പസ്ക്കോയുടെ ഉദ്യാനം
ജലധാരകളുടെ വായകൾ തുപ്പുന്നതു
മൌനം മാത്രം
-ജലത്തിന്റെ ശബ്ദമില്ലാതെ
നക്ഷത്രമെങ്ങനെ വിരിയും,
കല്ലെങ്ങനെ എരിയും,
കിളിയായതു മാറും?
നദീമുഖത്തെ ദേവാലയം
മുളകളിൽ കിളരം കൂടിയതിന്റെ പച്ചപ്പിനു നീലനിറം,
അതോ ഇലത്തലപ്പിൽ ആകാശം വന്നിറങ്ങിയതോ?
പിൻവാങ്ങുന്ന തിരകൾ
വീഞ്ഞിന്റെ തണുത്ത ക്രൌര്യം;
പിൻവാങ്ങുന്ന തിരകളുടെ ചാലുകൾ;
ആട്ടിടയന്റെ പുലരിച്ചൂളം,
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ
കലയ്ക്കനുകൂലമിവ;
നക്ഷത്രങ്ങൾ തിളച്ചുതൂവുന്ന പാലുണ്ട്
സ്വന്തം ഹൃദയത്തിലെന്ന അഭിമാനം.
ഓർമ്മ വരാത്തത്
ഓർമ്മ വരാത്ത നാളുകൾക്കു മറ്റൊരു പേരുണ്ടാവുമോ,
മരണമെന്നല്ലാതെ?
സ്വച്ഛമായവയുടെ, ശുഭ്രമായവയുടെ മരണം:
കുന്നുകളെ പുണരുന്ന പ്രഭാതം,
ചുണ്ടുകളിലേക്കടുപ്പിക്കുന്ന ഉടലിന്റെ വെളിച്ചം,
ഉദ്യാനത്തിലാദ്യത്തെ ലൈലാക്കുകൾ.
നിന്റെ ഓർമ്മകൾ ശേഷിക്കാത്തിടത്തിനു
മറ്റൊരു പേരുണ്ടാവുമോ?
രാത്രിയിലേക്കു പ്രവേശിക്കുമ്പോൾ
ഒളിച്ചോടുകയാണിപ്പോഴവ: കണ്ണുകൾ,
തുടിക്കുന്ന വെളിച്ചത്തിൽ നിന്നൊളിച്ചോടുകയാണവ.
രോഗികളോ വൃദ്ധരോ ആണവർ, സാധുക്കൾ,
തങ്ങളെത്രയും സ്നേഹിക്കുന്നതിനെ
ചെറുത്തുനിൽക്കുകയാണവർ.
അവയോടു നന്ദി പറയാനെത്ര കാരണങ്ങളെനിക്കുണ്ട്:
മേഘങ്ങൾ, പൂഴിമണൽ, കടൽക്കാക്കകൾ,
ശിശുക്കളുടെ തൊലിനിറമായ പീച്ചുപഴങ്ങൾ,
ഷർട്ടിന്റെ തുണിയ്ക്കിടയിലൂടൊളിഞ്ഞുനോക്കുന്ന നെഞ്ച്,
ഏപ്രിലിന്റെ കുളിരുന്ന വെളിച്ചം,
വെണ്മയുടെ നിരന്തരമൌനം,
സെസ്സാന്റെ പച്ചനിറമായ കുഞ്ഞാപ്പിളുകൾ, കടൽ.
ഒരുകാലം വെളിച്ചം കുടിപാർത്തിരുന്ന കണ്ണുകൾ,
ഇന്നു വായുവിൽത്തന്നെ കാലിടറിവീഴുന്ന
തീർച്ച പോരാത്ത കണ്ണുകൾ.
വിൻസന്റിന്റെ ചെവി
ചീവീടുകൾക്കില്ല,
ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല,
ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല,
തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല,
ഇനിമേൽ നിന്റെ നെഞ്ചിലൊരിടം;
മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ
കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല;
അതൊലിപ്പിക്കുന്നു,
കറുത്ത, വിഭ്രാന്തമായ സ്നേഹം,
ലോകത്തെ മുക്കിത്താഴ്ത്തുന്ന സ്നേഹം,
താനറിയാതെ, എന്തിനെന്നറിയാതെ,
അവമാനിതമായും.
ഒരു കൈയുടെ അദ്ധ്വാനങ്ങൾ
ഞാനിപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു:
ഈ വരികളെഴുതുന്ന കൈകൾക്കു പ്രായമായിരിക്കുന്നു.
അതിനിപ്പോൾ പൂഴിമണൽക്കൂനകളെ ഇഷ്ടമാവുന്നില്ല,
മഴ ചാറുന്ന സായാഹ്നങ്ങളെ,
മുൾച്ചെടികൾക്കു മേൽ പുലരിമഞ്ഞിനെ ഇഷ്ടമാവുന്നില്ല.
അതിനിപ്പോഴിഷ്ടം സ്വന്തം സഹനങ്ങളുടെ അക്ഷരങ്ങളെ.
തന്റെ കൂട്ടാളിയെക്കാൾ,
അല്പം മടിയനും സുഖിമാനുമായ മറ്റേക്കൈയെക്കാൾ
ഇതാണു കഷ്ടപ്പെട്ടു പണിയെടുത്തിരുന്നത്.
ദുഷ്കരമായ ഉദ്യമങ്ങളൊക്കെ ഇതിനാണു വന്നുവീണിരുന്നത്:
വിതയ്ക്കുക, കൊയ്യുക, തുന്നുക, തിരുമ്പുക.
ശരി തന്നെ, തലോടലും.
തിടുക്കങ്ങളും കാർക്കശ്യങ്ങളും ഒടുവിലതിനെ ക്ഷയിപ്പിച്ചു.
ഇനിയധികനാൾ അതിനുണ്ടാവില്ല:
ദൈവമേ, അതിന്റെ കുലീനതയെ കാണാതെപോകരുതേ.
No comments:
Post a Comment