പ്രണയഗാനങ്ങൾ
1
അടുത്തടുത്താണു നമ്മുടെ മേൽക്കൂരകൾ,
അടുത്തടുത്താണു നമ്മുടെ മട്ടുപ്പാവുകൾ;
അവിടെ നിന്നാൽ നിനക്കെന്നെക്കാണാം,
ഇവിടെ നിന്നാലെനിക്കു നിന്നെക്കാണാം.
കണ്ണുപൊട്ടരായിപ്പോകട്ടെ, നമ്മുടെ വിരോധികൾ!
2
ആകാശത്തു നക്ഷത്രങ്ങൾ,
നാണയത്തിന്റെ വലുപ്പത്തിൽ;
നീ പോകുന്ന വഴിയ്ക്കു തന്നെ,
എന്റെ വീടിന്റെ വാതിലും.
കാലത്തൊരിക്കലൊന്നു വരൂ,
പിന്നെ വൈകിട്ടൊരിക്കലും:
നമ്മെക്കാണുന്നവർ കരുതട്ടെ,
തമ്മിലിഷ്ടമാണു നമുക്കെന്ന്!
വിലാപഗാനങ്ങൾ
1
നിന്റെ കുപ്പായം ഞാൻ വെളുപ്പിച്ചുവയ്ക്കാം,
കഴുകി, ചുളി നീർത്തിവയ്ക്കാം;
മുൻവാതിൽ വഴിയാണു നീ വരുന്നതെങ്കിൽ,
നിന്നെ ഞാനെന്റെ വിരുന്നുകാരനുമാക്കാം.
2
ജനാല തുറന്നിട്ടേക്കൂ,
വരുന്നതാരെന്നു ഞാൻ കാണട്ടെ.
എങ്ങനെ നിങ്ങൾ കുഴി വെട്ടി മൂടും,
സ്നേഹിച്ചു മരിച്ചൊരാളെ?
No comments:
Post a Comment