Sunday, July 29, 2012

റൂമി - മത് നവിയില്‍ നിന്ന്‍


*
വാക്കുകളിൽ നിന്നാണോ നിങ്ങൾക്കു തീർച്ചയായത്,
തീയെന്നൊരു വസ്തു ഉണ്ടെന്ന്?
എങ്കിൽ തീർച്ചയുടെ ആ ഘട്ടത്തിൽത്തന്നെ നില്പു പിടിക്കരുതേ!
-തീയെടുത്തു തിന്നു നോക്കൂ!
തീയിൽ വെന്തതിനേ തീയുടെ തീർച്ചയുമുള്ളു.
ആ തീർച്ചയാണോ നിങ്ങൾക്കു വേണ്ടത്?
എങ്കിൽ തീയിൽ കയറിനിൽക്കൂ!

*

മറഞ്ഞ വസ്തുക്കൾക്കു വെളിപ്പെടാൻ അവയുടെ വിപരീതങ്ങൾ വേണം; ദൈവത്തിനു വിപരീതമില്ലാത്തതിനാൽ അവൻ മറഞ്ഞുതന്നെ കിടക്കും...നമ്മുടെ കണ്ണുകൾ അവനെ കാണില്ല; നോക്കുന്ന കണ്ണുകളെ അവൻ കാണുന്നുമുണ്ട്!


*

ശലോമോൻ വന്നു കൂടാരമുറപ്പിച്ചപ്പോൾ അവനെ വണങ്ങാൻ കിളികൾ കൂട്ടമായി വന്നു. തങ്ങളുടെ ഭാഷ തന്നെയാണ്‌ അവനും സംസാരിക്കുന്നതെന്നു കണ്ടപ്പോൾ അവയോരോന്നായി അവന്റെ സവിധത്തിലേക്കു പാഞ്ഞു. കിളികളുടെ ചിലയ്ക്കൽ തീർന്നു; ശലോമോന്റെ സാന്നിദ്ധ്യത്തിൽ അവയുടെ ഭാഷ സ്ഫുടവുമായി. ഒരേ ഭാഷ സംസാരിക്കുകയെന്നാൽ അതു തന്നെ സാഹോദര്യവും മമതയും. അന്യോന്യസംസാരം നമുക്കു പറ്റുന്നില്ലെങ്കിൽ ചങ്ങലയിൽ കിടക്കുന്ന തടവുകാരെന്നേ നമ്മെ പറയാനുള്ളു.


*

സ്വർഗ്ഗത്തു ചെല്ലുമ്പോൾ മുള്ളുകളാണു നിങ്ങൾ നോക്കിനടക്കുന്നതെങ്കിൽ നിങ്ങൾ കണ്ടെടുക്കുന്ന മുള്ളു നിങ്ങൾ തന്നെയായിരിക്കും.


*

ദൈവം പനിനീർപ്പൂവിനോടു പറഞ്ഞത്,
വിടർന്ന ഭംഗിയോടതിനെച്ചിരിപ്പിച്ചത്-
ദൈവമതെന്റെ ഹൃദയത്തോടും പറഞ്ഞു,
പൂവിലും നൂറു മടങ്ങതിനു ഭംഗിയും നൽകി.


*

താടിയും വൃഷണവുമുള്ളതു കൊണ്ടാണ്‌
താനൊരു പുരുഷനെന്നു നിങ്ങൾ കരുതുന്നതെങ്കിൽ,
ഏതു മുട്ടാടിനുമില്ലേ ഇതും ഇതിലധികവും?


No comments: