Sunday, February 17, 2013

ഷൊവാക്കിം ദി ബലേ - നക്ഷത്രങ്ങളുടെ ഹിതം ചികഞ്ഞുപോകണമെന്നെനിക്കില്ല...

Joachim Du Bellay

 


നക്ഷത്രങ്ങളുടെ ഹിതം ചികഞ്ഞുപോകണമെന്നെനിക്കില്ല,
പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനമറിയണമെന്നെനിക്കില്ല,
പെരുങ്കടൽക്കയങ്ങളിൽ മുങ്ങാങ്കുഴിയിടണമെന്നെനിക്കില്ല,
ആകാശക്കമാനങ്ങളുടെ വാസ്തുവേല പഠിക്കണമെന്നുമെനിക്കില്ല.

എന്റെ തൂലികയ്ക്കു ചിത്രമെഴുതാൻ സമൃദ്ധവർണ്ണങ്ങൾ വേണ്ട,
എന്റെ കവിതയ്ക്കു വിഷയമാവാനഭിജാതപ്രമേയങ്ങൾ വേണ്ട:
നല്ലതോ മോശമോ ആവട്ടെ, ഞാനെഴുതുന്നതെനിക്കിണങ്ങിയപോലെ,
അതിക്ഷുദ്രവസ്തുതകളെപ്പറ്റി, നിസ്സാരസംഭവങ്ങളെപ്പറ്റി.

എന്റെ ഹൃദയത്തിനൊരേയൊരാത്മമിത്രമാണെന്റെ കവിത,
തന്റെ ഖേദങ്ങളും നൈരാശ്യങ്ങളും പങ്കുവച്ചു കരയാൻ,
തന്റെ രഹസ്യങ്ങൾ കാതിൽ പറഞ്ഞൊരുമിച്ചാർത്തുചിരിക്കാൻ.

അതിനാലമിതാഡംബരങ്ങളതിനെ ഞാനണിയിക്കില്ല,
മുഴങ്ങുന്ന പേരു കൊണ്ടതിനെ ഞാൻ വിളിക്കില്ല:
വെറും കുറിപ്പുകൾ, അഗണ്യവാർത്തകൾ, അവ മാത്രമാണവ.


ഷൊവാക്കിം ദി ബലേ (1522-1560)- മാതൃഭാഷാഭിമാനിയായ ഫ്രഞ്ചുകവി. പ്രാചീനഗ്രീക്ക്, റോമൻ സാഹിത്യങ്ങൾക്കു കിട പിടിക്കുന്ന ഭാവപ്രകാശനസാമർത്ഥ്യം ഫ്രഞ്ചിനുണ്ടെന്നും, ക്ളാസ്സിക്കൽ ഗ്രന്ഥങ്ങളെ മാത്രമല്ല, വർത്തമാനകാലജീവിതത്തെക്കൂടി പ്രതിപാദ്യമായി സ്വീകരിക്കണമെന്നും വാദിച്ചു. അനാരോഗ്യവും ഇടവിട്ടുള്ള ബാധിര്യവും കാരണം ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഇടയ്ക്ക് റോമിൽ പോയിരുന്നുവെങ്കിലും വത്തിക്കാനിലെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഹിതത്തിനു ചേർന്നതായിരുന്നില്ല.


link to the poet


No comments: