എത്തിപ്പറ്റാൻ പ്രയാസമായ ഒരു ഗ്രാമത്തിലെ വൃത്തിയില്ലാത്തൊരു സത്രത്തിൽ ശാബത്തിന്റന്നു രാത്രിയിൽ തീയും കാഞ്ഞിരിക്കുകയായിരുന്നു കുറേ ജൂതന്മാർ. എവിടത്തുകാരനെന്നാർക്കുമറിയാത്ത ഒരാളൊഴികെ എല്ലാവരും ആ നാട്ടുകാർ തന്നെയായിരുന്നു. ദരിദ്രവാസിയെന്നു കണ്ടാൽത്തന്നെ തോന്നും; കീറിപ്പറിഞ്ഞ ഒരു കുപ്പായവുമിട്ട് മുറിയുടെ പിന്നറ്റത്തു കൂനിക്കൂടിയിരിക്കുകയാണയാൾ.
പലേ വിഷയങ്ങളും ചർച്ച ചെയ്തതില്പിന്നെ ഒരാൾ ഇങ്ങനെ ഒരു നിർദ്ദേശം വച്ചു: ഒരേയൊരു വരം ചോദിക്കാൻ അനുവാദം കിട്ടിയാൽ എന്തായിരിക്കും ഓരോരുത്തരും ചോദിക്കുക? ഒരാൾക്കു പണമാണു വേണ്ടത്; മറ്റൊരാൾക്ക് മകളെ ചതിക്കാത്ത ഒരു മരുമകൻ; മൂന്നാമതൊരാൾ സ്വപ്നം കണ്ടത് സകലവിധ പണിയായുധങ്ങളുമടങ്ങിയ ഒരു പെട്ടിയായിരുന്നു. അങ്ങനെ എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ ആ ഭിക്ഷക്കാരന്റെ ഊഴമായി.
കുറേ നിർബന്ധിച്ചിട്ടാണ് മടിച്ചുമടിച്ച് അയാൾ ഇങ്ങനെ പറഞ്ഞത്: “വലിയൊരു രാജ്യത്തെ ശക്തനായൊരു രാജാവാകണമെന്നൊരു വരമാണു ഞാൻ ചോദിക്കുക. എങ്കിൽ രാത്രിയിൽ കൊട്ടാരത്തിൽ ഞാനുറങ്ങിക്കിടക്കുമ്പോൾ ഒരു ശത്രു വന്ന് എന്റെ രാജ്യമാക്രമിക്കും; പുലർച്ചയോടെ അയാളുടെ കുതിരപ്പടയാളികൾ എന്റെ കോട്ടയ്ക്കുള്ളിലേക്കിരച്ചുകയറും; ഒരു ചെറുത്തുനില്പും അവർക്കു നേരിടേണ്ടിവരില്ല. ഗാഢനിദ്രയിൽ നിന്നെന്നെ വിളിച്ചുണർത്തുമ്പോൾ വസ്ത്രം മാറാനുള്ള സാവകാശം പോലും എനിക്കു കിട്ടില്ല; രാത്രിയിൽ ഇട്ടിരുന്ന കുപ്പായവുമായി എനിക്കു രക്ഷപ്പെടേണ്ടിവരും. പകലും രാത്രിയുമെന്നില്ലാതെ കുന്നുകളും സമതലങ്ങളും കാടുകളും താണ്ടി ഒടുവിൽ ഈ സത്രത്തിന്റെ മൂലയ്ക്ക് സുരക്ഷിതനായി ഞാൻ എത്തിച്ചേരും. ഈയൊരു വരമാണു ഞാൻ ചോദിക്കുക.”
മറ്റുള്ളവർ ഒന്നും പിടി കിട്ടാതെ അന്യോന്യം നോക്കി. “ഇങ്ങനെയൊരു വരം കൊണ്ട് എന്തു ഗുണമാണു തനിക്കു കിട്ടാൻ പോകുന്നത്?” ആരോ ചോദിച്ചു. “എനിക്കൊരു കുപ്പായം കിട്ടുമല്ലോ,” എന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.
No comments:
Post a Comment