Friday, September 28, 2012

സെർഗി എസെനിൻ - നക്ഷത്രങ്ങൾ

Starry_Night_Over_the_Rhone


ആകാശമണ്ഡലം ജ്വലിപ്പിക്കുന്ന ദീപ്തനക്ഷത്രങ്ങളേ,
ഞങ്ങളിൽ നിന്നു നിങ്ങൾ മറച്ചുപിടിക്കുന്നതേതു രഹസ്യം?
ഗാഢചിന്തയിലെന്നപോലെ തങ്ങളിലടങ്ങിയ നക്ഷത്രങ്ങളേ,
ഞങ്ങൾക്കു മേൽ നിങ്ങളെറിയുന്നതേതു മഹേന്ദ്രജാലം?

പ്രപഞ്ചത്തെ നിബിഡമാക്കുന്ന ബഹുലനക്ഷത്രങ്ങളേ,
നിങ്ങൾക്കീ സൌന്ദര്യമെവിടുന്നു കിട്ടി, ഈ പ്രാബല്യവും?
നിങ്ങൾക്കെങ്ങനെയാവുന്നു, ജ്വലിക്കുന്ന നക്ഷത്രങ്ങളേ,
ഞങ്ങളിലതീതത്തിന്റെ തീരാത്ത ദാഹമുണർത്താൻ?

നിങ്ങൾ തെളിയുമ്പോൾ ഞങ്ങൾക്കിതെങ്ങനെ തോന്നാൻ,
ഞങ്ങളെ കൈ നീട്ടിപ്പുണരാനായുകയാണു നിങ്ങളെന്ന്?
സൌമ്യസാന്ത്വനവുമായി ഞങ്ങൾക്കു മേൽ കണ്ണയയ്ക്കുന്നു,
അത്രയുമുയരത്തിലായ നിങ്ങൾ, സ്വർഗ്ഗീയനക്ഷത്രങ്ങളേ!


സെർഗി എസെനിൻ (1895-1925)- മുപ്പതാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത റഷ്യൻ കവി.


1 comment:

രമേഷ്സുകുമാരന്‍ said...

കവിത മൊഴി മാറി പരാജയപ്പെട്ടോ.....