Tuesday, September 25, 2012

ആമി ലോവൽ - കവിതകൾ

Amy_Lowell_Time_magazine_cover_1925

അനുപാതം


മാനത്തൊരു ചന്ദ്രനും നക്ഷത്രങ്ങളും,
എന്റെ പൂന്തോപ്പിൽ മഞ്ഞനിശാശലഭങ്ങൾ,
ഒരു വെള്ളക്കദളിച്ചെടിയ്ക്കു ചുറ്റും പാടിനടക്കുന്നവ.


മുക്കുവന്റെ ഭാര്യ


ഞാനേകാന്തമിരിക്കുമ്പോൾ
പൈൻമരങ്ങളിൽ തെന്നൽ,
തോണിയുടെ വളവര മേൽ
തിരയുടെ പെരുമാറ്റം പോലെ.



കവല

കുളി കഴിഞ്ഞീറനായാപ്പിൾമരങ്ങൾക്കടിയിൽ മലർന്നുകിടക്കുമ്പോൾ
എന്നിലേക്കിറങ്ങിവന്നവനേ,
എന്തേയെന്നോടു മിണ്ടും മുമ്പേ കഴുത്തു ഞെരിച്ചെന്നെക്കൊന്നില്ല?
നിന്റെ പുന്നാരത്തിന്റെ വെള്ളക്കാട്ടുതേൻ കൊണ്ടെന്തിനെന്നെ നീ നിറച്ചു?
പിന്നെ കാട്ടുതേനീച്ചകളുടെ ദാക്ഷിണ്യത്തിനെന്നെ വലിച്ചെറിഞ്ഞു നീ നടന്നകന്നു?



കാറ്റും വെള്ളിയും

നേർത്ത മാനത്തു ശരൽക്കാലചന്ദ്രൻ,
അതിദീപ്തിയോടെ;
വ്യാളശൽക്കങ്ങൾ മിന്നിച്ചും കൊണ്ടു
മുതുകിളക്കുന്നു മീൻചിറകൾ,
അവൾ കടന്നുപോവുമ്പോൾ.


link to Amy Lowell


No comments: