തീയും കയറും
തീയും കയറും, മഴുവും വെടിയുണ്ടയും-
വിശ്വസ്ഥരായ സേവകരെപ്പോലവ ഞങ്ങൾക്കു പിന്നാലെ വന്നു.
ഓരോ തുള്ളിയിലുമൊരു പ്രളയമുറങ്ങിക്കിടന്നിരുന്നു,
ഓരോ കല്ലും മലയായിപ്പൊന്തിയിരുന്നു,
ചവിട്ടടിയിലമർന്ന ഓരോ ചുള്ളിക്കമ്പിലും
കാടുകൾ കറുത്ത കൈകളുയർത്തി നെടുവീർപ്പിട്ടിരുന്നു.
അസത്യം ഞങ്ങൾക്കൊപ്പം വിരുന്നുണ്ടു,
മണികൾ മുഴങ്ങിയെങ്കിലതു ശീലം കൊണ്ടു മാത്രമായി,
ഭാരം പോയ നാണയങ്ങൾക്കു കിലുക്കവും പോയി,
കുട്ടികൾ ജഡങ്ങളെ ഭയമില്ലാതെ നോക്കിനിന്നു...
അന്നേ ഞങ്ങളാദ്യമായി പഠിച്ചുള്ളു,
കയ്ക്കുന്ന വാക്കുകൾ- പരുഷവും സുന്ദരവുമായ വാക്കുകൾ.1921
ഞങ്ങളുടെ മുറികൾ
ഞങ്ങളുടെ മുറികൾ ഉരുണ്ടുനീങ്ങുന്ന വണ്ടികളായിരിക്കുന്നു,
ആകാശത്തതിന്റെ ചക്രച്ചുറ്റുകൾ കരയുന്നു;
ഞങ്ങൾക്കു താഴെ പച്ചപ്പായ മുടിച്ചുരുളുകൾ
നിലാവൊഴുകുന്ന പുഴയിലിളകുന്നു.
കണ്ണാടിപ്പാലങ്ങളിലൂടെ ഞങ്ങൾ യാത്ര പോകുന്നു,
ഭൂമി കടന്ന്, ആകാശവും കടന്ന്.
ചുവന്നുതുടുത്ത കവിളുകൾ ജനാലയിലമർത്തി
സൂര്യൻ ഞങ്ങൾക്കായൊരു ഗാനമാലപിക്കുന്നു.
വേനലിലെ തേനറകളാണോരോ ഹൃദയവും,
അതിലുണ്ട് കറുത്ത തേനും വെളുത്ത തീയും.
ഞങ്ങളാണു ഭാഗ്യവാന്മാരെന്ന പോലെ
അരുവിയ്ക്കു മേൽ ഞങ്ങൾ തല താഴ്ത്തുന്നു.
ആരാണു ഞങ്ങൾക്കു നായകനെന്നറിയില്ല,
ഉരുളുന്ന ചക്രങ്ങളുടെ ലക്ഷ്യമേതെന്നറിയില്ല,
തുറന്നുവിട്ടൊരു കിളിയെപ്പോലാത്മാവു പക്ഷേ,
കാറ്റു കീറിമുറിയ്ക്കുന്ന ചിറകേറിക്കുതിയ്ക്കുന്നു.
1921
നിക്കോളായ് സെമെനോവിച്ച് ടിഖോനോവ് (1896-1979)- റഷ്യൻ കവി. രണ്ടു മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. 1944ൽ സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്റെ ചെയർമാനായെങ്കിലും ആഹ് മാത്തോവയെ തള്ളിപ്പറഞ്ഞില്ലെന്നതിന്റെ പേരിൽ ഷഡനോവിന്റെ അപ്രീതിയ്ക്കു പാത്രമായി.
No comments:
Post a Comment