നിന്റെ മുഖമൊന്നു കണ്ടാൽ മതിയെനിയ്ക്ക്,
ഒരു മരത്തലപ്പിൽ, പുറപ്പെട്ടുവരുന്ന സൂര്യനിൽ, വായുവിൽ.
നിന്റെ പെരുമ്പറയൊന്നു കേട്ടാൽ മതിയെനിയ്ക്ക്,
അതു കേട്ടു നിന്റെ പ്രാപ്പിടിയന്മാർ മടങ്ങിവരുന്നതും
നിന്റെ കൈത്തണ്ടയിൽ പറന്നിറങ്ങുന്നതും കണ്ടാൽ മതിയെനിയ്ക്ക്.
നീ പറഞ്ഞുവിടുന്നു “ഞാനിവിടെയില്ലെന്നയാളോടു പറഞ്ഞേക്കൂ,”
ആ നിശിതതിരസ്ക്കാരം തന്നെ
ഞാൻ കേൾക്കാൻ മോഹിച്ചുനടന്നതും.
ഓരോ കൈത്തലത്തിലും നിന്റെ വെള്ളിനാണയങ്ങൾ കണ്ടാൽ മതിയെനിയ്ക്ക്,
മഴ തേവുന്ന ചക്രത്തോടൊപ്പം തിരിഞ്ഞാൽ മതിയെനിയ്ക്ക്,
അനുഭവങ്ങളപ്പത്തുണ്ടുകൾ പോലെയായാൽ മതിയെനിയ്ക്ക്.
പെരുങ്കടലിൽ പെരുമീൻ പോലെ നീന്തിനടന്നാൽ മതിയെനിയ്ക്ക്,
ജോസഫിനെ കണ്ടറിയുന്ന യാക്കോബായാൽ മതിയെനിയ്ക്ക്,
നുരയുന്ന നഗരമല്ലാതെ മരുഭൂമിയിലെ മലമുടിയായാൽ മതിയെനിയ്ക്ക്.
മനസ്സു വിരണ്ടവരെക്കൊണ്ടെനിക്കു മടുത്തു.
സിംഹത്താന്മാർക്കൊപ്പമവരുടെ മടയിൽ കൂടിയാൽ മതിയെനിയ്ക്ക്,
മോശയോടൊപ്പം നടന്നാൽ മതിയെനിയ്ക്ക്.
കണ്ണീരൊലിപ്പിക്കുന്ന മോങ്ങുന്ന മനുഷ്യരല്ല,
കുടിച്ചു മതി കെട്ടവരുടെ പ്രലപനങ്ങളെനിക്കു മതി;
പാടുന്ന കിളികൾക്കാരു കേൾക്കുമെന്ന ചിന്തയില്ല,
കേൾക്കുന്നവരെന്തു കരുതുമെന്ന വ്യാകുലതയില്ല:
പാടുന്ന കിളികളെപ്പോലെ പാടിയാൽ മതിയെനിയ്ക്ക്.
ഇന്നലെ രാത്രിയിൽ ഒരു ഗുരുവരൻ ഇതുവഴി വന്നു,
കൈയിലൊരു വിളക്കുമായി ഓരോ പടിക്കലും ചെന്നു.
“നോക്കിയാൽ കാണാത്തവനെത്തന്നെ
ഞാൻ നോക്കിനടക്കുന്നതും.”
ആഗ്രഹചിന്തകൾക്കപ്പുറം, ഇടങ്ങൾക്കപ്പുറം,
രൂപത്തിനകമേ, അതൊന്ന്.
അതു കണ്ടുകിട്ടുമെന്ന മോഹമൊന്നുമെനിക്കില്ല:
ഒരു പുല്ലാങ്കുഴലിങ്ങനെ പാടുന്നു.
തന്ത്രികൾ മീട്ടുകയാണു പ്രണയം പക്ഷേ,
കേൾക്കുന്ന സംഗീതവും പ്രണയം തന്നെ.
ആ വാദകൻ തന്നെയാവട്ടെ,
ഈ കവിത ചൊല്ലിത്തീർക്കുവാനും.
പ്രിയനേ, സൂര്യനിലേക്കു ചിറകെടുക്കുന്ന നീർപ്പക്ഷിയാണു ഞാൻ.
No comments:
Post a Comment