എന്റെ ശോകത്തിനു കൂട്ടിരിക്കാനാരുമെനിക്കിന്നു വേണ്ട,
നിന്റെയോമനക്കാലടികൾ വേണ്ട, ഞാൻ സ്നേഹിച്ച മുഖം വേണ്ട,
അലസമായ തൂവാലയെ, അടച്ചുവച്ച പുസ്തകത്തെ
ഒരു വിരൽ കൊണ്ടു തലോടുന്ന നിന്റെയക്കൈയും വേണ്ട.
എന്നെ വിട്ടുപോകൂ. എന്റെ വാതിലിന്നടഞ്ഞു കിടക്കട്ടെ.
പുലരിയുടെ തെന്നലിലേക്കെന്റെ ജനാലയിന്നു തുറന്നിടേണ്ട.
വിഷണ്ണമാണ്, ഉദാസീനമാണെന്റെ ഹൃദയമിന്ന്,
സർവതും ശൂന്യമാണ്, നിഷ്ഫലവുമാണെനിക്കിന്ന്.
ഈ വിഷാദമെന്റേതല്ല, ഞാനറിഞ്ഞിട്ടുള്ളതുമല്ല,
എന്റെ വിഷാദം വന്നതെനിക്കുമപ്പുറത്തെങ്ങു നിന്നോ;
പാടുന്ന, ചിരിക്കുന്ന, പ്രണയിക്കുന്ന മനുഷ്യൻ-
ഒരുകാലമവൻ തന്റെ കാതിലൊരു മന്ത്രണം കേൾക്കും,
എന്തെന്നറിയാത്തതൊന്നവന്റെയുള്ളിൽ ജീവൻ വയ്ക്കും,
അതു പിടയ്ക്കും, അതു പടരും, അതു വിലാപമുതിർക്കും,
ഒരു വിഷണ്ണസ്വരം തന്റെ കാതിലിങ്ങനെയോതുമ്പോൾ:
ജീവിതത്തിന്റെ പുഷ്പം വിടരുന്നതു ചാരമായിക്കായ്ക്കാനത്രെ.
റെയ്നീയെർ (1864-1936)- ഫ്രഞ്ചു സിംബലിസ്റ്റു കവി. മല്ലാർമേയുടെ ശിഷ്യനായിരുന്നു.
No comments:
Post a Comment