Friday, July 6, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ

langston-hughes-1

വഴികൾ


കൈത്തണ്ടയിലൊറ്റക്കീറൽ,
ഒരു കവിളമ്ളത്തിന്റെ പൊള്ളൽ,
തലയ്ക്കുള്ളിലൊരുണ്ടയുടെ വെടിയ്ക്കൽ-
മരണമമ്മയെപ്പോലെ വരുന്നു,
നമ്മെ വാരിയെടുക്കാൻ.


പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു,
ആഫ്രിക്കയിൽ പനമരങ്ങൾക്കിടയിൽ നിന്നു
നമ്മുടെ പൂർവ്വികർ കരഞ്ഞപോലെ,
നാമൊറ്റയ്ക്കാണെന്നതിനാൽ,
രാത്രിയാണെന്നതിനാൽ,
പേടിയാവുന്നു നമുക്കെന്നതിനാൽ.



സ്വപ്നങ്ങൾ

സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങൾ കൂടിയില്ലെങ്കിൽ
ചിറകൊടിഞ്ഞ കിളിയാണു ജീവിതം,
അതു പറന്നുനടക്കുകയുമില്ല.

സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങൾ ബാക്കിയില്ലെങ്കിൽ
തരിശുപാടമാണു ജീവിതം,
മഞ്ഞു വീണുറഞ്ഞതും.



സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ

നിങ്ങളുടെ സ്വപ്നങ്ങളൊക്കെയും കൊണ്ടുവരൂ,
സ്വപ്നം കണ്ടു കിടന്നവരേ,
നിങ്ങളുടെ ഹൃദയരാഗങ്ങളൊക്കെയും കൊണ്ടുവരൂ,
ഒരു നീലമേഘത്തുവാലയിൽ
ഞാനതൊക്കെപ്പൊതിഞ്ഞെടുക്കട്ടെ,
ലോകത്തിന്റെ പരുക്കൻ വിരലുകൾക്കു കൈയെത്താതെ.


പ്രണയാഭ്യർത്ഥന


വലിയ കാര്യങ്ങൾ നിനക്കു ഞാൻ കൊണ്ടുതരാം:
പുലരിയുടെ ചായങ്ങൾ,
പനിനീർപ്പൂക്കളുടെ സൌന്ദര്യം,
ആളിക്കത്തുന്നൊരു പ്രണയവും.

നീ പറഞ്ഞു,
ഇതൊന്നും വലിയ കാര്യങ്ങളല്ലെന്ന്,
പണമാണു കാര്യമെന്ന്.

ആവട്ടെ,
എന്നാൽ പണവുമായി ഞാൻ വരാം.
പിന്നെ നീ ചോദിക്കരുത്,
എവിടെ പനിനീർപ്പൂക്കളുടെ സൌന്ദര്യമെന്ന്,
പുലരിയുടെ ചായങ്ങളെന്ന്,
ആളിക്കത്തുന്ന പ്രണയമെന്ന്.



ചുമരുകൾ

അത്രയുമേറെ വേദന കൊള്ളും
നാലു ചുമരുകൾക്കുള്ളിൽ,
കാറ്റിലും മഴയിലും നിന്നു
കാക്കുന്ന ചുമരുകൾക്കുള്ളിൽ.

അത്രയുമേറെ ശോകം കൊള്ളും
നാലു ചുമരുകൾക്കുള്ളിൽ,
ഇന്നലെ നിന്നു ശേഖരിച്ചത്,
നാളെയ്ക്കായി മാറ്റിവച്ചത്.


ആനിയ്ക്കൊരു കത്ത്


നീ പോയതിൽപ്പിന്നെ, ആനീ,
നിന്നെയല്ലാതൊന്നും ഞാൻ കണ്ടിട്ടില്ല.
ഓരോ നാളും
നിന്റെ മുഖമായിരുന്നു,
ഓരോ രാവും
നീ നീട്ടിയ കൈയായിരുന്നു,
ഓരോ വഴിയും
എന്നെ വിളിയ്ക്കുന്ന നിന്റെ ശബ്ദമായിരുന്നു.
ഓരോ കല്ലും ഓരോ പൂവും മരവും
നിന്റെ സ്പർശമായിരുന്നു.
എവിടെയും
നിന്നെയല്ലാതൊന്നും ഞാൻ കണ്ടിട്ടില്ല,
ആനീ.



തങ്ങിനിൽക്കാത്ത പ്രണയം

നീയൊരു ഗാനമാണെനിക്കെന്നതിനാൽ
പാടിദീർഘിപ്പിക്കരുതു നിന്നെ ഞാൻ.

നീയൊരു പ്രാർത്ഥനയാണെനിക്കെന്നതിനാൽ
എവിടെയും വച്ചു പറയരുതു നിന്നെ ഞാൻ.

നീയൊരു പനിനിർപ്പൂവാണെനിയ്ക്കെന്നതിനാൽ-
വേനൽ പോയാൽ ശേഷിക്കുകയുമില്ല നീ.


മേട


മരണമെന്ന മേടയിലേ-
ക്കാത്മാവു കയറിപ്പോകുന്നു,
ഒരു നിമിഷം ധ്യാനിച്ചിരിക്കാൻ-
ആ നിമിഷം തീരുന്നുമില്ല.


 

No comments: