Saturday, September 15, 2012

ജാപ്പനീസ് കവിത - പ്രാചീനകാലം

File:Bamboo Brush Painting.svg

മഞ്ഞിന്റെ ചീവലുകൾ വന്നുമൂടുമ്പോൾ
നിന്റെ ഇതളുകളുടെ നിറം മറഞ്ഞോട്ടെ;
നിന്റെ പരിമളമെന്നാലും മറച്ചുവയ്ക്കരുതേ,
പൂവിട്ടിരിക്കുന്നു നീയെന്നാളുകളറിയട്ടെ.

-ഒനോ നോ തകാമുരാ(802-853)



കന്നിപ്പൂവേ,
നിന്റെ പേരിലൊരു മോഹം തോന്നി
നിന്നെ ഞാനിറുത്തു;
അതെന്റെ പതനമായിരുന്നുവെ-
ന്യരോടു പറയരുതേ.

-ഹെൻജോ (816-890)



വസന്തമെടുത്തുടുത്ത
മഞ്ഞിന്റെ ഉടയാട-
എത്ര നേർമ്മയാണതിന്റെയിഴകൾ.
തെന്നലൊന്നു വീശിയതും
ആകെയതഴിഞ്ഞു.

-അരിവര യുകിഹിര



അത്രയകലെയായിരുന്നു
എന്റെ യാത്രാലക്ഷ്യമെന്നായിട്ടും
മലയിൽ
വേനലിൽ
ഒരു മരത്തണലിൽ
അല്പനേരം ഞാൻ നിന്നു,
മനസ്സിനെ അലയാൻ വിട്ടും.

-ഓഷികോച്ചി മിത്സുനേ (859-925)



ശോകത്തിന്റെ പാരമ്യത്തിൽ
ചീവീടിനെപ്പോലെ കരയുകയല്ല,
മൌനമെരിയുകയത്രേ മിന്നാമിന്നി.

-മിനമോട്ടോ ഷിഗേയുകി (മ. 1000)



പുഴ കടക്കുമ്പോൾ
തുഴ പോയ തോണിക്കാരനെപ്പോലെ
-എനിക്കറിയില്ല,
ഈ പ്രണയമേതു കടവടുക്കുമെന്ന്.

-സോനേ യോഷിതാദാ (920-1000)



പൂക്കൾ വേരുകളിലേക്കു മടങ്ങി,
കിളികൾ കൂടുകളിലേക്കും-
വസന്തമെവിടെപ്പോയെന്നു
കണ്ടവരാരുമില്ല.

-സുടോക്കു (1119-1164)


 

 

No comments: