കടൽച്ചൊറി പോലാകാശത്തു
വിറക്കൊള്ളുന്ന ചന്ദ്ര,
ഈയതികാലത്തെന്താ നിന്റെയൊരുമ്പാട്?
തുഴഞ്ഞുപോവുകയോ നീ,
അതോ നൃത്തം വയ്ക്കുകയോ?
കാറ്റു തട്ടിമാറ്റിയ ആ വിധുരമന്ത്രകോടിയുമായി,
കപ്പൽച്ചേതങ്ങളുടെയോ, ആഭരണങ്ങളുടെയോ
ആ സുതാര്യഹാരങ്ങളുമായി,
നിന്റെ നിശാസങ്കേതമണഞ്ഞിട്ടില്ലിനിയും
നീയെന്നപോലെ,
ആകാശഗംഗയിൽ വീണുപോയ നക്ഷത്രനിറച്ചാവി നോക്കി
വാതിലിനു മുന്നിൽ നില്ക്കുകയാണു
നീയെന്നപോലെ.
പിന്നെ പകലു വരവായി,
നിന്റെ ചതഞ്ഞ ദളപുടങ്ങളുടെ ശോഭ കെടുത്തി;
ഭീഷണവനഭൂമിയിലൊരു വീടു പോലെ
പകലെരിയുന്നു.
അണുവികിരണത്തിന്റെ സടയുമായി,
ഉഗ്രരോഷവുമായി,
തിളയ്ച്ചും കുതിച്ചും സൂര്യനെത്തുന്നു.
നിന്റെ വിളറിയ ചേലാഞ്ചലമിഴഞ്ഞുമാറുന്നു,
ആകാശത്തൊരു മത്സ്യം പോലെ.
രാത്രിയുടെ കയങ്ങളിലേക്കു മടങ്ങൂ,
തീവണ്ടിപ്പാളങ്ങളുടെ ചന്ദ്ര,
വ്യാഘ്രരാത്രികളുടെ ചന്ദ്ര,
മദ്യശാലകളുടെ ചന്ദ്ര;
വെള്ളപ്പെരുക്കം പോലെ തള്ളിക്കേറുന്ന രാത്രികളുടെ
കടുംചായം തേച്ച പൂമുഖങ്ങളിലേക്കു മടങ്ങൂ,
ആകാശത്തിന്റെ ക്ഷമയ്ക്കു മേൽ
നിന്റെ കുലീനതയുമായൊഴുകിപ്പോകൂ.