Wednesday, September 12, 2012

ബോർഹസ് - നിമിഷങ്ങൾ


എനിക്കെന്റെ ജീവിതം വീണ്ടും ജീവിക്കാനായാൽ
അടുത്ത തവണ ഇതിലും പിഴകൾ  വരുത്തും ഞാൻ.
ഇത്രയും പരിപൂർണ്ണനാവാൻ ശ്രമിക്കില്ല ഞാൻ.
ഇത്രയും ബലം പിടിക്കില്ല ഞാൻ.
പണ്ടത്തേതിലും ബുദ്ധിമോശങ്ങൾ കാണിക്കും ഞാൻ.
വാസ്തവം പറയട്ടെ,
ഇത്രയൊന്നും ഗൌരവത്തിലെടുക്കുകയുമില്ല ഞാൻ.
ഇത്രയും വൃത്തിക്കാരനാവില്ല ഞാൻ.
ഇതിലും സാഹസബുദ്ധിയായിരിക്കും ഞാൻ.
ഇന്നത്തേതിലും യാത്ര ചെയ്യും ഞാൻ.
കൂടുതൽ സൂര്യാസ്തമയങ്ങൾ നോക്കിയിരിക്കും ഞാൻ.
കൂടുതൽ മലകൾ കയറും ഞാൻ.
കൂടുതൽ പുഴകളിൽ നീന്തും ഞാൻ.
പോയിട്ടേയില്ലാത്ത കൂടുതൽ സ്ഥലങ്ങളിൽ പോകും ഞാൻ.
കൂടുതൽ ഐസ് ക്രീം കഴിക്കും ഞാൻ,
ബീൻസ് ഇത്ര കഴിയ്ക്കുകയുമില്ല ഞാൻ.
കൂടുതൽ യഥാർത്ഥപ്രശ്നങ്ങളെനിക്കുണ്ടാവും-
അത്ര കുറച്ച് സാങ്കല്പികപ്രശ്നങ്ങളും.
ജീവിതത്തിന്റെ ഓരോ നിമിഷവും വിവേകിയായി
സമൃദ്ധമായി ജീവിക്കുന്ന തരക്കാരനായിരുന്നു ഞാൻ.
അമിതാഹ്ളാദത്തിന്റെ നിമിഷങ്ങൾ
എനിക്കുണ്ടായിരുന്നില്ലെന്നല്ല ഞാൻ പറയുന്നത്.
എന്നാലും, മടങ്ങിപ്പോകാനെനിക്കായാൽ
ഹിതകരമായ നിമിഷങ്ങൾക്കു മാത്രമായി ശ്രമിക്കും ഞാൻ.


നിങ്ങൾക്കറിയില്ലെന്നാണെങ്കിൽ, പറയട്ടെ-
കൈയിൽ വന്ന നിമിഷത്തെ വഴുതിപ്പോകാൻ അനുവദിക്കരുത്.

അങ്ങനെയൊരു തരക്കാരനായിരുന്നു ഞാൻ:
തെർമോമീറ്ററില്ലാതെ, ചൂടുവെള്ളക്കുപ്പിയില്ലാതെ,
കുടയില്ലാതെ, പാരച്ചൂട്ടില്ലാതെ പുറത്തേക്കിറങ്ങാത്തവൻ.
ഇനി ഒന്നുകൂടി ജീവിക്കാനെനിക്കായാൽ
കാലിൽ ചെരുപ്പില്ലാതെ ഞാൻ യാത്ര ചെയ്യും,
വസന്തത്തിന്റെ തുടക്കത്തിൽ തുടങ്ങി
ശരൽക്കാലമൊടുക്കം വരെ ഞാനങ്ങനെ പോകും.
കൂടുതൽ വണ്ടികളിൽ ഞാൻ കേറും.
കൂടുതൽ സൂര്യോദയങ്ങൾ ഞാൻ കണ്ടുനിൽക്കും.
കൂടുതൽ കുട്ടികളോടൊത്തു ഞാൻ കളിക്കും.
ഇനിയുമൊരു ജീവിതം എനിക്കു മുന്നിലുണ്ടെങ്കിൽ.
പക്ഷേ, നോക്കൂ, വയസ്സെനിക്കെമ്പത്തഞ്ചായി,
മരിക്കുകയാണു ഞാനെന്നെനിക്കറിയുകയും ചെയ്യാം.


1 comment:

മറ്റൊരാള്‍ said...

ഒരു കവിക്ക്‌ മാത്രം എഴുതാനാവുന്നത്...