പുഴയൊഴുകുമ്പോൾ
അടിയിൽ വെള്ളാരങ്കല്ലുകൾ
-ഓർമ്മകൾ പോലെ.
-മന്യോഷു
മലകളിൽ ചെറിപ്പൂക്കൾ കണ്ടെന്റെ
കാലു കഴച്ചു;
അതുപോലെ പൂവിടുമായിരുന്നു
നീയെങ്കിൽ
എത്ര സ്നേഹിച്ചേനെ
നിന്നെ ഞാൻ!
-അക്കാഹിതോ
അസുകാപുഴയ്ക്കു മേൽ
മൂടൽമഞ്ഞലിയുന്നു;
ഓർമ്മകൾ പക്ഷേ,
അത്രവേഗം മായുന്നില്ല.
-അക്കാഹിതോ
എന്റെ സ്നേഹിതരൊക്കെ
എന്നേ മണ്മറഞ്ഞു,
പണ്ടേയെനിക്കു പരിചയമായവർ;
തകാസാഗോകടലോരത്തു പക്ഷേ,
അതേ പഴയ പൈൻമരങ്ങൾ,
പണ്ടേയെനിക്കു പരിചയമായവ.
-ഓക്കി-കാസേ ഫ്യൂജിവാര
അന്തിവെളിച്ചം,
നരായിലെ ചിറ്റരുവിക്കരികെ
ഒരിളംതെന്നൽ,
അമ്പലത്തിനു മുന്നിൽ
കാലു കഴുകുന്ന ഭക്തന്മാർ-
ഒക്കെയൊരു വേനൽക്കാലസ്വപ്നം പോലെ.
-ജൂനി ഐയേ-ടാക്കാ
ഈ ദുഷ്ടലോകത്തധികാരിയാവാൻ?
അതെനിക്കു വയ്യ;
മലമുകളിലൊരമ്പലത്തിൽ
ഞാനൊരു പൂജാരിയാവാം.
-ജിയേൻ
കരയടുക്കുന്ന മീൻതോണികൾ
കണ്ടുനിൽക്കാനെനിക്കിഷ്ടം;
തണ്ടുകളാഞ്ഞുവലിക്കുകയാണവർ,
പായും കയറും ചുരുട്ടിയെടുക്കുകയാണവർ-
എന്തു തിരക്കാണവർക്ക്!
-കാമാകുരാ ഉഡെയ്ജിൻ
No comments:
Post a Comment