അതു സംഭവിക്കുമായിരുന്നു.
അതു സംഭവിക്കേണ്ടതായിരുന്നു.
അതു മുമ്പു സംഭവിച്ചിരുന്നു. പിന്നീടും. അടുത്ത്. അകലെയും.
അതു സംഭവിച്ചു, പക്ഷേ നിങ്ങൾക്കായിരുന്നില്ല.
നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ആദ്യമായിരുന്നതിനാൽ.
നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ഒടുവിലായിരുന്നതിനാൽ.
ഒറ്റയ്ക്കായിരുന്നതിനാൽ. അന്യർക്കൊപ്പമായിരുന്നതിനാൽ.
വലത്തായിരുന്നതിനാൽ. ഇടത്തായിരുന്നതിനാൽ.
മഴ പെയ്തിരുന്നതിനാൽ. തണലുണ്ടായിരുന്നതിനാൽ.
പകൽ വെയിലുണ്ടായിരുന്നതിനാൽ.
ഭാഗ്യത്തിന് ഒരു കാടുണ്ടായിരുന്നു.
ഭാഗ്യത്തിന് മരങ്ങളുണ്ടായിരുന്നില്ല.
ഭാഗ്യത്തിന് ഒരു ട്രെയിൻ, ഒരു കൊളുത്ത്, ഒരു കഴുക്കോൽ, ഒരു ബ്രേക്ക്,
ഒരു ചട്ടം, ഒരു തിരിവ്, ഒരു കാലിഞ്ച്, ഒരു സെക്കന്റ്.
ഭാഗ്യത്തിന് ഒരു വൈക്കോൽത്തുരുമ്പ് ഒഴുകിവന്നിരുന്നു.
അക്കാരണം കൊണ്ട്, അങ്ങനെ, എന്നാൽ, എന്നിട്ടും.
എന്തു സംഭവിച്ചേനേ,
ഒരു ദൌർഭാഗ്യത്തിൽ നിന്ന്
ഒരു കൈ, ഒരു ചുവട്, ഒരിഞ്ച്, ഒരു മുടിയിഴ അകലത്തിലായിരുന്നെങ്കിൽ?
നിങ്ങൾ ഇവിടെയെത്തിയെന്നോ?
കഷ്ടിച്ചു രക്ഷപെട്ടതിന്റെ അന്ധാളിപ്പു മാറാതെ?
എന്റെ ഞെട്ടലു മാറുന്നില്ല, എനിക്കു നാവു പൊന്തുന്നില്ല.
ഒന്നു കാതോർക്കൂ.
എത്ര വേഗമാണു നിങ്ങളുടെ ഹൃദയം എന്റെ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നത്!
No comments:
Post a Comment