗീയോന്നതിയിലെത്തുമ്പോളവിടെയെന്റെയാത്മാവേ,
നിന്റെ കാഴ്ചയിലേക്കു തെളിഞ്ഞുവരുമൊരാദർശസൌന്ദര്യം,
ഈ മണ്ണിന്റെ താഴ്ചകളിൽ കിടന്നു ഞാൻ സ്വപ്നം കണ്ട സൌന്ദര്യം.


 

Sunday, February 17, 2013

ഷൊവാക്കിം ദി ബലേ - നക്ഷത്രങ്ങളുടെ ഹിതം ചികഞ്ഞുപോകണമെന്നെനിക്കില്ല...

Joachim Du Bellay

 


നക്ഷത്രങ്ങളുടെ ഹിതം ചികഞ്ഞുപോകണമെന്നെനിക്കില്ല,
പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനമറിയണമെന്നെനിക്കില്ല,
പെരുങ്കടൽക്കയങ്ങളിൽ മുങ്ങാങ്കുഴിയിടണമെന്നെനിക്കില്ല,
ആകാശക്കമാനങ്ങളുടെ വാസ്തുവേല പഠിക്കണമെന്നുമെനിക്കില്ല.

എന്റെ തൂലികയ്ക്കു ചിത്രമെഴുതാൻ സമൃദ്ധവർണ്ണങ്ങൾ വേണ്ട,
എന്റെ കവിതയ്ക്കു വിഷയമാവാനഭിജാതപ്രമേയങ്ങൾ വേണ്ട:
നല്ലതോ മോശമോ ആവട്ടെ, ഞാനെഴുതുന്നതെനിക്കിണങ്ങിയപോലെ,
അതിക്ഷുദ്രവസ്തുതകളെപ്പറ്റി, നിസ്സാരസംഭവങ്ങളെപ്പറ്റി.

എന്റെ ഹൃദയത്തിനൊരേയൊരാത്മമിത്രമാണെന്റെ കവിത,
തന്റെ ഖേദങ്ങളും നൈരാശ്യങ്ങളും പങ്കുവച്ചു കരയാൻ,
തന്റെ രഹസ്യങ്ങൾ കാതിൽ പറഞ്ഞൊരുമിച്ചാർത്തുചിരിക്കാൻ.

അതിനാലമിതാഡംബരങ്ങളതിനെ ഞാനണിയിക്കില്ല,
മുഴങ്ങുന്ന പേരു കൊണ്ടതിനെ ഞാൻ വിളിക്കില്ല:
വെറും കുറിപ്പുകൾ, അഗണ്യവാർത്തകൾ, അവ മാത്രമാണവ.


ഷൊവാക്കിം ദി ബലേ (1522-1560)- മാതൃഭാഷാഭിമാനിയായ ഫ്രഞ്ചുകവി. പ്രാചീനഗ്രീക്ക്, റോമൻ സാഹിത്യങ്ങൾക്കു കിട പിടിക്കുന്ന ഭാവപ്രകാശനസാമർത്ഥ്യം ഫ്രഞ്ചിനുണ്ടെന്നും, ക്ളാസ്സിക്കൽ ഗ്രന്ഥങ്ങളെ മാത്രമല്ല, വർത്തമാനകാലജീവിതത്തെക്കൂടി പ്രതിപാദ്യമായി സ്വീകരിക്കണമെന്നും വാദിച്ചു. അനാരോഗ്യവും ഇടവിട്ടുള്ള ബാധിര്യവും കാരണം ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഇടയ്ക്ക് റോമിൽ പോയിരുന്നുവെങ്കിലും വത്തിക്കാനിലെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഹിതത്തിനു ചേർന്നതായിരുന്നില്ല.


link to the poet


Saturday, February 16, 2013

ബ്രഹ്ത് - നല്ലവനെ ചോദ്യം ചെയ്യൽ

464px-Rittner_Therese_Giehse_1966

 


മുന്നിലേക്കു കയറിനിൽക്കൂ.
താനൊരു നല്ലവനാണെന്നു
ഞങ്ങൾ കേട്ടിരിക്കുന്നു.
തന്നെ വിലയ്ക്കെടുക്കാനാവില്ലത്രെ;
വീടെരിക്കുന്ന വെള്ളിടിയേയും പക്ഷേ,
വിലയ്ക്കെടുക്കാനാവില്ല.
പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നവനാണു താനത്രെ.
എന്താണു പക്ഷേ, താൻ പറഞ്ഞത്?
നേരുള്ളവനാണു താനെന്നോ,
സ്വന്തം അഭിപ്രായം തുറന്നു പറയുന്നവനാണെന്നോ?
ആ അഭിപ്രായം എന്താണാവോ?
ധൈര്യവാനാണു താനത്രെ,
ആർക്കെതിരെ?
ബുദ്ധിമാനാണു താനത്രെ,
ആർക്കാണു താൻ ബുദ്ധിമാൻ?
വ്യക്തിപരമായ നേട്ടങ്ങൾ താൻ പരിഗണിക്കാറില്ലത്രെ,
പിന്നാരുടെ നേട്ടങ്ങളാണു താൻ പരിഗണിക്കുക?
നല്ല സുഹൃത്താണു താനത്രെ,
നല്ല മനുഷ്യർക്കും താനൊരു നല്ല സുഹൃത്താണോ?

എന്നാലിതു കേട്ടോളൂ:
ഞങ്ങൾക്കറിയാം.
താൻ ഞങ്ങൾക്കു ശത്രു.
അതിനാലാണിപ്പോൾ ഞങ്ങൾ തന്നെ
ഒരു ചുമരിനു മുന്നിൽ പിടിച്ചുനിർത്തുന്നത്.
പക്ഷേ തന്റെ വൈശിഷ്ട്യങ്ങളും സൽഗുണങ്ങളും പരിഗണിച്ച്
ഞങ്ങൾ തന്നെ നല്ലൊരു ചുമരിനു മുന്നിൽ നിർത്താം,
നല്ലൊരു തോക്കിൽ നിന്ന് നല്ലൊരുണ്ട കൊണ്ടു തന്നെ വെടി വയ്ക്കാം,
പിന്നെ ഈ നല്ല മണ്ണിൽ നല്ല കൂന്താലി കൊണ്ട് തന്നെ കുഴിച്ചിടുകയും ചെയ്യാം.


 

വാൾട്ടർ ബന്യാമിൻ - ഒരു കഥ

walter benjamin




എത്തിപ്പറ്റാൻ പ്രയാസമായ ഒരു ഗ്രാമത്തിലെ വൃത്തിയില്ലാത്തൊരു സത്രത്തിൽ ശാബത്തിന്റന്നു രാത്രിയിൽ തീയും കാഞ്ഞിരിക്കുകയായിരുന്നു കുറേ ജൂതന്മാർ. എവിടത്തുകാരനെന്നാർക്കുമറിയാത്ത ഒരാളൊഴികെ എല്ലാവരും ആ നാട്ടുകാർ തന്നെയായിരുന്നു. ദരിദ്രവാസിയെന്നു കണ്ടാൽത്തന്നെ തോന്നും; കീറിപ്പറിഞ്ഞ ഒരു കുപ്പായവുമിട്ട് മുറിയുടെ പിന്നറ്റത്തു കൂനിക്കൂടിയിരിക്കുകയാണയാൾ.
പലേ വിഷയങ്ങളും ചർച്ച ചെയ്തതില്പിന്നെ ഒരാൾ ഇങ്ങനെ ഒരു നിർദ്ദേശം വച്ചു: ഒരേയൊരു വരം ചോദിക്കാൻ അനുവാദം കിട്ടിയാൽ എന്തായിരിക്കും ഓരോരുത്തരും ചോദിക്കുക? ഒരാൾക്കു പണമാണു വേണ്ടത്; മറ്റൊരാൾക്ക് മകളെ ചതിക്കാത്ത ഒരു മരുമകൻ; മൂന്നാമതൊരാൾ സ്വപ്നം കണ്ടത് സകലവിധ പണിയായുധങ്ങളുമടങ്ങിയ ഒരു പെട്ടിയായിരുന്നു. അങ്ങനെ എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ ആ ഭിക്ഷക്കാരന്റെ ഊഴമായി.

കുറേ നിർബന്ധിച്ചിട്ടാണ്‌ മടിച്ചുമടിച്ച് അയാൾ ഇങ്ങനെ പറഞ്ഞത്: “വലിയൊരു രാജ്യത്തെ ശക്തനായൊരു രാജാവാകണമെന്നൊരു വരമാണു ഞാൻ ചോദിക്കുക. എങ്കിൽ രാത്രിയിൽ കൊട്ടാരത്തിൽ ഞാനുറങ്ങിക്കിടക്കുമ്പോൾ ഒരു ശത്രു വന്ന് എന്റെ രാജ്യമാക്രമിക്കും; പുലർച്ചയോടെ അയാളുടെ കുതിരപ്പടയാളികൾ എന്റെ കോട്ടയ്ക്കുള്ളിലേക്കിരച്ചുകയറും; ഒരു ചെറുത്തുനില്പും അവർക്കു നേരിടേണ്ടിവരില്ല. ഗാഢനിദ്രയിൽ നിന്നെന്നെ വിളിച്ചുണർത്തുമ്പോൾ വസ്ത്രം മാറാനുള്ള സാവകാശം പോലും എനിക്കു കിട്ടില്ല; രാത്രിയിൽ ഇട്ടിരുന്ന കുപ്പായവുമായി എനിക്കു രക്ഷപ്പെടേണ്ടിവരും. പകലും രാത്രിയുമെന്നില്ലാതെ കുന്നുകളും സമതലങ്ങളും കാടുകളും താണ്ടി ഒടുവിൽ ഈ സത്രത്തിന്റെ മൂലയ്ക്ക് സുരക്ഷിതനായി ഞാൻ എത്തിച്ചേരും. ഈയൊരു വരമാണു ഞാൻ ചോദിക്കുക.”

മറ്റുള്ളവർ ഒന്നും പിടി കിട്ടാതെ അന്യോന്യം നോക്കി. “ഇങ്ങനെയൊരു വരം കൊണ്ട് എന്തു ഗുണമാണു തനിക്കു കിട്ടാൻ പോകുന്നത്?” ആരോ ചോദിച്ചു. “എനിക്കൊരു കുപ്പായം കിട്ടുമല്ലോ,” എന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

അപ്പൊലിനെയെർ - എന്റെ ഞരമ്പുകൾക്കു ബലമുണ്ടായിരുന്നു...

apollinaire

 


എന്റെ ഞരമ്പുകൾക്കു ബലമുണ്ടായിരുന്നു,
പൊയ്പ്പോയ നാളുകളുടെ ജഡങ്ങളെ നോക്കിനിൽക്കാൻ,
ഞാൻ നടന്ന വഴികളെ അടയാളപ്പെടുത്താൻ,
അവയെച്ചൊല്ലി വിലപിക്കാൻ.
ചിലതു കിടന്നു പൂതലിക്കുന്നു,
ഇറ്റാലിയൻ പള്ളികളുടെ അകത്തളങ്ങളിൽ,
എന്നുമൊരേ ഋതുക്കളിൽ, ഒരേ നേരത്തും,
പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന നാരകത്തോപ്പുകളിൽ.
മദ്യക്കടകളിൽ കിടന്നു മരിക്കും മുമ്പു കണ്ണീരൊഴുക്കുന്നു,
ഇനിയും ചില നാളുകൾ;
എന്നിൽ കവിത മുളപ്പിച്ചൊരു കാപ്പിരിപ്പെണ്ണിന്റെ കണ്ണുകളിൽ
എന്റെ വരികളെരിഞ്ഞടങ്ങിയതവിടെ,
ഓർമ്മയുടെ പനിനീർപ്പൂന്തോപ്പിൽ
ആലക്തികപുഷ്പങ്ങൾ വിടർന്നതുമവിടെ.


Friday, February 15, 2013

ബ്രഹ്ത് - ലെനിൻ മരിച്ച ദിവസം

brecht11



1

ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന് അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”
അദ്ദേഹം ഇളകിയില്ല.
അപ്പോൾ എനിക്കുറപ്പായി, അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.

2

ഒരു നല്ല മനുഷ്യൻ പോകാൻ തീരുമാനിച്ചാൽ
എങ്ങനെയാണു നിങ്ങൾ അയാളെ പിടിച്ചുനിർത്തുക?
എന്തു കൊണ്ടാണ്‌ അയാളെ ആവശ്യമെന്ന് അയാളോടു പറയുക.
അതയാളെ പിടിച്ചുനിർത്തും.

3

ലെനിനെ പിടിച്ചുനിർത്താൻ എന്തുകൊണ്ടാകുമായിരുന്നു?

4

പട്ടാളക്കാരൻ കരുതി,
ചൂഷകന്മാർ വരുന്നുണ്ടെന്നു കേൾക്കുമ്പോൾ
ഇനിയെത്ര രോഗപീഡിതനാവട്ടെ, അദ്ദേഹമെഴുന്നേൽക്കുമെന്ന്,
വരുന്നതൂന്നുവടികളിലാണെന്നു വരാം,
തന്നെ എടുത്തുകൊണ്ടു വരാനദ്ദേഹമനുവദിച്ചുവെന്നു വരാം,
എങ്ങനെയായാലും അദ്ദേഹം എഴുന്നേൽക്കുമായിരുന്നു,
ചൂഷകന്മാരെ നേരിടുന്നതിനായി വരുമായിരുന്നു.

5

എന്നു പറഞ്ഞാൽ, പട്ടാളക്കാരനറിയാമായിരുന്നു,
ലെനിൻ തന്റെ ജീവിതകാലമുടനീളം
ചൂഷകന്മാർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്ന്.

6

വിന്റർ പാലസിലേക്കുള്ള ഇരച്ചുകേറ്റത്തിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ
നാട്ടിലേക്കു മടങ്ങാൻ താല്പര്യം പറഞ്ഞപ്പോൾ
(അവിടെ കൃഷിഭൂമി വിതരണം ചെയ്യുകയാണെന്നതിനാൽ)
ലെനിൻ അയാളോടു പറഞ്ഞു: നിൽക്കൂ!
ചൂഷകന്മാർ ഇനിയും പോയിട്ടില്ല.
ചൂഷണമുള്ള കാലത്തോളം
നാമതിനോടു പൊരുതുകയും വേണം.
നിങ്ങൾക്കു ജീവനുള്ള കാലത്തോളം
നിങ്ങളതിനോടു പൊരുതുക തന്നെ വേണം.

7

ബലം കുറഞ്ഞവർ പൊരുതാൻ നിൽക്കില്ല.
ബലമുള്ളവർ ഒരു മണിക്കൂർ പൊരുതിയെന്നു വരാം.
അതിലും ബലമേറിയവർ പല കൊല്ലങ്ങൾ പൊരുതി നിന്നേക്കാം.
ആയുസ്സു മുഴുവൻ പൊരുതുന്നവരാണ്‌ ഏറ്റവും കരുത്തർ.
അവരാണ്‌ അനുപേക്ഷണീയർ.


മഹമൂദ് ദർവീശ് - അന്യരെക്കൂടി ഓർക്കുക

darwish1

 


തനിക്കായി പ്രാതൽ തയാറാക്കുമ്പോൾ അന്യരെക്കൂടി ഓർക്കുക,
-പ്രാവുകൾക്കു തീറ്റ കൊടുക്കുന്ന കാര്യം മറക്കാതിരിക്കുക.
തന്റെ യുദ്ധങ്ങൾ നടത്താൻ പോകുമ്പോൾ അന്യരെക്കൂടി ഓർക്കുക,
-സമാധാനമാഗ്രഹിക്കുന്നവരുണ്ടെന്നു മറക്കാതിരിക്കുക
നിങ്ങളുടെ വെള്ളത്തിന്റെ ബില്ലു കൊടുക്കുമ്പോൾ അന്യരെക്കൂടി ഓർക്കുക,
-വെള്ളം കൊടുക്കാൻ മേഘങ്ങൾ മാത്രമുള്ളവരെ.
നിങ്ങളുടെ, നിങ്ങളുടെ സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ അന്യരെക്കൂടി ഓർക്കുക,
-തമ്പുകളിൽ കഴിയുന്നവരെ മറക്കാതിരിക്കുക.
നിങ്ങളുറങ്ങുമ്പോൾ, നക്ഷത്രങ്ങളുടെ എണ്ണമെടുക്കുമ്പോൾ അന്യരെക്കൂടി ഓർക്കുക,
-കിടന്നുറങ്ങാൻ ഒരിടമില്ലാത്തവരെ.
രൂപകങ്ങളിലൂടെ ആത്മാവിഷ്കാരം നടത്തുമ്പോൾ അന്യരെക്കൂടി ഓർക്കുക,
-സംസാരിക്കാനുള്ള അവകാശം നഷ്ടമായവരെ.
അകലെയുള്ള അന്യരെക്കുറിച്ചോർക്കുമ്പോൾ
നിങ്ങളെക്കുറിച്ചുമൊന്നോർക്കുക,
-ഇരുട്ടത്തു താനൊരു വിളക്കായിരുന്നെങ്കിലെന്നോർക്കുക.


Think of Others

while preparing your breakfast,
think of others
don’t forget the aliment of the doves

and while you are going to war,
think of others
don’t forget those seeking peace

and as you pay your water bill,
think of others
those who drink the clouds

and while you are returning home,
your home,
think of others
don’t forget the people of the tents

and as you sleep and count the stars,
think of others
those who don’t have a space to sleep

and as you liberate yourself with metaphors,
think of others
those who have lost their rights to speak

and while you are thinking of others far away,
think of yourself
and say: I wish I was a candle in the dark


അബു നവാസ് - ആദ്യചുംബനം

Abu_Nuwas

ഒരു ചുംബനമവളോടു ഞാനിരന്നു,
അതെനിക്കവൾ നൽകാതെയുമല്ല;
അതു പക്ഷേ,യെത്ര തടുത്തതില്പിന്നെ,
എത്ര തിടുക്കപ്പെടുത്തിയതില്പിന്നെ.
“പീഡകേ,” പിന്നെ ഞാനവളോടു പറഞ്ഞു,
“ഒരേയൊരു ചുംബനം കൂടിത്തന്നാലും,
എങ്കിലെന്റെ ദാഹം ശമിക്കാനതു മതി.”
അതു കേട്ടവളൊന്നു മന്ദഹസിച്ചു,
ഒരു പഴമൊഴിയവളെന്നോടു പറഞ്ഞു:
“ഒരു തരുണന്റെ നെടുവീർപ്പു കേട്ടു നീ
ഒരു ചുംബനമയാൾക്കു വഴങ്ങിയെന്നാൽ.
പിന്നെയുമയാൾ നിന്റെ പിന്നാലെയെത്തും,
ഒന്നുകൂടിയെന്നു നിന്നെ വശം കെടുത്തും!”



അബു നവാസ് (756-814)- വിഖ്യാതനായ ക്ളാസ്സിക്കൽ അറബി കവി. ആയിരത്തൊന്നു രാവുകളിൽ ഹാരുൺ-അൽ-റഷീദിന്റെ സദസ്യനായി പ്രത്യക്ഷപ്പെടുന്നുണ്ട്.


Wednesday, February 13, 2013

അന്നാ കാമിയെൻസ്ക - ഒരാശുപത്രിയിൽ

a-kamienska



ഇടനാഴിയുടെ മൂലയ്ക്കു കിടന്ന്
ഒരു കിഴവി മരിക്കുമ്പോൾ
അരികിൽ നിൽക്കാൻ ആരുമില്ല

ഇത്രനാൾ മച്ചും നോക്കി അവർ മലർന്നുകിടന്നു
ഇപ്പോഴവർ  വിരലു കൊണ്ടു വായുവിലെഴുതുന്നു

കണ്ണീരില്ല വിലാപങ്ങളില്ല
ആരും കൈ പിരിക്കുന്നില്ല
ഡ്യൂട്ടിയിൽ വേണ്ടത്ര മാലാഖമാരുമില്ല

നിശബ്ദമായി മര്യാദ കാണിക്കലാണു ചില മരണങ്ങൾ
തിരക്കു കൂടിയൊരു തീവണ്ടിമുറിയിൽ
ഒരാൾ സീറ്റൊഴിഞ്ഞുകൊടുക്കുന്നപോലെ


വിസ്വാവ ഷിംബോർസ്ക - മരിച്ചവരെഴുതിയ കത്തുകൾ

Szymborska (1)

 


മരിച്ചവരെഴുതിയ കത്തുകൾ നാം വായിക്കുന്നു,
എന്തു വേണമെന്നറിയാതെ പകച്ച ദേവകളെപ്പോലെ;
ദേവകളാണെന്നാൽക്കൂടി നാം,
പിന്നീടെന്തുണ്ടായി എന്നു നമുക്കറിയുമെന്നതിനാൽ.
നമുക്കറിയാം, ഏതൊക്കെക്കടങ്ങൾ വീടാതെപോയി എന്ന്,
നമുക്കറിയാം, ജഡങ്ങളുടെ ചൂടാറും മുമ്പേ
പുനർവിവാഹത്തിനു തിരക്കു കൂട്ടിയ വിധവകളാരൊക്കെയെന്ന്.
പാവങ്ങളായ പരേതർ, കണ്ണു കെട്ടിയ പരേതർ,
വഞ്ചിതർ, പിശകു പറ്റിയവർ,
പരിഹാസ്യമാം വിധത്തിൽ ജാഗ്രത കാണിച്ചവർ.
ആളുകൾ അവർക്കു പിന്നിൽ നിന്നു കൊഞ്ഞനം കുത്തുന്നതു നാം കാണുന്നു.
വില്പത്രങ്ങൾ വലിച്ചുകീറുന്നതു നാം കേൾക്കുന്നു.
നമുക്കു മുന്നിൽ അവരിരിക്കുന്നു, ചിരി വരും വിധം,
വെണ്ണ തേച്ച റൊട്ടിക്കഷണത്തിലെന്നപോലെ,
കാറ്റടിച്ചുപറത്തിയ തൊപ്പി എത്തിപ്പിടിക്കുമ്പോലെ.
അവരുടെ കെട്ട ശീലങ്ങൾ, നെപ്പോളിയൻ, ആവി, വൈദ്യുതി,
നിസ്സാരരോഗങ്ങൾക്ക് അവരുടേതായ മാരകൌഷധങ്ങൾ,
വിശുദ്ധയോഹന്നാന്റെ പരിഹാസ്യമായ വെളിപാടുപുസ്തകം,
റൂസ്സോ പറഞ്ഞ ഭൂമിയിലെ വ്യാജസ്വർഗ്ഗം...
അവരുടെ ചതുരംഗപ്പലകയിലെ കരുക്കൾ
നിശ്ശബ്ദരായി നാം നോക്കിയിരിക്കുന്നു-
മൂന്നു കളം കഴിഞ്ഞാണു നാമവ കാണുന്നതെങ്കിലും.
ഒക്കെ സംഭവിച്ചതവർ മനസ്സിൽ കണ്ടതിൽ നിന്നെത്ര വ്യത്യസ്തമായി,
അല്ലെങ്കിൽ ഒരല്പം വ്യത്യസ്തമായി-
എന്നു പറഞ്ഞാൽ ആകെ വ്യത്യസ്തമായി.
അവരിൽ മനസ്സെരിയുന്നവർ നമ്മുടെ കണ്ണുകളിലേക്കുറ്റുനോക്കുന്നു,
നമ്മെ വിശ്വാസത്തിലെടുക്കുമ്പോലെ:
അവിടെ പൂർണ്ണത കണ്ടെത്താമെന്നവർ കണക്കു കൂട്ടുന്നു.


Letters of the Dead

We read the letters of the dead like puzzled gods –
gods nevertheless, because we know what happened later.
We know what money wasn’t repaid,
the widows who rushed to remarry.
Poor, unseeing dead,
deceived, fallible, toiling in solemn foolery.
We see the signs made behind their backs,
catch the rustle of ripped-up wills.
They sit there before us, ridiculous
as things perched on buttered bread,
or fling themselves after whisked-away hats.
Their bad taste – Napoleon, steam and electricity,
deadly remedies for curable diseases,
the foolish apocalypse of St. John,
the false paradise on earth of Jean-Jacques . . .
Silently, we observe their pawns on the board
– but shifted three squares on.
Everything they foresaw has happened quite differently,
or a little differently – which is the same thing.
The most fervent stare trustingly into our eyes;
by their reckoning, they’ll see perfection there.


-tr. Vuyelwa Carlin


Tuesday, February 12, 2013

അന്ന കാമിയെൻസ്ക -മനുഷ്യനാവുക എന്നാൽ...

BirdHumanPoem




മനുഷ്യനാവുക എന്നാൽ എന്താണതിനർത്ഥം
കിളി ചോദിച്ചു
അതെനിക്കുമറിയില്ല
അനന്തതയിലേക്കെത്തിപ്പിടിക്കുമ്പോൾത്തന്നെ
സ്വന്തം ചർമ്മത്തിന്റെ തടവിലാവുക എന്നാണത്
നിത്യതയിൽ കൈ തൊടുമ്പോൾത്തന്നെ
നിങ്ങൾക്കു പറഞ്ഞ ആയുസ്സിന്റെ ദാസനാവുക എന്നാണത്
ആശ കെടും വിധം അനിശ്ചിതത്വത്തിലാഴുകയും
നിസ്സഹായനാക്കുന്ന വിധം പ്രത്യാശ കൊണ്ടു നിറയുകയുമാണത്
ഉറഞ്ഞ മഞ്ഞിന്റെ ഒരു ചീളാവുകയും
ഒരുള്ളംകൈയിൽ കൊള്ളുന്നത്ര ചൂടാവുകയുമാണത്
വായുവിൽ നിന്നു ശ്വാസമുൾക്കൊള്ളുമ്പോൾത്തന്നെ
ശ്വാസം കിട്ടാതെ വിക്കുക എന്നാണത്
ചാരം കൊണ്ടു നെയ്ത കൂട്ടിലിരുന്നെരിയുക എന്നാണത്
വിശപ്പു കൊണ്ടു നിറയുമ്പോൾത്തന്നെ
അപ്പം തിന്നുക എന്നാണത്
പ്രണയരഹിതമായി മരിക്കുക എന്നാണത്
മരണത്തിലും പ്രണയിക്കുക എന്നാണത്

വിചിത്രം തന്നെ കിളി പറഞ്ഞു
എന്നിട്ടതനായാസമായി പറന്നുയർന്നു



What’s it like to be a human
the bird asked
I myself don’t know
it’s being held prisoner by your skin
while reaching infinity
being a captive of your scrap of time
while touching eternity
being hopelessly uncertain
and helplessly hopeful
being a needle of frost
and a handful of heat
breathing in the air
and choking wordlessly
it’s being on fire
with a nest made of ashes
eating bread
while filling up on hunger
it’s dying without love
it’s loving through death
That’s funny said the bird
and flew effortlessly up into the air





ആന്ന കാമിയെൻസ്ക - ഒരു കൈ

Apollo_Sauroktonos_attributed_to_Praxiteles_-_hand_-_Cleveland_Museum_of_Art_-_DSC08078




ഈ വസ്തുവിന്‌ കൈ എന്നു പേര്‌.
ഈ വസ്തുവിനെ കണ്ണുകളിലേക്കടുപ്പിച്ചാൽ
അതു ലോകം മറയ്ക്കും.
സൂര്യനെക്കാൾ, കുതിരയെക്കാൾ, വീടിനെക്കാൾ,
മേഘത്തെക്കാൾ, ഈച്ചയെക്കാൾ വലുതാണത്.
വിരലുകളുള്ള ഈ വസ്തു.
ഇളംചുവപ്പുനിറത്തിൽ
മനോഹരമായ പ്രതലമുള്ള ഈ വസ്തു.
ഞാൻ തന്നെ ഈ വസ്തു.
മനോഹരമാണതെന്നു മാത്രമല്ല.
അതു കടന്നുപിടിക്കും, പിടിച്ചുവയ്ക്കും,
വലിക്കും, വലിച്ചുകീറും.
എണ്ണമറ്റതാണതിന്റെ മറ്റു പ്രവൃത്തികൾ.
മനോഹരമാണതെന്നു മാത്രമല്ല.
സൈന്യങ്ങളെ നയിക്കുന്നതത്,
മണ്ണിൽ പണിയെടുക്കുന്നതത്,
മഴു കൊണ്ടു കൊല ചെയ്യുന്നതത്,
സ്ത്രീയുടെ തുടകളകറ്റുന്നതത്,
എണ്ണമറ്റതാണതിന്റെ മറ്റു പ്രവൃത്തികൾ.
അതിന്റെ അഞ്ചു വിരലുകൾ- അഞ്ചു പാതകങ്ങൾ.
അതിന്റെ അഞ്ചു വിരലുകൾ- ഒരു നന്മ.



A HAND

This thing is called a hand.
This thing brought closer to the eyes
covers the world.
Bigger than the sun, a horse, a house,
a cloud, a fly.
This thing of fingers.
This thing with a lovely pink surface.
It is me myself.
It’s not merely lovely.
It grabs, holds, pulls, rips off
and its other works are numberless.
It’s not merely lovely.
It directs armies,
works the soil,
murders with an axe,
spreads women’s thighs
and its other works are numberless.
Its five fingers—five crimes.
Its five fingers—one merit.


ബോൾസ്ലാവ് ലെസ്മിയൻ - ഇനിയൊരിക്കൽക്കൂടി...

Boleslaw_Lesmian

 


ഇനിയൊരിക്കൽക്കൂടി നിന്നെ ഞാനാദ്യമായിക്കണ്ടുവെന്നിരിക്കട്ടെ,
എന്നാൽ മറ്റൊരു മരത്തോപ്പിൽ, മറ്റൊരു കാട്ടിനുള്ളിൽ-
മഞ്ഞിന്റെ മൂടുപടത്തിനുള്ളിലനന്തതയിലേക്കു നീളവെ
മരങ്ങൾ നമുക്കായി നെടുവീർപ്പിടുക മറ്റൊരു വിധമായെന്നുവരാം...

ചാലിട്ട പച്ചപ്പിനുള്ളിൽ വിറ പൂണ്ട കിളികളെപ്പോലെ
നിന്റെ കൈകളെത്തിപ്പിടിക്കുക മറ്റു പൂക്കളെയാണെന്നു വരാം-
അജ്ഞവും മുഗ്ധവുമായ നിന്റെ ചുണ്ടുകളിൽ നിന്നുതിരുക
മറ്റു ചില വാക്കുകളായെന്നുവരാം- മറ്റു ചില വാക്കുകൾ...

ജ്വലിക്കുന്ന പനിനീർപ്പൂക്കളുടെ നിർഝരി പോലെ പൊട്ടിത്തകരാൻ
സൂര്യന്റെ നിശിതശാസനം നമ്മോടു കല്പിച്ചുവെന്നു വരാം-
ഇനിയൊരിക്കൽക്കൂടി നിന്നെ ഞാനാദ്യമായിക്കണ്ടുവെന്നിരിക്കട്ടെ,
എന്നാൽ മറ്റൊരു മരത്തോപ്പിൽ, മറ്റൊരു കാട്ടിനുള്ളിൽ...



ബോൾസ്ലാവ് ലെസ്മിയൻ (1877-1937) - സിംബലിസവും എക്സ്പ്രഷനിസവും പോളിഷ് കവിതയിലെത്തിച്ച കവി. ഉക്രെയിനിലെ കീവിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. വളരെ കുറച്ചു കവിതകളേ പ്രസിദ്ധപ്പെടുത്തിയുള്ളു; അവ തന്നെയും ശ്രദ്ധിക്കപ്പെട്ടുമില്ല. പോളിഷ് നാടോടിപ്പാരമ്പര്യവും വൈചിത്ര്യങ്ങളുടെ യഥാതഥമായ വിവരണവുമൊക്കെക്കലർന്ന കവിതാശൈലി പിന്നീടദ്ദേഹത്തെ പോളിഷ് കവിതയിലെ അതിപ്രമുഖരിലൊരാളാക്കി.

Monday, February 11, 2013

വിസ്വാവ ഷിംബോർസ്ക - ഇവിടെ

ii_earth_in_spacelink to image




മറ്റുള്ളിടങ്ങളെങ്ങനെയാണെന്നെനിക്കറിയില്ല,
ഇവിടെ ഭൂമിയിൽപ്പക്ഷേ, സർവതും വേണ്ടത്ര നമുക്കുണ്ട്.
ഇവിടെ നാം പണിതെടുക്കുന്നുണ്ട് കസേരകളും ശോകങ്ങളും,
കത്രിക, മനസ്സലിവ്, ട്രാൻസിസ്റ്ററുകൾ, വയലിനുകൾ,
അണക്കെട്ടുകൾ, തമാശകൾ, ചായക്കപ്പുകളും.

മറ്റു ചിലയിടങ്ങളിൽ ഇതിലുമധികമുണ്ട് സർവതുമെന്നുവരാം;
എന്തെന്നറിയാത്ത ചില കാരണങ്ങളാൽപ്പക്ഷേ
അവിടെ പെയിന്റിങ്ങുകളില്ല, പിക്ചർ ട്യൂബുകളില്ല,
അരിയടകളും കണ്ണീരു തുടയ്ക്കാൻ കൈലേസുകളുമില്ല.

ചുറ്റുവട്ടങ്ങൾ ഇവിടെ എത്രയെങ്കിലുമാണ്‌.
അവയിൽ ചിലതിനോടു നിങ്ങൾക്കൊരു മമത തോന്നിയെന്നു വരാം,
അവയെ നിങ്ങൾ ഓമനപ്പേരിട്ടു വിളിച്ചുവെന്നു വരാം,
അവയ്ക്കപായം വരാതെ നിങ്ങൾ കാത്തുവെന്നുവരാം.

മറ്റുള്ളിടങ്ങളിലുമുണ്ടാവാം ഇതുമാതിരിയുള്ള സ്ഥലങ്ങൾ,
മനോഹരമാണവയെന്നു നമുക്കു തോന്നാറില്ല.

മറ്റെവിടെയുമില്ലാത്ത മാതിരി, മിക്കവാറുമെവിടെയുമില്ലാത്ത മാതിരി,
ഇവിടെ നിങ്ങൾക്കു സ്വന്തമായൊരുടൽ തന്നിരിക്കുന്നു,
സ്വന്തം ശിശുക്കളെ ശേഷിച്ചവരോടു ചേർക്കാൻ വേണ്ട
അനുബന്ധോപകരണങ്ങൾ തന്നിരിക്കുന്നു.
അതിനും പുറമേയാണല്ലോ കൈകളും കാലുകളും അന്തം വിട്ട തലയും.

അജ്ഞത ഇവിടെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്,
ഏതു നേരവുമതെണ്ണുകയും ഒത്തുനോക്കുകയും അളക്കുകയും,
നിഗമനങ്ങളിലെത്തുകയും വർഗ്ഗമൂലങ്ങൾ കണ്ടെത്തുകയുമാണ്‌.

എനിക്കറിയാം, നിങ്ങൾ പറയാൻ പോകുന്നതെന്താണെന്നെനിക്കറിയാം,
യാതൊന്നുമിവിടെ വാഴില്ല്ലെന്ന്,
ആദി മുതല്ക്കേ പ്രകൃതിശക്തികൾക്കാണിവിടെ മേൽക്കൈയെന്ന്.
എന്നാലുമൊന്നു നോക്കൂ- അവയും ചിലപ്പോൾ ക്ഷീണിക്കാറുണ്ട്,
ദീർഘകാലമടങ്ങിക്കിടക്കാറുണ്ട്.

ഇനി നിങ്ങൾ പറയാൻ പോകുന്നതുമെനിക്കറിയാം.
യുദ്ധം, യുദ്ധം, യുദ്ധം.
അവയ്ക്കിടയിലും പക്ഷേ, വിരാമങ്ങളുണ്ടാവാറുണ്ടല്ലോ.
അറ്റൻഷൻ!- ആളുകൾ ചീത്തകളാവുന്നു.
സ്റ്റാന്ററ്റീസ്!- ആളുകൾ നല്ലവരാവുന്നു.
അറ്റൻഷന്റെ സമയത്തു നാം പാഴിടങ്ങൾ സൃഷ്ടിക്കുന്നു,
സ്റ്റാന്ററ്റീസിൽ നാം നെറ്റിവിയർപ്പിൽ നിന്നു വീടുകൾ കെട്ടുകയും
അവയിൽ കേറിത്താമസിക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ജീവിതം ഒരു ലാഭക്കച്ചവടമെന്നേ പറയേണ്ടു.
ഒരുദാഹരണം പറഞ്ഞാൽ, സ്വപ്നങ്ങൾക്കു ചില്ലിക്കാശു കൊടുക്കേണ്ട.
നഷ്ടപ്പെടുമ്പോഴേ വ്യാമോഹങ്ങൾക്കു വില കൂടുതലുള്ളു.
ഉടലാവട്ടെ, തവണവ്യവസ്ഥയിലും ലഭ്യം.

ഇതൊന്നും പോരാഞ്ഞല്ലേ,
ഗ്രഹങ്ങളുടെ ആകാശത്തൊട്ടിയിൽ ടിക്കറ്റെടുക്കാതെ തരപ്പെട്ടൊരു സവാരിയും.
നക്ഷത്രമണ്ഡലങ്ങളുടെ പ്രചണ്ഡതയിലൂടെ നിങ്ങൾ പാഞ്ഞുപോകുന്നു,
ഇവിടെ ഭൂമിയിലുള്ളതൊന്നിനുമൊന്നു വിറകൊള്ളാനുള്ളിട കൊടുക്കാതെ,
കാതുകൾ കൊട്ടിയടയ്ക്കുന്നത്ര വേഗത്തിൽ.

ഒന്നു സൂക്ഷിച്ചു നോക്കിയാട്ടെ:
മേശ അതിട്ടിടത്തു തന്നെ കിടപ്പുണ്ട്,
കടലാസ് നിവർത്തിവച്ച പടി തന്നെ,
തുറന്നിട്ട ജനാലയിലൂടെ ഒരു കാറ്റടി,
ചുമരിൽ വിള്ളലുകളും കാണാനില്ല,
അതിലൂടെ നിങ്ങൾ പുറത്തെ ശൂന്യതയിൽ ചെന്നുവീഴുമെന്നു പേടിക്കുകയും വേണ്ട.




Here

I don’t know about other places,
but here on Earth there’s quite a lot of everything.
Here chairs are made and sadness,
scissors, violins, tenderness, transistors,
water dams, jokes, teacups.
Maybe somewhere else there is more of everything,
only for some reason there are no paintings there,
cathode-ray tubes, dumplings, tissues for tears.
There are plenty of places here with surroundings.
Some you can particularly get to like,
name them your own way
and protect them from evil.
Maybe somewhere else there are similar places,
But no one considers them beautiful.
Maybe like nowhere else, or in few other places,
here you have your own body trunk,
and with it the tools needed,
to add your children to those of others.
Besides that your hands, legs, and the amazed head.
Ignorance here is hard at work,
constantly measuring, comparing, counting,
drawing conclusions and finding square roots.
I know, I know what you’re thinking.
Nothing is permanent here,
for since ever forever in the power of the elements.
But notice—the elements get easily tired
and sometimes they have to take a long rest
before the next time.
And I know what else you’re thinking.
Wars, wars, wars.
But even between them there happen to be breaks.
Attention—people are evil.
At ease—people are good.
At attention we produce wastelands.
At ease by the sweat of our brows we build houses
and quickly live in them.
Life on earth turns out quite cheap.
For dreams for instance you don’t pay a penny.
For illusions—only when they’re lost.
For owning a body—only with the body.
And as if this was not enough,
you spin without a ticket in the carousel of the planets,
and along with it, dodging the fare, in the blizzard of galaxies,
through eras so astounding,
that nothing here on Earth can even twitch on time.
For take a good look:
the table stands where it stood,
on the table the paper, exactly as placed,
through the window ajar just a waft of the air,
and in the walls no terrifying cracks,
through which you could be blown out to nowhere.
trans. by duszenko