1
വേനലിൽ തൊണ്ട പൊരിഞ്ഞവർ-
ക്കൊരു മഞ്ഞുതുള്ളി വലുതു തന്നെ,
മഞ്ഞുകാലം പൊയ്ക്കഴിഞ്ഞാൽ
നാവികനു വസന്തം വീശുന്ന തെന്നലും.
പ്രണയികൾ കാമനെ ആരാധിക്കുന്ന
ഒറ്റവിരിപ്പതിലൊക്കെ വലുതത്രേ.
2
ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.
3
അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?
4
പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.
5
ഇല കൊഴിയ്ക്കാൻ തിടുക്കമരുതേ,
എന്റെ വാതിൽക്കലെ മുല്ലവള്ളികളേ;
കണ്ണീരു തേവി ഞാൻ നിങ്ങൾക്കു നനച്ചു
-മഴമേഘങ്ങൾ, കാമുകരുടെ കണ്ണുകൾ.
ഈ വാതില്പാളി തുറന്നവൻ മുന്നിലെത്തുമ്പോൾ
അവന്റെ മൂർദ്ധാവിൽ നിങ്ങളെന്നെപ്പെയ്യൂ,
ആ പൊന്മുടിയെങ്കിലുമെന്റെ കണ്ണീരു കുടിക്കട്ടെ.
അസ്ക്ളേപിയാഡീസ് - ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.
link to image
4 comments:
This comment has been removed by the author.
പ്രണയാർദ്രം
മനോഹരമായി എഴുതി.
പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.
പ്രണയം തുളുമ്പുന്ന മനോഹരമയ വരികള്‍ ,ആശംസകള്‍ !!!
Post a Comment