നിനക്കിപ്പോഴും ഓർമ്മയുണ്ടോയെന്നെ?
പണ്ടൊരുകാലം നിനക്കെന്നെയറിയാമായിരുന്നു.
നീ അവഗണിച്ചുവിട്ട ആ വിഷാദക്കാരൻ കുട്ടിയായിരുന്നു ഞാൻ,
പിന്നെ നിനക്കു താല്പര്യമാവുകയായിരുന്നു
(എന്റെ നോവിൽ, എന്റെ വിഷാദത്തിൽ, മറ്റെന്തിലോ ഒന്നിലും),
താനറിയാതെതന്നെ ഒടുവിൽ നിനക്കെന്നെ ഇഷ്ടവുമായി.
ഓർക്കുന്നുവോ? കടൽക്കരയിൽ കളിച്ചുനടന്ന കുട്ടിയെ,
തനിയേ, ഒച്ചയില്ലാതെ, അന്യരിൽ നിന്നകലെയായി?
ചിലനേരമവൻ വിഷാദത്തോടെ അവരെ നോക്കുകയും ചെയ്തിരുന്നു,
എന്നാൽ നഷ്ടബോധമില്ലാതെയും...
ഇടയ്ക്കു നീ എന്റെ നേർക്കൊരു നോട്ടമെറിയുന്നതും ഞാൻ കാണുന്നു.
നീയോർക്കുന്നുവോ? താനോർക്കുന്നുവെന്നറിയണമെന്നു നിനക്കുണ്ടോ?
എനിക്കറിയാം...
എന്റെ ശാന്തവും വിഷാദിച്ചതുമായ മുഖത്തു നീയിന്നും കാണുന്നില്ലേ,
എന്നുമന്യരിൽ നിന്നകലെയായി കളിച്ചുനടന്ന വിഷാദക്കാരനായ കുട്ടിയെ,
വിഷാദം പൂണ്ട കണ്ണുകളോടെ, എന്നാൽ നഷ്ടബോധമില്ലാതെ
ചിലനേരമവരെ നോക്കിനിന്നവനെ?
എനിക്കറിയാം നീയതു ശ്രദ്ധിക്കുന്നുവെന്ന്,
എന്നെ വിഷാദവാനാക്കുന്നതേതു വിഷാദമെന്നു നിനക്കു മനസ്സിലാവുന്നില്ലെന്ന്.
അതു ഖേദമല്ല, നഷ്ടബോധമല്ല, നിരാശയല്ല, നീരസമല്ല.
അല്ല...അതു വിഷാദമാണ്,
ജനനപൂർവ്വമണ്ഡലത്തിൽ വച്ച്
ദൈവം രഹസ്യം കൈമാറിയ ഒരുവന്റെ-
പ്രപഞ്ചമെന്ന മായയുടെ,
വസ്തുക്കളുടെ കേവലശൂന്യതയുടെ രഹസ്യം-
പരിഹാരമില്ലാത്തൊരു വിഷാദം,
സർവ്വതും നിരർത്ഥകവും വിലകെട്ടതുമാണെന്നറിയുന്ന ഒരുവന്റെ,
പ്രയത്നം യുക്തിശൂന്യമായ ഒരു പാഴ്ച്ചെലവാണെന്നറിയുന്ന ഒരുവന്റെ,
ജീവിതം ഒരു ശൂന്യതയാണെന്നറിയുന്ന,
വ്യാമോഹത്തിനു പിന്നിൽത്തന്നെ നിരാശയുമുണ്ടെന്നറിയുന്ന,
മരണമാണു ജീവിതത്തിനർത്ഥമെന്നറിയുന്ന ഒരുവന്റെ...
ഇതാണ്, ഇതു മാത്രവുമല്ല, എന്റെ മുഖത്തു നീ കാണുന്നത്,
ഇടയ്ക്കിടെ എന്റെ നേർക്കൊരു നോട്ടമെറിയാൻ നിനക്കു കാരണമാകുന്നതും.
ഇതല്ലാതെ പിന്നെയുണ്ട്,
ആ നിരാനന്ദമായ വിസ്മയം, ഇരുണ്ട കുളിര്,
ജീവിതോദയത്തിന്റെ ലക്ഷണങ്ങളില്ലാതിരുന്നൊരു കാലത്ത്,
സങ്കീർണ്ണവും ദീപ്തവുമായ പ്രപഞ്ചം
സാഫല്യം കാത്തിരിക്കുന്ന ഒരനിവാര്യഭാഗധേയം മാത്രമായിരുന്ന കാലത്ത്,
ആ ജനനപൂർവ്വമണ്ഡലത്തിൽ വച്ച്,
ദൈവത്തിൽ നിനൊരു രഹസ്യം പകർന്നുകിട്ടിയതിന്റെ.
ഇതെന്നെ നിർവചിക്കുന്നില്ലെങ്കിൽ, മറ്റൊന്നുമെന്നെ നിർവചിക്കില്ല.
ഇതെന്നെ നിർവചിക്കുന്നുമില്ല-
എന്തെന്നാൽ ദൈവമെന്നോടരുളിയ രഹസ്യം ഇതു മാത്രമല്ലായിരുന്നു.
മറ്റു ചിലതുമുണ്ടായിരുന്നു,
അതാണ് അയഥാർത്ഥമാനങ്ങളെ പുൽകാനെന്നെക്കൊണ്ടുപോയത്,
അതിൽ അത്രയുമഭിരമിക്കാനെന്നെവിട്ടത്,
അഗ്രാഹ്യമായതിനെ ഗ്രഹിക്കാൻ,
അറിയരുതാത്തതിനെ അറിയാൻ എനിക്കുള്ള മിടുക്കായത്.
അതാണെനിക്കു നല്കിയത്,
ഒരു സാമ്രാജ്യവുമെനിക്കില്ലെങ്കിലും
ഉള്ളിൽ ഒരു ചക്രവർത്തിയുടെ കുലീനത,
പകൽവെളിച്ചത്തിൽ ഞാൻ മെനഞ്ഞെടുത്ത എന്റെ സ്വപ്നലോകം...
അതെ,
അതാണെന്റെ മുഖത്തിനു ബാല്യത്തെക്കാൾ പ്രായം ചെന്നൊരു വാർദ്ധക്യം നല്കുന്നത്,
ആഹ്ളാദത്തിനിടയിലും എന്റെ മുഖത്തിനൊരുത്കണ്ഠ നല്കുന്നതും.
ഇടയ്ക്കെന്റെ നേർക്കു നീയൊരു നോട്ടമെറിയുന്നു,
നിനക്കെന്നെ പിടികിട്ടുന്നുമില്ല,
നീ പിന്നെയും നോട്ടമെറിയുന്നു, പിന്നെയും, പിന്നെയും...
ദൈവമില്ലെങ്കിൽ ജീവിതമല്ലാതൊന്നുമില്ല,
നിനക്കതു പിടികിട്ടുകയുമില്ല...
1916 സെപ്തംബർ 17