Friday, July 20, 2012

യൂജെനിയോ ദെ അന്ദ്രാദെ - അമ്മമാർ

File:Портрет старухи.jpg


ഞാൻ അലെന്റെഹോയിലേക്കു മടങ്ങുമ്പോഴേക്കും ചീവീടുകളൊക്കെ മണ്ണടിഞ്ഞിട്ടുണ്ടാവും; വേനൽക്കാലം മുഴുവൻ വെളിച്ചത്തെ പാട്ടുകളാക്കുകയായിരുന്നു അവ: അതിലുമുജ്ജ്വലമായ ഒരു ജാതകം എന്റെ അറിവിലില്ല. അവിടെ ഉറപ്പായും നാം കാണുക, വിലാപത്തിന്റെ കരിനിഴലുകൾ വാരിപ്പുതച്ച ആ സ്ത്രീകളെയാണ്‌: മരിച്ച മണ്ണിന്റെ അനാഥസന്തതികളെപ്പോലെ. ബറാന്റൊയിലും കാസ്ട്രോ ലബോറൈയിലും മാത്രമല്ല, സൂര്യനുദിക്കുന്ന ഏതു ദേശത്തും അവരെ കാണാം: കോറിയായിലും കാറ്റേനിയായിലും, മിസ്ട്രാസിലും സാന്താ ക്ളാരാ ഡെൽ കോബ്രെയിലും, വാർച്ചറ്റ്സിലും ബേനി മഹാലിലും: എന്തെന്നാൽ, അവരാണ്‌ അമ്മമാർ. നിശിതമോ നിദ്രാണമോ ആയ ഒരു നോട്ടം; ഒരഴി പോലെയോ, അത്രയും പോലും മാസം താങ്ങാനാവാത്ത പോലെയോ ഒരുടൽ: അവരാണ്‌ അമ്മമാർ. നിങ്ങളുടെ; മുഖത്തു ചാലു കീറാൻ കാറ്റിനു നേരം കിട്ടും മുമ്പേ അമ്മ മരിച്ചു പോയിരുന്നില്ലെങ്കിൽ എന്റെയും. ആദ്യതാരം പിറക്കുമ്പോഴേ അവർ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അവരുടെ സഹനശീലത്തെക്കുറിച്ചെന്തു പറയാൻ! വെയിലു വാട്ടിയ മുൾച്ചെടി കൊണ്ടാണ്‌ അവരെ നിർമ്മിച്ചതെന്നു തോന്നും; മരണമില്ലാത്തവരാണവരെന്നു തോന്നും; തല്ലിക്കെടുത്തിയാൽ കെടാത്ത തീയുടെ പ്രകൃതമാണവർക്കെന്നെങ്കിലും. ദുർബലമായ വിരലുകൾ കൊണ്ട് നമുക്കവർ സ്വപ്നങ്ങളുടെ വല നെയ്തു തരുന്നു; തലയിലെ തട്ടങ്ങളുടെ ഇരുട്ടിൽ അരിച്ചെടുത്ത വെളിച്ചം കൊണ്ട് നമ്മെ ഊട്ടുന്നു. ചിലപ്പോഴാവട്ടെ, വെള്ളയടിച്ച ചുമരുകളിൽ ചാരി, പകലുകൾ കടന്നുപോകുന്നതും നോക്കി അവരിരിക്കുന്നതു കാണാം; അപ്പോഴവർ ഒരു റൊട്ടിക്കഷണം വായിലിട്ടു ചവയ്ക്കുന്നുണ്ടാവും; അല്ലെങ്കിൽ ഒടുവിൽ പിറന്ന പേരക്കുട്ടിക്കായി ഒരു കമ്പിളിക്കാലുറ തുന്നുകയാവും. മറ്റു ചിലപ്പോൾ ഒരിടത്തെരുവിൽ നിന്നു മറ്റൊന്നിലേക്ക് അവർ നടന്നുപോകുന്നതു കാണാം, ഒരു തീപ്പെട്ടിയോ അല്പം ഉപ്പോ കടം വാങ്ങാൻ; പരേതാത്മാക്കളെ കൂട്ടിനു പിടിച്ച് അതിനു നന്ദി പറയാൻ; പിന്നെ സ്വന്തം വീടുകളുടെ ഊഷ്മളതയിലേക്കു മടങ്ങാൻ; ഒരു തുള്ളി കാപ്പി അനത്തിക്കുടിയ്ക്കാൻ; മുറ്റം അടിച്ചുവാരി ജറേനിയത്തിനു വെള്ളമൊഴിക്കാൻ. അവരാണ്‌ അമ്മമാർ; സ്ഥലകാലങ്ങൾക്കപ്പു റത്തുള്ളവരെന്ന് ഗെയ്ഥേ പറഞ്ഞവർ; സ്വർഗ്ഗത്തെക്കാൾ, നരകത്തെക്കാൾ പ്രായം ചെന്നവർ; കണ്ണുകളിൽ ശൂന്യതയോ നഷ്ടബോധമോ മാത്രമുള്ളവർ; അല്ലെങ്കിൽ കണ്ണുകളിൽ കനലെരിയുന്നവർ. ഒറ്റയ്ക്കോ എണ്ണമറ്റോ, നിങ്ങൾക്കു മുന്നിൽ അവർ: ശാന്തഗംഭീരകളായി, നിശബ്ദരായി, ഭവ്യമായ നിശ്ചലതയുമായി. അവർ മറന്നുപോയിരിക്കുന്നു,തങ്ങളായിരുന്നു, പുരുഷനറിഞ്ഞ പ്രഥമഹിമബിന്ദുവെന്ന്, അവൻ കണ്ട ആദ്യവെളിച്ചമെന്ന്. പിന്നെയും അവരെ കാണാം, നിഴലു വീണ വഴികളിലൂടെ, അകിടു ചുക്കിച്ചുളിഞ്ഞുവെങ്കിലും ഉയർത്തിപ്പിടിച്ച ശിരസ്സിന്റെ ചാരുത ശേഷിച്ച ഒന്നോ രണ്ടോ ആടുകൾക്കു പിന്നാലെ സ്വന്തം ഇച്ഛാശക്തിയുടെ ബലം പോലുമില്ലാത്ത കാലുകളിൽ വേച്ചുവേച്ചു നടക്കുന്നതായി. ഈ ലോകത്തെ വഴികളിൽ എങ്ങനെ അവർ വിശ്രമം കണ്ടെത്താൻ? നിങ്ങൾ അവരെ കണ്ടിരിക്കും, ജരയോടിയ കൈകളിൽ ജപമാലയുമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ; തന്റെ പന്നിക്കൂടിനു മൂന്നടി അടുത്തേക്കു കാബേജു നട്ടതിന്‌ അയൽക്കാരിക്കു നേരെ ശാപവാക്കുകൾ എടുത്തെറിയുമ്പോൾ; ഒരു കുടം വെള്ളം താങ്ങാൻ പറ്റാതെയായ സ്വന്തം പ്രായത്തെ പ്രാകിക്കൊണ്ട് കിണറ്റിൻകരയിൽ നിന്നു വരുമ്പോൾ, അതുമല്ലെങ്കിൽ ഒലീവുമരത്തിൽ നിന്ന് ഒന്നുരണ്ടു കായകൾ കക്കുമ്പോൾ. അവരെ വെളുത്തുള്ളിസൂപ്പു മണക്കുന്നു, കനച്ച നാറ്റം നാറുന്നു, വില കുറഞ്ഞ ചാരായം മണക്കുന്നു; പെരുന്നാളുകളിലാവട്ടെ, തോട്ടുങ്കരെ നിന്നരിഞ്ഞെടുത്ത തുളസിയും പുതിനയുമാണവരെ മണക്കുക. ഞായറാഴ്ചകളിൽ അവർ മുഖം കഴുകുന്നു, വസ്ത്രം മാറുന്നു, പഴയ ട്രങ്കിൽ പരതി കറുത്ത പട്ടുതുണി കൊണ്ടുള്ള പഴയൊരു തൂവാല കണ്ടെടുക്കുന്നു; മരണശുശ്രൂഷയ്ക്കും അതേ തൂവാല തന്നെയാണ്‌ അവരുപയോഗിക്കുക. പെട്ടി തുറക്കുമ്പോൾ പുറത്തേക്കു വരുന്ന ആ കർപ്പൂരമണം! ചിലർ ഡെയ്സിപ്പൂക്കളും വളർത്തുന്നു; അതവർ സെമിത്തേരികളിലോ കുളിപ്പുരകളിലോ കൊണ്ടുപോയി വിൽക്കുന്നുണ്ട്, വൈക്കോൽ മണക്കുന്ന ആപ്പിൾപ്പഴങ്ങൾക്കൊപ്പം. ഒരു കൊച്ചുകുട്ടിയുടെ വികൃതിത്തരങ്ങളും കണ്ട് മണിക്കൂറുകൾ കഴിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം; മലയാടിന്റെ നെറ്റിയിലെ ചൂട്ടു പോലെ അവന്റെ നെറ്റിയിലുമുണ്ടായിരുന്നു ഒന്ന്- അവനെ അവരേ കണ്ടിരുന്നുള്ളു, അവർ മാത്രം.

അവരാണ്‌ അമ്മമാർ, തങ്ങൾ എന്നു മരിക്കുമെന്നറിയാത്തവർ, എന്നാൽ തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ചയുള്ളവർ.


link to image


1 comment:

രമേഷ്സുകുമാരന്‍ said...

അമ്മമാരുടെ മുഗ്ദ്ധതകള്‍ക്കിങ്ങവസതിയുണ്ടോ ഭുവനത്തില്‍,
തന്നെത്തന്നെത്തീറ്റകൊടുത്തിട്ടീലിവര്‍
പോറ്റീടുന്നിവരാരാരെ!