Sunday, September 16, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 2

File:Fujimoto Tesseki (1817-1863) - 'Old Pine' Literati Modern, Honolulu Academy of Arts.jpg

യാത്ര പോകുമ്പോൾ
രാത്രിയായി:
ഒരു മരത്തണൽ
ഞാനെന്റെ സത്രമാക്കി.
ഒരു പാതിരാപ്പൂവാകട്ടെ
എനിക്കിന്നാതിഥേയൻ.

തെയിരാ തദനോരി (1096-1153)


ഈ മുടി ഞാൻ
മുറിക്കില്ല പ്രിയനേ,
നിന്റെ കൈയവിടെ-
ത്തങ്ങിയതല്ലേ.

-മന്യോഷു


കാസുഗാ ചതുപ്പിലെ പുല്പരപ്പിൽ
ഇന്നൊരു നാളെയ്ക്കു തീയിടരുതേ:
തളിരില പോലെ മൃദുല,
എന്റെ ഭാര്യയുമൊത്തു
ഞാനിന്നുറങ്ങുന്നതവിടെ.

-കോക്കിൻഷു


മരച്ചില്ലകൾക്കിടയിലൂടെ
നിലാവരിച്ചിറങ്ങുമ്പോൾ
ശരൽക്കാലമായെന്നറിയുക,
ആധികളും വ്യാധികളുമായി.

-കോക്കിൻഷു


വാർദ്ധക്യം വരവുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ
പടി കൊട്ടിയടച്ചേനെ ഞാൻ,
‘വീട്ടിലാരുമില്ലെ’ന്നു പറഞ്ഞേനേ,
‘തന്നെക്കാണേണ്ടെ’ന്നു പറഞ്ഞേനേ.

-കോക്കിൻഷു


ഒരായിരം കിളികൾ
കലപില കൂട്ടുന്ന വസന്തത്തിൽ
സർവതും പുതുതാകുന്നു,
ഞാൻ മാത്രം പഴകുന്നു.

-കോക്കിൻഷു


എന്റെ മലയോരഗ്രാമത്തിൽ
ഇതിലുമേകാന്തമാണു ഹേമന്തം;
അവിടെ വാടിവീഴുന്നു,
പുല്ലും മനുഷ്യനുമൊരുപോലെ.

-മീനാമോട്ടൊ മുനേയുകി


No comments: