1912 ഡിസംബർ 29-30
പ്രിയപ്പെട്ടവളേ, മോശപ്പെട്ടൊരു ഞായറാഴ്ചയായിരുന്നു ഇത്. അതിന്റെ പ്രക്ഷുബ്ധതകൾ മുൻകൂട്ടിക്കണ്ടിട്ടെന്ന പോലെ രാവിലെ മുഴുവൻ ഞാൻ കട്ടിലിൽ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു. അതേ സമയം ഫാക്റ്ററിയുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനായി രാവിലെ തന്നെ ഞാൻ എവിടെയോ പോകേണ്ടതുമായിരുന്നു. (അന്യരുടെ കണ്ണില്പ്പെടുന്നില്ലെങ്കിലും) എന്നെ ആധിപ്പെടുത്തുകയാണത്, മനഃസാക്ഷിക്കുത്തുണ്ടാക്കുകയാണത്. എന്തായാലും ഈ ഞായറാഴ്ചയെക്കുറിച്ച് ഇത്രയും മതി; ഇപ്പോൾത്തന്നെ പതിനൊന്നര ആയിരിക്കുന്നു. എന്റെ തലയ്ക്കുള്ളിലെ പിരിമുറുക്കവും പിടച്ചിലുകളും ഈയാഴ്ച വരെ ഞാനറിയാത്തതൊന്നാണ്; ഇതിന്റെയൊക്കെ ദുരന്തഫലം ഇനി എന്റെ എഴുത്തു നടക്കില്ല എന്നതു തന്നെ. എഴുതാതിരിക്കുക, എന്നിട്ടും എഴുതാനുള്ള ഒരു വ്യഗ്രത, വ്യഗ്രത, ആർത്തുവിളിയ്ക്കുന്നൊരു വ്യഗ്രതയും!
അതിരിക്കട്ടെ, ഇന്നലത്തെ കത്ത് എന്നെ അത്രയും അസൂയാലുവാക്കിയതിന്റെ കാരണം എനിക്കിപ്പോൾ കുറച്ചു കൂടി കൃത്യമാകുന്നു. എന്റെ ഫോട്ടോ ഇഷ്ടമാകാത്ത പോലെ തന്നെ എന്റെ പുസ്തകവും (ധ്യാനങ്ങൾ) നിനക്കിഷ്ടമായിട്ടില്ല. അതു വലിയ വിഷയമാക്കാനില്ല, കാരണം, അതിൽ എഴുതിയിരിക്കുന്നതു മിക്കതും പഴഞ്ചൻ കാര്യങ്ങളാണ്; എന്നാല്ക്കൂടി എന്റെ ഒരംശം തന്നെയാണത്; അതിനാൽ നിനക്കജ്ഞാതമായ എന്റെ ഒരംശവും. അതും പക്ഷേ വലിയ വിഷയമാക്കേണ്ട കാര്യമില്ല; സർവതിലും അത്ര തീക്ഷ്ണമായി ഞാൻ നിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നുവെന്നിരിക്കെ, സ്വന്തം കാലു വച്ച് ആ പുസ്തകം തട്ടിയെറിയുന്ന ആദ്യത്തെ ആളാകാൻ ഞാൻ തയാറാകേണ്ടതായിരുന്നു. വർത്തമാനകാലത്തിൽ നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ ഭൂതകാലം അതിനു തോന്നിയിടത്തു പോയി കൂടിക്കോട്ടെ, വേണമെങ്കിൽ ഭാവിയെക്കുറിച്ചുള്ള ഭീതികൾ പോലെ അത്ര ദൂരത്തിലും. പക്ഷേ നീ എന്തുകൊണ്ടെന്നോടു പറയുന്നില്ല, രണ്ടു വാക്കിൽ എന്നോടു പറയുന്നില്ല, നിനക്കതിഷ്ടമായില്ലെന്ന്! - നിനക്കതിഷ്ടമായില്ലെന്ന് നീ പറയണമെന്നില്ല (അതെന്തായാലും സത്യമാകാനിടയില്ല), നിനക്കതിന്റെ തലയും വാലും പിടി കിട്ടുന്നില്ലെന്നു മാത്രം പറയാമായിരുന്നല്ലോ. ഹതാശമായ കാലുഷ്യമാണതു നിറയെ, അഥവാ, ഒടുങ്ങാത്ത വിഹ്വലതക്കളിലേക്കുള്ള നിമിഷദർശനങ്ങളെന്നും പറയാം; അത്രയടുത്തു ചെന്നു നോക്കിയാലേ എന്തെങ്കിലുമൊന്നു കണ്ണില്പ്പെട്ടുവെന്നു വരൂ. അതിനാൽ നിനക്കു പുസ്തകം ഇഷ്ടപ്പെട്ടില്ലെന്നത് മനസ്സിലാക്കാവുന്നതേയുള്ളു; അതേ സമയം അനുകൂലവും ദുർബലവുമായ ഒരു നിമിഷത്തിൽ അതു നിന്നെ വശീകരിച്ചേക്കാനും മതി എന്ന പ്രത്യാശ ബാക്കി നില്ക്കുകയും ചെയ്യുന്നു. എന്താണതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന് ഒരാൾക്കും പിടി കിട്ടാൻ പോകുന്നില്ല; അതെനിക്കു വളരെ വ്യക്തമാണ്, വ്യക്തവുമായിരുന്നു. ധൂർത്തനായ ആ പ്രസാധകൻ അതിനു വേണ്ടി തുലച്ച പണവും അദ്ധ്വാനവും എന്റെ മനസ്സിനെ വേട്ടയാടുകയാണ്. തികച്ചും യാദൃച്ഛികമായിരുന്നു അതിന്റെ പ്രസിദ്ധീകരണം. ഇനിയൊരിക്കൽ വേണമെങ്കിൽ അതിനെക്കുറിച്ചു ഞാൻ നിന്നോടു പറയാം; സ്വന്തനിലയ്ക്ക് അങ്ങനെയൊരു കാര്യം എന്റെ മനസ്സിലുദിക്കുക എന്നതുണ്ടാവില്ല. ഇതൊക്കെ ഞാൻ നിന്നോടു പറയുന്നത് നിന്റെ ഭാഗത്തു നിന്നുള്ള ഉറച്ചതല്ലാത്ത ഒരഭിപ്രായത്തിൽ അസ്വാഭാവികമായി യാതൊന്നും ഞാൻ കാണില്ല എന്നു നിനക്കു വ്യക്തമാകാൻ വേണ്ടി മാത്രമാണ്. പക്ഷേ നീ യാതൊന്നും മിണ്ടിയില്ല; എന്തോ പറയാനുണ്ടെന്ന ഒരു സൂചന നല്കുകയല്ലാതെ നീ അതു പറയുകയുണ്ടായില്ല. പ്രിയപ്പെട്ടവളേ, നോക്കൂ, നീ എന്റെ നേർക്കു തിരിയുമ്പോൾ അതെല്ലാറ്റിനോടും കൂടിയാണെന്നെനിക്കു തോന്നണം എന്നാണെന്റെ ആഗ്രഹം; യാതൊന്നും, എത്ര നിസ്സാരമാണതെങ്കില്പ്പോലും, പിടിച്ചുവയ്ക്കരുത്. എന്തെന്നാൽ നാം ഒരാൾ മറ്റൊരാൾക്കുള്ളതല്ലേ, അല്ലെങ്കിൽ എന്റെ വിചാരമെങ്കിലും അതല്ലേ. നിന്റെ നല്ലൊരു ബ്ളൗസ് ആ ഒരു കാരണം കൊണ്ടു മാത്രം എനിക്കിഷ്ടപ്പെടണമെന്നില്ല; പക്ഷേ നീ അതിട്ടു കണ്ടാൽ ഞാനതിഷ്ടപ്പെടുകയും ചെയ്യും. എന്റെ പുസ്തകം പുസ്തകമാണെന്നതു കൊണ്ടു മാത്രം നീ ഇഷ്ടപ്പെടുന്നില്ല; പക്ഷേ അതെഴുതിയതു ഞാനാണെന്നു വരുമ്പോൾ നീ അതു തീർച്ചയായും ഇഷ്ടപ്പെടും - ; എങ്കിൽ നീ അതു പറയുകയും വേണം, രണ്ടും പറയണം.
പ്രിയപ്പെട്ടവളേ, ഈ ദീർഘപ്രഭാഷണത്തിന്റെ പേരിൽ നിനക്കെന്നോടു കോപം തോന്നുകയില്ല എന്നെനിക്കുറപ്പുണ്ട്; എന്തെന്നാൽ നമ്മൾ രണ്ടു പേരിൽ നീയാണു വ്യക്തത; എനിക്കു സ്വന്തമായിട്ടുള്ള വ്യക്തതയൊക്കെ അന്നത്തെ ആ ആഗസ്റ്റ് രാത്രിയിൽ നിന്നോടു പഠിച്ചതേയുള്ളു എന്നാണെന്റെ തോന്നൽ. വേണ്ടത്ര ഞാൻ പഠിച്ചില്ലെന്നത് ഇന്നലെ ഞാൻ കണ്ടൊരു സ്വപ്നത്തിൽ നിന്ന് നിനക്കു മനസ്സിലാവുകയും ചെയ്യും.
ഇല്ലില്ല, ഇപ്പോൾ ഞാനതു വർണ്ണിക്കാൻ പോകുന്നില്ല; കാരണം, എനിക്കിപ്പോൾ ഓർമ്മ വരുന്നു, നീ സങ്കടപ്പെടുകയാണെന്ന്, വെള്ളിയാഴ്ച രാത്രിയിലെങ്കിലും നീ സങ്കടപ്പെട്ടിരുന്നുവെന്ന്. അപ്പോൾ അതാണല്ലേ വീട്ടിൽ നിന്നെ വേവലാതിപ്പെടുത്തുന്നത്? അതിനെക്കുറിച്ച് എനിക്കൊരൂഹവുമുണ്ടായിരുന്നില്ല. അതെന്റെ മൗഢ്യം കൊണ്ടായിരിക്കണം. പാവം കുട്ടീ, അങ്ങനെയൊന്നിലേക്കു വലിച്ചിഴക്കപ്പെടുക, ഭയങ്കരമാണത്! ഇവിടെ അതങ്ങനെയല്ല; എന്റെ അമ്മ എന്റെ അച്ഛന്റെ സമർപ്പിതയായ അടിമയാണ്; എന്റെ അച്ഛൻ അമ്മയുടെ സംർപ്പിതനായ ശാസകനും; വീട്ടിലെ ഒരുമയ്ക്കടിസ്ഥാനവും അതു തന്നെയായിരുന്നു. ഞങ്ങൾ ഒരുമിച്ചനുഭവിച്ച ദുഃഖങ്ങൾ, കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രത്യേകിച്ചും, എനെറ്റ് അച്ഛന്റെ അനാരോഗ്യം ഒന്നുകൊണ്ടുള്ളതു മാത്രമായിരുന്നു. രക്തക്കുഴലുകൾ കട്ടിപിടിക്കലാണ് അദ്ദേഹത്തിന്റെ രോഗം; പക്ഷേ ഇപ്പോഴുള്ള സ്വരുമിപ്പു കാരണം അതു ശരിക്കും കുടുംബത്തിന്റെ കാതലിനെ സ്പർശിച്ചിട്ടുമില്ല.
അടുത്ത മുറിയിൽ അച്ഛൻ കിടന്നുരുളുന്നത് ഈ നിമിഷം എനിക്കു കേൾക്കാം. ബലവും വലിപ്പവുമുള്ള ഒരാളാണദ്ദേഹം; ഭാഗ്യത്തിന് അടുത്ത കാലത്തായി അസുഖം കുറച്ചു ഭേദമുണ്ട്; പക്ഷേ ഏതു നേരവും ഭീഷണി ഉയർത്തുന്ന ഒന്നാണദ്ദേഹത്തിന്റെ രോഗം. കുടുംബത്തിന്റെ യോജിപ്പിനെ തകിടം മറിക്കുന്നതൊന്നുണ്ടെങ്കിൽ അതു ഞാൻ മാത്രമാണ്; വർഷങ്ങൾ കടന്നുപോകുന്നതോടെ അതു കൂടുതൽ കൂടുതൽ ആവിധമാവുകയുമാണ്. എന്തു ചെയ്യണമെന്ന ഒരന്ധാളിപ്പിലായിപ്പോകാറുണ്ട് ഞാൻ പലപ്പോഴും; വല്ലാത്തൊരു കുറ്റബോധം തോന്നുകയുമാണെനിക്ക്, എന്റെ അച്ഛനമ്മമാരോട്, സകലരോടും. അങ്ങനെ എനിക്കുമുണ്ട് എന്റെ വക ദുഃഖങ്ങൾ, എന്റെ പ്രിയപ്പെട്ട വിദൂരയായ പെൺകുട്ടീ, കുടുംബത്തിനുള്ളിലും, അതു വഴിയും; നിന്നെക്കാളേറെ ഞാനിതർഹിക്കുന്നുവെന്ന പ്രത്യേകതയേയുള്ളു. മുമ്പ്, ഒരിക്കലല്ല, രാത്രിയിൽ ജനാലയുടെ കൊളുത്തിൽ തിരുപ്പിടിച്ചുകൊണ്ടു ഞാൻ നിന്നിരിക്കുന്നു, ജനാല തുറന്ന് സ്വയം പുറത്തേക്കെടുത്തെറിയുക എന്നത് എന്റെ കടമ തന്നെയാണെന്ന തോന്നലോടെ. പക്ഷേ ആ കാലമൊക്കെ കടന്നുപോയിരിക്കുന്നു; ഇന്നിപ്പോൾ നീയെന്ന സ്നേഹിക്കുന്നുവെന്ന അറിവ് മുമ്പെന്നത്തേതിനേക്കാളും ആത്മവിശ്വാസമുള്ള ഒരുവനാക്കി മാറ്റിയിരിക്കുന്നു എന്നെ.
ശുഭരാത്രി, പ്രിയപ്പെട്ടവളേ, വിഷാദപ്പെടുന്ന ചുണ്ടുകളും ആശ്വസിപ്പിക്കാൻ മതിയാവും; ഒരുനാളുമടർന്നുപോരണമെന്നില്ലാതെ മറ്റേയാളിൽ തങ്ങിനില്ക്കാൻ ആ വിഷാദം ചുണ്ടുകൾക്കൊരു ഹേതുവുമാകും.
ഫ്രാൻസ്
വൈകി, വൈകി. പലതരം ആൾക്കാരുമായിക്കൂടി ഒരു വൈകുന്നേരം കൂടി പാഴാക്കി. ആശ്രയിക്കാനായി യാതൊന്നുമില്ലാത്തതിനാൽ - എന്റെ എഴുത്തു നടക്കുന്നില്ല, നീ ബെർലിനിലും - ആർക്കും എവിടെയ്ക്കും വലിച്ചിഴയ്ക്കാനായി ഞാനെന്നെ വിട്ടുകൊടുക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരി വികൃതിയായ തന്റെ മകനെക്കുറിച്ചു സംസാരിച്ചു; ഉള്ളതിൽ ഭേദം അതായിരുന്നു - അതുപോലും, ശരിക്കു പറഞ്ഞാൽ, സഹിച്ചിരിക്കാൻ എനിക്കു കഴിഞ്ഞില്ല; ഞാൻ അവരുടെ നേർക്ക് ഉദാസീനമായ നോട്ടങ്ങൾ എറിഞ്ഞുകൊണ്ടിരുന്നു- അവളിൽ ഒരു വശ്യതയൊക്കെ ഞാൻ കണ്ടുവെങ്കിലും. എന്റെ യാന്ത്രികമായ കണ്ണിളക്കങ്ങൾ കണ്ട് അവരൊന്നു കുഴങ്ങിയിട്ടുണ്ടാവണം. ശ്രദ്ധ മാറിപ്പോകാതിരിക്കാനായി ചുണ്ടു കടിച്ചുപിടിച്ചു ഞാനിരുന്നു; പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും ഞാൻ അവിടെയായിരുന്നില്ല; മറ്റെവിടെയുമായിരുന്നില്ല എന്നതും തീർച്ച; അപ്പോൾ ആ രണ്ടു മണിക്കൂർ നേരം ഞാനെന്നൊരാൾ ഉണ്ടായില്ലെന്നു വരുമോ? അങ്ങനെ തന്നെയായിരിക്കണം; എന്തെന്നാൽ, അതിലുമധികം എന്റെ സാന്നിദ്ധ്യം പ്രകടമായേനേ കസേരയിൽ കിടന്നുറങ്ങുകയായിരുന്നു ഞാനെങ്കിൽ.
എന്തായാലും ആ കുറവു നികത്താനും മാത്രം ഹൃദ്യമായൊരു പ്രഭാതമാണ് എനിക്കു കിട്ടിയത്. ഓഫീസിലേക്കു പോകുമ്പോൾ സകലതും മൃഗീയവും മടുപ്പിക്കുന്നതുമാണെന്ന തോന്നൽ എന്നെ വിട്ടുമാറിയിരുന്നില്ല; അതിനാൽ നേരം വൈകിയിട്ടില്ലെങ്കില്ക്കൂടി ഞാനൊന്നു വേഗം കൂട്ടി നടന്നു, മറ്റൊന്നിനുമല്ല, ലോകത്തിന്റെ നീചതയിൽ ചെറുതായൊരു ചലനമെങ്കിലും കടത്തിവിടാൻ, അങ്ങനെയെങ്കിലും അതിന്റെ അസഹ്യത ഒന്നു കുറയ്ക്കാൻ. പക്ഷേ നിന്റെ കത്തു കൈയിൽ കിട്ടിയപ്പോൾ, രാത്രി മുഴുവൻ ആശിച്ചു കിടന്നതൊന്നു വായിക്കാനായപ്പോൾ- എന്നോടൊപ്പം സാൻ റാഫേലിലേക്കു വരാൻ നിനക്കു താത്പര്യമുണ്ടെന്ന്, അല്ലെങ്കിൽ അതു നിന്റെ ചിന്തയിലുണ്ടെന്ന്- അപ്പോൾ അത്തരം കാര്യങ്ങൾ നടക്കാനുള്ള സാദ്ധ്യതയ്ക്കിനിയുമിടമുള്ള ഒരു ലോകം ആഴ്ചകളായിട്ടതിനില്ലാതിരുന്ന ഒരു മുഖഭാവം എടുത്തണിയുകയായിരുന്നു. അങ്ങനെ നീ എന്റെ കൂടെ വരും, നമ്മൾ അവിടെ ഒരുമിച്ചായിരിക്കും, കടപ്പുറത്തെ കൈവരിയിൽപ്പിടിച്ച് നാമടുത്തടുത്തു നില്ക്കും, പനമരങ്ങൾക്കടിയിൽ ഒരേ ബെഞ്ചിൽ നാമടുത്തടുത്തിരിക്കും, നടക്കുന്ന കാര്യങ്ങളൊക്കെ ‘അടുത്തടുത്താ’യിരിക്കും നടക്കുക. സർവതിൽ നിന്നും എന്നെന്നേക്കുമായി പലായനം ചെയ്ത് ഏതു കൂടണയാനാണോ ഞാൻ കൊതിച്ചത്, ആ ഹൃദയം എന്റെ തൊട്ടരികെ നിന്നു മിടിക്കുന്നുണ്ടാവും. എന്റെ മുഖത്തു കൂടി ഒരു കിടുങ്ങൽ കടന്നുപോകുന്നത് ഇപ്പോഴും ഞാനറിയുന്നു. അസാദ്ധ്യമായതിനെ ഭാവന ചെയ്യുക എന്നാൽ ഇങ്ങനെയായിരിക്കണം; അതെന്തായാലും ഒരു യക്ഷിക്കഥയുടെ മട്ടിലേ നീ അതിനെക്കുറിച്ചെഴുതിയിട്ടുള്ളു: ‘അങ്ങയ്ക്കു പറ്റിയ സുന്ദരമായൊരിടം ഞാൻ കണ്ടുപിടിയ്ക്കും, എന്നിട്ടവിടെ ഒറ്റയ്ക്കു വിട്ടിട്ടു ഞാൻ പോരും.’ കേൾക്കൂ, പ്രിയപ്പെട്ടവളേ, അതിന്റെ അസാദ്ധ്യത നീ അതു പറയാനുപയോഗിച്ച രീതിയിൽത്തന്നെയുണ്ട്; ഒരുമിച്ചൊരു യാത്രയ്ക്ക് അവശ്യം വേണ്ട മുന്നുപാധികളായ ദിവ്യാത്ഭുതങ്ങൾ ഒന്നിനു പിമ്പൊന്നായി നടന്നുവെന്നു തന്നെയിരിക്കട്ടെ; തൊട്ടടുത്ത നിമിഷം ജെനോവയിലേക്കു പുറപ്പെടാനുള്ള തീവണ്ടിയ്ക്കരികിൽ നില്ക്കുകയാണു നാമെന്നുമിരിക്കട്ടെ - ഒടുവിലെനിക്കു മാറിനില്ക്കേണ്ടിവരും, അതെന്റെ നിസ്സന്ദേഹമായ ധർമ്മമായിരിക്കും. എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, ഈ അവസ്ഥ സ്ഥിരമായിരിക്കുമെന്ന സാദ്ധ്യത പരിഗണിച്ചും, നിന്റെ സഹയാത്രികനാവുക എന്നാഗ്രഹിക്കാൻ ഒരിക്കലും ഞാൻ ധൈര്യപ്പെടില്ല. ഒറ്റയ്ക്ക്, ഒരു തീവണ്ടിമുറിയുടെ മൂലയ്ക്ക്, അതാണെന്റെയിടം; അവിടെയാണു ഞാനിരിക്കേണ്ടതും. നീയുമായുള്ള എന്റെ സമ്പർക്കം, എന്റെ അവസാനത്തെ കഴഞ്ചു ശക്തിയുമെടുത്തു നിലനിർത്താൻ ഞാൻ ശ്രമിക്കുന്ന ആ ബന്ധം, അതൊരിക്കലും ഇങ്ങനെയൊരു യാത്രാസൗഹൃദം കാരണമായി അപകടപ്പെട്ടുകൂടാ.
ഫ്രാൻസ്
1917 സെപതംബർ 9
പ്രിയപ്പെട്ടവളേ, ഒരൊഴിഞ്ഞുമാറലുമില്ല,പടിപടിയായുള്ള വെളിപ്പെടുത്തലുമില്ല, അതും നിന്നോട്. ഒഴിഞ്ഞുമാറലെന്തെങ്കിലുമുണ്ടായെങ്കിൽ ഇന്നേ ഞാൻ നിനക്കെഴുതുന്നുള്ളു എന്നതു മാത്രം. നിന്റെ മൗനമായിരുന്നില്ല എന്റെ മൗനത്തിനു കാരണം. നിന്റെ മൗനം എന്നെ അത്ഭുതപ്പെടുത്തിയില്ല; എന്നെ അത്ഭുതപ്പെടുത്തിയത് അനുകമ്പയോടെ നീ അയച്ച മറുപടിയാണ്. എന്റെ ഒടുവിലത്തെ രണ്ടു കത്തുകൾ, പതിവുരീതിയിലുള്ളതെങ്കിലും, ബീഭത്സമായിരുന്നു; എങ്ങനെ അവയ്ക്കു മറുപടി പറയാൻ, നേരിട്ടായാലും വളച്ചുകെട്ടിയിട്ടായാലും; എനിക്കറിയാം: എഴുതുമ്പോൾ ഉറങ്ങിപ്പോവുകയാണു ഞാൻ; പെട്ടെന്നു തന്നെ ഞാൻ ഞെട്ടിയുണരുന്നുണ്ടെങ്കിലും വൈകിപ്പോയിരിക്കും. അതല്ല എന്റെ സ്വഭാവത്തിലെ ഏറ്റവും മോശപ്പെട്ട ഘടകം എന്നുകൂടി പറയട്ടെ. എന്റെ മൗനത്തിനുള്ള കാരണമിതാ: എന്റെ ഒടുവിലത്തെ കത്തിനു രണ്ടു നാൾ പിമ്പ്, കൃത്യമായി പറഞ്ഞാൽ നാലാഴ്ച മുമ്പ്, രാവിലെ അഞ്ചു മണിയടുപ്പിച്ച് എന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു രക്തസ്രാവമുണ്ടായി. ഒരുവിധം കടുത്തതുമായിരുന്നു; ഒരു പത്തു മിനുട്ടോ അതിൽ കൂടുതലോ നേരത്തേക്ക് എന്റെ തൊണ്ടയിൽ നിന്നതു കുത്തിയൊലിക്കുകയായിരുന്നു; അതവസാനിക്കുകയില്ലെന്ന് എനിക്കു തോന്നിപ്പോയി. അടുത്ത ദിവസം ഞാൻ ഡോക്ടറെ പോയിക്കണ്ടു; അന്നും പിന്നെ പലപ്പോഴും അദ്ദേഹമെന്നെ പരിശോധിക്കുകയും എക്സ് റേയെടുത്തു നോക്കുകയും ചെയ്തു; അതിനു ശേഷം മാക്സിന്റെ നിർബന്ധം കാരണം ഞാനൊരു സ്പെഷ്യലിസ്റ്റിനെ ചെന്നുകണ്ടു. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ പറയട്ടെ, എന്റെ രണ്ടു ശ്വാസകോശങ്ങളിലും ക്ഷയരോഗം ബാധിച്ചിരിക്കുന്നു. പെട്ടെന്നൊരു രോഗം വന്നുബാധിച്ചത് എനിക്കൊരു അത്ഭുതമായിരുന്നില്ല; അതുപോലെ ഞാൻ ചോര തുപ്പുന്നതും; വർഷങ്ങളായുള്ള എന്റെ ഉറക്കക്കുറവും തലവേദനകളും ഗുരുതരമായൊരു രോഗത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു; പീഡിതമായ എന്റെ ചോരയ്ക്ക് പൊട്ടിപ്പുറത്തേക്കൊഴുകുകയല്ലാതെ മറ്റൊരു തരമില്ലെന്നുമായി; അതു പക്ഷേ മറ്റൊന്നുമല്ലാതെ ക്ഷയരോഗം തന്നെയാവുക, അതും മുപ്പത്തിനാലാമത്തെ വയസ്സിൽ രാത്രിക്കു രാത്രി എന്നെ വന്നടിച്ചിടുക, കുടുംബത്തിൽ ഇങ്ങനെയൊരു ചരിത്രമില്ലാതിരിക്കുക- അതെന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ആകട്ടെ, ഇതു കൈയേല്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ; ഒരു കണക്കിന് ചോരയോടൊപ്പം എന്റെ തവേദനകളും ഒഴുകിപ്പോയ പോലെ തോന്നുന്നു. അതിന്റെ ഇപ്പോഴത്തെ ഗതി മുൻകൂട്ടിക്കാണാൻ കഴിയില്ല; ഭാവിയിൽ അതെന്താവുമെന്നുള്ളത് അതിനു മാത്രമറിയുന്ന രഹസ്യവുമാണ്; അതിന്റെ ഗതിവേഗം ഒന്നു കുറയ്ക്കാൻ എന്റെ പ്രായം തുണച്ചുവെന്നും വരാം. അടുത്തയാഴ്ച കുറഞ്ഞതൊരു മൂന്നു മാസത്തേക്ക് ഞാൻ നാട്ടുമ്പുറത്തേക്കു പോവുകയാണ്, സുറാവുവിൽ (പോസ്റ്റോഫീസ് ഫ്ളോഹൗ) ഓട്ട്ലയുടെ അടുത്ത്; എനിക്കു ജോലിയിൽ നിന്നു പിരിയണമെന്നുണ്ടായിരുന്നു; അങ്ങനെ എന്നെ വിടാതിരിക്കുകയാണ് നല്ലതെന്ന് എന്റെ നന്മയെക്കരുതി അവർ തീരുമാനിച്ചു; കുറച്ചൊക്കെ വികാരഭരിതമായ വിടവാങ്ങൽദൃശ്യങ്ങൾ (ശീലം കൊണ്ടാവാം, എനിക്കതു വേണ്ടെന്നു വയ്ക്കാനായിട്ടില്ല) എന്റെ അപേക്ഷയ്ക്കൊരു തടയായെന്നും വരാം; അങ്ങനെ ഞാനിപ്പോഴും ഒരു സ്ഥിരം ജീവനക്കാരൻ തന്നെ; ശമ്പളമില്ലാത്ത അവധി എനിക്കനുവദിച്ചു കിട്ടുകയും ചെയ്തു. തീർച്ചയായും ഞാൻ ഈ സംഗതിയൊക്കെ ഒരു രഹസ്യമാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തല്ക്കാലത്തേക്ക് അച്ഛനമ്മമാരിൽ നിന്ന് ഞാനിതു മറച്ചു വയ്ക്കുകയാണ്. ആദ്യം എനിക്കങ്ങനെ തോന്നിയില്ല. പക്ഷേ ഒരു പരീക്ഷണം പോലെ, എനിക്കു ചെറിയൊരു ക്ഷീണം തോന്നുന്നുവെന്നും അതിനാൽ നീണ്ടൊരവധി ചോദിക്കാൻ പോവുകയാണെന്നും അമ്മയോടു വെറുതേയൊന്നു സൂചിപ്പിച്ചപ്പോൾ അതിൽ വിശേഷിച്ചൊന്നുമില്ലാത്തതുപോലെയാണ് അമ്മയതിനെ കണ്ടത്; അമ്മയ്ക്ക് ഒരു സംശയവും ഉണ്ടായതുമില്ല ( അമ്മയാകട്ടെ, എത്രയും ചെറുതായൊരു സൂചന നല്കിയാൽ അനന്തകാലം എനിക്കവധി നല്കാൻ തയ്യാറുമാണ്) ; അതു കണ്ടപ്പോൾ ഞാനതങ്ങനെ വിട്ടു; അച്ഛന്റെ കാര്യത്തിലും സംഗതി ഇപ്പോൾ നില്ക്കുന്നത് ഈ അവസ്ഥയിലാണ്.
അപ്പോൾ കഴിഞ്ഞ നാലാഴ്ചയായി, ശരിക്കു പറഞ്ഞാൽ ഒരാഴ്ചയായി (കൃത്യമായ പരിശോധന നടന്നത് അതിനു മുമ്പല്ലോ) ഞാൻ കൊണ്ടുനടക്കുന്ന രഹസ്യം ഇതായിരുന്നു. ‘പ്രിയപ്പെട്ട പാവം ഫെലിസ്’- അതായിരുന്നു ഞാൻ ഒടുവിലെഴുതിയ വാക്കുകൾ; ഇനിയുള്ള എന്റെ എല്ലാ കത്തുകൾക്കും ഇതായിരിക്കുമോ അന്ത്യവാക്യം? ഈ കത്തി നേരേ വന്നു കുത്തുക മാത്രമല്ല, തിരിഞ്ഞുവന്ന് പുറത്തു കുത്തുകയും ചെയ്യുന്ന തരമാണ്.
ഫ്രാൻസ്
ഒടുവിലായി, ഞാനിപ്പോൾ വല്ലാതെ ക്ളേശിക്കുകയാണെന്നു നിനക്കു തോന്നാതിരിക്കാനുമായി: അങ്ങനെയല്ല. അന്നു രാത്രി മുതൽ ഞാൻ ചുമയ്ക്കുന്നുണ്ടെന്നതു ശരി തന്നെ, എന്നാലും അത്ര മോശമെന്നു പറയാനില്ല. ചിലപ്പോൾ നേരിയ പനി വരാറുണ്ട്, ചിലപ്പോൾ രാത്രിയിൽ ഒന്നു വിയർത്തെന്നും ശ്വാസം മുട്ടൽ പോലെ വന്നുവെന്നും വരും; അതൊഴിവാക്കിയാൽ കഴിഞ്ഞ കുറേക്കൊല്ലങ്ങൾ കൂടി എന്റെ ആരോഗ്യം നല്ല നിലയിലാണെന്നു പറയാം. തലവേദനകൾ ഒഴിഞ്ഞുപോയിരിക്കുന്നു; അന്നത്തെ അഞ്ചു മണിക്കു ശേഷം പണ്ടത്തേതിനെക്കാൾ നല്ല ഉറക്കവും കിട്ടുന്നുണ്ട്. എന്തായാലും അതു വരെ എന്നെ അലട്ടിയത് തലവേദനകളും ഉറക്കക്കുറവുമായിരുന്നല്ലോ.
(തനിക്കു ക്ഷയരോഗമാണെന്നു സ്ഥിരീകരിച്ചതിനു ശേഷം കാഫ്ക ഫെലിസിനെഴുതിയ കത്ത്)