Thursday, September 27, 2012

സ്പാനിഷ് വാമൊഴിക്കവിതകൾ

2010072516

ഒരു തേനീച്ചവളർത്തുകാരൻ


ഒരു തേനീച്ചവളർത്തുകാര-
നെന്നെച്ചുംബിച്ചു,
ചുണ്ടിൽ തേൻ പുരണ്ടപ്പോഴാ-
ണതു ഞാനറിഞ്ഞതും.



അലക്കിയ കുപ്പായം

എന്നെപ്പുണരൂ,
എന്നെയൊന്നു ചുംബിക്കൂ,
എന്റെ ഭർത്താവേ,
എങ്കിൽ രാവിലെ ഞാൻ
നിങ്ങൾക്കു നൽകാം,
അലക്കിവെളുപ്പിച്ച കുപ്പായം.

ഇത്രയും മരിച്ചൊരാളെ
ജീവനോടെ ഞാൻ കണ്ടിട്ടില്ല,
കണ്ണു തുറന്നിരിക്കെ
ഉറക്കം നടിക്കുന്നൊരാളെ.
പോകൂ, ഭർത്താവേ,
പോയി കൈയിലല്പം
ചോരയുമായി വരൂ;
എങ്കിൽ രാവിലെ ഞാൻ
നിങ്ങൾക്കു നൽകാം,
അലക്കിവെളുപ്പിച്ച കുപ്പായം.



അവൻ കണ്ട സ്വപ്നം

കിളികൾ പാടിയപ്പോൾ
അവൻ കിടന്നുറക്കമായി;
എന്റെ ദൈവമേ,
ആരവനോടു പോയിച്ചോദിക്കും,
എന്താണവൻ കണ്ട സ്വപ്നമെന്ന്.


 

 

No comments: