Thursday, September 30, 2010

റില്‍ക്കെ-ഇന്നേരം ഞാൻ മരണപ്പെട്ടാലെന്തുചെയ്യും നീ, ദൈവമേ...


ഇന്നേരം ഞാൻ മരണപ്പെട്ടാലെന്തുചെയ്യും നീ, ദൈവമേ?
നിന്റെ മൺകൂജ ഞാൻ വീണുടഞ്ഞാൽ?
നിന്റെ പാനീയം ഞാൻ പുളിച്ചുപോയാൽ, വരണ്ടുപോയാൽ?
ഞാൻ നിന്റെയുടയാട, നീ വ്യാപരിക്കുന്ന വ്യവഹാരം.
നിനക്കർത്ഥമില്ലാതാകും, ഞാനില്ലാതെപോയാൽ.
നിനക്കു വീടില്ലാതാകും, ഞാനില്ലാതെയായാൽ.
ആരു സ്വാഗതം ചെയ്യാൻ നിന്നെ , ഊഷ്മളമായും മധുരമായും പിന്നെ?
ഞാൻ നിന്റെ പാദുകങ്ങൾ: ഞാനില്ലാതെ
നഗ്നമായലയും നിന്റെ കാലടികൾ.
നിന്റെ മേലാടയൂർന്നുവീഴും.
എന്റെ കവിളിന്റെ ചൂടിൽ തലയണച്ച നിന്റെ കടാക്ഷമോ,
ഒരുകാലം ഞാൻ നൽകിയ സുഖങ്ങൾക്കായി ഖേദിച്ചലയും.
-അസ്തമയത്തിന്റെ നിറങ്ങൾ മായുമ്പോൾ
അന്യശിലകളുടെ മടിയിൽ വീണു നീയുറങ്ങും.

എന്തുചെയ്യും നീ, ദൈവമേ? പേടിയാവുകയാണെനിക്ക്.


ചിത്രം:റില്‍ക്കെയുടെ ശവമാടം


നെരൂദ-എന്റെ കണ്ണുകൾ വെടിഞ്ഞു പകലിലേക്കു പറക്കുന്നു നിന്റെ കൈകൾ...




എന്റെ കണ്ണുകൾ വെടിഞ്ഞു പകലിലേക്കു പറക്കുന്നു നിന്റെ കൈകൾ,
തുറന്ന പനിനിർപ്പൂത്തോട്ടം പോലെ കടന്നുവരുന്നു വെളിച്ചം,

 തുടിയ്ക്കുന്നു കടൽപ്പൂഴിയുമാകാശവും
വൈഡൂര്യം കടഞ്ഞെടുത്ത തേനറകൾ പോലെ

നിന്റെ കൈകൾ പെരുമാറുന്നു കിലുങ്ങുന്ന വാക്കുകൾക്കു മേൽ,
ചഷകങ്ങൾക്കും എണ്ണപ്പാത്രങ്ങൾക്കും മേൽ,
ഉറവകൾക്കും പൂക്കൾക്കും, പിന്നെയെന്റെ പ്രിയേ, പ്രണയത്തിനും മേൽ.
നിന്റെ നേരുള്ള കൈകൾ പരിപാലിക്കുന്നു കയിലുകളെ.

സായാഹ്നം മങ്ങുന്നു, മായുന്നു;  ഒരു സ്വർഗ്ഗീയമാത്ര തിരുകുന്നു
ഉറങ്ങുന്നവന്റെ ചുണ്ടിൽ രാത്രി രഹസ്യത്തിൽ.
വിഷാദത്തിന്റെ കിരാതഗന്ധമെയ്യുന്നു നിശാഗന്ധികൾ.

ചിറകുമടിച്ചെത്തുന്നു നിന്റെ കൈകൾ വീണ്ടും,
പൊയ്പ്പോയെന്നു ഞാൻ ഖേദിച്ച തൂവലുകളാൽ
രാത്രി വിഴുങ്ങിയ എന്റെ കണ്ണുകളെ പുതപ്പിക്കാൻ.


നൂറു പ്രണയഗീതകങ്ങള്‍ – 35


Wednesday, September 29, 2010

സൂഫികവിതകൾ

 

File:Youth and suitors.jpg


*

നിസ്കാരത്തുണി കൊണ്ടു
മദ്യകുംഭം മൂടി,
മദ്യശാലയിലെ പൊടിയിൽ
വ്രതശുദ്ധി വരുത്തി നാം.

ഈ മദ്യശാലയ്ക്കുള്ളിൽ വച്ചു
വീണ്ടെടുത്തു നാം ജീവിതം-
ഓത്തുപള്ളിയ്ക്കുള്ളിൽ വച്ചു
കാണാതെപോയ ജീവിതം.

(അബു ഹമീദ് മുഹമ്മദ് ഘസാലി 1058-1111)


*

സംഗീതത്തിന്റെ
സൗന്ദര്യമറിയാത്ത
ഹൃദയത്തിനു ഹാ, കഷ്ടം!

ശിലാഹൃദയം കൊണ്ടു
പ്രണയത്തിന്റെ വഴികളിഴകീറി
കാലം പാഴാക്കരുതേ!

ആത്മാവിന്റെ സംഗീതസദിരിൽ
ക്ഷണിതാക്കളല്ല
പ്രണയത്തിനന്യരായവർ.

എരിയുന്നവയ്ക്കേ
പുകയുമുള്ളു.

(സാദി 1184-1283)


*

നിങ്ങളിലെ നിങ്ങളെ
അട്ടിമറിയ്ക്കൂ,
നിങ്ങളെ കണ്ടെത്താൻ.

നിങ്ങൾ തന്നെ
ആകാശമായിരിക്കെ
നക്ഷത്രങ്ങളെപ്രതി
എന്തിനീ വേവലാതി?

അറിയുന്ന വകകളാണു
ലോകമാകെ.
നിങ്ങളോ-
മറഞ്ഞ നിധിയാണു
നിങ്ങൾ.

ആനന്ദത്തോടെയോർക്കുക-
നിങ്ങൾക്കു ലോകം
നിങ്ങൾ തന്നെ.

(സനായ് 1080-1131)


*

യുക്തിയുടെയും ന്യായത്തിന്റെയും
വഴിക്കു പോയവർ-

പാണ്ഡിത്യത്തിന്റെ ചിട്ടകളെ,
വിശ്വാസത്തിന്റെ പ്രമാണങ്ങളെ
അനുകരിക്കാൻ പോയവർ-

ഉണ്മയുടെ രഹസ്യങ്ങൾ
അവരറിഞ്ഞിട്ടില്ല.

ലോകത്തിലെത്തിയപ്പോൾ
അവരന്ധാളിച്ചുപോയി,
അന്ധാളിപ്പു മാറാതെ
അവർ ലോകം വിട്ടുപോയി.

(സാഫി അലിഷാ 1836-1898)


*

എവിടെയുമുയരുന്നു
പ്രണയത്തിന്റെ സംഗീതം;
എവിടെയാണു, പക്ഷേ,
പുല്ലാങ്കുഴൽ?

തല മന്ദിച്ചു നടക്കുന്നു
മദ്യപന്മാർ;
അവരെയുന്മത്തരാക്കിയ
മദിരയെവിടെ?

എത്ര വർത്തകസംഘങ്ങൾ
കടന്നുപോയി;
അത്ഭുതം വേണ്ട,
ഒരു കാൽപ്പാടും
ശേഷിക്കുന്നില്ലെങ്കിൽ.

(മുഹമ്മദ് ഷിരിൻ മഗിരിബി  ?-1407)


link to image


സൂഫികവിതകൾ


File:Youth and suitors.jpg



*
നിസ്കാരത്തുണി കൊണ്ടു
മദ്യകുംഭം മൂടി,
മദ്യശാലയിലെ പൊടിയിൽ
വ്രതശുദ്ധി നാം വരുത്തി .

ഈ മദ്യശാലയ്ക്കുള്ളിൽ വച്ചു
വീണ്ടെടുത്തു നാം ജീവിതം-
ഓത്തുപള്ളിയ്ക്കുള്ളിൽ വച്ചു
കളഞ്ഞുപോയ ജീവിതം.
(അബു ഹമീദ് മുഹമ്മദ് ഘസാലി 1058-1111)

*
സംഗീതത്തിന്റെ
സൗന്ദര്യമറിയാത്ത
ഹൃദയത്തിനു ഹാ, കഷ്ടം!

ശിലാഹൃദയം കൊണ്ടു
പ്രണയത്തിന്റെ വഴികളിഴകീറി
കാലം പാഴാക്കരുതേ!

ആത്മാവിന്റെ സംഗീതസദിരിൽ
ക്ഷണിതാക്കളല്ല
പ്രണയത്തിനന്യരായവർ.

എരിയുന്നവയ്ക്കേ
പുകയുമുള്ളു.
(സാദി 1184-1283)

*
നിങ്ങളിലെ നിങ്ങളെ
അട്ടിമറിയ്ക്കൂ,
നിങ്ങളെ കണ്ടെത്താൻ.
നിങ്ങൾ തന്നെ
ആകാശമായിരിക്കെ
നക്ഷത്രങ്ങളെപ്രതി
എന്തിനീ വേവലാതി?
അറിയുന്ന വകകളാണു
ലോകമാകെ.
നിങ്ങളോ-
മറഞ്ഞ നിധിയാണു
നിങ്ങൾ.
ആനന്ദത്തോടെയോർക്കുക-
നിങ്ങൾക്കു ലോകം
നിങ്ങൾ തന്നെ.
(സനായ് 1080-1131)

*
യുക്തിയുടെയും ന്യായത്തിന്റെയും
വഴിക്കു പോയവർ-
പാണ്ഡിത്യത്തിന്റെ ചിട്ടകളെ,
വിശ്വാസത്തിന്റെ പ്രമാണങ്ങളെ
അനുകരിക്കാൻ പോയവർ-
ഉണ്മയുടെ രഹസ്യങ്ങൾ
അവരറിഞ്ഞിട്ടില്ല.
ലോകത്തിലെത്തിയപ്പോൾ
അവരന്ധാളിച്ചുപോയി,
അന്ധാളിപ്പു മാറാതെ
അവർ ലോകം വിട്ടുപോയി.
(സാഫി അലിഷാ 1836-1898)

*
എവിടെയുമുയരുന്നു, 
പ്രണയത്തിന്റെ സംഗീതം;
എവിടെയാണു, പക്ഷേ,
പുല്ലാങ്കുഴൽ?

തല മന്ദിച്ചു നടക്കുന്നു
മദ്യപന്മാർ;
അവരെയുന്മത്തരാക്കിയ
മദിരയെവിടെ?

എത്ര വർത്തകസംഘങ്ങൾ
കടന്നുപോയി;
അത്ഭുതം വേണ്ട,
ഒരു കാൽപ്പാടും
ശേഷിക്കുന്നില്ലെങ്കിൽ.

(മുഹമ്മദ് ഷിരിൻ മഗിരിബി  ?-1407)

link to image

Tuesday, September 28, 2010

റില്‍ക്കെ-വിതാലിയുടെ പ്രഭാതം


വിതാലിയുടെ ഉറക്കം ഞെട്ടി. ഉറക്കത്തിൽ താനേതെങ്കിലും സ്വപ്നം കണ്ടിരുന്നോയെന്ന് അവനോർമ്മയുണ്ടായില്ല. പക്ഷേ ഒരു പതിഞ്ഞ മന്ത്രിക്കലാണ്‌ തന്നെ ഉണർത്തിയതെന്ന് അവനറിയാമായിരുന്നു. അവന്റെ നോട്ടം നേരെ ക്ളോക്കിലേക്കു പോയി: നാലു കഴിഞ്ഞിരിക്കുന്നു. മുറിയിലെ പാതിയിരുട്ടിലേക്ക് പിന്നെ വെളിച്ചം കയറിവന്നു. അവൻ എഴുന്നേറ്റ് ജനാലയ്ക്കടുത്തേക്കു നടന്നുചെന്നു; അവന്റെ വെളുത്ത കമ്പിളിക്കുപ്പായം ഒരു യുവസന്ന്യാസിയുടെ പരിവേഷം അവനു നല്‍കിയുമിരുന്നു. അവനു മുന്നിൽ ചെറിയ പൂന്തോപ്പ്-നിശ്ശബ്ദവും, നിർജ്ജനവുമായി. രാത്രിയിൽ മഴ പെയ്തിരിക്കണം. ഇല കൊഴിഞ്ഞ കറുത്ത മരക്കൊമ്പുകൾക്കിടയിലൂടെ ഇരുണ്ട നിലം അവന്റെ കണ്ണിൽപ്പെട്ടു; നിറഞ്ഞു കനത്തപോലെ; പിൻവാങ്ങിയ രാത്രി മാനത്തേക്കുയരുന്നതിനു പകരം നിലത്തേക്കൂർന്നിറങ്ങിയപോലെ. ആകാശം നിശ്ശൂന്യമായിരുന്നു, മേഘം മൂടി, കാറ്റിലിളകി. തന്റെ നോട്ടം ലക്ഷ്യഹീനമായി മേഘങ്ങൾക്കിടയിൽ അലയുമ്പോൾത്തന്നെ അവൻ ആ മന്ത്രിക്കൽ വീണ്ടും കേട്ടു; അകലെയിരുന്നു സൂര്യോദയം ഘോഷിക്കുന്ന വാനമ്പാടികളാണവയെന്ന് അപ്പോഴേ അവനു മനസ്സിലായുള്ളു. എവിടെയുമുണ്ടായിരുന്നു അവരുടെ ശബ്ദങ്ങൾ, അടുത്തും അകലെയും; ചൂടു പിടിച്ചുവരുന്ന വായുവിൽ അലിഞ്ഞിറങ്ങുന്നപോലെ; കാതു കൊണ്ടു കേൾക്കുകയല്ല, വന്നുതൊടുകയാണെന്നപോലെ. ശബ്ദങ്ങൾ നിറഞ്ഞ ഈ നേരത്തെ ഒരു പേരെടുത്തും വിളിക്കാനാവില്ലെന്നും, ഒരു ഘടികാരത്തിലും അതു വായിക്കാനാവില്ലെന്നും പെട്ടെന്നവനു ബോധ്യമായി. പ്രഭാതമായിട്ടില്ല, രാത്രി കഴിഞ്ഞിട്ടുമില്ല. ആ മനസ്സോടെ അവൻ ജനാലയ്ക്കു ചോടെയുള്ള പൂന്തോട്ടത്തിനടുത്തേക്കു ചെന്നു; ഇപ്പോൾ അതിന്റെ മുഖം തനിക്കു മനസ്സിലാകുന്നുണ്ടെന്ന് അവനു തോന്നി. മുമ്പ് തന്റെ ശ്രദ്ധയിൽ പെടാത്ത ഒന്ന് അവൻ കണ്ടു: മുരത്ത ചെടികളിൽ കുഞ്ഞുകിളികളുടെ വലിപ്പത്തിൽ കാത്തിരിക്കുകയാണു മൊട്ടുകൾ. പ്രതീക്ഷയും ക്ഷമയുമാണ്‌ അവിടെയെങ്ങും. മരങ്ങളും, പുതുതായെന്തിനോ ഒരുക്കിയിട്ടപോലത്തെ വട്ടത്തിലുള്ള കൊച്ചു പുൽത്തകിടികളും ആകാശത്തു നിന്ന് പകൽ ഇറങ്ങിവരാൻ കാത്തുനില്ക്കുകയാണ്‌; തെളിഞ്ഞൊരു പകൽ അവ പ്രതീക്ഷിക്കുന്നുമില്ല; പ്രകൃതിയിലെ സർവതും കൈക്കുമ്പിളുകളായി നില്ക്കെ വീണു മുറിപ്പെടാതെ മഴയ്ക്കിറങ്ങിവരാവുന്ന ഒരു ദിവസം. എത്ര ഹൃദയസ്പർശിയാണ്‌ ഈ കൊച്ചുപൂന്തോട്ടത്തിന്റെ ക്ഷമ. പക്ഷേ വിതാലി വിളിച്ചുപറഞ്ഞു: ഇതൊരു ഗോത്തിക് ജനാലയിലൂടെ നോക്കുന്നപോലെയുണ്ട്. പിന്നെയവൻ സാവധാനം തന്റെ കിടക്കയിലേക്കു തിരിച്ചുനടന്നു. വിധേയതയോടെ അവൻ ഉറക്കത്തെ ഏറ്റെടുത്തു. എന്നിട്ടും പുറത്ത് ഗംഭീരമായ ഒരു മഴ പെയ്തുതുടങ്ങുന്നതും, പിന്നെ ഇരച്ചിറങ്ങുന്നതും അവൻ കേൾക്കാതിരുന്നുമില്ല.


link to image


Monday, September 27, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബര്‍ട്ട്-മനസ്സാക്ഷി



ഒരുപദേശവുമില്ല
ഒരു താക്കീതുമില്ല
എന്റെ മനസ്സാക്ഷിയ്ക്കെനിക്കു നല്കാൻ

ആകാമെന്നോ അരുതെന്നോ
അയാൾ പറയാറില്ല

അത്ര പതിഞ്ഞതാണൊച്ച
പറഞ്ഞാലൊട്ടു തിരിയുകയുമില്ല

നിങ്ങളെത്ര തല കുനിച്ചാലും
ചില അക്ഷരങ്ങളേ പുറത്തു കേൾക്കൂ
അവയ്ക്കർത്ഥവുമുണ്ടാവില്ല

ഞാനയാളെ മോശക്കാരനാക്കാറില്ല
മാന്യമായിട്ടാണെന്റെ പെരുമാറ്റം

എനിക്കു തുല്യനാണയാളെന്നു ഞാൻ നടിക്കും
അയാൾ പറയുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും

ചിലനേരം ഞാനയാളോടു വർത്തമാനത്തിനും മുതിരും
-ഇന്നലെ ഞാനൊരാളെ ധിക്കരിച്ചു കേട്ടോ
ഇന്നേവരെ ഞാനങ്ങനെയൊന്നു ചെയ്തിട്ടില്ല
ഇപ്പോഴും ഞാനതു ചെയ്യില്ല

-ഗ്ളു-ഗ്ളു

- ഞാൻ ചെയ്തതു ശരിയാണെന്നാണോ
നിങ്ങൾ പറയുന്നത്

-ഗാ-ഗോ-ഗീ

-നമുക്കൊരേ അഭിപ്രായമാണെന്നറിഞ്ഞതിൽ
സന്തോഷം

-മാ-ആ-

-നിങ്ങൾ പോയിയൊന്നു വിശ്രമിക്കൂ
നമുക്കു നാളെയും സംസാരിക്കാം

എനിക്കയാളെക്കൊണ്ട് ഒരുപയോഗവുമില്ല
എനിക്കയാളെ മറന്നുകളയാം

എനിക്കയാളിൽ ഒരു പ്രതീക്ഷയുമില്ല
സഹതാപം കൊണ്ടു മൂടി
അയാളവിടെക്കിടക്കുമ്പോൾ
കനക്കെ ശ്വാസം വിട്ടുകൊണ്ട്
വായും തുറന്നുകൊണ്ട്
നിശ്ചേഷ്ടമായ തല പൊന്തിക്കാൻ
അയാൾ നോക്കുമ്പോൾ
ഒരു പശ്ചാത്താപം മാത്രം


റില്‍ക്കെ-പിന്നെയും പിന്നെയും


അത്ര പരിചിതം
പ്രണയത്തിന്റെ ദേശം നമുക്കെങ്കിലും,
അത്ര പരിചിതം
പേരുകൾ പറഞ്ഞു വിലപിക്കുന്ന
പള്ളിമുറ്റം നമുക്കെങ്കിലും,
അത്ര പരിചിതം
എല്ലാം ചെന്നൊടുങ്ങുന്ന ഗർത്തത്തിന്റെ
നിശ്ശബ്ദഭീകരത നമുക്കെങ്കിലും,
പിന്നെയും പിന്നെയും
നാമൊരുമിച്ചിറങ്ങിപ്പോകും,
ജരയോടിയ മരങ്ങൾക്കടിയിൽ
വിടർന്ന പൂക്കൾക്കിടയിൽ
മാനത്തെ നേർക്കുനേർ നോക്കി
മലർന്നുകിടക്കാൻ,
പിന്നെയും പിന്നെയും.


Sunday, September 26, 2010

റൂമി-9

 


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.

ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


ഞാൻ ചെയ്യുന്നതെന്തെന്നെനിയ്ക്കറിയുമെന്നോ
നീ കരുതി?
ഒരു ശ്വാസത്തിന്റെ, ഒരു പാതിശ്വാസത്തിന്റെ നേരത്തി-
നെനിയ്ക്കുടമയാണു ഞാനെന്നും?
താനെഴുതുന്നതെന്തെന്നു പേനയ്ക്കറിയുമെങ്കിൽ,
താനിനി കുതിയ്ക്കുന്നതെവിടെയ്ക്കെന്നു
പന്തിനറിയുമെങ്കിൽ.


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ
തുറന്നുവയ്ക്കുക.
പറന്നുനടക്കട്ടെയാത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


ഈറ്റപ്പാടത്തു നിന്നൊരു തണ്ടു വലിച്ചെടുത്തൊരു വിദ്വാൻ
അതിനു തുളകളിട്ടു, മനുഷ്യനെന്നതിനു പേരുമിട്ടു.
അതിൽപ്പിന്നതു പാടിയും കരഞ്ഞും നടക്കുകയാ-
ണൊരു വേർപാടിന്റെ വേദനകൾ.


എനിക്കു നിന്നെയൊന്നു ചുംബിക്കണം.
നിന്റെ ജീവിതമാണേ ചുംബനത്തിന്റെ വില.

ഇതായെന്റെ പ്രണയം കൂവിവിളിച്ചുകൊ-
ണ്ടെന്റെ ജീവിതത്തിനു നേർക്കോടുന്നു.
എന്തു ലാഭം, നമുക്കതു വാങ്ങിയാലോ!


എന്നിൽ നിറഞ്ഞിരിക്കുന്നു നീ.
തൊലിയിൽ, ചോരയിൽ, എല്ലിൽ,
ചിന്തയിൽ, ആത്മാവിലും.
വിശ്വാസത്തിനിടമില്ലിവിടെ,
അവിശ്വാസത്തിനും.
ഈയുണ്മയിലുള്ളത്
ആ ഉണ്മ.


link to image


Saturday, September 25, 2010

അന്തോണിയോ മച്ചാദോ-സഞ്ചാരി


പല വഴികൾ ഞാൻ നടന്നു
പല വഴികൾ ഞാൻ തെളിച്ചു;
നൂറു കടലുകൾ ഞാൻ തുഴഞ്ഞു
നൂറു തുറകളിൽ  കടവടുത്തു.

എവിടെയും ഞാൻ കണ്ടതു
വിഷാദത്തിന്റെ പടയണി,
മദ്യപന്മാരുടെ കരിനിഴലുകൾ,
അഭിമാനികൾ, വിഷാദികൾ.

അമിതാഭിനയക്കാർ, പണ്ഡിതന്മന്യന്മാർ,
വായ തുറക്കാത്ത മാന്യന്മാർ,
എല്ലാം കണ്ടവർ തങ്ങളെന്നു
പുറത്തിറങ്ങാതെ നടിക്കുന്നവർ.

കാണുന്നതൊക്കെ പുച്ഛിച്ചു
ചുറ്റിനടക്കുന്ന പരിഷകൾ...

എവിടെയും ഞാൻ കണ്ടിരിക്കുന്നു
നേരം കിട്ടുമ്പോൾ നൃത്തം ചെയ്യുന്ന,
കളിയ്ക്കാനിറങ്ങുന്ന മനുഷ്യരെ,
ഒരു തൂണ്ടു നിലത്തു പണിയെടുക്കുന്നവരെ.

എവിടെയെങ്കിലുമെത്തിയാൽ
എവിടെയെത്തിയെന്നു തിരക്കാറില്ലവർ.
അവർക്കു യാത്ര ചെയ്യാൻ
പ്രായം ചെന്നൊരു കോവർകഴുത,

ഏതൊഴിവുനാളുമാവട്ടെ
ഒരു തിരക്കുമില്ലവർക്ക്,
വീഞ്ഞുണ്ടെങ്കിൽ വീഞ്ഞു കുടിയ്ക്കുമവർ,
അതില്ലെങ്കിൽ പച്ചവെള്ളവും.

നല്ല മനുഷ്യരവർ, ജീവിക്കുന്നവർ,
പണിയെടുക്കുന്നവർ, കടന്നുപോകുന്നവർ,
സ്വപ്നം കാണുന്നവർ, പിന്നെയൊരുനാൾ
നമ്മെപ്പോലെതന്നെ മണ്ണിനടിയിൽ
വിശ്രമിക്കാൻ പോകുന്നവർ.


Friday, September 24, 2010

അന്തോണിയോ മച്ചാദോ -ഓർമ്മയുടെ ചില ചായപ്പലകകൾക്ക്…

File:Antonio Machado.jpg


ഓർമ്മയുടെ ചില ചായപ്പലകകൾക്ക്
ഏകാന്തമായൊരു ഗ്രാമോദ്യാനത്തിന്റെ ദീപ്തി,
നിദ്രയുടെ പരിചിതദേശത്തു കണ്ട
സ്വപ്നത്തിന്റെ ശാന്തി.

ഇനിയും ചിലതിൽ കാണുന്നു
പൊയ്പ്പോയ  നാളുകളിലെ ഉത്സവമേളങ്ങൾ,
കൂത്തുകാരന്റെ ചരടിൽ തുള്ളുന്ന
പാവക്കോലങ്ങൾ...

പൂ വിടർന്ന മട്ടുപ്പാവിനപ്പുറം
മനം കടുത്തൊരു പ്രണയത്തിന്റെ സംഗമം.

തുടുത്ത വെയിലിൽ വെട്ടിത്തിളങ്ങുന്ന സന്ധ്യ...
വെളുത്ത ചുമരിനു മേൽ തുളുമ്പിവീഴുന്ന വള്ളികൾ...

നിഴലടഞ്ഞ തെരുവിന്റെ വളവിൽ
വെളുത്ത ലില്ലിപ്പൂവിനെ ചുംബിക്കുന്ന മായാരൂപം.


 

റില്‍ക്കെ-ഭീതികൾ

File:Rainer Maria Rilke.jpg

 

 

അഞ്ചു കോണിപ്പടികൾ കയറിച്ചെല്ലുന്നിടത്ത് കട്ടിലിൽ കിടക്കുകയാണു ഞാൻ; യാതൊന്നും തടസ്സമാവാത്ത എന്റെ ദിവസമോ, സൂചികളില്ലാത്തൊരു ഘടികാരം പോലെ. വളരെപ്പണ്ടെന്നോ നഷ്ടമായൊരു സംഗതി ഒരു പ്രഭാതത്തിൽ അതിരുന്ന അതേ സ്ഥാനത്ത്, ആരോ അതിനെ കാത്തുസൂക്ഷിക്കുകയായിരുന്നുവെന്നപോലെ, ഒരു കേടും പറ്റാതെ, കാണാതായപ്പോഴത്തേതിനേക്കാൾ പുതുതായി  പ്രത്യക്ഷമാകുന്നതുപോലെ-: അതുപോലെ, എന്റെ വിരിപ്പിൽ അവിടവിടെ വീണുകിടക്കുകയാണ്‌  എന്റെ ബാല്യകാലാനുഭൂതികൾ, പുതിയവയെന്നപോലെ. പൊയ്പ്പോയ ഭീതികളൊക്കെ മടങ്ങിയെത്തിയിരിക്കുന്നു.

എന്റെ വിരിപ്പിന്റെ തുഞ്ചത്തെറിച്ചുനില്ക്കുന്ന ഒരു കമ്പിളിനൂൽ കടുപ്പമുള്ളതാവുമോയെന്ന, ഒരിരുമ്പാണി പോലെ കടുപ്പവും മൂർച്ചയുമുള്ളതാവുമോയെന്ന ഭീതി; ഞാൻ രാത്രിയിലിട്ട ഉടുപ്പിലെ ഈ ബട്ടൺ എന്റെ തലയെക്കാൾ വലുതാവുമോയെന്ന, അതിനെക്കാൾ വലുതും ഭാരിച്ചതുമാവുമോയെന്ന ഭീതി; എന്റെ കിടക്കയിൽ നിന്ന് ഇപ്പോൾ താഴെ വീണ ഈ റൊട്ടിക്കഷണം ഒരു കണ്ണാടിച്ചീളായി മാറി തറയിൽ ഇടിച്ചു ചിതറുമോയെന്ന ഭീതി; അങ്ങനെ വരുമ്പോൾ സർവ്വതും എന്നെന്നേക്കുമായി തകർന്നുപോകുമോയെന്ന ആധി; വക്കു ചുളുങ്ങിയ ഒരു കത്തു പൊട്ടിച്ചത് നിഷിദ്ധമായ ഒരു പ്രവൃത്തിയായോയെന്ന ഭീതി; ഈ മുറിയിൽ ഒരിടവും സുരക്ഷിതമല്ലാത്ത വിധം,ഒരാളുടെയും കണ്ണിൽ പെടാൻ പാടില്ലാത്ത വിധം,  പറയാനാവാത്ത വിധം അമൂല്യമാണതെന്നപോലെ; ഉറങ്ങിപ്പോയാൽ സ്റ്റൗവിനു മുന്നിൽ കിടക്കുന്ന കല്ക്കരി ഞാനെടുത്തു വിഴുങ്ങുമോയെന്ന ഭീതി; ഒരക്കം എന്റെ തലയ്ക്കുള്ളിൽ കിടന്നു പെരുകി ഒടുവിൽ അതിനിടം പോരാതെവരുമോയെന്ന ഭീതി; കരിങ്കല്ലിൽ, നരച്ച കരിങ്കല്ലിലാണോ ഞാൻ കിടക്കുന്നതെന്ന ഭീതി; ഞാൻ വിളിച്ചുകൂവാൻ തുടങ്ങുമെന്നും, ആളുകൾ ഓടിക്കൂടി എന്റെ കതകു ചവിട്ടിപ്പൊളിക്കുമെന്നുള്ള ഭീതി; ഞാൻ എല്ലാം വെളിപ്പെടുത്തുമോയെന്ന, ഞാൻ ഭയക്കുന്നതൊക്കെ പുറത്തുപറയുമോയെന്ന ഭീതി; ഒന്നും പറയാൻ എനിക്കു കഴിയാതെവരുമോയെന്ന, പറയാനരുതാത്തതാണെല്ലാമെന്ന ഭീതിയും; - പിന്നെ മറ്റു ഭീതികൾ...ഭീതികൾ.

എന്റെ ബാല്യത്തിന്റെ വീണ്ടെടുപ്പിനായി ഞാൻ പ്രാർത്ഥിച്ചു, അതു മടങ്ങിയെത്തുകയും ചെയ്തു; ഇപ്പോൾ ഞാനറിയുന്നു, പണ്ടത്തേതുപോലെതന്നെ ദുർവഹമാണ്‌ ഇന്നുമതെന്ന്, മുതിർന്നതു കൊണ്ട് വിശേഷിച്ചു ഫലമൊന്നുമുണ്ടായിട്ടില്ലെന്നും.


Thursday, September 23, 2010

അന്തോണിയോ മച്ചാദോ -നിന്റെ വെളുത്ത ശവക്കോടി...


നിന്റെ വെളുത്ത ശവക്കോടി കണ്ടെന്നു
പുലരി വന്നു പറയുന്നു പ്രിയേ;
എന്റെ കണ്ണുകളിനി കാണില്ല നിന്നെ,
എന്റെ ഹൃദയം കാക്കുന്നു നിന്നെ!

പുലർച്ചെ തെന്നലിന്റെ കൈകൾ
നിന്റെ പേരെനിക്കെത്തിച്ചു പ്രിയേ;
മലകളന്യോന്യം മന്ത്രിക്കുന്നുവല്ലോ,
നീ ചുവടു വയ്ക്കുന്ന മാറ്റൊലി...
എന്റെ കണ്ണുകളിനി കാണില്ല നിന്നെ,
എന്റെ ഹൃദയം കാക്കുന്നു നിന്നെ!

നിഴലടഞ്ഞ മേടകളിൽ
മണികൾ മുഴങ്ങുന്നു...
എന്റെ കണ്ണുകളിനി കാണില്ല നിന്നെ,
എന്റെ ഹൃദയം കാക്കുന്നു നിന്നെ!

ചുറ്റികയുടെ പ്രഹരങ്ങൾ പറയുന്നു
ഒരു കറുത്ത പേടകത്തിന്റെ കാര്യം,
മൺവെട്ടി വീഴുന്ന ശബ്ദം
കുഴി വെട്ടുന്നതെവിടെയെന്നും...
എന്റെ കണ്ണുകളിനി കാണില്ല നിന്നെ,
എന്റെ ഹൃദയം കാക്കുന്നു നിന്നെ!


റില്‍ക്കെ-ശരല്ക്കാലദിവസം


പ്രഭോ: നേരമായി. വിപുലഗ്രീഷ്മം കടന്നുപോയി.
ഇനി നിന്റെ നിഴലുകളാൽ മൂടുക സൂര്യഘടികാരങ്ങളെ,
മേടുകളിൽ കെട്ടഴിച്ചുവിടുക കാറ്റുകളെ.

മരങ്ങളിൽ, വള്ളികളിൽ വിളയട്ടെ കനികളെന്നു കല്പിക്കുക;
ഇനിയും ചില തെളിഞ്ഞ നാളുകൾ കൂടിയവയ്ക്കനുവദിക്കുക,
പിന്നെ സാഫല്യത്തിലേക്കവയെ തിടുക്കപ്പെടുത്തുക,
കൊഴുത്ത വീഞ്ഞിലന്തിമമാധുര്യം പിഴിഞ്ഞൊഴിക്കുക.

ഇന്നു വീടില്ലാത്തവനു വീടുണ്ടാവില്ലൊരുകാലവും,
ഇന്നൊറ്റയാവനൊറ്റയാവുമിനിയെന്നും,
രാത്രി വൈകിയുമവനിരിക്കും, വായിക്കും, നീണ്ടുനീണ്ട കത്തുകളെഴുതും,
നടവഴികളിലലഞ്ഞലഞ്ഞുനടക്കും:
പഴുക്കിലകൾ കൊഴിഞ്ഞുവീഴുകയുമാവും.


Wednesday, September 22, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബര്‍ട്ട് – ഗദ്യകവിതകള്‍ -4

File:Le yaouanc dessin 2006.jpg



ഒരു പിശാച്

പിശാചെന്ന നിലയിൽ തികഞ്ഞ പരാജയമാണവൻ. എന്തിനവവന്റെ വാലു പോലും. തുഞ്ചത്തു കറുത്ത രോമക്കൊണ്ടയുമായി നീണ്ടു മാംസളമായതല്ല, മറിച്ച്, മുയലിന്റേതു പോലെ പഞ്ഞി കണക്കെ ഒരു കുറ്റിവാല്‌; കണ്ടാൽ ചിരി വരും. ഇളംചുവപ്പാണ്‌ അവന്റെ തൊലിയ്ക്ക്; ഇടതു തോൾപ്പലകയ്ക്കു താഴെയായി ഒരു സ്വർണ്ണനാണയത്തിന്റെ മുഴുപ്പിൽ ഒരടയാളമുണ്ടെന്നു മാത്രം. കൊമ്പുകളുടെ കാര്യമാണു മഹാകഷ്ടം. മറ്റു പിശാചുക്കളുടേതു പോലെ പുറത്തേക്കല്ല അവ വളരുന്നത്, തലച്ചോറിനുള്ളിലേക്കാണ്‌. ഇടയ്ക്കിടെ അവനു തലവേദന വരുന്നതിനു കാരണം അതുതന്നെ.
അവനൊരു വിഷാദക്കാരനാണ്‌. ദിവസങ്ങൾ തുടർച്ചയായി അവനുറക്കമാണ്‌. നന്മയോ തിന്മയോ ഒന്നും അവനെ ആകർഷിക്കാറില്ല. അവൻ തെരുവിലൂടെ നടന്നുപോവുമ്പോൾ ഇളംചുവപ്പുനിറത്തിൽ അവന്റെ ശ്വാസകോശങ്ങൾ തുടിക്കുന്നത് നിങ്ങൾക്കു വ്യക്തമായി കാണാം.

മാലാഖയല്ലാതെ മറ്റെന്തെങ്കിലും

മരണശേഷം നമ്മെ കാറ്റിന്റെ പാതകളിൽ നടക്കുന്ന വാടിയൊരു കൊച്ചു തീനാളമാക്കി മാറ്റാനാണ്‌ അവർ ഉദ്ദേശിക്കുന്നതെങ്കിൽ- നാമതു ചെറുക്കണം. വായുവിന്റെ മടിയിൽ, ഒരു മഞ്ഞ പരിവേഷത്തിന്റെ തണലിൽ, പരന്നൊട്ടിയ ഗായകസംഘങ്ങളുടെ മർമ്മരങ്ങളും ശ്രവിച്ചുള്ള നിതാന്തവിശ്രമം കൊണ്ടെന്തു ഗുണം?
പാറയിൽ, തടിയിൽ, ജലത്തിൽ, ഒരു കവാടത്തിന്റെ വിള്ളലിൽ കടന്നുകയറണം നമ്മൾ. സുതാര്യമായ പരിപൂർണ്ണതയുടെ സീല്ക്കാരത്തെക്കാൾ വെറും തറയുടെ കരകരപ്പു തന്നെ ഭേദം.

ലോകം നിശ്ചലമാകുമ്പോൾ

വളരെ ചുരുക്കമായേ ഇങ്ങനെ സംഭവിക്കാറുള്ളു. ഭൂമിയുടെ അച്ചുതണ്ട് ഒരു ചീറ്റലോടെ കറക്കം നിർത്തുന്നു. സകലതും അപ്പോൾ നിശ്ചലമാകുന്നു: കൊടുങ്കാറ്റുകൾ, കപ്പലുകൾ, താഴ്വരകളിൽ മേയുന്ന മേഘങ്ങൾ. പുൽമേട്ടിലെ കുതിരകൾ പോലും മുഴുമിക്കാത്തൊരു ചെസ്സുകളിയിലെ കരുക്കൾ പോലെ അനക്കമറ്റു നില്ക്കുന്നു.
പിന്നെ ഒരല്പനേരം കഴിഞ്ഞ് ലോകം വീണ്ടും ചലനത്തിലാവുന്നു. കടൽ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുന്നു, താഴ്വാരങ്ങൾ നീരാവി അയയ്ക്കുന്നു, കുതിരകൾ കറുത്ത കളത്തിൽ നിന്ന് വെളുത്ത കളത്തിലേക്കു മാറുന്നു. വായുക്കൾ തമ്മിലിടിയ്ക്കുന്ന മാറ്റൊലിയും കേൾക്കാറാകുന്നു.

മേശയുടെ കാര്യത്തിൽ ശ്രദ്ധിക്കുക

മേശയുടെ മുന്നിലിരിക്കുമ്പോൾ നിങ്ങൾ ശാന്തചിത്തരായിരിക്കണം; ദിവാസ്വപ്നമൊന്നും വേണ്ട. കോളു കൊണ്ട കടലിന്റെ ഏറ്റിറക്കങ്ങൾക്ക് പ്രശാന്തവലയങ്ങളായി സ്വയം ചിട്ടപ്പെടാൻ എന്തുമാത്രം യത്നപ്പെടേണ്ടിവന്നുവെന്ന് ഒന്നോർത്തുനോക്കുക. ഒരു നിമിഷനേരത്തെ അശ്രദ്ധ മതി, ഒക്കെ വെറുതെയാവാൻ. മേശക്കാലുകളിൽ ഉരുമ്മുന്നതും വിലക്കപ്പെട്ടിരിക്കുന്നു, അത്ര മൃദുപ്രകൃതികളാണവ. മേശയ്ക്കരികിലിരുന്നു ചെയ്യുന്നതൊക്കെ മനസ്സിളക്കമില്ലാതെ, കാര്യമാത്രപ്രസക്തമായി ചെയ്യേണ്ടതാവുന്നു. ഒക്കെ മുമ്പേ കൂട്ടി തീരുമാനിച്ചുറപ്പിച്ചെങ്കിലല്ലാതെ നിങ്ങൾക്കിവിടെ ഇരുപ്പു പിടിക്കാനാവില്ല. ദിവാസ്വപ്നം കാണാനാണെങ്കിൽ തടിയിൽ ചെയ്ത ഉരുപ്പടികൾ  വേറെ തന്നിട്ടുണ്ടല്ലോ: കാട്, കട്ടിൽ.

link to image

Tuesday, September 21, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട്-മഴ

image

യുദ്ധം കഴിഞ്ഞു വരുമ്പോൾ
എന്റെ ജ്യേഷ്ഠന്റെ നെറ്റിയിൽ
ഒരു കുഞ്ഞുവെള്ളിനക്ഷത്രമുണ്ടായിരുന്നു
നക്ഷത്രത്തിനടിയിൽ
ഒരു ഗർത്തവും

വെർദൂണിൽ വച്ച്
ഒരു വെടിച്ചീളദ്ദേഹത്തിനേറ്റു
അതോ ഗ്രൂൺവാൾഡിൽ വച്ചോ
(അതദ്ദേഹം കൃത്യമായിട്ടോർക്കുന്നില്ല)

പല ഭാഷകളിൽ
ധാരാളം സംസാരിക്കുമായിരുന്നു അദ്ദേഹം
എന്നാലുമാൾക്കേറെയിയിഷ്ടം
ചരിത്രത്തിന്റെ ഭാഷയായിരുന്നു

ശ്വാസം പോകും വരെയും
തന്റെ ചങ്ങാതിമാരെ ഓടിപ്പോകാൻ
നിർബ്ബന്ധിക്കുകയായിരുന്നു അദ്ദേഹം
റൊളാങ്ങ് കൊവാൾസ്കി ഹനിബാൾ

അദ്ദേഹം ആക്രോശിക്കുകയായിരുന്നു
ഇതാണവസാനത്തെ കുരിശ്ശുയുദ്ധമെന്ന്
കാർത്തേജ് വൈകാതെ വീഴുമെന്ന്
പിന്നെ തേങ്ങിക്കൊണ്ട് അദ്ദേഹം സമ്മതിച്ചു
നെപ്പോളിയന്‌ തന്നെ ഇഷ്ടമില്ലായിരുന്നുവെന്ന്

ഞങ്ങൾ നോക്കിനില്ക്കുമ്പോൾ
അദ്ദേഹം വിളറി വെളുക്കുകയായിരുന്നു
ഇന്ദ്രിയങ്ങൾ അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു
സാവധാനം അദ്ദേഹമൊരു സ്മാരകമാവുകയായിരുന്നു

കാതുകളുടെ സംഗീതച്ചിപ്പികളിൽ
കല്ലുകളുടെ കാടു കയറി
മുഖത്തെ ചർമ്മം
കണ്ണുകളുടെ
കാണാത്ത വരണ്ട ബട്ടണുകൾ
തറച്ചുവച്ചു

അദ്ദേഹത്തിൽ ബാക്കിയായത്
സ്പർശം മാത്രം

കൈകൾ കൊണ്ട്
എന്തുമാത്രം കഥകൾ പറഞ്ഞിരുന്നു അദ്ദേഹം
വലതുകൈയിൽ വീരഗാഥകൾ
ഇടതുകൈയിൽ പട്ടാളക്കാരന്റെ ഓർമ്മകൾ

എന്റെ ജ്യേഷ്ഠനെ
നഗരത്തിനു പുറത്തേക്കെടുത്തു കൊണ്ടുപോയി
എല്ലാ ശരത്കാലത്തിലും
അദ്ദേഹം മടങ്ങിവരും
മെലിഞ്ഞ്, യാതൊന്നും മിണ്ടാതെ
വീട്ടിലേക്കു കയറില്ലദ്ദേഹം
ജനാലയിൽ തട്ടി എന്നെ വിളിയ്ക്കും

തെരുവുകളിലൂടെ ഞങ്ങൾ നടക്കും
നടക്കാനിടയില്ലാത്ത കഥകൾ
അദ്ദേഹമെനിക്കു പറഞ്ഞുതരും
മഴയുടെ അന്ധമായ വിരലുകളാൽ
എന്റെ മുഖത്തെ സ്പർശിച്ചും കൊണ്ട്


link to image


Monday, September 20, 2010

ആർതർ റിംബോ- ഒരു ഹേമന്തസ്വപ്നം



മഞ്ഞുകാലത്തൊരുനാളിൽ
ഒരു യാത്രയ്ക്കിറങ്ങും നാം,
നീലിച്ച മെത്തയിട്ടു
ചെഞ്ചായം തേച്ച തീവണ്ടിമുറിയിൽ.
ഓരോരോ കോണിലും പതിയിരുപ്പു-
ണ്ടുന്മത്തചുംബനങ്ങൾ.

ജനാലച്ചില്ലിലൂടെ
പുറത്തേയ്ക്കു നോക്കില്ല നീ,
നിനക്കു കാണേണ്ട
മുഖം വക്രിച്ച സന്ധ്യയുടെ നിഴലുകളെ,
അമറുന്ന സത്വങ്ങളവ,
കരിഞ്ചാത്തന്മാർ, കറുത്ത ചെന്നായപ്പറ്റം.

പൊടുന്നനേ നിന്റെ കവിളിന്മേൽ
നീയൊരു പോറലറിയും ...
നിന്റെ കഴുത്തിലൂടോടിനടക്കുന്നു
വിരണ്ട ചിലന്തി പോലൊരു കുഞ്ഞുചുംബനം...
“അതിനെപ്പിടിയ്ക്കൂ”
കഴുത്തു കുനിച്ചും കൊണ്ടു നീ യാചിക്കും,
ഒരുപാടു നേരമെടുത്തു നാം പിടിയ്ക്കും,
ഒരുപാടിടത്തു പോകുമാ ജന്തുവിനെ.

link to image

അന്തോണിയോ മച്ചാദോ -സായാഹ്നത്തിന്റെ പാതയിലൂടെ ...

image

സായാഹ്നത്തിന്റെ പാതയിലൂടെ
സ്വപ്നം കണ്ടു ഞാൻ നടന്നു.
പൊൻനിറമായ കുന്നുകൾ,
പച്ചനിറത്തിൽ പൈനുകൾ,
പൊടി പിടിച്ച ഓക്കുമരങ്ങൾ!...
ഈ വഴി പോകുന്നതേതു വഴി??
ചുണ്ടത്തൊരു പാട്ടുമായി ഞാൻ നടന്നു ,
വഴി പോകുന്നൊരു സഞ്ചാരി...
സായാഹ്നമിരുളുകയായിരുന്നു.
“ഒരു മോഹമുള്ളു തറച്ച നെഞ്ചുമായി-
ട്ടൊരുകാലം ഞാൻ നടന്നു;
പിന്നെയൊരുനാൾ ഞാനതൂരിയെടുത്തു,
ഒന്നുമറിയാതെയായി നെഞ്ചതിൽപ്പിന്നെ.”
പിന്നെ ഭാവം പകരുന്നു ഗ്രാമം,
അതു മൗനത്തിലാഴുന്നു,
അതു ധൂസരമാകുന്നു,
അതു ധ്യാനത്തിലമരുന്നു.
പുഴക്കരെ, പോപ്ളാർ മരങ്ങൾക്കിടയിൽ
കാറ്റു ചൂളം കുത്തുന്നു.
സന്ധ്യ കനക്കുന്നു,
കുടിലമായ വഴി മങ്ങുന്നു, മായുന്നു,
കാണാതെയാവുന്നു.
എന്റെ ഗാനം ചരണമിടുന്നു:
“പൊന്നിന്റെ കൂർത്ത മുള്ളേ,
എനിക്കു മോഹം
നീ തറയ്ക്കുന്ന വേദന
നെഞ്ചിൽ വീണ്ടുമറിയാൻ!”

link to image

Sunday, September 19, 2010

പ്രണയകവിത (ആരോ എഴുതിയത്)

 

എന്തൊരുമയായിരുന്നു
ഇന്നലെവരെ നമുക്ക്-
ഞാൻ നീയായിരുന്നു,
നീ ഞാനും;
ഇന്നിതെന്തിങ്ങനെ-
ഞാൻ ഞാനാകാൻ,
നീ നീയാകാൻ?

Saturday, September 18, 2010

റില്‍ക്കെ-മുഖങ്ങൾ

image

 


 

 

 

 


 

 

ഞാനിതു നേരത്തേ പറഞ്ഞിട്ടുള്ളതാണോ? കാണാൻ പഠിക്കുകയാണു ഞാൻ. അതെ, ഞാൻ തുടങ്ങിയിട്ടേയുള്ളു. അതിനിയും വേണ്ട വഴിക്കായിട്ടില്ല. എന്നാൽക്കൂടി കിട്ടിയ സമയം പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണു ഞാൻ.

ഒരുദാഹരണം പറഞ്ഞാൽ, എത്രയാണു മുഖങ്ങൾ എന്നൊരു ചിന്ത എന്റെ മനസ്സിൽ മുമ്പുണ്ടായിട്ടേയില്ല. എത്രയാണു മനുഷ്യർ; അതിലധികമാണു മുഖങ്ങൾ പക്ഷേ; കാരണം ഒരാൾക്കു പലതുണ്ടല്ലോ മുഖങ്ങൾ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ട്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ അടരും; ഒരു നീണ്ടയാത്രയിൽ ധരിച്ച കൈയുറകൾ പോലെ അതു വലിഞ്ഞുനീളുകയും ചെയ്യും. മിതവ്യയക്കാരായ, സങ്കീർണ്ണതകളൊന്നുമില്ലാത്ത മനുഷ്യരാണവർ; അവർ അതു മാറ്റുകയേയില്ല; അതൊന്നു വൃത്തിയാക്കിച്ചിട്ടുമില്ല. ഇതിനെന്താ കുഴപ്പം? അവർ ചോദിക്കുകയാണ്‌; നേരേ മറിച്ചാണു കാര്യമെന്ന് അവരെ ബോധ്യപ്പെടുത്താൻ ആരെക്കൊണ്ടാവും? അവർക്കു വേറെയും പല മുഖങ്ങളുള്ള സ്ഥിതിയ്ക്ക് അവർ അവ എന്തു ചെയ്യുന്നുവെന്ന് തീർച്ചയായും നിങ്ങൾക്കു സംശയം തോന്നാം. ആ മുഖങ്ങൾ അടച്ചുപൂട്ടി വച്ചിരിക്കുകയാണവർ . അവരുടെ സന്തതികൾ അവയും ധരിച്ചു നടക്കും. ചിലപ്പോൾ പക്ഷേ, അവരുടെ നായ്ക്കളും പുറത്തു പോവുമ്പോൾ ആ മുഖങ്ങൾ എടുത്തു ധരിക്കാറുണ്ട്. എന്തു കൊണ്ടായിക്കൂടാ? മുഖം മുഖം തന്നെ.

അവിശ്വസനീയമായ വേഗത്തിൽ മുഖങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നവരാണ്‌ മറ്റുള്ളവർ; മാറ്റിയും വച്ചും അവ പഴകും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങൾക്കുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതിലെത്തുമ്പോഴേക്കും ഒന്നേ അവർക്കു ശേഷിക്കുന്നുണ്ടാവു. ഒരു ദുരന്തഛായ അതിനുണ്ടെന്നും പറയണം. മുഖങ്ങളെ വേണ്ടവിധം കൊണ്ടുനടക്കുക എന്നത് അവർക്കു ശീലത്തിലുള്ളതല്ല; അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചയ്ക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അതു കടലാസു പോലെ നേർത്തുപോകുന്നു; പിന്നെ പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി പുറമേ കണ്ടുതുടങ്ങുകയും ചെയ്യുന്നു: മുഖമല്ലാത്ത ഒന്ന്. അതും വച്ച് അവർ ചുറ്റിനടക്കും.


അന്തോണിയോ മച്ചാദോ-ബാല്യത്തില്‍ നിന്നോരോര്‍മ്മ

Antonio Machado


മഞ്ഞുകാലത്തൊരപരാഹ്നം,
മേഘാവൃതം, കുളിരുന്നതും.
കുട്ടികൾ പഠനത്തിൽ,
ജനാലയിൽ മഴയുടെ തനിയാവർത്തനം.

ഒരു ക്ളാസ്സുമുറിയിവിടെ.
ചുമരിൽ കായേൻ ഓടിയൊളിക്കുന്നു,
ഒരു ചോരപ്പാടിനരികെ
ആബേൽ മരിച്ചുകിടക്കുന്നു.

ഉരുണ്ടുമറിയുന്ന പൊള്ളശബ്ദത്തിൽ
ഇടിവെട്ടുന്നൊരു മാഷ്,
മെലിഞ്ഞുണങ്ങിയ കോലം,
പുസ്തകം കൈയിലുമുണ്ട്.

കുട്ടികളുടെ ഗായകസംഘം
അന്നത്തെ പാഠമുരുക്കഴിക്കുന്നു:
ആയിരം നൂറു നൂറായിരം,
ആയിരമായിരം പത്തുലക്ഷം.

മഞ്ഞുകാലത്തൊരപരാഹ്നം,
മേഘാവൃതം, കുളിരുന്നതും.
കുട്ടികൾ പഠനത്തിൽ.
ജനാലയിൽ മഴയുടെ തനിയാവർത്തനം.


Friday, September 17, 2010

അന്തോണിയോ മച്ചാദോ - കവിതകള്‍


നിന്റെ ദുഃഖത്തിനു...


നിന്റെ ദുഃഖത്തിനു സാന്ത്വനം തേടി
വിഫലമായലയുമിന്നു നീ.

നിന്റെ മാലാഖമാർ കൊണ്ടുപൊയ്ക്കളഞ്ഞു
നീയുടുത്തിരുന്ന സ്വപ്നങ്ങൾ.
ജലധാരയൊഴുകുന്നില്ല,
വാടുകയാണുദ്യാനവും.
ശേഷിച്ചതു കണ്ണീരു മാത്രം.
നിശ്ശബ്ദത!...കരയുകയുമരുതു ഞാൻ.


ഒരു വസന്തകാലസായാഹ്നം...


ഒരു വസന്തകാലസായാഹ്നം
എന്നോടു പറഞ്ഞതിങ്ങനെ:
പൂ വിരിച്ച പാതകളാണു
ഭൂമിയിൽ നീ തേടുന്നതെങ്കിൽ
നിന്റെ വാക്കുകളുടെ വായടയ്ക്കുക,
നിന്റെ വൃദ്ധഹൃദയത്തിനു കാതുകൊടുക്കുക.
ഇതേ വെള്ളവസ്ത്രം തന്നെയാവട്ടെ,
നിന്റെ വിലാപവേഷം,
നിന്റെ ഉത്സവവേഷവും.
നിന്റെയാഹ്ളാദങ്ങളെ ലാളിയ്ക്കുക,
നിന്റെ വിഷാദങ്ങളെ ലാളിയ്ക്കുക,
പൂവിരിച്ച പാതകളാണു
ഭൂമിയിൽ നീ തേടുന്നതെങ്കിൽ.

വസന്തകാലസായാഹ്നത്തോടു
ഞാൻ പറഞ്ഞതിങ്ങനെ:
എന്റെ ഹൃദയത്തിലുള്ള രഹസ്യം തന്നെ
നീയിപ്പോൾ വെളിവാക്കിയതും:
ആഹ്ളാദത്തെ വെറുക്കുന്നു ഞാൻ
വിഷാദത്തെ വെറുപ്പായതിനാൽ.
നീ പറഞ്ഞ പൂവിരിച്ച പാതയിൽ
കാലെടുത്തു വയ്ക്കുംമുമ്പേ
നിന്നെക്കാട്ടണമെന്നുമെനിക്കുണ്ട്
എന്റെ വൃദ്ധഹൃദയത്തിന്റെ
ദാരുണമായ മരണവും.


കഴുമരങ്ങൾ


പ്രഭാതം വന്നടുക്കുകയായിരുന്നു
വിദൂരവും ദുർഭഗവുമായി.

കിഴക്കിന്റെ ചായപ്പലകയിൽ വരച്ചിട്ടിരുന്നു
ചോര ചിന്തിയ ദുരന്തങ്ങൾ
വികൃതരൂപമായ മേഘങ്ങൾ.
................

ഒരു പഴയ ഗ്രാമത്തിലെ പഴയ കവലയിൽ
ഏച്ചുകെട്ടിയ പച്ചമരത്തിന്റെ ചട്ടത്തിൽ
ഒരു കങ്കാളഭീതി വെളിവാകുന്നു...

പ്രഭാതം വന്നടുക്കുകയായിരുന്നു
വിദൂരവും ദുർഭഗവുമായി.


എന്റെ സ്വപ്നത്തിലെ...


എന്റെ സ്വപ്നത്തിലെ പിശാചായിരുന്നവൻ,
എത്രയും സുന്ദരനായൊരു മാലാഖ.
ഉരുക്കിന്റെ തിളക്കമായിരുന്നു
വിജയം ഘോഷിക്കുന്ന കണ്ണുകൾക്ക്,
എന്റെയാത്മാവിന്റെ നിലവറ തിളക്കി
അവന്റെ പന്തത്തിന്റെ ചോരച്ച നാളങ്ങൾ.

“താൻ കൂടെ വരുന്നില്ലേ?“ ”ഇല്ല, ഞാനില്ല;
ഭയമാണെനിക്ക് ശവങ്ങളെ, ശവകുടീരങ്ങളെ.“
എന്റെ വലതുകൈ കടന്നുപിടിച്ചുകഴിഞ്ഞു,
അവന്റെ ഇരുമ്പുകൈ പക്ഷേ.

” താനെന്റെകൂടെ വരും...“
ചുവന്ന വെട്ടത്തിൽ കണ്ണുമഞ്ചി
എന്റെ സ്വപ്നത്തിലൂടെ ഞാൻ നടന്നു.
പിന്നെ നിലവറയ്ക്കുള്ളിൽ ഞാൻ കേട്ടു
ചങ്ങലകളുടെ കിലുക്കം,
കൂട്ടിലടച്ച സത്വങ്ങളിളകുന്നതും.


ഗ്രാമം


സായാഹ്നമണയുന്നു
പാവപ്പെട്ടൊരടുപ്പിൽ തീ കെടുന്നപോലെ.

അവിടെ, മലകൾക്കു മേൽ
ചില കനലുകൾ ശേഷിക്കുന്നു.

വിളറിയ നിരത്തിനരികെ ഒരു തകർന്ന മരം
നിങ്ങളെ കരയിക്കാനായി.

മുറിവേറ്റ തടിയിൽ രണ്ടുമാത്രം ചില്ലകൾ,
ഓരോ ചില്ലയിലും കറുത്തുവാടിയ ഒറ്റയിലകൾ!

കരയുന്നോ നീ?...
അകലെ,പൊൻനിറമായ പോപ്ളാർമരങ്ങൾക്കിടയിൽ
നിന്നെ കാത്തിരിക്കുന്നുണ്ടല്ലോ ഒരു പ്രണയത്തിന്റെ നിഴൽ.


ഒരു കവലയും...


ഒരു കവലയും ഉരുണ്ടു ചൊടിയുള്ള പഴങ്ങളുമായി
തിളങ്ങിനില്ക്കുന്നൊരു മധുരനാരകവും.

പള്ളിക്കൂടം പൊട്ടിപ്പുറപ്പെട്ടുവരുന്നു
കൊച്ചുകുട്ടികളുടെ കലാപം,
കവലയിലെ നിഴലുകളിൽ അവർ നിറയ്ക്കുന്നു
പുതുശബ്ദങ്ങളുടെ ആരവം.

ഈ നിർജ്ജീവനഗരങ്ങളുടെ ചില കോണുകളിൽ
ധന്യമായ ബാല്യത്തിന്റെ മുഹൂർത്തങ്ങൾ!...
ഈ പഴയ തെരുവുകളിൽ വീണ്ടുമലയുന്നു
നമ്മുടെ പോയകാലത്തിൽ നിന്നു ചിലതെന്തോ!


നിന്റെ കണ്ണുകളിലൊരു...


നിന്റെ കണ്ണുകളിലൊരു നിഗൂഢതയെരിയുന്നുവല്ലോ
നാണിച്ചെന്റെയൊപ്പം പോരുന്നവളേ.

ആ കറുത്ത ചാഞ്ചല്യത്തിന്റെ കെടാത്ത നാളത്തി-
നെണ്ണ പകരുന്നതു പകയോ, പ്രണയമോ?

എന്റെയൊപ്പമുണ്ടാവും നീ,യെന്റെയുടലിനു നിഴലുള്ള കാലം,
എന്റെ ചെരിപ്പുകൾ പൂഴി താണ്ടുന്ന കാലം.

ദാഹമോ, യാത്രയിലെ ദാഹജലമോ നീ?
പറയൂ, നാണിച്ചെന്റെയൊപ്പം പോരുന്നവളേ.


Thursday, September 16, 2010

റാബിയ-ഒരു സൂഫിഹൃദയം



*
ഒരു കൈയിൽ പന്തമുണ്ട്,
മറുകൈയിൽ  വെള്ളവും;
ഇതുമായി ഞാൻ പോകുന്ന,
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.
മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ,
ദൈവത്തിലേക്കുള്ള സഞ്ചാരികൾ.

*
ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും.

*
എനിക്കുള്ള നേരം
ദൈവത്തെ സ്നേഹിക്കാൻ;
പിശാചിനെ വെറുക്കാൻ
എനിക്കില്ല നേരം.

*
എന്റെ ദൈവമേ,
എന്റെ പ്രാർത്ഥനയിൽ കലരുന്നു
പിശാചിന്റെ വചനങ്ങളെങ്കിൽ
അവ പെറുക്കിയെടുത്തു കളയേണമേ;
അതാവില്ല നിനക്കെങ്കിൽ
വലിച്ചെറിഞ്ഞുകളഞ്ഞേക്കൂ
എന്റെ പ്രാർത്ഥനകളപ്പാടെ,
പിശാചിന്റെ വചനങ്ങളും
പിന്നെയുള്ളതുമൊക്കെയായി.

*
നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ-
നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന
സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന
സർവതിൽ നിന്നും.

*
നിന്നെ പ്രണയിക്കാനെനിക്കുണ്ടു രണ്ടു വഴികൾ:
സ്വാർത്ഥം നിറഞ്ഞ വഴിയൊന്ന്,
നിനക്കു ചേർന്നതിനിയൊന്ന്.
എന്റെ സ്വാർത്ഥപ്രണയത്തിൽ
എനിക്കോർമ്മ നിന്നെ മാത്രം,
എന്റെ മറ്റേപ്രണയത്തിൽ
മുഖപടം മാറ്റുന്നു നീ,
എന്റെ കണ്ണുകൾക്കാവോളം നുകരാൻ
നിന്റെ തേജോമുഖം കാട്ടുന്നു നീ.

*
പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം.


*
പ്രഭോ, നീ-
എന്റെ ആനന്ദം
എന്റെ ദാഹം
എന്റെ ഭവനം
എന്റെ ചങ്ങാതി
എന്റെ പാഥേയം
എന്റെ യാത്രാന്ത്യം
എന്റെ പ്രത്യാശ
എന്റെ സഹയാത്രി
എന്റെ അതിമോഹം
എന്റെ തീരാനിധി.

*
എന്റെ പ്രഭോ,
ഒരു കാലത്തെത്ര മോഹിച്ചതാണു നിന്നെ ഞാൻ.
നിന്റെ വീടിന്റെ മുന്നിലൂടെ നടക്കാൻ പോലും ഞാൻ മടിച്ചു.
ഇന്നു നീയെനിക്കായി വാതിൽ തുറന്നുവയ്ക്കുമ്പോൾ
കടന്നുവരാൻ ഞാനയോഗ്യ.

*
ദൈവമേ,
നാളെ, അന്ത്യവിധിനാളിൽ
നരകത്തിലേക്കാണെന്നെ നീ വിടുന്നതെങ്കിൽ
ഞാനൊരു പരമരഹസ്യം പുറത്തുപറയും;
അതു കേട്ടോടിയൊളിയ്ക്കുമല്ലോ നരകം,
ഒരായിരം കൊല്ലത്തിനപ്പുറം.

*
ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി.

*
തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-
ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ
തുറന്നുകിടക്കുന്ന വാതിലിൽ!

*
ഗുരുവെന്നല്ലേ,
നിങ്ങളഭിമാനിക്കുന്നു?
എങ്കിൽ പഠിക്കൂ!

*
എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും.

*
എന്റെ ഹൃദയത്തിന്റെ ചുക്കാൻ പിടിക്കുന്നവനേ,
എന്റെ നെഞ്ചിലെരിയുന്ന കണ്ണേ,
നിന്നിൽ നിന്നെനിക്കൊരു മുക്തിയില്ലല്ലോ,
എന്റെ നെഞ്ചിൽ പ്രാണനുള്ള കാലം.

*
എന്റെ പ്രഭോ,
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു,
മനുഷ്യരുടെ കണ്ണുകളടയുന്നു,
കൊട്ടാരത്തിന്റെ വാതിലടഞ്ഞു,
കാമുകരൊന്നുചേരുന്നു.
ഇവിടെ,യേകാന്തത്തിൽ
നിന്റെയൊപ്പം ഞാനും.

*
ദൈവമേ,
നിന്നെയോർമ്മയുള്ള കാലമേ
ഈ ലോകത്തെനിക്കു ജീവനുള്ളു;
നിന്റെ മുഖം കാണാതെ
എങ്ങനെ സഹിക്കും ഞാൻ പരലോകം?

*
നിന്റെ ദേശത്തൊരന്യ ഞാൻ,
നിന്റെ ഭക്തരിലേകാകിനി,
അതാണെന്റെ പരാതിയും.

*
നെഞ്ചിനും നെഞ്ചിനുമിടയിലൊന്നുമില്ല പ്രണയത്തിൽ,
വാക്കുകൾ പിറക്കുന്നതാസക്തിയിൽ നിന്നുമത്രേ.
രുചിയറിഞ്ഞതിന്റെ സത്യകഥനം:
രുചിയറിഞ്ഞവനറിയുന്നു,
വിവരിക്കുന്നവൻ പൊളി പറയുന്നു.
നിങ്ങളെ തുടച്ചുമാറ്റുന്ന ഒരു സാന്നിദ്ധ്യം:
അതിന്നതെന്നെങ്ങനെ വിവരിക്കാൻ നിങ്ങൾ?
അതിൽപ്പിന്നെയും നിങ്ങൾ ജീവിച്ചുപോവും,
ആ സാന്നിദ്ധ്യത്തിന്റെ ശേഷിപ്പായി,
ഒരു യാത്രയുടെ വടുക്കളായി.

*
ദൈവമേ,
നിന്റെ സൃഷ്ടികളൊച്ചപ്പെടുമ്പൊഴൊക്കെയും-
ഇലകളുടെ മർമ്മരം
അരുവിയുടെ കളകളം
കിളികളുടെ കലമ്പലുകൾ
നിഴലുകളുടെ ചാഞ്ചല്യം
കാറ്റിന്റെ ഹുങ്കാരം
ഇടിവെട്ടിന്റെ സംഗീതം-
ഞാൻ കേൾക്കുന്നതിങ്ങനെ:
“ഒറ്റദൈവം! അവനോടൊക്കില്ല മറ്റൊന്നും!”

*
ഞാൻ തന്നെ മതി
എന്റെ ഹൃദയത്തിനു കാവലായി.
അകത്തുള്ളതൊന്നും
പുറത്തേക്കു വിടില്ല ഞാൻ,
പുറത്തുള്ളതൊന്നും
അകത്തേക്കു കടത്തില്ല ഞാൻ.
ആരൊക്കെ വന്നുപോകട്ടെ,
കളിമണ്ണിന്റെ പുരയ്ക്കല്ല,
എന്റെ ഹൃദയത്തിനെന്റെ കാവൽ!

റാബിയ (713-801) - ഇറാക്കിലെ ബസ്രയിൽ ജീവിച്ചിരുന്ന സൂഫി സന്യാസിനി.

link to Rabia

Wednesday, September 15, 2010

അന്തോണിയോ മച്ചാദോ-കവിതകള്‍


മുളയെടുക്കാത്ത മണ്ണിനു മേൽ...


മുളയെടുക്കാത്ത മണ്ണിനു മേൽ കടന്നുപോകുന്നു
മേലങ്കികളുടെ നേർത്ത മർമ്മരം!...
പ്രാചീനമായ മണിനാദങ്ങളുടെ
മുഖരമായ കണ്ണുനീർത്തുള്ളികളും!

കെട്ടണയുന്ന കനലുകൾ
ചക്രവാളത്തിൽ പുകയുന്നു...
പ്രേതം പോലെ വെളുത്ത പരദേവതകൾ
നക്ഷത്രങ്ങൾ കൊളുത്തിവയ്ക്കുന്നു,

മട്ടുപ്പാവു തുറന്നുവയ്ക്കൂ.
വന്നടുക്കുന്നുവല്ലോ ഒരു മായക്കാഴ്ചയുടെ മുഹൂർത്തം...

സന്ധ്യ മയങ്ങാൻ പോവുകയായി,
മണികൾ സ്വപ്നം കാണുകയുമാണ്.


ഹാ, പള്ളിമുറ്റത്തെ രൂപങ്ങൾ...


ഹാ, പള്ളിമുറ്റത്തെ രൂപങ്ങൾ,
നാളുകൾ ചെല്ലുന്തോറും
എളിമയേറുന്നവ, വിദൂരമാകുന്നവ:
വെണ്ണക്കൽപ്പടവുകൾക്കു മേൽ
പ്രാകൃതം പിടിച്ച യാചകർ;

പവിത്രമായ നിത്യതകളുടെ ലേപനത്താൽ
അഭിഷിക്തരായ ഭാഗ്യഹീനർ,
പഴകിക്കീറിയ കുപ്പായങ്ങളിൽ നിന്നും
അവരുടെ കൈകൾ നീണ്ടുവരുന്നു!

അത്രയും പ്രശാന്തമായ ആ മുഹൂർത്തങ്ങളിൽ നിന്നു
നിങ്ങളിലേക്കെത്തിയിരുന്നുവോ,
തെളിഞ്ഞു കുളിരുന്ന ഒരു പുലരിയുടെ
തെളിഞ്ഞുകിട്ടാത്ത ദർശനം?

മേലങ്കിയുടെ കറുപ്പിൽ
ഒരു വെളുത്ത പനിനീർപ്പൂവായിരുന്നു അവന്റെ കൈ...

 


നമ്മുടെ പ്രണയമൊരു...


നമ്മുടെ പ്രണയമൊരു മഹോത്സവമാകുമെന്നു
നാം കരുതി,
അറിയാത്ത മലകളിൽ
പുതിയ പരിമളങ്ങൾ നാം കൊളുത്തുമെന്നും,

നമ്മുടെ വിളർത്ത മുഖങ്ങളുടെ രഹസ്യം
നാം മൂടിവയ്ക്കുമെന്നും;
പൊൻനിറമായ മുന്തിരിച്ചാറുകളുടെ പതയുന്ന പളുങ്കുചിരികൾ
മാറ്റൊലിയ്ക്കുന്ന ജീവിതമദിരോത്സവത്തിൽ
നമ്മുടെ പാത്രങ്ങൾ നിറഞ്ഞതേയില്ലല്ലോ.

ആളൊഴിഞ്ഞ ഉദ്യാനത്തിലെ ചില്ലകൾക്കിടയിൽ മറഞ്ഞിരുന്ന്
പരിഹാസത്തിന്റെ ചൂളം കുത്തുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
നമ്മുടെ പാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...

നമ്മുടെ ഉടലിലെ മണ്ണറിയുന്നുമുണ്ട്
ഉദ്യാനത്തിലെ ഈർപ്പം, ഒരു തലോടൽ പോലെ.


Tuesday, September 14, 2010

അന്തോണിയോ മച്ചാദോ - കവിതകള്‍


പേടിസ്വപ്നങ്ങൾ


നിഴലുകളാണു കവലയാകെ,
പകലു മായുന്നു,
ദൂരെ മണികൾ മുഴങ്ങുന്നു.

മട്ടുപ്പാവുകളിൽ, ജനാലച്ചില്ലുകളിൽ
കെട്ടണയുന്ന ഛായകൾ,
വെളുവെളുത്ത എലുമ്പുകൾ പോലെ
നിറം മങ്ങിയ തലയോട്ടികൾ പോലെ.

ഒരു പേക്കിനാവിന്റെ വെളിച്ചത്തിൽ
സായാഹ്നം മുങ്ങുന്നു.
സൂര്യനസ്തമിക്കുകയായി.
എന്റെ കാലടികൾ മാറ്റൊലിയ്ക്കുന്നു.

”താനോ? ഞാൻ തന്നെയും കാത്തുനിൽക്കുകയായിരുന്നു...“
”ഞാൻ തേടിവന്നതു തന്നെയല്ലല്ലോ.“


കുതിരകൾ, മട്ടക്കുതിരകൾ


”കുതിരകൾ, മട്ടക്കുതിരകൾ,
കൊച്ചുകൊച്ചു മരക്കുതിരകൾ“

കുട്ടിയായിരിക്കുമ്പോൾ ഞാനറിഞ്ഞു
ഉത്സവത്തിന്റെ രാത്രിയിൽ
ചെഞ്ചായം തേച്ച മരക്കുതിര മേൽ
വട്ടത്തിൽ പോകുന്നതിന്റെ ആനന്ദങ്ങൾ.

പൊടി നിറഞ്ഞ വായുവിൽ ചിതറി
റാന്തലുകളുടെ തീപ്പൊരികൾ,
അഗാധമായ നീലരാത്രിയിൽ
വിതച്ചിട്ട നക്ഷത്രങ്ങൾ.

ഒരു ചെമ്പുതുട്ടിനു കിട്ടിയിരുന്നു
ബാല്യകാലത്തിന്റെ ആഹ്ളാദങ്ങൾ.
“കുതിരകൾ, മട്ടക്കുതിരകൾ,
കൊച്ചുകൊച്ചുമരക്കുതിരകൾ.”


Monday, September 13, 2010

റയിനർ മറിയ റിൽക്കെ - ഒരേയൊരു കവിതയ്ക്കായി

File:Pasternak-rilke.jpeg

...ഹാ, അത്ര ചെറുപ്പത്തിലേ എഴുതാനാണെങ്കിൽ എത്ര തുച്ഛമായിപ്പോകുന്നു കവിതകൾ. ഒരായുസ്സ്, കഴിയുമെങ്കിൽ ദീർഘമായൊരായുസ്സു കാത്തിരുന്ന്, വിവേകവും മാധുര്യവും സഞ്ചയിച്ചുവച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തുവരി നിങ്ങൾക്കെഴുതാനായെങ്കിലായി. കവിതകൾ, ആളുകൾ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങൾ അത്ര നേരത്തേ നിങ്ങൾക്കു സ്വായത്തമാവുന്നുമുണ്ട്) - അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിങ്ങൾ നിരവധി നഗരങ്ങൾ കാണേണ്ടിവരും, അനവധി ആളുകളെയും വസ്തുക്കളെയും; മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, കിളികൾ പറക്കുന്നതെങ്ങനെയെന്ന് ഉള്ളുകൊണ്ടു നിങ്ങളറിയണം, പുലർച്ചെ വിടരുമ്പോൾ ചെറുപൂവുകൾ കാട്ടുന്ന ചേഷ്ടയും നിങ്ങളറിഞ്ഞിരിക്കണം. അറിയാത്ത ചുറ്റുവട്ടത്തെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം, പ്രതീക്ഷിച്ചിരിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിക്കുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരു സന്തോഷവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (മറ്റാർക്കോ വേണ്ടിയുള്ള സന്തോഷമായിരുന്നു അത്-) നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; അത്രയും വിചിത്രമായി തുടങ്ങി അഗാധവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോകുന്ന ബാലാരിഷ്ടകൾ; ഒച്ചയടക്കി തടവിലെന്നപോലെ നാളുകൾ കഴിച്ച മുറികൾ; കടലോരത്തെ പ്രഭാതങ്ങൾ; പിന്നെ കടൽ, കടലുകൾ; തലയ്ക്കു മേൽ കുതിച്ചുപാഞ്ഞ, നക്ഷത്രങ്ങളെ വാരിക്കൂട്ടി പറന്നുപോയ രാത്രികളിലെ യാത്രകൾ,- ഇതൊക്കെയുമോർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. നിങ്ങൾക്കുണ്ടാവണം പ്രണയനിർഭരമായ നിരവധി രാത്രികളുടെ ഓർമ്മകൾ, ഒന്നിനൊന്നു വ്യത്യസ്തമായവ; പേറ്റുനോവെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള  ഓർമ്മകൾ; പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന വിളർത്തുകൊലുന്ന പെൺകുട്ടികളെക്കുറിച്ചുള്ള ഓർമ്മകൾ. പക്ഷേ മരിക്കാൻ കിടക്കുന്നവർക്കരികിലും പോയിരിക്കണം നിങ്ങൾ; തുറന്നിട്ട ജനാലയും ചിതറിയ ശബ്ദങ്ങളുമുള്ള മുറിയിൽ  മരിച്ചുകിടക്കുന്നവന്റെയരികിലും നിങ്ങളുണ്ടായിരിക്കണം. ഓർമ്മകളുണ്ടായതുകൊണ്ടുമായില്ല. അത്രയധികമാവുമ്പോൾ അവയെ മറക്കാനും നിങ്ങൾക്കു കഴിയണം; അവ മടങ്ങിവരുംവരെ കാത്തിരിക്കാനുള്ള അനന്തമായ സഹനശക്തിയും നിങ്ങൾ കാണിയ്ക്കണം. ഓർമ്മകൾക്കു സ്വന്തനിലയ്ക്കു പ്രാധാന്യവുമില്ലല്ലോ. അവ നമ്മുടെ സ്വന്തം ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിൽപ്പിന്നെമാത്രമേ, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതെയായതിൽപ്പിന്നെ മാത്രമേ- അതിൽപ്പിന്നെമാത്രമേ അത്യപൂർവമായൊരു മുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുയരുകയും മുന്നോട്ടുവരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു.

 

File:Rilke Signature.gif

അന്തോണിയോ മച്ചാദോ - കവിതകള്‍

Antonio Machado


കണ്ടിരിക്കുന്നു ഞാൻ...


കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ...
ലോകങ്ങൾ ഭ്രമണം ചെയ്യുന്ന
ശൂന്യസ്ഥലരാശിയിൽ
ഒരു വിഭ്രാന്തതാരം,
വാലെരിഞ്ഞുഴറിപ്പായുന്നൊരു
ധൂമകേതു...

കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ
അല ഞൊറിഞ്ഞു
മയങ്ങിയൊഴുകുന്നൊരു
വെൺപുഴ പോലെ...

കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ
നിലം തിളങ്ങി,
വെട്ടം മങ്ങി,
ഇടുങ്ങിനീണ്ടൊരിടനാഴി പോലെ...

ഒരുവേളയെന്റെയാത്മാവിനുണ്ടെന്നാവാം
നാട്ടുമ്പുറത്തിന്റെ പ്രസന്നദീപ്തി,
അവിടെ നിന്നുമെത്തുന്നുവെന്നാകാം
അതിനുള്ള പരിമളങ്ങൾ...

കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ...
നിർജ്ജനമായൊരു മരുനിലം,
കുമ്മായം പോലെ വെളുത്ത പാതയ്ക്കരികെ
വെടിച്ചുണങ്ങിയൊരു മരവും.


ശരത്കാലം


ഒരു കഥയുമില്ല
വിഷണ്ണമായ ശരത്കാലത്തിനെന്നോടു പറയാൻ.
കാറ്റടിച്ചുപാറ്റുന്ന പാഴിലകളുടെ സങ്കീർത്തനങ്ങൾ
ഇതുവരെ ഞാൻ കേട്ടിട്ടുമില്ല.
കരിയിലകളുടെ സങ്കീർത്തനങ്ങൾ
എനിക്കറിയില്ല,
എനിക്കറിയുന്നതു
മനം കടുത്ത മണ്ണിന്റെ ഹരിതസ്വപ്നങ്ങൾ.


ഘടികാരത്തിൽ...


ഘടികാരത്തിൽ പന്ത്രണ്ടു മുട്ടുന്നതു കേട്ടു ഞാൻ...
നിലത്താഞ്ഞുവീഴുന്ന മൺവെട്ടിയുടെ പന്ത്രണ്ടു പ്രഹരങ്ങളായിരുന്നവ...
...“എനിക്കു നേരമായി!” നിലവിളിച്ചു ഞാൻ...
മൂകത മറുപടി നല്കിയതിങ്ങനെ:
“ഭയക്കേണ്ട; നാഴികവട്ട മുങ്ങിത്താഴുന്നതു നീ കാണില്ല.

ഇതേ കരയ്ക്കിനിയുമേറെനാളുറങ്ങിക്കിടക്കും നീ,
പിന്നെയൊരു സുപ്രഭാതത്തിലുണരുമ്പോൾ നീ കാണും
നിന്റെ തോണിയങ്ങേക്കരയിൽ കൊണ്ടുപോയിക്കെട്ടിയിരിക്കുന്നതും.”


ഉപദേശം


മുറുകെപ്പിടിച്ചോളൂ
നിന്റെ കൈയിലെ നാണയം,
കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ,
നിന്റെയാത്മാവെന്ന നാണയം.


Sunday, September 12, 2010

അന്തോണിയോ മച്ചാദോ-കവിതകൾ

File:Antonio Machado.jpg


1.

നിന്റെ ചില്ലുചഷകത്തിലെ സ്വർണ്ണവീഞ്ഞു
തൂവിപ്പോയാൽ കാര്യമാക്കരുതേ,
കയ്ക്കുന്ന ചാറുകൾ
നിന്റെ നിർമ്മലപാനപാത്രത്തെ കലുഷമാക്കിയാലും...

നിനക്കറിയുമല്ലോ
ആത്മാവിന്റെ നിഗൂഢമണ്ഡപങ്ങൾ,
സ്വപ്നങ്ങളുടെ നടവഴികൾ,
മരിയ്ക്കാനവ പിൻവാങ്ങുന്ന പ്രശാന്തസായന്തനം...

നിശ്ശബ്ദരായ മാലാഖമാർ നിന്നെക്കാത്തിരിക്കുന്നതവിടെ,
പിന്നെയൊരുനാളവർ നിന്നെയും കൊണ്ടുപോകും
നിത്യവസന്തത്തിന്റെ മലർത്തോപ്പു കാണാൻ.


2.

കൊക്കൂണുകൾ നെയ്യുന്ന
പട്ടുനൂൽപ്പുഴുക്കളായിരുന്നു
എന്റെ സ്വപ്നങ്ങളിന്നലെ;
കറുത്ത പൂമ്പാറ്റകളിന്നവ.

എത്ര കയ്ക്കുന്ന പൂക്കളിൽ നിന്നു
ഞാൻ സഞ്ചയിച്ചു വെണ്മെഴു!
തേനീച്ചയെപ്പോലെ വേല ചെയ്തു ഹാ,
എന്റെ ദുഃഖങ്ങളക്കാലം.

പുഴുക്കുത്തേറ്റ ഗോതമ്പുമണികളിന്നവ,
നട്ട പാടത്തെ കളകൾ,
പട്ടുവസ്ത്രത്തിലെ കരിമ്പൻ പോലെ,
തടിയരിക്കുന്ന ചിതലു പോലെ.

നിർമ്മലാശ്രുക്കളൊഴുക്കിയിരുന്നു ഹാ,
എന്റെ ദുഃഖങ്ങളക്കാലം,
ഒരു തോപ്പാകെ നനയ്ക്കാൻ
വെള്ളം തേവിയ ചക്രങ്ങൾ!
ചെളിമണ്ണിളക്കുന്ന
കുത്തൊഴുക്കാണിന്നവ.

ഇന്നലെയെന്റെ ഹൃദയത്തെ
തേനറയാക്കി ദുഃഖങ്ങൾ,
ഇന്നവയ്ക്കെന്റെ ഹൃദയം
പാഴടഞ്ഞ കന്മതിൽ,
മഴു കൊണ്ടൊറ്റ പ്രഹരത്താൽ
അതിടിച്ചുവീഴ്ത്താനവയ്ക്കു മോഹം!


link to Machado


Friday, September 10, 2010

നെരൂദ- ഉന്മത്തചന്ദ്രികേ പ്രിയേ, ഭീഷണലോഹിതവർണ്ണമേ...

File:Martin Johnson Heade-Cattleya Orchid and Three Brazilian Hummingbirds.jpg

ഉന്മത്തചന്ദ്രികേ പ്രിയേ, ഭീഷണലോഹിതവർണ്ണമേ,
എന്റെ സങ്കേതം തേടിയെത്തുന്നു നീ, കുളിരുന്ന പടവുകൾ കയറി,
കാലം മഞ്ഞണിയിച്ച ഗോപുരമുകളിറങ്ങി,
കൊട്ടിയടച്ച ഹൃദയത്തിന്റെ വിളർത്ത ചുമരുകളുരുമ്മി.

ആരുമറിയില്ല, കോട്ട പോലെ ബലത്ത ഈ ചില്ലുകൊട്ടാരം
വെറും പുറംകാഴ്ച മാത്രമെന്ന്;
ഹതാശമായ തുരങ്കങ്ങൾ തുറക്കുന്ന ചോരയുടെ കോയ്മയ്ക്കാവില്ല
മഞ്ഞുകാലത്തെ തുരത്താനെന്ന്.

അതിനാൽ പ്രിയേ: നിന്റെ ചുണ്ടുകൾ, നിന്റെ ചർമ്മം, നിന്റെ വെട്ടം, ദുഃഖങ്ങൾ
ജീവിതത്തിന്റെ ഇഷ്ടദാനങ്ങളവ,
പൊഴിയുന്ന മഴയുടെ പാവനവരദാനങ്ങളവ;

വിത്തുകളെ കൈയേറ്റുപോറ്റുന്ന പ്രകൃതിയുടെ സിദ്ധികളവ:
ചാറകളിൽ വീഞ്ഞിന്റെ നിഗൂഢചണ്ഡവാതം,
ഭൂഗർഭത്തിൽ ഗോതമ്പിന്റെ ആകസ്മികജ്വാല.

(പ്രണയഗീതകം  – 37)

link to image

Thursday, September 9, 2010

നെരൂദ-ഒരു നൈരാശ്യഗീതം




എന്നെച്ചുഴലുന്ന രാത്രിയിൽ നിന്നുയർന്നുവരുന്നു നിന്നെക്കുറിച്ചുള്ളോർമ്മകൾ,
കടലിൽച്ചെന്നു കലരുന്നു പുഴയുടെ തോരാത്ത വിലാപങ്ങൾ.

പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ പരിത്യക്തൻ ഞാൻ.
ഇതു വേർപാടിന്റെ നേരം, എന്നെ ത്യജിച്ചുപോയവളേ!

ഈറൻ പറ്റിയ പൂവിതിളുകളിറുന്നുവീഴുകയാണെന്റെ ഹൃദയത്തിൽ.
അവശിഷ്ടങ്ങളുടെ ഗർത്തമേ, നാവികർ മുങ്ങിത്താഴുന്ന ഗുഹാഗർഭമേ!

നിന്നിൽ വീണടിയുന്നു യുദ്ധങ്ങൾ, പലായനങ്ങളും,
പാടുന്ന കിളികൾക്കു ചിറകു മുളയ്ക്കുന്നതും നിന്നിൽ നിന്നല്ലോ.

എല്ലാം വിഴുങ്ങി നീ, വിദൂരത പോലെ,
കടൽ പോലെ, കാലം പോലെ. എല്ലാം മുങ്ങിത്താണു നിന്നിൽ!

ആക്രമണത്തിന്റെ, ആശ്ളേഷത്തിന്റെ ആനന്ദവേള,
വിളക്കുമാടം പോലെ നിന്നെരിഞ്ഞ വശ്യമുഹൂർത്തം.

കപ്പിത്താന്റെ ഭീതി, മുത്തു വാരാൻ മുങ്ങുന്നവന്റെ അന്ധരോഷം,
പ്രണയത്തിന്റെ ക്ഷുഭിതോന്മാദം, എല്ലാം മുങ്ങിത്താണു നിന്നിൽ!

മൂടൽമഞ്ഞിന്റെ ബാല്യത്തിൽ ചിറകു കുഴഞ്ഞ എന്റെയാത്മാവ്,
വഴി പിണഞ്ഞ സഞ്ചാരി, എല്ലാം മുങ്ങിത്താണു നിന്നിൽ!

ശോകമെടുത്തരയിലണിഞ്ഞു നീ, ആസക്തിയിലള്ളിപ്പിടിച്ചു നീ,
വിഷാദം സ്തബ്ധയാക്കി നിന്നെ, എല്ലാം മുങ്ങിത്താണു നിന്നിൽ!

നിഴലടഞ്ഞ ചുമരുകളെ പൊരുതിപ്പിന്മടക്കി ഞാൻ,
തൃഷ്ണയ്ക്കും ക്രിയയ്ക്കുമപ്പുറം നടന്നുകേറി ഞാൻ.

എന്റെയുടലേ, ഉടലിന്റെയുടലേ, ഞാൻ പ്രണയിച്ച, എനിക്കു നഷ്ടമായ പെണ്ണേ,
ഈറൻ പുരണ്ട ഈ മുഹൂർത്തത്തിൽ നിന്നെ ഞാൻ ആവാഹിക്കുന്നു, നിന്നെ ഞാൻ സ്തുതിക്കുന്നു.

ഒടുങ്ങാത്ത ദയാവായ്പ്പിനിടമുണ്ടായിരുന്നുവല്ലോ നിന്റെ പാനപാത്രത്തിൽ,
ഒടുങ്ങാത്ത വിസ്മൃതി തകർത്തുകളഞ്ഞു നിന്റെയാ പാനപാത്രത്തെ.

നിഴലടഞ്ഞ തുരുത്തുകളുടെ ഏകാന്തത്തിലടിഞ്ഞുകിടന്നവൻ ഞാൻ,
പ്രണയം രൂപമെടുത്തവളേ, അന്നെനിക്കഭയം തന്നതു നിന്റെ കൈകൾ.

ദാഹിച്ചും വിശന്നും പരവശനായിരുന്നു ഞാൻ, മധുരിക്കുന്ന കനിയായതു നീ.
ദുഃഖിതനും പരിത്യക്തനുമായിരുന്നു ഞാൻ, വീണ്ടെടുപ്പിന്റെ മാലാഖയായതു നീ.

ഹാ,യെന്റെ പെണ്ണേ, എങ്ങിനെ നിനക്കായി
നിന്റെയാത്മാവിന്റെ മണ്ണിൽ, നിന്റെ കൈകളുടെ കുരിശ്ശിൽ എന്നെയൊതുക്കാൻ!

എത്ര കഠോരമായിരുന്നു, എത്ര ഹ്രസ്വമായിരുന്നു നിന്നെപ്രതി എന്റെയാർത്തി!
എത്ര ദുർവഹവും ഉന്മത്തവുമായിരുന്നു, എത്ര ക്ളിഷ്ടവും വ്യഗ്രവുമായിരുന്നു!

ചുംബനങ്ങളുടെ ചുടലപ്പറമ്പേ, എരിഞ്ഞടങ്ങിയിട്ടില്ലല്ലോ നിന്റെ ചിതകൾ,
തീയാളുന്ന മരച്ചില്ലകളിൽ കനികൾ കൊത്തിയിരിക്കുന്നുമുണ്ടല്ലോ കിളികൾ.

ഹാ, കനച്ച ചുണ്ടുകൾ, ചുംബനങ്ങളേറ്റ കൈകൾ,
ഹാ, ആർത്തി പെറ്റ പല്ലുകൾ, പിണഞ്ഞുകൂടിയ ഉടലുകൾ.

ഹാ, ഊർജ്ജത്തിന്റെ, പ്രത്യാശയുടെ വിഭ്രാന്തമൈഥുനം,
നാമതിൽ ലയിച്ചു, ഹതാശരായി.

ആർദ്രത പിന്നെ, ജലം പോലെ, ധാന്യം പോലെ സൗമ്യം,
ചുണ്ടുകളിൽ മുളയെടുത്തുവരുന്ന വചനവും.

എന്റെ നിയോഗമത്, എന്റെ തൃഷ്ണകൾ പ്രയാണം ചെയ്തതിൽ,
എന്റെ തൃഷ്ണകൾ പതിച്ചതതിൽ. എല്ലാം മുങ്ങിത്താണു നിന്നിൽ.

അവശിഷ്ടങ്ങളുടെ ഗർത്തമേ, എല്ലാം വന്നുപതിച്ചതു നിന്നിൽ.
പുറമേ പറയാത്ത ദുഃഖങ്ങളെത്ര, കുഴഞ്ഞുവീണ ചിറകുകളെത്ര!

എന്നിട്ടും തിരകളിൽ നിന്നെന്നെ പാടിവിളിച്ചു നീ,
അണിയം ചേർന്നുനില്ക്കുന്ന നാവികനെപ്പോലെ.

എന്നിട്ടും പാട്ടുകളായി വിരിഞ്ഞു നീ, ഒഴുക്കായി ചിതറി നീ.
അവശിഷ്ടങ്ങളുടെ ഗർത്തം നീ, ശോകം കനച്ച തുറന്ന ഖനി നീ.

കണ്ണു കാണാതെ വിളർത്തു മുങ്ങുന്നവൻ, ഭാഗ്യം കെട്ട കവണേറ്റുകാരൻ,
വഴി പിണഞ്ഞ സഞ്ചാരി, എല്ലാം മുങ്ങിത്താണു നിന്നിൽ.

ഇതു വേർപാടിന്റെ നേരം, ശൈത്യത്തിന്റെ ദുർവഹവേള,
എല്ലാ സമയപ്പട്ടികയിലും രാത്രി തൊടുത്തുവയ്ക്കുന്നതിത്.

തീരത്തെ ചിലമ്പുന്ന അരപ്പട്ടയണിയിക്കുന്നു കടൽ,
വലിഞ്ഞിഴഞ്ഞെത്തുന്നു തണുത്ത നക്ഷത്രങ്ങൾ, ദേശാന്തരം പോകുന്നു പറവകൾ.

പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ പരിത്യക്തൻ ഞാൻ.
കാതരമായ നിഴലുകൾ മാത്രം എന്റെ കൈകളിൽ പിണഞ്ഞുകൂടുന്നു.

ഹാ, സർവതിൽ നിന്നുമകലെ. ഹാ, സർവതിൽ നിന്നുമകലെ.
ഇതു വേർപാടിന്റെ നേരം. ഹാ, എന്നെ ത്യജിച്ചുപോയവളേ!

Wednesday, September 8, 2010

നെരൂദ-പോയ ശരല്ക്കാലത്തിലെന്നപോലെ...

File:Emile Friant Les Amoureux.jpg

പോയ ശരല്ക്കാലത്തിലെന്ന പോലെ നിന്നെയോർമ്മിച്ചെടുക്കട്ടെ ഞാൻ.
ഒരു നീലത്തൊപ്പി നീ, ഒരു പ്രശാന്തഹൃദയം.
നിന്റെ കണ്ണുകളിൽ പടവെട്ടി അന്തിവെളിച്ചത്തിന്റെ നാളങ്ങൾ.
നിന്റെയാത്മാവിന്റെ കയങ്ങളിൽ പൊഴിഞ്ഞുവീണു പഴുക്കിലകൾ.
ഒരു വള്ളിച്ചെടി പോലെ എന്റെ കൈകളിൽ പടർന്നു നീ.
ഇലകൾ കോരിയെടുത്തു അലസം സൗമ്യം നിന്റെ ശബ്ദം.
ആശ്ചര്യത്തിന്റെ തീച്ചൂളയായി എന്റെ ദാഹമാളിക്കത്തി,
എന്റെയാത്മാവിൽ പിണഞ്ഞുകേറി നീലിച്ച ലില്ലിപ്പൂക്കൾ.
നിന്റെ കണ്ണുകളലഞ്ഞുപോയി, അകലെയാണു ശരത്കാലം;
നീലത്തൊപ്പി, കിളിയൊച്ചകൾ, വീടു പോലൊരു ഹൃദയം,
അതിൽ കുടിയേറുന്നു എന്റെ തീവ്രകാമനകൾ,
എന്റെ ചുംബനങ്ങൾ കുമിയുന്നു എരിയുന്ന കനലുകൾ പോലെ.
കപ്പൽത്തട്ടിൽക്കണ്ട മാനം, കുന്നിൽ നിന്നു കണ്ട പാടം,
നിന്നെയോർക്കുമ്പോൾ ഞാൻ കാണുന്നു വെളിച്ചം, പുക, അലയടങ്ങിയ കയവും.
നിന്റെ കണ്ണുകൾക്കുമപ്പുറം തീപിടിയ്ക്കുന്നു സന്ധ്യകൾ,
നിന്റെയാത്മാവിൽ ചുഴന്നുവീഴുന്നു ശരല്ക്കാലത്തിന്റെ കരിയിലകൾ.


(ഇരുപതു പ്രണയകവിതകള്‍ – 6)

link to image

Tuesday, September 7, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-17

 

File:Franz Kafka - Brief an den Vater - Cover Christian Mantey - Berlin 2009 vs .jpg

 

അങ്ങയോടുള്ള ഭയത്തിനു കാരണമായി ഞാൻ നിരത്തിയ ന്യായങ്ങൾ പരിശോധിച്ചിട്ട് അങ്ങയുടെ മറുപടി ഇതായിരിക്കാം: ‘ഞാനും നീയും തമ്മിലുള്ള ബന്ധം ഈ വിധമായതിന്റെ പഴി നിനക്കാണെന്നു സമർത്ഥിച്ചിട്ട് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുമാറുകയാണു ഞാനെന്നായിരിക്കും നിന്റെ മനസ്സിലിരുപ്പ്. പക്ഷേ എന്റെ വിശ്വാസം അങ്ങനെയല്ല; പുറമേ നീയെന്തൊക്കെ കാണിച്ചാലും നീയും സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുമാറുകയാണ്‌; എന്നു തന്നെയല്ല, സംഗതികൾ നീ നിനക്കനുകൂലമായി മാറ്റുകയും ചെയ്യുകയാണ്‌. ഒന്നാമതായി താൻ തെറ്റുകാരനല്ലെന്നും, തനിക്കൊരു ചുമതലയില്ലെന്നും പറഞ്ഞൊഴിയുകയാണു നീ- അക്കാര്യത്തിൽ നമ്മുടെ പോക്ക് ഒരേ വഴിയിലൂടെ തന്നെ. എന്നിട്ടു പക്ഷേ, ഞാൻ എല്ലാ കുറ്റവും എന്റെ മനസ്സിലുള്ളപോലെ തുറന്ന രീതിയിൽ നിന്റെ മേൽ ചുമത്തുമ്പോൾ നീയാകട്ടെ, ‘വലിയ മിടുക്കനും’ ‘വലിയ ദയാലു’വും ചമഞ്ഞ് സകല പിഴകളിൽ നിന്നും ഒഴിവാക്കുകയാണെന്നെ. ശരി തന്നെ, നിനക്കതിൽ വലിയ വിജയം കണ്ടെത്താനും കഴിയുന്നില്ല( അതിലധികം നീ പ്രതീക്ഷിക്കുന്നുമില്ല, ഉവ്വോ?); സ്വഭാവത്തെയും വൈരുദ്ധ്യങ്ങളെയും നിസ്സഹായതയെയും കുറിച്ചുള്ള നിന്റെ സുന്ദരപ്രയോഗങ്ങളൊക്കെയിരിക്കെത്തന്നെ വരികൾക്കിടയിൽ തെളിഞ്ഞു വരുന്നത് അക്രമി ഞാനായിരുന്നുവെന്നും, നീ ചെയ്തതൊക്കെ സ്വരക്ഷയ്ക്കുള്ളതു മാത്രമായിരുന്നുവെന്നുമാണ്‌. അങ്ങനെ സ്വന്തം ആത്മവഞ്ചനയിലൂടെ സ്വയം തൃപ്തനാവാൻ വേണ്ടത് നീ നേടിക്കഴിഞ്ഞുകാണും; കാരണം നീ മൂന്നു കാര്യങ്ങൾ തെളിയിച്ചു കഴിഞ്ഞല്ലോ: ഒന്നാമതായി നീ നിരപരാധിയാണെന്ന്, രണ്ടാമത് ഞാനാണു കുറ്റക്കാരനെന്ന്, മൂന്നാമതാകട്ടെ, ശുദ്ധമായ ഹൃദയവിശാലതയോടെ എനിക്കു മാപ്പു തരാൻ തല്പരനാണു താനെന്നുമാത്രമല്ല, അതിനുമുപരി ഞാൻ നിരപരാധിയാണെന്ന്, സത്യത്തിനു നിരക്കുന്നതല്ല അതെങ്കിൽക്കൂടി, തെളിയിക്കാനും, സ്വയം വിശ്വസിപ്പിക്കാനും കൂടി തനിക്കു മടിയില്ലെന്നും. അത്രയും കൊണ്ടു തന്നെ നീ തൃപ്തനാവേണ്ടതാണ്‌, പക്ഷേ നിനക്കതു പോരാ. അവസാനത്തെ തുള്ളി വരെ എന്നെ ഊറ്റിയെടുത്തു ജീവിക്കാനാണ്‌ നിന്റെ പുറപ്പാട്. നമ്മൾ തമ്മിൽ യുദ്ധത്തിലാണെന്ന കാര്യം ഞാൻ സമ്മതിച്ചു; പക്ഷേ യുദ്ധങ്ങൾ രണ്ടു തരമാണ്‌. വീരോചിതമായ യുദ്ധത്തിൽ സ്വതന്ത്രരായ രണ്ടു പ്രതിയോഗികൾ അന്യോന്യം ബലം പരീക്ഷിക്കുകയാണ്‌; അവർ സ്വന്തം നിലയ്ക്കു നില്ക്കുന്നു, സ്വന്തം നിലയ്ക്കു തോല്ക്കുന്നു, സ്വന്തം നിലയ്ക്കു ജയിക്കുന്നു. പിന്നെ കീടങ്ങളുടെ യുദ്ധമുണ്ട്; അവ കടിയ്ക്കുക മാത്രമല്ല, സ്വന്തം ജീവൻ നിലനിർത്താൻ ചോരയൂറ്റിക്കുടിക്കുകയും ചെയ്യും. അതാണു യുദ്ധം തൊഴിലാക്കിയവന്റെ രീതി; നീയും അതു തന്നെ. ജീവിക്കാൻ യോഗ്യനല്ല നീ; പക്ഷേ അങ്ങനെയൊരവസ്ഥയിലും ഒരുവിധ മനശ്ശല്യമോ ആത്മനിന്ദയോ കൂടാതെ സുഖജീവിതം കഴിക്കാനായി നീ തെളിയിക്കുകയാണ്‌, ജീവിക്കാൻ വേണ്ടുന്ന യോഗ്യതയൊക്കെ നിനക്കുണ്ടായിരുന്നുവെന്നും ഞാനതു കവർന്നെടുത്ത്സ്വന്തം കീശയിലാക്കിയിരിക്കുകയാണെന്നും. ജീവിക്കാൻ യോഗ്യനല്ലെങ്കിൽ നിനക്കിനിയെന്തു പേടിക്കാൻ- ഉത്തരവാദി ഞാനല്ലേ. നിനക്കു സുഖമായി മലർന്നു കിടന്നാൽ മതി; ശാരീരികവും മാനസികവുമായി നിന്നെ ജീവിതത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകേണ്ട ചുമതല എനിക്കു വിട്ടുതന്നിരിക്കുകയാണല്ലോ. ഒരുദാഹരണം: വിവാഹം കഴിക്കണമെന്ന് അടുത്തകാലത്ത് നിനക്കൊരാഗ്രഹമുണ്ടായി; അതേസമയം തന്നെ-അതു നീ ഈ കത്തിൽ സമ്മതിക്കുന്നുമുണ്ടല്ലോ- വിവാഹം കഴിക്കണമെന്നും നിനക്കില്ല. പക്ഷേ, ഇക്കാര്യത്തിൽ നീ മുന്നിട്ടിറങ്ങാതെ ഇങ്ങനെയൊരു ബന്ധം കൊണ്ട് എന്റെ സല്പ്പേരിനുണ്ടാകാവുന്ന കളങ്കം ചൂണ്ടിക്കാട്ടി ഞാനതിനെ വിലക്കണമെന്നൊരു സഹായം എന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നായിരുന്നു നിന്റെ ആഗ്രഹം. പക്ഷേ അങ്ങനെയൊന്ന് എന്റെ സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. ഒന്നാമതായി ‘നിന്റെ സന്തോഷത്തിനൊരു വിലങ്ങുതടി’യാവാൻ എനിക്കാഗ്രഹമുണ്ടായിരുന്നില്ല, മറ്റെന്തിലുമെന്നപോലെ ഇതിലും; രണ്ടാമതായി, സ്വന്തം മകനിൽ നിന്ന് ഇങ്ങനെയൊരു ആരോപണം കേൾക്കാൻ എനിക്കൊട്ടുമാഗ്രഹമില്ല. അതേസമയം സ്വന്തം വികാരങ്ങളെയൊന്നും പുറത്തു കാണിക്കാതെ വിവാഹത്തിന്റെ കാര്യം നിനക്കുതന്നെ വിട്ടുതന്നിട്ടും എന്തെങ്കിലും ഗുണമുണ്ടായോ? യാതൊന്നുമുണ്ടായില്ല. ആ വിവാഹത്തിനോടുള്ള എന്റെ ഇഷ്ടക്കേട് അതു നടത്താൻ ഒരു തടസ്സമാകുമായിരുന്നില്ല- മറിച്ച് ആ പെണ്ണിനെത്തന്നെ വിവാഹം ചെയ്യാൻ നിനക്കതൊരു അധികപ്രേരണയാവുകയേ ചെയ്യൂ; അങ്ങനെയാവുമ്പോൾ നിന്റെ ‘രക്ഷപ്പെടാനുള്ള ശ്രമം’ (അങ്ങനെയാണല്ലോ നീ പറയുക) പൂർണ്ണവുമായി. ഇനി, വിവാഹം കഴിക്കാൻ ഞാൻ സമ്മതം തന്നാൽക്കൂടി അതുകൊണ്ട് നിന്റെ കുറ്റപ്പെടുത്തൽ അവസാനിക്കുകയുമില്ല; താൻ വിവാഹം കഴിക്കാതിരിക്കാൻ ആകെയുള്ള കാരണം ഞാനാണെന്ന് നീ സമർത്ഥിച്ചുകഴിഞ്ഞിരിക്കുകയാണല്ലോ. ആത്യന്തികമായി നോക്കിയാൽ മറ്റെന്തിലുമെന്നപോലെ ഇക്കാര്യത്തിലും നീ എനിക്കു തെളിവു നല്കിക്കഴിഞ്ഞു, എന്റെ ആരോപണങ്ങൾ ഓരോന്നും ന്യായമുള്ളതായിരുന്നുവെന്ന്, അക്കൂട്ടത്തിൽ പ്രത്യേകിച്ചും ന്യായീകരണമുള്ള ഒരാരോപണം കാണാനില്ലെന്ന്, അതായത് ആത്മവഞ്ചന, കപടവിനയം, അന്യന്റെ ചോരയൂറ്റിക്കുടിക്കൽ എന്നിവയ്ക്കുള്ള നിന്റെ മിടുക്ക്. എനിക്കധികം തെറ്റു പറ്റിയിട്ടില്ലെങ്കിൽ നിന്റെ ഈ കത്തിലൂടെ നീ ഈ നിമിഷവും എന്റെ ചോരയൂറ്റിക്കുടിക്കുകയാണ്‌.‘

ഇതിനെന്റെ മറുപടി, ഈ എതിർവാദം, ഇതു ഭാഗികമായി അങ്ങയ്ക്കെതിരെയും തിരിയ്ക്കാവുന്നതേയുള്ളു, രൂപമെടുക്കുന്നത് അങ്ങയിലല്ല, വാസ്തവത്തിൽ എന്നിലാണെന്നായിരിക്കും. മറ്റാരെക്കുറിച്ചെങ്കിലുമുള്ള അങ്ങയുടെ അവിശ്വാസം എനിക്ക് എന്നിൽത്തന്നെയുള്ള അവിശ്വാസത്തോളം വരികയില്ല; അങ്ങാണല്ലോ അതെന്നിൽ കടത്തിവിട്ടത്. അങ്ങയുടെ എതിർവാദത്തിന്‌ ഒരുതരത്തിലുള്ള ന്യായീകരണമുണ്ടെന്നതു ഞാൻ നിഷേധിക്കുന്നില്ല; നമ്മൾ തമ്മിലുള്ള ബന്ധത്തിന്‌ അതു പുതിയൊരു സ്വഭാവം കൂടി നല്കുകയാണല്ലോ. സ്വാഭാവികമായും, തെളിവുകൾ എന്റെ കത്തിൽ കൃത്യമായി ഇണങ്ങിച്ചേരുന്നതുപോലെ യഥാർത്ഥജീവിതത്തിലും സംഭവിക്കണമെന്നില്ല; ജീവിതമെന്നത ഒരു ചൈനീസ് പ്രഹേളികയൊന്നുമല്ലല്ലോ. എന്നാൽക്കൂടി ഈയൊരെതിർവാദത്തിൽ നിന്നു ജനിക്കുന്ന ഒരു നീക്കുപോക്കു വഴി- അതിന്റെ വിശദാംശങ്ങൾ വിവരിക്കാനുള്ള കഴിവെനിക്കില്ല, അതിനെനിക്കാഗ്രഹവുമില്ല- എന്റെ അഭിപ്രായത്തിൽ സത്യത്തോടു കുറച്ചുകൂടി അടുത്തുവരുന്ന ചിലതു നമുക്കു നേടാനായെന്നുവരാം; അതുവഴി നമുക്കല്പം മനശ്ശാന്തി ലഭിച്ചുവെന്നും വരാം, നമ്മുടെ ജീവിതവും നമ്മുടെ മരണവും അല്പം കൂടി ക്ളേശരഹിതമായെന്നും വരാം.

ഫ്രാൻസ്

 

നെരൂദ-എനിക്കിഷ്ടം മൗനത്തിലായ നിന്നെ...

 File:Paul Gauguin 055.jpg

എനിക്കിഷ്ടം മൗനത്തിലായ നിന്നെ;
ഇങ്ങില്ല നീയെന്നപോലെ,
നീ വിളി കേൾക്കുന്നില്ലെന്നപോലെ,
എന്റെയൊച്ച നിന്നെത്തൊടുന്നില്ലെന്നപോലെ,
നിന്റെ കണ്ണുകളെങ്ങോ പറന്നുമറഞ്ഞപോലെ,
ഒരു ചുംബനം നിന്റെ ചുണ്ടുകൾ മുദ്ര വച്ചപോലെ.

സർവ്വതിലുമെന്റയാത്മാവു നിറയുമ്പോൾ
അവയിൽ നിന്നുത്ഭൂതയാവുന്നു നീ,
സ്വപ്നത്തിലെ പൂമ്പാറ്റേ, നീയെന്റെയാത്മാവു പോലെ,
വിഷാദം എന്ന വാക്കു പോലെ.

എനിക്കിഷ്ടം മൗനത്തിലായ നിന്നെ,
വിദൂരസ്ഥയായ നിന്നെ,
കേട്ടുവോ ഞാൻ നിന്റെ വിലാപം,
പ്രാവിനെപ്പോലെ കൂജനം ചെയ്യുന്ന പൂമ്പാറ്റേ?
അത്രയുമകലത്താണു നീ,
നിന്നെയെത്തിപ്പിടിക്കില്ലെന്റെ ശബ്ദം,
നിന്റെ മൗനത്തിനൊപ്പം മൗനിയാകട്ടെ ഞാനും.
മൗനത്തിലായ നിന്നോടൊന്നു മിണ്ടട്ടെയോ ഞാൻ?

ദീപം പോലെ ദീപ്തമാണു നിന്റെ മൗനം,
മോതിരം പോലെ ലളിതവും.
രാവു കണക്കെ നീ, നീരവം, താരാവൃതം,
താരകളുടേതാണു നിന്റെ മൗനം, സരളം, വിദൂരസ്ഥം.

എനിക്കിഷ്ടം മൗനത്തിലായ നിന്നെ,
ഇങ്ങില്ല നീയെന്നുതോന്നും.
മരിച്ചപോൽ വിദൂരസ്ഥ നീ, വിഷാദിയും.
ഒരു വാക്കു മതി, ഒരു പുഞ്ചിരി മതി പിന്നെ,
സന്തുഷ്ടനാവും ഞാൻ,
അതു നേരല്ലെന്ന സന്തോഷത്താൽ.


(ഇരുപതു പ്രണയകവിതകള്‍ – 15)


ചിത്രം-ഗോഗാന്‍ –1886-(വിക്കിമീഡിയ)


Monday, September 6, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് –ഗദ്യകവിതകള്‍ - 3

File:Fox and Sick Lion.jpg
ചാരുകസേരകൾ
ഊഷ്മളമായ ഒരു കഴുത്ത് ഒരു കസേരക്കൈയാകുമെന്ന് ആരോർത്തു? ആനന്ദത്തിനും പലായനത്തിനും വ്യഗ്രത പൂണ്ട കാലുകൾ വെറും നാലു പൊയ്ക്കാലുകളായി വെറുങ്ങലിക്കുമെന്നും? ചാരുകസേരകൾ പണ്ടൊരു കാലത്ത് പൂവു തിന്നു ജീവിക്കുന്ന കുലീനജന്തുക്കളായിരുന്നു. എന്നിട്ടുമവർ വളരെപ്പെട്ടെന്നു മെരുങ്ങിക്കൊടുത്തു; ഇന്ന് നാൽക്കാലികളിൽ വച്ചേറ്റവും നികൃഷ്ടരാണവർ. അവരുടെ മനസ്സുറപ്പും ധൈര്യവുമൊക്കെ നഷ്ടമായിരിക്കുന്നു. ഇന്നവർ തീരെ സാധുക്കൾ. അവർ ആരെയും ചവിട്ടിമെതിച്ചിട്ടില്ല, ആരുടെയെങ്കിലുമൊപ്പം കുതിച്ചുപാഞ്ഞിട്ടുമില്ല. പാഴായിപ്പോയ ഒരു ജീവിതത്തെക്കുറിച്ച് തികച്ചും ബോധവാന്മാരാണവരെന്നതും തീർച്ച.
ചാരുകസേരകളുടെ നൈരാശ്യം അവയുടെ ഞരക്കത്തിൽ വെളിപ്പെടുന്നു.

വയലിൻ
നഗ്നയാണു   വയലിൻ. ആകെച്ചടച്ചതാണതിന്റെ  കൊച്ചുകൈകൾ. ആ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ പണിപ്പെടുകയാണത്. നാണക്കേടും തണുപ്പും കൊണ്ടു തേങ്ങുകയാണത്, അതാണു കാര്യം. അല്ലാതെ, സംഗീതനിരൂപകർ പറയുമ്പോലെ ചന്തം കൂട്ടാൻ നോക്കുകയല്ലത്. അതു സത്യമേയല്ല.

വസ്തുക്കൾ
അചേതനവസ്തുക്കൾക്ക് ഒരിക്കലും പിഴയ്ക്കാറില്ല; നിർഭാഗ്യമെന്നു പറയണം, ഒന്നിന്റെ പേരിലും നമുക്കവയെ പഴിക്കാനും പറ്റില്ല. കസേര ഒരു കാലിൽ നിന്നു മറ്റൊരു കാലിലേക്കു മാറുന്നതോ, കട്ടിൽ പിൻകാലുകളിൽ എഴുന്നേറ്റു നില്ക്കുന്നതോ ഇന്നേവരെ എനിക്കു കാണാനിടവന്നിട്ടില്ല. മേശകളാണെങ്കിൽ, തളർന്നാൽപ്പോലും മുട്ടു മടക്കാൻ തുനിയാറില്ല. വസ്തുക്കൾ ഇങ്ങനെ ചെയ്യുന്നത് പ്രബോധനപരമായ കാരണങ്ങൾ കൊണ്ടാണോയെന്നാണ്‌ എന്റെ സംശയം: നമ്മുടെ സ്ഥിരതയില്ലായ്മയ്ക്ക് നമ്മെ നിരന്തരം കുറ്റപ്പെടുത്താൻ.

ചെന്നായയും ആട്ടിൻകുട്ടിയും
കിട്ടിപ്പോയി- എന്നു പറഞ്ഞുകൊണ്ട് ചെന്നായ കോട്ടുവായിട്ടു. ആട്ടിൻകുട്ടി കണ്ണീരു തുളുമ്പുന്ന കണ്ണുകൾ ചെന്നായയുടെ നേർക്കു തിരിച്ചു- അങ്ങയ്ക്ക് എന്നെ തിന്നാതെ പറ്റില്ലേ? വേറെ വഴിയൊന്നുമില്ലേ?
-കഷ്ടമേ, ഞാനതു ചെയ്യാതെ പറ്റില്ല. എല്ലാ യക്ഷിക്കഥകളുടെയും പോക്കിങ്ങനെയല്ലേ: ഒരിക്കൽ ഒരാട്ടിൻകുട്ടി അമ്മയിൽ നിന്നു കൂട്ടം പിരിഞ്ഞുപോയി. കാട്ടിൽ വച്ച് അതൊരു ക്രൂരനായ ചെന്നായയെ കണ്ടുമുട്ടി...
-ക്ഷമിക്കണേ, ഇതു കാടൊന്നുമല്ല, എന്റെ ഉടമസ്ഥന്റെ വീട്ടുവളപ്പാണ്‌. ഞാൻ അമ്മയിൽ നിന്നു പിരിഞ്ഞുവന്നതുമല്ല. ഞാൻ അനാഥയാണ്‌. എന്റെ അമ്മയെയും ചെന്നായ തിന്നുകയായിരുന്നു.
-അതൊന്നും കാര്യമാക്കാനില്ല. നിന്റെ മരണശേഷം ഉദ്ബുദ്ധസാഹിത്യമെഴുതുന്നവർ നിന്റെ കാര്യം നോക്കിക്കോളും. കഥയുടെ ചട്ടക്കൂടും ഉദ്ദേശ്യവും ഗുണപാഠവുമൊക്കെ അവർ രൂപപ്പെടുത്തും. എന്നെ അധികം ഞെരുക്കരുതേ. ക്രൂരനായ ചെന്നായയാവുക എന്നത് എന്തുമാത്രം ബാലിശമാണെന്നു നിനക്കറിയാത്തതുകൊണ്ടാണ്‌.. ആ ഈസോപ്പില്ലായിരുന്നെങ്കിൽ ഞങ്ങളിവിടെ സൂര്യാസ്തമയവും കണ്ട് പിൻകാലിൽ കുത്തിയിരിക്കുമായിരുന്നു. എനിക്കതൊരു ലഹരിയായിരുന്നു.
അതെ, കുഞ്ഞുങ്ങളെ. ചെന്നായ ആ കുഞ്ഞാടിനെ കൊന്നുതിന്ന് കിറിയും നക്കി. എന്റെ കുഞ്ഞുങ്ങളേ, ചെന്നായയുടെ പിന്നാലെ പോകരുതേ. ഒരു ഗുണപാഠത്തിനു വേണ്ടി സ്വയം ബലിയാടാവരുതേ.

പിടക്കോഴി
മനുഷ്യരുമായി നിരന്തരസഹവാസം ചെയ്താൽ എന്തായിത്തീരുമെന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമത്രെ, പിടക്കോഴി. പക്ഷിയുടേതായ ആ ലാഘവവും അഴകും അവളിൽ ലവലേശമില്ല. ഉന്തിയ മുരട്ടിൽ നിന്നെറിച്ചുനില്ക്കുകയാണ്‌ ചേലുകെട്ട വലിയൊരു തൊപ്പി പോലത്തെ വാല്‌. ഒരു കാലിൽ നിന്നുകൊണ്ട് നേർത്ത പാട പോലത്തെ കൺപോളകളാൽ വട്ടക്കണ്ണുകളൊട്ടിച്ചും കൊണ്ടുള്ള അവളുടെ അപൂർവമായ ചില പരമാനന്ദമുഹൂർത്തങ്ങളുണ്ടല്ലോ, അത്രയ്ക്കറയ്ക്കുന്നതാണത്. അതിനൊക്കെപ്പുറമെയാണ്‌ സംഗീതത്തിന്റെ ആ ഹാസ്യാനുകരണം, തൊണ്ട പൊളിച്ചുള്ള പ്രാർത്ഥനകൾ; അതോ, പറയാൻ കൊള്ളാത്തവിധം തമാശ തോന്നിക്കുന്ന ഒരു സാധനത്തെച്ചൊല്ലി: വെളുത്തുരുണ്ട്, പുള്ളി കുത്തിയ ഒരു മുട്ട.

പിടക്കോഴി ചില കവികളെ ഓർമ്മപ്പെടുത്തുന്നു.

നെരൂദ- നടുവേനലിന്റെ വേളയിൽ...

 

നടുവേനലിന്റെ വേളയിൽ
കൊടുങ്കാറ്റുകൾ തിങ്ങിയതാണു പ്രഭാതം.

യാത്ര വഴങ്ങുന്ന വെള്ളത്തൂവാലകൾ പോലെ
മേഘങ്ങൾ കാറ്റിന്റെ കൈകളിൽ.

നമ്മുടെ പ്രണയത്തിന്റെ നിശ്ശബ്ദതയ്ക്കു മേൽ
കാറ്റിന്റെ തീരാത്ത ഹൃദയതാളം.

മരങ്ങൾക്കിടയിൽ മാറ്റൊലിയ്ക്കുന്നൊരു ദിവ്യവൃന്ദവാദ്യം,
പടയും പാട്ടും നിറഞ്ഞൊരു ഭാഷ പോലെ.

പാഞ്ഞെത്തുന്ന കാറ്റു കവർന്നോടുന്നു കരിയിലകളെ,
അതു ഗതി മാറ്റുന്നു അമ്പുകൾ തൊടുത്തപോൽ ത്രസിക്കുന്ന കിളികളെ.

കാറ്റവളെ തട്ടിയിടുന്നു വെള്ളമില്ലാത്തൊരു തിര പോലെ,
ഭാരമില്ലാത്ത വസ്തു പോലെ,ചാഞ്ഞുവീഴുന്ന തീ പോലെ.

അവളുടെ ചുംബനങ്ങളുടെ കൂമ്പാരമടിപണിയുന്നു
വേനൽക്കാറ്റിന്റെ പടിവാതില്ക്കൽ.


(ഇരുപതു പ്രണയകവിതകള്‍ – 4)


Sunday, September 5, 2010

നെരൂദ-തേൻ കുടിച്ചു മതികെട്ടെന്റെയാത്മാവിൽ...

 

canvas

 

 

 

 

 

 

 

 

 

തേൻ കുടിച്ചു മതികെട്ടെന്റെയാത്മാവിൽ മുരളുന്നു വെളുത്ത തേനീച്ച നീ,
പുകയുടെ ചുരുളുകളായിച്ചുറ്റുന്നലസം നീ.

ആശ കെട്ടവൻ ഞാൻ, മാറ്റൊലിക്കാത്തൊരു വാക്ക്,
എല്ലാം നഷ്ടമായവൻ, എല്ലാം സ്വന്തമായിരുന്നവൻ.

ഞാനൊടുവിലണയുന്ന കടവേ, നിന്നിൽ കേൾക്കുന്നു ഞാനെന്റെ തൃഷ്ണകളുടെ പ്രാണരോദനം.
എന്റെ മരുപ്പറമ്പിൽ നീയല്ലോ ശേഷിച്ച പനിനീർപ്പൂ.

ഹാ, മൗനം പൂണ്ടവളേ!

നിന്റെ തീക്ഷ്ണനേത്രങ്ങളടയ്ക്കുക.രാത്രി ചിറകനക്കുന്നവിടെ.
ഹാ, നിന്റെ നഗ്നദേഹമൊരു കാതരശില്പം.

നിന്റെ തീക്ഷ്ണനേത്രങ്ങളിൽ തുടിയ്ക്കുന്നു രാത്രി.നിന്റെ കൈകൾ കുളിർത്ത പൂക്കൾ,
ഒരു പനിനീർപ്പൂ നിന്റെ മടിത്തട്ടും.

നിന്റെ മാറിടത്തിൽ രണ്ടു വെള്ളച്ചിപ്പികൾ,
നിന്റെയുദരത്തിൽ സുഖശയനം ഒരു കറുത്ത പൂമ്പാറ്റ.

ഹാ, മൗനം പൂണ്ടവളേ!

നിന്റെ സാന്നിദ്ധ്യമില്ലാത്ത ഏകാന്തതയാണിവിടെ.
മഴ പെയ്യുന്നു. കടല്ക്കാറ്റു നായാടുന്നു ഒറ്റ തിരിഞ്ഞ പറവകളെ.

നനഞ്ഞ നിരത്തിലൂടെ പാദുകങ്ങളില്ലാതെ നടക്കുന്നു വെള്ളം.
ആ മരത്തിൽ ദീനക്കാരെപ്പോലെ ഞരങ്ങുകയാണിലകൾ.

നീ പൊയ്ക്കഴിഞ്ഞാലുമെന്റെയാത്മാവിൽ മുരളുന്നൊരു വെളുത്ത തേനീച്ച,
പുനർജ്ജനിക്കുന്നു നീ കാലം പോകെ, മെലിഞ്ഞും നാവടഞ്ഞും.

ഹാ, മൗനം പൂണ്ടവളേ!


(ഇരുപതു പ്രണയകവിതകള്‍ – 8)


സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് -ഞങ്ങളുടെ ഭയം

ഞങ്ങളുടെ ഭയം

ഞങ്ങളുടെ ഭയം
നിശാവസ്ത്രം ധരിച്ചതല്ല
കൂമന്റെ കണ്ണുകളുള്ളതല്ല
പേടകത്തിന്റെ മൂടി തുറക്കുന്നതല്ല
മെഴുകുതിരി ഊതിക്കെടുത്തുന്നതല്ല

മരിച്ചയാളിന്റെ മുഖവും അതിനുള്ളതല്ല

ഞങ്ങളുടെ ഭയം
ഒരു കീശയിൽ നിന്നു കണ്ടെടുത്ത
ഒരു കടലാസ്സുതുണ്ടാണ്‌
‘ദ്ലൂഗാതെരുവു പൊള്ളുമെന്ന്
വോയ്ചിക്കിനോടു പറഞ്ഞേക്കൂ’

ഞങ്ങളുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകുകളിൽ പറക്കുന്നതല്ല
പള്ളിമേടയിലിരിക്കുന്നതല്ല
വെറും ലൗകികമാണത്

അതിന്റെ രൂപം
കമ്പിളിയുടുപ്പും
ഭക്ഷണവും വെള്ളവും
ആയുധങ്ങളും
തിടുക്കത്തിൽ കെട്ടിയെടുത്ത
ഒരു മാറാപ്പിന്റേത്

ഞങ്ങളുടെ ഭയം
മരിച്ചയാളിന്റെ മുഖമുള്ളതല്ല
മരിച്ചുപോയവർ ഞങ്ങളെ കഷ്ടപ്പെടുത്തുന്നില്ല
ഞങ്ങളവരെ ചുമലേറ്റിക്കൊണ്ടുപോകുന്നു
ഒരേ വിരിപ്പിൻകീഴിലുറങ്ങുന്നു
അവരുടെ കണ്ണുകൾ തിരുമ്മിയടയ്ക്കുന്നു
അവരുടെ ചുണ്ടുകൾ കൂട്ടിയടയ്ക്കുന്നു
നനവില്ലാത്ത ഒരിടം നോക്കി
അവരെ കുഴിച്ചിടുന്നു

ആഴം കൂടാതെ
ആഴം കുറയാതെയും

 

ഉരുളൻ കല്ല്

ഉരുളൻ കല്ല്
ഒരു സമ്പൂർണ്ണജീവിയാണ്‌

അതതിനോടു തുല്യം
അതിരുകൾ മാനിക്കുന്നതും

ഒരുരുളൻ കല്ലിന്റെ അർത്ഥം കൊണ്ട്
കൃത്യമായി നിറഞ്ഞത്

അതിന്റെ ഗന്ധം ഒന്നിനെയും ഓർമ്മപ്പെടുത്തുന്നില്ല
ഒന്നിനെയും വിരട്ടിയോടിക്കുന്നില്ല
ഒരു തൃഷ്ണയുമുണർത്തുന്നില്ല

അതിന്റെ തീക്ഷ്ണതയും നിർമ്മമതയും
നിഷ്പക്ഷമാണ്‌ അഭിജാതമാണ്‌

അതിനെ കൈയിലെടുക്കുമ്പോൾ
അതിന്റെ കുലീനമായ ഉടലിൽ
കൃത്രിമച്ചൂടു പടരുമ്പോൾ
എനിക്കു കടുത്ത പശ്ചാത്താപം തോന്നുന്നു

-ഉരുളൻ കല്ലുകളെ മെരുക്കുക സാദ്ധ്യമല്ല
അന്ത്യം വരെ അവ നമ്മെ നോക്കിയിരിക്കും
ശാന്തവും സ്വച്ഛവുമായ കണ്ണു വച്ച്

 

***

പുതുമ മാറാത്തതാണത്
ഇന്നത്തേതുമാകാമത്
കട്ടച്ചോര പിടിച്ചതാണത്
ഒരു കടൽമീൻ പോലെ പെരുത്തതാണത്

അയാളതിനെ കവലകൾ തോറും കൊണ്ടുപോകുന്നു
അയാളതിൽ ഉപ്പു തളിക്കുന്നു
വലിയവായിൽ അതിന്റെ മേന്മകൾ നിരത്തുന്നു

പുതുമ മാറാത്തതാണത്
ഇന്നത്തേതുമാകാമത്
നീലിച്ചുചുവന്ന ആ സിരകൾ
പ്രത്യേകിച്ചൊരർത്ഥവുമില്ലാത്തതുമാണ്‌

അവർ അടുത്തുകൂടുന്നു
വിരലുകൾ കൊണ്ടു തോണ്ടിനോക്കുന്നു
വിപ്രതിപത്തിയോടെ തല കുലുക്കുന്നു

സ്വന്തം നെഞ്ചിനോടു ചേർക്കുമ്പോൾ
അയാൾ ശരിക്കുമറിയുന്നുണ്ട്
പുതുമ മാറാത്തതാണത്
ചൂടു വിടാത്തതാണത്

പുതുമ മാറാത്തതാണത്
ഇന്നത്തേതുമാകാമത്
എന്തു വലിപ്പമാണതിന്‌

ആരു വാങ്ങാൻ ഒരു മുറിവിനെ

അക്കൽദാമ

പുരോഹിതന്മാർക്കൊരു വിഷമപ്രശ്നം
ധർമ്മശാസ്ത്രത്തിനും കണക്കെഴുത്തിനുമിടയിലുള്ളത്

യൂദാ തങ്ങളുടെ കാല്ച്ചുവട്ടിലേക്കെറിഞ്ഞ വെള്ളിനാണയങ്ങൾ
എന്തു ചെയ്യും

ആ തുക കേറ്റിയത്
ചെലവുകളുടെ കോളത്തിലായിരുന്നു
പുരാവൃത്തമെഴുത്തുകാർ അതിനെ
ഐതിഹ്യത്തിന്റെ കോളത്തിൽ കൊള്ളിക്കും

മുൻകൂട്ടിക്കാണാത്ത വരുമാനത്തിന്റെ പട്ടികയിൽ
അതിനെ പെടുത്തുക ശരിയായിരിക്കില്ല
അതിനെ ഭണ്ഡാരത്തിൽ മുതൽ കൂട്ടുക അപകടകരം
അതു വെള്ളിപ്പണത്തെ ദുഷിപ്പിക്കും

ദേവാലയത്തിലേക്കു മെഴുകുതിരിക്കാലു വാങ്ങാൻ
അതിനെ ഉപയോഗപ്പെടുത്തുക ഉചിതമായിരിക്കില്ല
പാവങ്ങൾക്കു ധർമ്മം കൊടുക്കുന്നതും

നീണ്ട കൂടിയാലോചനകൾക്കു ശേഷം അവർ തീരുമാനമെടുത്തു
ഒരു കുശവന്‍റെ പാടം വാങ്ങാമെന്ന്
തീർത്ഥാടകർക്കായി ഒരു സിമിത്തേരി
അവിടെ സ്ഥാപിക്കാമെന്ന്

ഒരു തരം മടക്കിക്കൊടുക്കൽ-
മരണത്തിനുള്ള പണം
മരണത്തിന്‌

ഈ പരിഹാരം
സന്ദർഭോചിതമായിരുന്നു
എന്നിട്ടുമെന്തുകൊണ്ടാണ്‌
ഈ സ്ഥലത്തിന്റെ പേര്‌
യുഗങ്ങളായി അന്തരീക്ഷത്തെ പിളർക്കുന്നത്
അക്കൽദാമ
അക്കൽദാമ
ഇതു രക്തനിലം

 

വീണക്കമ്പി

കൂടുകളിൽ നിഴലുകൾ
വിട്ടുപോകുന്നു കിളികൾ

നീയും വിട്ടുപോരുക
വിളക്കും ഗ്രന്ഥവുമായുധവും

കാറ്റു വിളയുന്ന കുന്നിലേക്കു
നമുക്കു പോവുക

കാട്ടിത്തരാം ഞാൻ
കാണാത്ത നക്ഷത്രത്തെ

പുല്ലു മൂടിപ്പോയ
ചെറുവേരുകളെ

മലിനപ്പെടാതെ പൊന്തുന്ന
മേഘങ്ങളുടെയുറവകളെ

നമുക്കു പാടാനായി
കാറ്റതിന്റെ നാവു തരുന്നു

നെറ്റി ചുളിച്ചിരിക്കും നാം
ഒരു വാക്കും മിണ്ടില്ല നാം

മേഘങ്ങൾക്കുണ്ടു പരിവേഷങ്ങൾ
പുണ്യവാളന്മാർക്കുള്ള പോലെ

കണ്ണുകളിരിക്കേണ്ടിടത്തു നമുക്കുണ്ട്
കരിനിറത്തിൽ ഉരുളൻകല്ലുകൾ

ഓർമ്മശക്തി മതിയാകും
ഒരു നഷ്ടത്തിന്റെ വടു മറയ്ക്കാൻ

നമ്മുടെ കുനിഞ്ഞ മുതുകുകളിലൂടെ
തേജസ്സു വന്നിറങ്ങട്ടെ

സത്യമായും സത്യമായും
ഞാൻ നിങ്ങളോടു പറയുന്നു
അത്രയുമഗാധമത്രെ
നമുക്കും വെളിച്ചത്തിനുമിടയിലെ ഗർത്തം

Saturday, September 4, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് – ഗദ്യകവിതകള്‍ - 2

 


ചക്രവർത്തി

ഒരിക്കൽ ഒരിടത്തൊരു ചക്രവർത്തിയുണ്ടായിരുന്നു. അദ്ദേഹത്തിനു മഞ്ഞിച്ച കണ്ണുകളും ഇരപിടിയൻ വായയുമുണ്ടായിരുന്നു. പ്രതിമകളും പോലീസുകാരും നിറഞ്ഞ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം. ഒറ്റയ്ക്കും. രാത്രിയിൽ അദ്ദേഹം ഞെട്ടിയുണർന്നു നിലവിളിയ്ക്കും. ആർക്കും അദ്ദേഹത്തിനെ ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിനേറെയിഷ്ടം നായാട്ടും ഭീകരതയുമായിരുന്നു. എന്നാലും അദ്ദേഹം പൂക്കളും കുഞ്ഞുങ്ങളുമൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുമായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുത്തുമാറ്റാൻ ആർക്കും ധൈര്യം വന്നില്ല. ഒന്നു നോക്കൂ, നിങ്ങളുടെ വീട്ടിൽ അദ്ദേഹത്തിന്റെ പൊയ്മുഖം കണ്ടുവെന്നു വരാം.


ആന

ആനകൾ വാസ്തവത്തിൽ വളരെ ലോലമനസ്ക്കരും പരിഭ്രമക്കാരുമത്രെ. കാടു കയറുന്നൊരു ഭാവനാശേഷിയുള്ളതു കാരണം ചിലനേരത്തേക്കെങ്കിലും സ്വന്തം രൂപം മറന്നുകളയാൻ അവർക്കു കഴിയുന്നു. വെള്ളത്തിലിറങ്ങുമ്പോൾ അവർ കണ്ണുകൾ പൂട്ടിക്കളയുന്നു. സ്വന്തം കാലുകൾ കണ്ണിൽപ്പെടുമ്പോൾ അവർ മനം നൊന്തു കരയുകയും ചെയ്യുന്നു.

എന്റെ പരിചയത്തിലുള്ള ഒരാന ഒരു കുരുവിയുമായി പ്രണയത്തിലായി. അവനു ഭാരം കുറഞ്ഞു, ഉറക്കം പോയി, ഒടുവിൽ അവൻ ഹൃദയം പൊട്ടി ചാവുകയും ചെയ്തു. ആനകളുടെ പ്രകൃതമറിയാത്തവർ പറഞ്ഞു, അവനു പൊണ്ണത്തടിയായിരുന്നുവെന്ന്.


അലമാരയ്ക്കുള്ളിൽ

ഞാനെന്നും സംശയിച്ചിരുന്നു നഗരമെന്നത് ഒരു തട്ടിപ്പാണെന്ന്. പക്ഷേ ആ വഞ്ചനയുടെ തനിസ്വഭാവം ഞാൻ അറിയുന്നത് വസന്തകാലത്തിന്റെ തുടക്കത്തിൽ കഞ്ഞിപ്പശ മണക്കുന്നതും മൂടൽമഞ്ഞിറങ്ങിയതുമായ ഒരു സന്ധ്യനേരത്തു മാത്രമായിരുന്നു. ഒരലമാരക്കുള്ളിലാണു നമ്മുടെ വാസം, വിസ്മൃതിയുടെ പാതാളത്തിൽ, പൊട്ടിയ കഴകൾക്കും അടച്ച പെട്ടികൾക്കുമിടയിൽ. തവിട്ടുനിറത്തിൽ ആറു ചുമരുകൾ, തലയ്ക്കു മേൽ മേഘങ്ങളായി കാലുറകൾ, ഭദ്രാസനപ്പള്ളിയെന്ന് അടുത്തകാലം വരെ നാം ധരിച്ചിരുന്നത് വാസ്തവത്തിൽ ഉള്ളിലുള്ളതാവിയായിപ്പോയ കറുത്തൊരു വാസനത്തൈലക്കുപ്പിയും.

ഹാ, കഷ്ടരാത്രികളിൽ നമ്മുടെ പ്രാർത്ഥനകൾക്കു പാത്രമാകുന്ന വാൽനക്ഷത്രം, ഒരു നിശാശലഭം.


ചന്ദ്രൻ

ചന്ദ്രനെക്കുറിച്ചു നിങ്ങൾക്കു കവിതയെഴുതാൻ കഴിയുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല. വീർത്തുന്തിയതും മടിപിടിച്ചതുമാണത്. അതു ചിമ്മിനികളുടെ മൂക്കിനു പിടിയ്ക്കുന്നു. അതിഷടപ്പെട്ടു ചെയ്യുന്ന പ്രവൃത്തിയാവട്ടെ, കട്ടിലിനടിയിൽ നുഴഞ്ഞുകയറി നിങ്ങളുടെ ചെരിപ്പു മണക്കുക എന്നതും.


മതിൽ

മതിലിൽ ചാരി ഞങ്ങൾ നില്ക്കുന്നു. ഞങ്ങളുടെ യൗവനം ഞങ്ങളിൽ നിന്നെടുത്തിരിക്കുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ. തടിയൻ വെടിയുണ്ട ഞങ്ങളുടെ കഴുത്തുകളിൽ സ്ഥാനം പിടിയ്ക്കുന്നതിനു മുമ്പ് ഇരുപതോ മുപ്പതോ കൊല്ലം കടന്നുപോകും. മതിൽ ഉയർന്നതും ബലത്തതുമാണ്‌. മതിലിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവുമുണ്ട്. വേരുകൾ കൊണ്ടു മതിൽ പൊന്തിയ്ക്കുകയാണു മരം. എലിയെപ്പോലെ മതിൽ കരളുകയാണു നക്ഷത്രം. ഒരു നൂറുകൊല്ലം, ഇരുന്നൂറുകൊല്ലം കഴിഞ്ഞാൽ ഒരു കിളിവാതിൽ ഉണ്ടായെന്നുവരാം.


കാറ്റും പനിനീർപ്പൂവും

ഒരുദ്യാനത്തിൽ ഒരു പനിനീപ്പൂവു വളർന്നിരുന്നു. ഒരു കാറ്റിന്‌ അവളോടു പ്രേമമായി. തീര്‍ത്തും വ്യത്യസ്തരായിരുന്നു അവർ; അവൻ-ലോലവും തെളിഞ്ഞതും; അവൾ- ഇളകാത്തതും ചോര പോലെ കനത്തതും.

അതാ വരുന്നു, മരത്തിന്റെ മെതിയടിയുമിട്ടൊരു മനുഷ്യൻ; അയാൾ പൊണ്ണൻ കൈ കൊണ്ട് പനീർപ്പൂവു പറിച്ചെടുക്കുന്നു. കാറ്റയാളുടെ പിന്നാലെ കുതിച്ചുചെന്നു; പക്ഷേ അയാൾ അവന്റെ മുഖത്തേക്ക് വാതിൽ കൊട്ടിയടച്ചുകളഞ്ഞു.

-ഹാ, ഞാനൊരു കല്ലായെങ്കിൽ- ആ ഭാഗ്യഹീനൻ തേങ്ങിക്കരഞ്ഞു- ലോകമാകെച്ചുറ്റാനെനിക്കായിരുന്നു, ആണ്ടുകൾ പിരിഞ്ഞുനില്ക്കാനെനിക്കായിരുന്നു, എന്നിട്ടും എനിക്കറിയാമായിരുന്നു എന്നുമെന്നും അവളെന്നെ കാത്തുനില്ക്കുമെന്നും.

കാറ്റിനു ബോധ്യമായി, യാതന അനുഭവിക്കാൻ വിശ്വസ്തനാവേണ്ടിവരുമെന്ന്.


ചിത്രം- ഹെര്‍ബെര്‍ട്ട് സഹോദരങ്ങള്‍ക്കൊപ്പം (വിക്കിമീഡിയ)


നെരൂദ-ദീർഘചുംബനങ്ങളാൽ, പൈന്മരങ്ങളാലുന്മത്തനായി...

File:MermenLubok.jpg

ദീർഘചുംബനങ്ങളാൽ, പൈന്മരങ്ങളാലുന്മത്തനായി,
അടങ്ങാത്ത കടൽക്കോളിൽപ്പെട്ടവനായി,
മെലിഞ്ഞ പകലിന്റെ മരണത്തിലേക്കു ഞാൻ തെളിച്ചു
വേനൽ പോലെ പനിനീർപ്പൂക്കളുടെ തോണിപ്പായകൾ.
വിളർത്തും, ആർത്തി പെറ്റ ജലത്തിന്റെ ചാട്ടയടിയേറ്റും
പെറ്റുവീണ പകലിന്റെ തിക്തഗന്ധത്തിൽ ചെയ്തു ഞാൻ കടൽപ്രയാണം;
അതിന്റെ നഗ്നത മറയ്ക്കുന്നു ധൂസരവർണ്ണം, ക്ഷുഭിതാരവം,
കടൽപ്പതയുടെ വലിച്ചെറിഞ്ഞ വിഷാദമകുടം.
ആസക്തികളുടെ വെറി പിടിച്ചൊരു തിരയുടെ കുതിര മേലേറി ഞാൻ,
ഒരുപോലെ പൊള്ളുന്ന, തണുക്കുന്ന, സൗരവും ചാന്ദ്രവുമായൊരൊറ്റത്തിര;
കുളിരുന്ന ജഘനങ്ങൾ പോലെ ഹൃദ്യമായ വെള്ളത്തുരുത്തുകളുടെയിടുക്കിൽ
ക്ഷോഭങ്ങൾക്കു ശമനം വന്നു ശയിക്കുന്നു ഞാൻ.
പിന്നെ പുറംകടലിൽ, തിരകൾക്കിടയിൽ
എന്റെ കൈകൾക്കു വഴങ്ങുന്നു പൊന്തിയൊഴുകുന്ന നിന്റെയുടൽ-
എന്റെയാത്മാവിൽ വിളക്കിച്ചേർത്തൊരു മത്സ്യം പോലെ,
പിടയുന്ന, തവിയുന്ന നക്ഷത്രവീര്യം പോലെ.

(ഇരുപതു പ്രണയകവിതകള്‍ – 9)

link to image

Friday, September 3, 2010

നെരൂദ-തൊലി കറുത്ത കൊലുന്ന പെണ്ണേ...

 File:Paul Gauguin 128.jpg
തൊലി കറുത്ത കൊലുന്ന പെണ്ണേ, കനികൾ രചിക്കുന്ന സൂര്യൻ,
കതിരുകൾ കൊഴുപ്പിക്കുന്ന സൂര്യൻ, കടൽപ്പായൽ തെറുക്കുന്ന സൂര്യൻ,
അവൻ മെനഞ്ഞെടുത്തു പുളയ്ക്കുന്ന നിന്റെയുടൽ, പിടയ്ക്കുന്ന കണ്ണുകൾ,
തെളിവെള്ളം പോലെ മന്ദഹസിക്കുന്ന നിന്റെ മുഖവും.
നീ കൈ വിതിർത്തുമ്പോൾ നിന്റെ കരിഞ്ചെടയിൽ മെടഞ്ഞുചേരുന്നു
ആസക്തിയുടെ കറുത്ത സൂര്യൻ.
സൂര്യനൊത്തു കൂത്താടുന്നു നീ മലഞ്ചോല പോലെ,
അവൻ നിന്റെ കണ്ണുകൾക്കു നല്കുന്നു രണ്ടു നീലക്കയങ്ങൾ.
തൊലി കറുത്ത കൊലുന്ന പെണ്ണേ, നിന്നിലേക്കടുപ്പിക്കുന്നില്ലൊന്നുമെന്നെ,
നട്ടുച്ച പോലെന്നെയകറ്റുന്നു നിന്നിലുള്ള സർവതും.
തേനീച്ചയുടെ വിഭ്രാന്തയൗവനം നീ,
കടൽത്തിരയുടെ ലഹരി, ഗോതമ്പുകതിരിന്റെ കരുത്തും.
എന്നിട്ടും നിന്നെത്തിരയുന്നു എന്റെ വിഷാദിഹൃദയം,
ഞാൻ പ്രേമിക്കുന്നു പുളയ്ക്കുന്ന നിന്റെയുടലിനെ, മെലിഞ്ഞൊഴുകുന്ന നിന്റെയൊച്ചയെ.
കറുത്ത പൂമ്പാറ്റേ, ഹൃദ്യമാണു നീ, നിയതമാണു നീ,
ഗോതമ്പുപാടം പോലെ, സൂര്യൻ പോലെ, പോപ്പിപ്പൂവും പുഴയും പോലെ.



(ഇരുപതു പ്രണയകവിതകള്‍ – 19)

ചിത്രം-നീ എവിടേയ്ക്ക് പോകുന്നു?- ഗോഗാങ്ങ്-(1893)-വിക്കിമീഡിയ