ഇന്നുമോർക്കുന്നു ഞാന്‍, ആ മുഹൂർത്തം,
എനിക്കു മുന്നിൽ നീ പ്രത്യക്ഷയായ നിമിഷം,
ഒരു ക്ഷണികദർശനം പോലെ,
ശുദ്ധസൌന്ദര്യത്തിന്റെ സത്തു പോലെ.
ആശയറ്റ ശോകത്തിൽ ഞാനാണ്ടുപോകെ,
ആരവം വയ്ക്കുന്ന ലോകത്തിൽ ഞാൻ മുങ്ങിപ്പോകെ,
നിന്റെ മധുരശബ്ദമെന്നിൽ തങ്ങിനിന്നു,
നിന്റെ മുഖമിന്നപോലെയെന്നു ഞാൻ സ്വപ്നം കണ്ടു.
ആണ്ടുകൾ കടന്നുപോയി. ചണ്ഡവാതം ചിതറിച്ചു,
ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും;
നിന്റെ സൌമ്യസ്വരം ഞാൻ മറന്നു,
നിന്റെ ദിവ്യമായ മുഖം ഞാൻ മറന്നു.
പ്രവാസത്തിന്റെ ഇരുട്ടറയിൽ കിടക്കെ,
നാളുകളേന്തിവലിഞ്ഞുപോയി,
ചാരുതകളില്ലാതെ, പ്രചോദനമില്ലാതെ,
ജീവനില്ലാതെ, കണ്ണീരില്ലാതെ, പ്രണയമില്ലാതെ.
പിന്നെയെന്റെയാത്മാവു വീണ്ടുമുണർന്നു,
നീ, പിന്നെയും നീയെന്നിലേക്കു വന്നു,
ഒരു ക്ഷണികദർശനം പോലെ,
ശുദ്ധസൌന്ദര്യത്തിന്റെ സത്തു പോലെ.
പ്രഹർഷം കൊണ്ടെന്റെ ഹൃദയം പിടയ്ക്കുന്നു,
അതിനുള്ളിൽ പിന്നെയുമുണരുന്നു,
ചാരുതകളും പ്രചോദനങ്ങളും,
കണ്ണീരും ജീവനും പ്രണയവും.
No comments:
Post a Comment